തറവാടി

 

Wednesday, September 17, 2008

ബാക്കി

ഇടവിട്ട വെള്ളിയാഴ്ചകളില്‍ അബുദാബിയില്‍ നിന്നും ഇരുന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ലിവയിലേക്കുള്ള യാത്ര എനിക്ക് വളരെ ഇഷ്ടമായിരുന്നു. ലിവയില്‍ ഉള്‍വശത്തുള്ള തോട്ടങ്ങളിലും മറ്റും കറങ്ങിനടക്കുയാണ് പ്രധാന ഉദ്ദേശം. കുറച്ച് സാഹസികവുമായിരുന്നതിനാല്‍ സുഹൃത്തായ സലീമി‍നേയും കൂട്ടിയായിരുന്നു മിക്കപ്പോഴും യാത്ര.


രണ്ട് വശത്തേക്കും വണ്ടികള്‍ സഞ്ചരിക്കുന്ന മരുഭൂമിക്കിടയിലൂടെയുള്ള ഒരു റോഡാണ് അബുദാബി വിട്ടാല്‍ ലിവവരെയുള്ളത്. അപൂര്‍വ്വമായി മാത്രം വണ്ടികള്‍ പോകുന്ന വഴിയില്‍ ഇടക്കിടക്ക് ഒട്ടകങ്ങള്‍ കുറുകെ ഓടുന്നതിനാല്‍ അമിത വേഗതയില്‍ വണ്ടി ഓടിക്കാനാവുമായിരുന്നില്ല.

വഴിയില്‍ കടകളൊന്നുമില്ലാത്തതിനാല്‍ , യാത്ര തുടങ്ങുമ്പോള്‍ അബുദാബിയില്‍ നിന്ന് വെള്ളവും അത്യാവശ്യം ഭക്ഷണസാമാനങ്ങളും കരുതുമായിരുന്നു. ഇടക്ക് റോടിന് വശങ്ങളില്‍ കാണുന്ന മണല്‍ കൂനകളില്‍ വണ്ടി ഓടിച്ച്‌ കയറ്റുക യാണ് ഇതിലേറ്റവും രസകരമായ കലാപരിപാടി.

ഒരിക്കല്‍ ഇതുപോലെ ചെയ്യുന്നതിനിടയിലാണ് ടയര്‍ മണലില്‍ താഴ്ന്ന് പോയത്. മുമ്പ് പലപ്പോഴും സംഭവിച്ചിട്ടുള്ളതിനാല്‍ , പതിവ് പോലെ ഞങ്ങള്‍ ടയറിന്‍‌റ്റെ കുറച്ച് എയര്‍ ഒഴിച്ച് വിട്ട് വണ്ടി സ്റ്റാര്‍ട്ടാക്കി മുന്നിലേക്ക് നീങ്ങാന്‍ ശ്രമിച്ചു.

പക്ഷെ കയറിപ്പോരുന്നതിന് പകരം ടയര്‍ വീണ്ടും താഴേക്ക് പോകുകയാണുണ്ടായത് , ഒപ്പം മറ്റുള്ള ടയറുകളും താഴേക്ക് കുഴിഞ്ഞിറങ്ങാന്‍ തുടങ്ങി.ഒരളവില്‍ കൂടുതല്‍ എയര്‍ കുറച്ചാല്‍ , കുഴിയില്‍ നിന്നും കയറിയതിന് ശേഷമുള്ള യാത്ര പറ്റില്ലെന്നാകയാല്‍ , ശ്രമം ഉപേക്ഷിച്ച്‌ മറ്റാരെങ്കിലും വരുന്നതും കാത്തിരുന്നു.

കുറെ സമയം കാത്തുനിന്നെങ്കിലും ആരും വന്നില്ല. മോബൈലില്‍ ആരേയെങ്കിലും വിളിച്ചിട്ടും കാര്യമൊന്നുമില്ലാത്തതിനാല്‍ പോലീസിനെ വിളിക്കാമെന്ന് കരുതി നോക്കുമ്പോള്‍ സിഗ്നലിന്‍‌റ്റെ റേഞ്ചില്‍ നിന്നും എത്രയോ അകലെയാണ് ഞങ്ങള്‍ എന്ന് സ്വല്‍‌പ്പം ഭയത്തോടെ മനസ്സിലാക്കി.ഇടക്കിടക്ക് വെള്ളം കുടിച്ചുകൊണ്ടിരുന്നതിനാല്‍ പൂര്‍ണ്ണമായും കഴിഞ്ഞതിനു ശേഷമാണ് അബദ്ധം മനസ്സിലായത്. എല്ലാ മാര്‍ഗ്ഗവും പരാജയപ്പെട്ട ഞങ്ങള്‍ ഇരുട്ടായി തുടങ്ങിയതിനാല്‍ വണ്ടിയില്‍ ഇരുന്ന് മയങ്ങി.

ഡോര്‍ തുറന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത് , ചിരിച്ചുകൊണ്ട് നാല്‍‌പ്പതു വയസ്സ് തോന്നിക്കുന്ന അയാള്‍ മലയാളിയാണെന്ന് പെട്ടെന്ന് മനസ്സിലായി. തുടര്‍ന്ന് അയാളുടെ വണ്ടി ഉപയോഗിച്ച് ഞങ്ങളുടെ വണ്ടി വലിച്ച് പുറത്തേക്ക് മാറ്റി നിര്‍ത്തി.

കണ്ണൂര്‍ കാരനാണ് മോഹന്‍ , ലിവയിലുള്ള അയാളുടെ തോട്ടത്തില്‍ പോയി മടങ്ങുന്ന വഴിയായിരുന്നു. ഇരുപത്തഞ്ചോളം വര്‍ഷമായി അബുദാബിയില്‍ ഡിഫന്‍സില്‍ ജോലി ചെയ്യുന്ന ആള്‍ക്ക് അബുദാബി സിറ്റിയിലും മറ്റും ബിസിനസ് ചെയ്യുന്നതിന് പകരം ഇത്ര ദൂരം വന്ന് വലിയ ലാഭകരമൊന്നുമില്ലാത്ത ജോലി ചെയ്യുന്നതിനപ്പറ്റി ചോദിച്ചപ്പോളാണ് കൂടുതല്‍ മനസ്സിലായത്.

സിറ്റിയില്‍ മിക്ക ചെറുകടകളിലും അയാള്‍ പാര്‍ട്ണറാണ്. ഈ തോട്ടം കിട്ടിയത് അവിടത്തെ ഒരു ബന്ധത്തില്‍ നിന്നുമാണെന്നും ലാഭം നല്ലം ഉണ്ടെന്നും മാത്രമല്ല വര്‍ഷത്തില്‍ കിട്ടുന്ന ലീവിന് നാട്ടില്‍ പോകാതെ ഇവിടെ യാണ് താമസിക്കുന്നതെന്നും പല ഉദ്ദേശങ്ങളാണ് ഇവിടെ ചെയ്യാന്‍ കാരണമെന്നും അയാള്‍ വിവരിച്ചു.

ഹുണ്ടി വഴിയില്‍ മാത്രം പൈസ നാട്ടിലേക്കയക്കുന്ന അയാള്‍ , പിരിയുമ്പോള്‍ നാട്ടിലേക്ക് പണമയക്കാന്‍ വിളിച്ചാല്‍ മതി വീട്ടില്‍ എത്തിക്കുമെന്നുമൊക്കെ പറഞ്ഞു.ഒരു വല്ലാത്ത അപകടത്തില്‍ നിന്നും രക്ഷിച്ചതിനാല്‍ മിക്കപോഴും അയാളുമായി ഫോണില്‍ ബന്ധപ്പെടുമായിരുന്നു.

താമസത്തിനൊരു പ്രശ്നം വന്നപ്പോള്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞു വിളിച്ച മോഹനനെ കാണാനാണ് കുറച്ച് കാലത്തിന് ശേഷം നേരില്‍ കാണാന്‍ പോയത്. ഫ്ലാറ്റില്‍ കയറിയ ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.മൂന്ന് ബെഡ് റൂമുകളുള്ള അയാളുടെ ഫ്ലാറ്റിനെ പലതായി വിഭജിച്ചിരിക്കുന്നു.ഒരു മുറിയിലൊരു ഫാമിലിയും മറ്റു മുറികളില്‍ ബാച്ചിലഴ്സും വാടകക്ക് താമസിക്കുന്നു.മോഹന്‍ കിടക്കുന്നത് വാതിലിനരികെ ചെരുപ്പുകള്‍ വെക്കുന്ന അലമാരിക്കടുത്ത്!.കഴിഞ്ഞ ദിവസം ഒഴിവു വന്ന ഇടത്ത് സലീമിന് താമസിക്കാനായി അയാള്‍ അനുവാദം കൊടുത്തു.

എല്ലാവരും കിടന്നതിനു ശേഷം മാത്രം ഉറങ്ങാനാവുന്നതിനാല്‍ ഏറ്റവും അവസാനമേ മോഹന് ഉറങ്ങാനാവൂ എന്നൊക്കെ പിന്നീട് സലീമില്‍ നിന്നും മനസ്സിലായി.ഡിഫെന്‍സില്‍ വളരെ നല്ല ജോലിയെങ്കിലും ഗള്‍ഫ് അധികകാലം ഉണ്ടാകില്ലെന്നും ഉള്ള സമയം കൊണ്ട് പറ്റാവുന്നത്ര സമ്പാദിക്കുകയാണ് ബുദ്ധിയെന്നും എല്ലാവരേയും അയാള്‍ ഉപദേശിച്ചു. എല്ലാത്തിനും പുറമെ വെള്ളികളില്‍ ദുബായിലേക്ക് ഫാമിലികളെയും മറ്റും കൊണ്ടുപോകും ; ടാക്സി ചാര്‍ജില്‍ നിന്നും കുറച്ച് കൂടുതലെങ്കിലും എത്തേണ്ട സ്ഥലത്ത് എത്തിക്കുന്നതിനാല്‍ പലരും അതാശ്രയിക്കുകയും ചെയ്യാറുണ്ട്.പൈസയുടെ കാര്യത്തിലല്ലാതെ സ്നേഹത്തിന്‍‌റ്റെ കാര്യത്തില്‍ വളരെ വിശാലനായതിനാല്‍ ആര്‍ക്കും അയാളില്‍ വെറുപ്പൊന്നുമുണ്ടയിരുന്നില്ല.

മൂന്ന് മാസം മുമ്പാണ് മോഹന്‍ ഇരുപത്താറ് വര്‍ഷത്തെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോയത് പോകുമ്പോള്‍ ഫ്ലാറ്റ് കോണ്ട്രാക്ട് സലീമിന് മാറ്റി എഴുതിയെങ്കിലും ഫര്‍ണീചര്‍ മണിയായി മോശമല്ലാത്ത ഒരു തുകയും കരാറാക്കിയാണ് യാത്രയായത്. പെട്ടെന്നത്ര തുക ഇല്ലാത്തതിനാല്‍ മൂന്ന്‌മാസത്തെ അവധിയും കൊടുത്തിരുന്നു.

ഇന്നലെ കരാര്‍ പ്രകാരമുള്ള തുക അയക്കാന്‍ എക്സ്ചേഞ്ചില്‍ ചെന്ന സലീം അക്കൗണ്ട് നമ്പര്‍ അറിയാനാണ് മോഹനനെ വിളിച്ചത് , മോഹനന്‍‌റ്റെ ഭാര്യയില്‍ നിന്നും രണ്ട് മാസം മുമ്പ് ഒരു സ്കൂട്ടറപകടത്തില്‍ അയാള്‍ മരണപ്പെട്ട വിവരം അറിഞ്ഞ സലീം ഞെട്ടി. കുറച്ച് കുശലങ്ങള്‍ക്ക് ശേഷം താന്‍ വിളിച്ച കാര്യം ഉണര്‍ത്തിയപ്പോള്‍ കേട്ട മറുപടിയാണ് സത്യത്തില്‍ സലീമിനെ നടുക്കിയത് ," അതറിയാനാണ് സലീം രണ്ട് മാസമായി ഞങ്ങള്‍ നെട്ടോട്ടമോടുന്നത് ".

Labels:

Tuesday, June 24, 2008

കഷ്ടപ്പാടുകള്‍

കഴിഞ്ഞ വെക്കേഷന്‍ സമയത്ത് ടൗണിലൂടെ നടന്നുപോകുമ്പോളാണ് ഒപ്പം പഠിച്ച ജോണിയെ കണ്ടത്.പഠിക്കുന്നകാലത്ത്‌ പറയത്തക്ക ബന്ധമൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷവും കണ്ടമാത്രെ അവനെന്നെ മനസ്സിലായി. സര്‍ക്കാരുദ്യോഗസ്ഥനാണ് കല്യാണം കഴിഞ്ഞിരിക്കുന്നു ഒരു കുട്ടിയും.



കുശലാന്വേഷണത്തില്‍ സാധാരണക്കാര്‍ക്കുള്ള അതേ കാഴ്ചപ്പാടാണ് അവനും ഗള്‍ഫുകാരനോടുള്ളതെന്ന് മനസ്സിലായി.ജോലിക്കിടയിലെ ടെന്‍ഷനെപ്പറ്റിയും ഉത്തരവാദിത്വങ്ങളെപ്പറ്റിയും വിവരിച്ച അവന്‍‌റ്റെ വാക്കുകള്‍ എനിക്ക് സര്‍ക്കാര്‍ ജോലിക്കാരോടുള്ള ധാരണ മാറ്റുന്നതരത്തിലുള്ളതായിരുന്നു. ഗള്‍ഫില്‍ ജോലി വളരെ ഈസിയായതിനാല്‍ അവിടേക്ക് വരാന്‍ വരാന്‍ സാധ്യതയുണ്ടെന്ന് അറിയീച്ചപ്പോള്‍ എത്തിയാല്‍ നിര്‍ബന്ധമായും വിളിക്കണമെന്ന് പറഞ്ഞ് ടെലിഫോണ്‍ നമ്പറും കൊടുത്താണ് ഞങ്ങള്‍ പിരിഞ്ഞത്.

നാല് മാസം മുമ്പാണ് അപ്രതീക്ഷിതമായി ജോണ്‍ ഫോണില്‍ വിളിച്ചത് , അവന്‍ ഗള്‍ഫിലെത്തിയിരിക്കുന്നു , അതും ദുബായില്‍ , രണ്ട്‌ മാസത്തോളമായി എല്ലാം ഒന്ന് സെറ്റായിട്ട്‌ വിളിക്കാമെന്ന് കരുതിയാണത്രെ ഇത്രയും കാലം വിളിക്കാതിരുന്നത്‌.ഇവിടത്തെ ശമ്പളനിലവാരത്തെപ്പറ്റിയും മറ്റും അറിയാതിരുന്നാല്‍ കമ്പനിക്കാര്‍ വളരെ കുറവ് ശമ്പളത്തിന് നമ്മളെക്കൊണ്ട് സമ്മതിപ്പിക്കും എന്ന് പറഞ്ഞ എന്നെ അദിശയിപ്പിക്കുന്നതായിരുന്നു അവന്‍റ്റെ വാക്കുകള്‍.

നാട്ടില്‍ വെച്ച് തന്നെ എല്ലാം ഉറപ്പിച്ചിരുന്നു , മാത്രമല്ല എല്ലാ വിവരങ്ങളും അവന്‍ സ്വായത്വമാക്കിയുമിരുന്നു.വളരെ നല്ല ശമ്പളമാനെന്നും മൊക്കെ അവന്‍ അഭിമാനത്തോടെ പറഞ്ഞു.എയര്‍ പോര്‍ട്ടില്‍ നിന്നും പിക്ക്‌ ചെയ്ത്‌ കമ്പനി ഫ്ളാറ്റിലേക്കാണവന്‍ ആദ്യയാത്ര ചെയ്തത്‌ പിന്നീട്‌ വ്യാഴവും വെള്ളിയും സിറ്റിയില്‍ കറങ്ങാന്‍ പോകും പിറ്റേ ആഴ്ച കുടുമ്പം വരികയും ചെയ്യും വളരെ സന്തോഷത്തോടെ അവന്‍‌റ്റെ എല്ലാ പതിവുകളും വിവരിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ജോലികിട്ടാന്‍ വിസിറ്റ്‌ വിസയില്‍ വന്ന് കഷ്ടപ്പെടുന്നവരേയും , നാട്ടില്‍ സര്‍ക്കാരില്‍ ജോലി ചെയ്തവരെ എടുക്കില്ലെന്നും എടുക്കുകയാണെങ്കില്‍ തന്നെ അവരുടെ പ്രവൃത്തി പരിചയം കണക്കിലെടുക്കില്ലെന്നുമൊക്കെ ശഠ്യം പിടിച്ചിരുന്ന ചില കമ്പനികളുടെ കാര്യങ്ങളുമൊക്കെയാണവനുമായുള്ള സംഭാഷണത്തിനു ശേഷം എനിക്കോര്‍മ്മ വന്നത്.

