തറവാടി

 

Wednesday, August 2, 2006

കാര്‍ത്തുവിന്റെ വിധി

ഓണത്തിന്‌ കുറച്ച്‌ നാള്‍ മുമ്പാണ്‌ ഇടപ്പാള്‍ പൂരാടവാണിഭത്തില്‍ നിന്നാണ് നാട്ടിലുള്ളവര്‍ ഓണത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങുന്നത്. പതിവ് പോലെ ആ തവണയും ഞാനും മണിയേട്ടനും കൊച്ചുണ്ണിയേട്ടനും മാമദുമൊക്കെ നേരത്തെതന്നെ പുറപ്പെട്ടു. ഇടപ്പാളിലുള്ള രണ്ട് സിനിമാ ടാക്കീസില്‍ നല്ല സിനിമ എവിടെയാണോ അവിടെ നിന്നും സെക്കന്‍‌റ്റ് ഷോ കഴിഞ്ഞേ ഞങ്ങള്‍ മടങ്ങാറുള്ളു.


****
പലരേയും പോലെ , പുറത്ത് നിന്നും ഞങ്ങളുടെ നാട്ടില്‍ വന്ന കരിങ്കല്‍ കോണ്ട്രാക്ടര്‍ ആയിരുന്നു ചെങ്കന്‍.

എന്നാല്‍ മറ്റുള്ളവരെപ്പോലെയല്ലായിരുന്നു ചെങ്കന്‍. ക്വാറിയില്‍ പണിക്കാരിയായിരുന്ന ജാനുവില്‍‍ ചെങ്കന്‌ ഒരു കുട്ടി പിറക്കാറായപ്പോള്‍ അയാള്‍ ജാനുവിനെ കെട്ടിയതില്‍ പിന്നെ സ്ഥിര താമസവും ജാനുവിന്‍‌റ്റെ വീട്ടിലായി.

ചെങ്കന്‌ കുട്ടികള്‍ വരി വരിയായി 6 പേരായതിന് ശേഷം ജാനുവിന്‍‌റ്റെ കല്യാണം കഴിക്കാത്ത ചേച്ചി തങ്കമ്മയിലും കുട്ടികള്‍ ആകാന്‍ തുടങ്ങിയതോടെ , ഇടക്ക്‌ നാട്ടിലുള്ള ഭാര്യയെ കാണാന്‍ പോയിരുന്ന ചെങ്കന്‍ അതങ്ങ്‌ നിര്‍ത്തിയിട്ട്‌ , തങ്കമ്മയെയും കെട്ടി തങ്കമ്മയില്‍ എത്ര മക്കളുണ്ടായി എന്നതെനിക്കറിയില്ല.

ജാനുവിന്‍റെ അനിയത്തി കാര്‍ത്തു എന്‍‌റ്റെ ക്ളാസ്സിലായിരുന്നു പഠിച്ചിരുന്നത് ഒരിക്കല്‍ എതിരെ വന്ന കാര്‍ത്തൂനെ കണ്ടപ്പോള്‍ കൊച്ചുണ്ണിയേട്ടന്‍ നിന്നു:

' കാര്‍ത്ത്വാ , സൂക്ഷിക്കണട്ടോ '
' ന്നോട്‌ കളിച്ചാ ഞാ മടാകത്തിയെടുക്കും '
കാര്‍ത്തൂന്‍‌റ്റെ മറുപടിക്ക് താമസമില്ലായിരുന്നു.

*****
സിനിമയുടെ പേരെനിക്കോര്‍മ്മയില്ല , നായകനായ പ്രേം നസീറിന് മക്കളുണ്ടാകുന്നില്ല. പണക്കാരനായ നായകന്‍ പല ചികിത്സകളും നടത്തുണ്ടെങ്കിലും എല്ലാം പരാജയം തന്നെ. ഒരു കുഞ്ഞിക്കാലുകാണാന്‍ സര്‍‌വ്വ അമ്പലങ്ങളിലും പള്ളികളിലും നേര്‍ച നടത്തിക്കൊണ്ടിരിക്കയാണ് നായകന്‍.

അമ്പല നടയില്‍ വെച്ച് നായകന്‍‌റ്റെ ഭാര്യ ദുഖത്തോടെ പ്രാര്‍ത്ഥനാലാപനം നടത്തുമ്പോള്‍ മുന്നിലായിരിക്കുന്ന പെണ്ണുങ്ങളുടെ കണ്ണുകളില്‍ കണ്ണീര്‍ പൊടിഞ്ഞത് തിളങ്ങികാണുന്നുണ്ട് , പിന്‍‌ഡ്രോപ് സൈലന്‍സിനെ കീറിമിറിച്ചൊരു അലര്‍ച്ചയായിരുന്നു പിന്നില്‍ നിന്നുമുയര്‍ന്നത്.

' ഓ! ഇതിനാണൊ ഇത്ര വിഷമം , നമ്മുടെ ചെങ്കേട്ടന്‍‌റ്റെ സൌസറൊന്ന്‌ കൊടഞ്ഞാപ്പോരെ? '

അവിടെവിടെയായി ഇരുന്നിരുന്ന നാട്ടുകാരുടെ ചെങ്കനെ അറിയുന്നവരുടെ കൂട്ട ചിരിയായിരുന്നു പിന്നീട് ടാക്കീസില്‍ ഉയര്‍ന്ന് കേട്ടത്.

അടിക്കുറുപ്പ്‌: കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അറിഞ്ഞു ,ചെങ്കന്‍ പോയി ഞങ്ങളുടെ നാട്ടില്‍ നിന്നും കൂടെ കാര്‍ത്തുവും പിന്നെ അവരുടെ മൂന്ന്‌ കുട്ടികളും.

Labels: