Monday, September 11, 2006

ബൂര്‍ഷ്വ

ദേരയിലുള്ള മീന്‍‌മാര്‍ക്കറ്റില്‍ പോകുമ്പോളെല്ലാം അവിടെ ജോലിചെയ്യുന്ന സുലൈമാനെ ഞാന്‍ കാണാറുണ്ട്.മാര്‍ക്കറ്റിനൊരു വശത്തുള്ള ഉണക്ക മീന്‍ വില്‍‌ക്കുന്ന കടയിലാണവന്‍ ജോലി ചെയ്യുന്നത്. രാവിലെ 9 മണിക്ക് മുതല്‍ രാത്രി 12:30 വരെ പീടിക തുറന്നിരിക്കുന്നതിനാല്‍ ഏത് സമയത്ത് ചെന്നാലും സുലൈമാനെ കാണാം.

പരിസരമാകെ അസഹ്യമായ മണമായതിനാല്‍ എന്നെ കണ്ടാല്‍ കടയില്‍ ഒപ്പം ജോലിയുള്ള ആളോട് എന്തോ പറഞ്ഞേല്‍‌പ്പിച്ച് പുറത്തേക്ക് നടക്കും. പത്തുമിനിറ്റോളം നാട്ടിലെ വിശേഷങ്ങളും മറ്റും പറഞ്ഞ് ഞങ്ങള്‍ പിരിയും.

വൈകുന്നേരങ്ങളില്‍ പാടത്തുള്ള പാലത്തില്‍ ഇരി‍ക്കുന്ന പതിവ് പണ്ടേ ഉണ്ടെനിക്ക്. നാട്ടിലുള്ളവരെ ഒരമ്മിച്ച് കാണാനാവുന്നതിനാല്‍ ഇപ്പോഴും അതു തുടരാരുണ്ട്. സം‌സാരിച്ച് കൊണ്ടിരിക്കെയാണ് പെട്ടെന്ന് മുന്നിലൂടെ രണ്ട് പേര്‍ ഒരു മോട്ടോര്‍ ബൈക്കില്‍ അതിവേഗത്തില്‍ കടന്ന് പോയത്, കുറച്ച് ദൂരം പോയി തിരിഞ്ഞുനിന്ന് പാലത്തിലിരിക്കുന്ന ഞങ്ങളെ നോക്കി തിരിച്ചുവന്നു.

'എപ്പോ വന്നു? '

സുലൈമാനാണ് , ആളാകെ മാറിയിട്ടുണ്ട്‌ കറുത്ത സണ്‍ ഗ്ലാസ് , ജീന്‍സ് , ഷൂ , നല്ല അത്തറിന്‍‌റ്റെ മണം. വിശേഷങ്ങളെല്ലാം പറഞ്ഞ് പിരിഞ്ഞെങ്കിലും പലപ്പോഴും പലയിടത്തും വെച്ച് ഞാന്‍ സുലൈമാനെ കണ്ടു , എപ്പോഴും ആരെങ്കിലും ബൈക്കിന് പിന്നില്‍ ഉണ്ടാകും. നാട്ടിലുള്ള പലര്‍ക്കും ബിരിയാണി വാങ്ങിക്കൊടുക്കുന്നതും , സിനിമക്ക് കൊണ്ടു പോകാറുള്ളതുമെല്ലാം ചിലര്‍ സ്വല്‍‌പ്പം പരിഹാസചുവയോടെ പറഞ്ഞ അന്ന് വൈകീട്ടാണ് സുലൈമാന്‍ വീട്ടില്‍ വന്നത്.

'നിക്ക് ത്തിരി പൈസ വേണം , ഒരു മാസം കൂടി തള്ളാനാ '

പിരിയുമ്പോള്‍ , പോക്കറ്റില്‍ നിന്നും സണ്‍ഗ്ലാസെടുത്ത് വെച്ച് ,ബൈക്ക് സ്റ്റാ‍ര്‍ട്ടാക്കി നീങ്ങുന്ന സുലൈമാനെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു..

.ബൂര്‍ഷ്വാ..ഒരു ഗള്‍‍ഫുകാരന്‍ ബൂര്‍ഷ്വാ..

Labels:

3 Comments:

Anonymous Anonymous said...

very cute and nicely told.

May 30, 2007 at 6:18 PM  
Anonymous Anonymous said...

പാവം സുലൈമാന്‍...

ആശിച്ചു വാങ്ങിയ കണ്ണാടി വച്ചു ദേരാ മാര്‍ക്കറ്റില്‍ നിന്നിട്ടു ഒരു കാര്യവുമില്ല. എല്ലാ ബന്ധുവീടുകളിലും ബസില്‍ പോയി വരണമെങ്കില്‍ 2 മാസം പോരാ. മീന്‍ മണം ഉള്ള വസ്ത്രത്തില്‍ നിന്നും മോചനം കിട്ടുന്ന അവുധിക്കാലത്ത് മാത്രമേ അത്തര്‍ പുരട്ടിയിട്ടും കാര്യമുള്ളൂ.

പാവം സുലൈമാന്മാര്‍....

എന്നിട്ടും നമ്മള്‍ അവരെ വിളിക്കുന്നു Bourgeois.

ഓടോ : ഈയിടെയാ ബൂര്‍ഷ്വാ എന്നുള്ളതിന്റെ സ്പെല്ലിംഗ് പഠിച്ചത് (ബ്ലോഗില്‍ നിന്നു തന്നെ). അന്നു മുതല്‍ അതൊന്നു നാലു പേരെ അറിയിക്കണം എന്നു കരുതി നടക്കുവാരുന്നു. നന്ദി തറവാടി.

May 31, 2007 at 8:45 AM  
Anonymous Anonymous said...

കാലം മാറുമ്പോള്‍ ഇങ്ങനെയുള്ളവര്‍ കുറയുമെന്നാണ് പ്രതീക്ഷ.പക്ഷേ ഇതൊരു പ്രവാസ അനുഭവം മാത്രമല്ല.പുത്തന്‍ ജനറേഷന്‍ ബാങ്കുകളില്‍ നിന്നു തൊട്ട് അണ്ണാച്ചിമാരില്‍ നിന്ന് വരെ കടം വാങ്ങി കാറും ബാറും... ഒക്കെയായി അടിച്ച് പൊളിക്കുന്ന സ്വപ്നാടനകനാണ് ശരാശരി മലയാളി.ഒരു മുഴം കയറിലേക്കോ ഒരു കുപ്പി ഫ്യുറഡാനിലേക്കോ അനന്തമായ റെയില്‍ പാളത്തിലേക്കോ തന്നെയാണ് ഈ യാത്ര എന്ന് യാത്രികനും അറിയാം
അവരുടെ ഇടയില്‍ നിന്നു പിഴക്കണമെങ്കില്‍ ഗള്‍ഫന് അര്‍ധരാത്രിയിലും കൂളിംഗ് ഗ്ലാസ് വെക്കേണ്ടി വരും(നയിഫ് മാര്‍ക്കറ്റില്‍ 15 ദിറത്തിന് റാഡോയും റേബാനും കിട്ടുമെന്നുള്ളത് പരസ്യമായ രഹസ്യം,തനിച്ചാത്തന്‍ ഗമക്ക് കുറവില്ല).ഇത്തരം ചിന്താഗതി കുറഞ്ഞ ശമ്പളത്തില്‍(ആയിരത്തില്‍ താഴെ ദിറം) പ്രവാസജീവിതം നയിക്കുകയും ഇവിടെ ഞാനും ഇടിവാളുമൊക്കെ ചെത്തി നടക്കുമ്പോള്‍ അഭിലാഷങ്ങളെ വേദനയോടെ കടിച്ചമര്‍ത്തുകയും ചെയ്യുന്നവരാണ്.നാട്ടില്‍ ചെല്ലുമ്പോള്‍ മുണ്ടും മടക്കി കുത്തി സ്ലിപ്പറിട്ട് നടക്കാനാണ് എനിക്കും പ്രിയം.കാരണം ഇവിടെ നഷ്ട്പ്പെടുന്നത് അവിടെ നേടാനാണ് എല്ലാവരും ശ്രമിക്കുന്നത്.അത് തന്നെയാണ് സുലൈമാനും ചെയ്യുന്നത്.16 മാസം ഉടലിനെ പൊതിയുന്ന മീന്‍ ചോര അത്തറിനാല്‍ കഴുകാനൊരു ശ്രമം.ഇതൊരു പാഴ്വേലയാണെന്നും താനൊരു ബൂര്‍ഷ്വ അല്ലെന്നും വ്യക്തമായി അറിയുന്ന ഒരാള്‍ അയാള്‍ തന്നെയാവും.ഒരു പക്ഷേ സുലൈമാന്റെ പൊരുള്‍ അറിയാവുന്ന ആളെന്ന നിലയിലാവും മടിക്കാതെ പണം ചോദിക്കാന്‍ തറവാടിയുടെ മുറ്റത്തെത്തിയത്.
കേരളത്തില്‍ ജനത്തിന് അസൂയയും ഈര്‍ഷ്യയും സമ്പന്നരോട് മാത്രമാണ്.സമ്പത്തിനോടും അത് തരുന്ന സുഖത്തിനോടും ആര്‍ക്കും ഈര്‍ഷ്യയില്ല,വിരക്തിയുമില്ല.(മൂന്നാറില്‍ കെട്ടിടങ്ങള്‍ തകരുമ്പോള്‍ ജനം ആര്‍പ്പ് വിളിക്കുന്നത് ആദര്‍ശാത്മകത കൊണ്ടല്ല.ആര്‍പ്പ് വിളിക്കുന്നവരില്‍ പലരും ചാന്‍സ് കിട്ടിയിരുന്നെങ്കില്‍ ഇത് തന്നെ ചെയ്യുമായിരുന്നു.അവര്‍ ആര്‍പ്പ് വിളിക്കുന്നത് പല സമ്പന്നരുടെയും കൊത്തളങ്ങള്‍ നിലം പൊത്തുന്നത് കൊണ്ടാണ്.അത് അനധികൃമായി കൈയ്യേറിയതാണെന്നത് സന്തോഷത്തിന് മാറ്റ് കൂട്ടുന്നു എന്ന് മാത്രം)

May 31, 2007 at 10:41 AM  

Post a Comment

Subscribe to Post Comments [Atom]

<< Home