മിനിഞ്ഞാന്ന് ഉച്ചയൊടെ ജോണ്‍ വിളിച്ചു , നാട്ടില്‍ പോകുന്ന വിവരം പറയാന്‍. യാത്രാ ആശംസകള്‍ നേര്‍ന്നതിനു ശേഷം തിരുച്ചുവരവിനെപ്പറ്റി ചോദിച്ചപ്പോളാണ് ഞാന്‍ അമ്പരന്നത് , അവനിനി തിരിച്ചുവരുന്നില്ല. ശമ്പളമോ നാട്ടിലെ ഓര്‍മ്മകളൊ ഒന്നുമല്ല പ്രശ്നം ജോലിയുടെ പ്രഷര്‍ ആണ്.

ശരിയായിരിക്കാം എന്നൂഹിച്ച് കൂടുതല്‍ കാര്യം അന്വേഷിച്ചപ്പോളാണ് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിയത്,ജോലി എട്ട്‌ മണിമുതല്‍ ആറ്‍ മണിവരെ ,ഒരു മണിക്കൂര്‍ ഉച്ചക്കൊഴിവ് , ആഴ്ചയില്‍ അഞ്ചുദിവസം ജോലി , രണ്ട് ദിവസം ഒഴിവ്. മോശമല്ലാത്ത ശമ്പളം മാത്രമല്ല പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ശമ്പളം കൂട്ടാന്‍ തയ്യാറായ കമ്പനി പക്ഷെ അവന്‍‌റ്റെ തീരുമാനത്തിന് മാറ്റമില്ല.

ഇതൊക്കെ അറിയുമായിരുന്നില്ലേ എന്ന എന്‍‌റ്റെ ചോദ്യത്തിന് അവന്‍‌റ്റെ ഉത്തരം വളരെ രസകരമായി തോന്നി , അവിടത്തെ ജോലിയുടെ ഭാരിച്ച ഉത്തരവാദിത്വം മാത്രം ഏറ്റെടുത്താല്‍ മതി , ഇവിടെ അതില്ല ഇവിടെ പ്രഷര്‍ ഭയങ്കരമാണ് ഉത്തരവാദിത്വം പോര.എന്താണവന്‍ പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലായതിനാല്‍ കൂടുതലൊന്നും പറയാതെ നാട്ടില്‍ വെച്ച് കാണാമെന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.

മുന്നിലെ മേശയുടെ വശത്ത്‌ അടക്കിവെച്ച ഫയലുകളും അതിനു പിന്നില്‍ എന്തോ വായിച്ചിരിക്കുന്ന ജോണിയെ തുരുമ്പിച്ച ജനലഴികളിലൂടെ കാണുന്ന കഴ്ചയുമായിരുന്നു എന്‍‌റ്റെ മനസ്സില്‍.

Labels:

Tuesday, February 26, 2008

യുദ്ധം

ദുബായ്‌ സിറ്റിക്ക്‌ പുറത്തൂടെയുള്ള ഒരു യാത്ര.ടി. ജങ്ക്ഷനില്‍ എത്തിയ എന്‍‌റ്റെ മുന്നിലുള്ള കാര്‍ എതിര്‍ വശത്തുനിന്നും വന്ന കാറിന് പോകാനായി നിര്‍ത്തിയിട്ടു.മുമ്പിലുള്ള കാറും , എതിര്‍ വശത്തുവന്നുനിന്ന കാറും ആരെടുക്കും ആദ്യം എന്ന തീരുമാനം ഉറപ്പിക്കുന്നതിനുമുമ്പെ രണ്ടും ഒരുമിച്ചെടുക്കയും മോശമല്ലാത്ത ഇടിയില്‍ കലാശിക്കുകയും ചെയ്തു.രണ്ടു കാറില്‍ നിന്നും ഓടിച്ചിരുന്നവര്‍ പുറത്തിറങ്ങി , രണ്ടാളും അറബി വേഷധാരികള്‍.

ആദ്യത്തെയാള്‍ : ' അസ്സലാമു അലൈക്കും , എന്തെങ്കിലും പറ്റിയോ ?
രണ്ടാമത്തെയാള്‍ : ' വ അലൈകുമുസ്സലാം വ റഹ്മത്തുല്ലാ ,അല്‍ ഹംദുലില്ല , ഒന്നും പറ്റിയില്ല ?'
ആദ്യത്തെ ആള്‍ : ' അല്‍ ഹംദുലില്ലാ , നിനക്ക്‌ സുഖം തന്നെയല്ലെ ? '
രണ്ടാമത്തെയാള്‍ : ' അല്‍ ഹംദുലില്ലാ , എല്ലാം ഐശ്വര്യം തന്നെ , നിന്‍‌റ്റെ കുട്ടികള്‍ക്ക്‌ സുഖമല്ലെ ? '

പിന്നേയും എന്തൊക്കെയോ കുശലാന്വേഷണത്തിനു ശേഷം രണ്ടുപേരും അവരവരുടെ കാറുകള്‍ക്ക് പറ്റിയ പരിക്കുകള്‍ നോക്കി തിരിച്ചു വന്നു.

അദ്യത്തെയാള്‍ : ' നിനക്ക് തലയില്‍ തലച്ചോറില്ലെ ഞാന്‍ കാര്‍ എടുത്തത് നീ കണ്ടില്ലെ? '
രണ്ടാമത്തെയാള്‍ : ' നിന്‍‌റ്റെ തലയിലാണില്ലത്തത് , നീ കണ്ടില്ലെ ഞാന്‍ എടുത്തത് ,തെറ്റ് നിന്‍‌റ്റെയാണ് '

അപ്പോഴേക്കും പോലീസ് വാഹനം വന്നു,

' അസ്സലാമു അലൈക്കും '

രണ്ടുപേരും ഒരുമിച്ച് പോലീസുകാരനെ നോക്കി , ' വ അലൈകുമുസ്സലാം വ റഹ്മത്തുല്ല '
പോലീസുകാരന്‍ രണ്ടുപേര്‍ക്കും ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നു ,പിന്നീട് കാറുകളുടെ കിടപ്പും കേടുപാടുകളും നോക്കി തിട്ടപ്പെടുത്തി തെറ്റു ആരുടെ പക്ഷത്താണെന്ന് നിഗമനത്തിലെത്തുന്നു.
തെറ്റു ചെയ്തവന് ചുവന്ന പേപ്പറും മറ്റേയാള്‍ക്ക് പച്ചയും കൊടുക്കുന്നു , രണ്ടുപേര്‍ക്കും കൈ കൊടുത്ത ശേഷം പോലീസുകാരന്‍ തിരിച്ചു പോകുന്നു.

പോലീസുകാരന്‍ പോയതിനു ശേഷം രണ്ടുപേരും ഷേക് ഹാന്‍‌ഡ് ചെയ്യുന്നു ചിരിക്കുന്നു അവരവരുടെ കാറുകളില്‍ കയറുന്നു. കൈകൊണ്ട്‌ വീശിപിരിയുമ്പൊള്‍ ആദ്യത്തെ ആള്‍ വിളിച്ചു പറയുന്നു ,

'അസ്സലാമു അലൈക്കും ' കേട്ട ഉടന്‍ മറ്റേയാള്‍ പറയുന്നു :
'വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ല '
*********************
അസ്സലാമു അലൈക്കും : നിനക്ക് സമാധാനമുണ്ടാവട്ടെ.
വ അലൈകുമുസ്സലാം വ റഹ്മത്തുല്ല : നിനക്ക് സമാധാനവും ഐശ്വര്യവുമുണ്ടാവട്ടെ.
അല്‍ ഹംദുലില്ലാ : ദൈവത്തിനു സ്തുതി

*********************

Labels:

Monday, September 11, 2006

ബൂര്‍ഷ്വ

ദേരയിലുള്ള മീന്‍‌മാര്‍ക്കറ്റില്‍ പോകുമ്പോളെല്ലാം അവിടെ ജോലിചെയ്യുന്ന സുലൈമാനെ ഞാന്‍ കാണാറുണ്ട്.മാര്‍ക്കറ്റിനൊരു വശത്തുള്ള ഉണക്ക മീന്‍ വില്‍‌ക്കുന്ന കടയിലാണവന്‍ ജോലി ചെയ്യുന്നത്. രാവിലെ 9 മണിക്ക് മുതല്‍ രാത്രി 12:30 വരെ പീടിക തുറന്നിരിക്കുന്നതിനാല്‍ ഏത് സമയത്ത് ചെന്നാലും സുലൈമാനെ കാണാം.

പരിസരമാകെ അസഹ്യമായ മണമായതിനാല്‍ എന്നെ കണ്ടാല്‍ കടയില്‍ ഒപ്പം ജോലിയുള്ള ആളോട് എന്തോ പറഞ്ഞേല്‍‌പ്പിച്ച് പുറത്തേക്ക് നടക്കും. പത്തുമിനിറ്റോളം നാട്ടിലെ വിശേഷങ്ങളും മറ്റും പറഞ്ഞ് ഞങ്ങള്‍ പിരിയും.

വൈകുന്നേരങ്ങളില്‍ പാടത്തുള്ള പാലത്തില്‍ ഇരി‍ക്കുന്ന പതിവ് പണ്ടേ ഉണ്ടെനിക്ക്. നാട്ടിലുള്ളവരെ ഒരമ്മിച്ച് കാണാനാവുന്നതിനാല്‍ ഇപ്പോഴും അതു തുടരാരുണ്ട്. സം‌സാരിച്ച് കൊണ്ടിരിക്കെയാണ് പെട്ടെന്ന് മുന്നിലൂടെ രണ്ട് പേര്‍ ഒരു മോട്ടോര്‍ ബൈക്കില്‍ അതിവേഗത്തില്‍ കടന്ന് പോയത്, കുറച്ച് ദൂരം പോയി തിരിഞ്ഞുനിന്ന് പാലത്തിലിരിക്കുന്ന ഞങ്ങളെ നോക്കി തിരിച്ചുവന്നു.

'എപ്പോ വന്നു? '

സുലൈമാനാണ് , ആളാകെ മാറിയിട്ടുണ്ട്‌ കറുത്ത സണ്‍ ഗ്ലാസ് , ജീന്‍സ് , ഷൂ , നല്ല അത്തറിന്‍‌റ്റെ മണം. വിശേഷങ്ങളെല്ലാം പറഞ്ഞ് പിരിഞ്ഞെങ്കിലും പലപ്പോഴും പലയിടത്തും വെച്ച് ഞാന്‍ സുലൈമാനെ കണ്ടു , എപ്പോഴും ആരെങ്കിലും ബൈക്കിന് പിന്നില്‍ ഉണ്ടാകും. നാട്ടിലുള്ള പലര്‍ക്കും ബിരിയാണി വാങ്ങിക്കൊടുക്കുന്നതും , സിനിമക്ക് കൊണ്ടു പോകാറുള്ളതുമെല്ലാം ചിലര്‍ സ്വല്‍‌പ്പം പരിഹാസചുവയോടെ പറഞ്ഞ അന്ന് വൈകീട്ടാണ് സുലൈമാന്‍ വീട്ടില്‍ വന്നത്.

'നിക്ക് ത്തിരി പൈസ വേണം , ഒരു മാസം കൂടി തള്ളാനാ '

പിരിയുമ്പോള്‍ , പോക്കറ്റില്‍ നിന്നും സണ്‍ഗ്ലാസെടുത്ത് വെച്ച് ,ബൈക്ക് സ്റ്റാ‍ര്‍ട്ടാക്കി നീങ്ങുന്ന സുലൈമാനെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു..

.ബൂര്‍ഷ്വാ..ഒരു ഗള്‍‍ഫുകാരന്‍ ബൂര്‍ഷ്വാ..

Labels: