തറവാടി

 

Sunday, March 9, 2008

വിയര്‍പ്പ്

'കൊച്ചുണ്ണ്യേരേ ങ്ങളാ രാഗവന്‍ അവിടേണ്ടെങ്കിലൊന്നു വരാന്‍ പറയണേ'

കോലായില്‍ ചാരുകസേരയില്‍ വിശ്രമിച്ചിരുന്ന സൈദാലിക്ക മുന്നോട്ടാഞ്ഞു.

തെങ്ങ് കയറ്റവും കവുങ്ങ്‌ കയറ്റവുമാണ് രാഘവന്‍‌റ്റെ പ്രധാനതൊഴില്‍ കാലങ്ങളായി സൈദാലിക്കയുടെ തെങ്ങ്‌ കയറ്റക്കാരന്‍. മറ്റുള്ളവരുടെ തെങ്ങ് കയറ്റമില്ലാത്തസമയങ്ങളില്‍ സൈദാലിക്കയുടെ പറമ്പില്‍ വെള്ളം നനക്കല്‍ , പീടികയില്‍ പോകല്‍ തുടങ്ങിയ ജോലികളൊക്കെ ചെയ്യുന്നതും അയാള്‍ തെന്നെയായിരുന്നു.
രണ്ട്‌ വര്‍ഷം മുമ്പ്‌ ഒരു മഴക്കാലത്ത്‌ രാഘവനെ ഒരു തെങ്ങുചതിച്ച തോടെ കുറെകാലം ആശുപത്രിവാസത്തിലായി , പിന്നീട് പണിക്കു പോകാന്‍ പാടില്ലെന്ന് ഡോക്ടര്‍‌മാര്‍ വിധിച്ചു.

' മാപ്ല വിളിച്ചോ? ’

‘ രാഘവാ ആ പീട്യേ പോയി രണ്ട്‌ കിലോ പഞ്ചാര വാങ്ങീട്ട് വാ ’

‘ പഞ്ചാരേ!, അപ്പോ ന്നലെ ടൌണീന്ന് വാങ്ങ്യ അഞ്ചുകിലോയോ? '

പുറത്തുനിന്നും കയറിവന്ന കദീജുമ്മ അതിശയപ്പെട്ടു

' ഇനീപ്പോ ന്താ വാങ്ങാനുള്ളത്? '

സൈദാലിക്കയുടെ ദയനീയമായ നോട്ടം കണ്‍ട് കദീജുമ്മ കണ്ട് രാഘവനെ നോക്കി ചിരിച്ചു.

' രാഘവാ ജ്ജ്‌ പോയിട്ടാ പോസ്റ്റാപീസിന്ന് പത്തുര്‍പ്പ്യെക്ക്‌ സ്റ്റാമ്പ്‌ വാങ്ങീട്ട്‌ വാ '

നടന്നുപോകുന്ന രാഘവനെനോക്കി കദീജുമ്മ വീടിനുള്ളിലേക്ക് നടന്നു.

' ങ്ങക്കോനെന്തെങ്കിലും കൊടുക്കണേങ്കി അതങ്ങു ചെയ്താപ്പോരെ, എന്തിനാ ഓരോന്ന് ചെയ്യിപ്പിച്ച് കൊടുക്കുന്നത്?

‘ അനക്കത്‌ മനസ്സിലാവുല്ലാ '

നെടുവീര്‍പ്പോടെ സൈദാലിക്ക കസേരയിലേക്കാഞ്ഞു.

Sunday, March 2, 2008

കോലങ്ങള്‍

സീറ്റുകളിലെല്ലാം ആളുകളെക്കൊണ്ട് നിറഞ്ഞ ബസ്ങ്കത്തും പുറത്തും ലോട്ടറി ടിക്കറ്റ് , ഇഞ്ചിമിഠായി , ഓറഞ്ച് തുടങ്ങിയവയുടെ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. പതിവായി കാണുന്ന ഒറ്റക്കാലന്‍ ചാടിനടന്നും സം‌സാരിക്കാനാവാത്ത് സുബൈദ കാര്‍ഡ് വിതരണം ചെയ്തും യാചനയും നടത്തുന്നുന്നുണ്ട്. എന്നും കാണുന്നതാണെങ്കിലും ചെളി പിടിച്ച മഞ്ഞ കാര്‍ഡിലൂടെ കണ്ണുകള്‍ ഓടി.


' ബഹുമാന്യ സഹോദരീ സഹോദരന്‍ മാരെ , എന്റെ പേര് സുബൈദ , എനിക്കു സംസാരിക്കാന്‍ കഴിയില്ല , വാപ്പ പത്തു കൊല്ലമായി കിടപ്പിലാണ് ഞാനൊഴികെ മറ്റു മൂന്ന് അനിയത്തിമാര്‍ .....ആകയാല്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്ത് ഈ സഹോദരിയെ രക്ഷിക്കണം ..... ഒപ്പ്‌ ' .

' ലേഡീസ് ആന്‍‌ഡ് ജന്‍റ്റില്‍മാന്‍ '


ബസ്സിലുള്ള എല്ലാവരും കേള്‍ക്കാനുള്ള അത്രക്ക് ശബ്ദത്തിലായിരുന്നു ബസ്സിന്‍‌റ്റെ മുന്‍‌ഭാഗത്തുനിന്നും കേട്ടത്.വൃത്തിയായി ഷര്‍ട്ടും പാന്‍റ്റും ഇട്ട , ഇരുപത്തഞ്ച്‌ വയസ്സ്‌ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഒരു ഉദ്യോഗസ്ഥനെപ്പോലെയാണ് മൊത്തത്തില്‍ ആളെകണ്ടാല്‍ തോന്നുക.

' മൈ നൈം ഈസ് -- '

ഇത്രയും ഇം‌ഗ്ലീഷില്‍ പറഞ്ഞതിനുശേഷം മലയാളത്തിലായി സംസാരം.

കോഴിക്കോട്ടുകാരനായ അയാള്‍ക്ക് ഒരു ഓപറേഷന്‍ കഴിഞ്ഞതാണെന്നും ജീവിക്കാന്‍ മറ്റു പോം വഴികളൊന്നുമില്ലെന്നും വളരെ തന്‍മയത്വത്തോടെ നല്ല മലയാള ഭാഷയില്‍ അവതരിപ്പിച്ചതിനുശേഷം അയാള്‍ സംസാരം അവസാനിപ്പിച്ചു.

' പ്ളീസ്‌ എന്നെ നിങ്ങള്‍ ഒരു യാചകനായി കാണരുത്‌ '

തുടര്‍ന്നയാള്‍ സീറ്റിലിരിക്കുന്നവരുടെ മുന്നില്‍ ചെന്ന് നിന്നവരെ നോക്കി പിന്നീട് സാവധാനം മറ്റുള്ളവരുടെ അടുത്തേക്ക് നീങ്ങി. അയാളുടെ പ്രായവും സംസാരവുമൊക്കെ കണ്ട് പത്തു പൈസ കൊടുക്കാന്‍ മനസ്സനുവദിക്കാത്തതിനാല്‍ അമ്പതുപൈസയുടെ നാണയം ഞാനയള്‍ക്ക് നേരെ നീട്ടി.പൈസ വാങ്ങാതെ എന്‍‌റ്റെ കൈ അയാള്‍ പിന്നിലോട്ട് തള്ളിമാറ്റി.

'താങ്സ് , പറഞ്ഞല്ലോ ഞാനൊരു യാചകനല്ല , നിങ്ങള്‍ സ്റ്റുഡന്‍‌സ് ആയതിനാല്‍ എത്ര ചെറിയ തുക തന്നാലും വാങ്ങാന്‍ ബാധ്യസ്ഥനാണ് പക്ഷെ അമ്പതു പൈസ എനിക്കു വേണ്ട '

ജാള്യതയോടെ ഞാന്‍ മറ്റുള്ളവരെ നോക്കിയപ്പോള്‍ രണ്ടുസീറ്റ് പിന്നിലായിരുന്ന അശോകന്‍ വിളിച്ചു പറഞ്ഞു , ' അത്‌ പോകറ്റില്‍ വെക്കെടാ , രണ്‍ടീസം എസ്.ടി കൊടുക്കാല്ലോ '

Labels: