തറവാടി

 

Tuesday, February 26, 2008

യുദ്ധം

ദുബായ്‌ സിറ്റിക്ക്‌ പുറത്തൂടെയുള്ള ഒരു യാത്ര.ടി. ജങ്ക്ഷനില്‍ എത്തിയ എന്‍‌റ്റെ മുന്നിലുള്ള കാര്‍ എതിര്‍ വശത്തുനിന്നും വന്ന കാറിന് പോകാനായി നിര്‍ത്തിയിട്ടു.മുമ്പിലുള്ള കാറും , എതിര്‍ വശത്തുവന്നുനിന്ന കാറും ആരെടുക്കും ആദ്യം എന്ന തീരുമാനം ഉറപ്പിക്കുന്നതിനുമുമ്പെ രണ്ടും ഒരുമിച്ചെടുക്കയും മോശമല്ലാത്ത ഇടിയില്‍ കലാശിക്കുകയും ചെയ്തു.രണ്ടു കാറില്‍ നിന്നും ഓടിച്ചിരുന്നവര്‍ പുറത്തിറങ്ങി , രണ്ടാളും അറബി വേഷധാരികള്‍.

ആദ്യത്തെയാള്‍ : ' അസ്സലാമു അലൈക്കും , എന്തെങ്കിലും പറ്റിയോ ?
രണ്ടാമത്തെയാള്‍ : ' വ അലൈകുമുസ്സലാം വ റഹ്മത്തുല്ലാ ,അല്‍ ഹംദുലില്ല , ഒന്നും പറ്റിയില്ല ?'
ആദ്യത്തെ ആള്‍ : ' അല്‍ ഹംദുലില്ലാ , നിനക്ക്‌ സുഖം തന്നെയല്ലെ ? '
രണ്ടാമത്തെയാള്‍ : ' അല്‍ ഹംദുലില്ലാ , എല്ലാം ഐശ്വര്യം തന്നെ , നിന്‍‌റ്റെ കുട്ടികള്‍ക്ക്‌ സുഖമല്ലെ ? '

പിന്നേയും എന്തൊക്കെയോ കുശലാന്വേഷണത്തിനു ശേഷം രണ്ടുപേരും അവരവരുടെ കാറുകള്‍ക്ക് പറ്റിയ പരിക്കുകള്‍ നോക്കി തിരിച്ചു വന്നു.

അദ്യത്തെയാള്‍ : ' നിനക്ക് തലയില്‍ തലച്ചോറില്ലെ ഞാന്‍ കാര്‍ എടുത്തത് നീ കണ്ടില്ലെ? '
രണ്ടാമത്തെയാള്‍ : ' നിന്‍‌റ്റെ തലയിലാണില്ലത്തത് , നീ കണ്ടില്ലെ ഞാന്‍ എടുത്തത് ,തെറ്റ് നിന്‍‌റ്റെയാണ് '

അപ്പോഴേക്കും പോലീസ് വാഹനം വന്നു,

' അസ്സലാമു അലൈക്കും '

രണ്ടുപേരും ഒരുമിച്ച് പോലീസുകാരനെ നോക്കി , ' വ അലൈകുമുസ്സലാം വ റഹ്മത്തുല്ല '
പോലീസുകാരന്‍ രണ്ടുപേര്‍ക്കും ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നു ,പിന്നീട് കാറുകളുടെ കിടപ്പും കേടുപാടുകളും നോക്കി തിട്ടപ്പെടുത്തി തെറ്റു ആരുടെ പക്ഷത്താണെന്ന് നിഗമനത്തിലെത്തുന്നു.
തെറ്റു ചെയ്തവന് ചുവന്ന പേപ്പറും മറ്റേയാള്‍ക്ക് പച്ചയും കൊടുക്കുന്നു , രണ്ടുപേര്‍ക്കും കൈ കൊടുത്ത ശേഷം പോലീസുകാരന്‍ തിരിച്ചു പോകുന്നു.

പോലീസുകാരന്‍ പോയതിനു ശേഷം രണ്ടുപേരും ഷേക് ഹാന്‍‌ഡ് ചെയ്യുന്നു ചിരിക്കുന്നു അവരവരുടെ കാറുകളില്‍ കയറുന്നു. കൈകൊണ്ട്‌ വീശിപിരിയുമ്പൊള്‍ ആദ്യത്തെ ആള്‍ വിളിച്ചു പറയുന്നു ,

'അസ്സലാമു അലൈക്കും ' കേട്ട ഉടന്‍ മറ്റേയാള്‍ പറയുന്നു :
'വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ല '
*********************
അസ്സലാമു അലൈക്കും : നിനക്ക് സമാധാനമുണ്ടാവട്ടെ.
വ അലൈകുമുസ്സലാം വ റഹ്മത്തുല്ല : നിനക്ക് സമാധാനവും ഐശ്വര്യവുമുണ്ടാവട്ടെ.
അല്‍ ഹംദുലില്ലാ : ദൈവത്തിനു സ്തുതി

*********************

Labels:

Tuesday, February 19, 2008

പാരകള്‍

വിമാനത്തില്‍ നിന്നും ഇറങ്ങിയ ഉടന്‍ എതിരേറ്റ ചൂടുള്ള കാറ്റ്‌ എന്നെ ചെറുതായൊന്നു നടുക്കി.

തലേന്ന് ബാവ വിളിച്ചുപറഞ്ഞതുപോലെത്തന്നെ ഇടതുവശത്തായുള്ള കൗണ്ടറില്‍ നിന്നും വിസയും എടുത്ത് ഞാന്‍ എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നീങ്ങി.ഒരു ബാഗ് മാത്രമുള്ളതിനാല്‍ ആദ്യം തന്നെ പുറത്ത് കടക്കാനായി.നാട്ടുകാരനും ബാല്യകാല സുഹൃത്തുമായ ബാവ പുറത്ത് കാത്തുനില്‍‌ക്കുന്നുണ്ടായിരുന്നു.

രാത്രി പതിനൊന്ന് മണിയാണെങ്കിലും പ്രകാശപൂരിതമഅയ ദുബായ് നഗരത്തിലൂടെ ബാവയുടെമുറിയിലേക്ക് പോകുമ്പോള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ വരാറുള്ള അവന്‍ ഓരോരുത്തരെപ്പറ്റിയും വളരെ താത്പര്യത്തോടേ അന്‍‌വേഷിച്ചു. അവന്‍ ചോദിച്ചവരില്‍ പലരേയും ഞാന്‍ കണ്ടിട്ട് ആഴ്ചകളായിരുന്നെങ്കിലും തലേന്നും കണ്ടതുപോലെ പറയാനേ തോന്നിയുള്ളൂ.

നാല് നിലയുണ്ടെന്ന് തോന്നുന്ന കെട്ടിടത്തിന് മുകളിലേക്ക് കയറിയ ഞങ്ങള്‍ ടെറസ്സിലെത്തിയാണ് നിന്നത്. കയറുമ്പോല്‍ എതിരെ വന്നിരുന്ന പലരും പരിച്ചിതരെപ്പോലെ ചിരിച്ചു. ബാവ ഞാന്‍ വരുന്ന വിവരം സര്‍‌വരേയും അറിയീച്ചിരിക്കുന്നു. ടെറസ്സില്‍ തന്നെയാണ് അടുക്കള രണ്ട് പേര്‍ അടുക്കളക്ക് പുറത്തായി ഭക്ഷണം കഴിക്കുന്നു.പത്തോളം കട്ടിലുകള്‍ നാലു വശങ്ങളിലായി ഇട്ടിട്ടുണ്ട്‌ താഴെ നടുഭാഗം കാലിയായിരിക്കുന്നു ചില കട്ടിലിനുമുകളില്‍ വേറൊരെണ്ണം അടക്കിയും വെച്ചിട്ടുണ്ട്‌.

' തല്‍ക്കാലം ആ കാണുന്നകട്ടിലില്‍ കിടന്നോളൂ , അവിടത്തെ ആള്‍ ഒരാഴ്ച കഴിഞ്ഞേ വരൂ അപ്പോള്‍ എന്തെങ്കിലും ചെയ്യാം '
മറ്റൊരാളുടെ , അതും അറിയാത്ത ഒരാളുള്‍ ഉപയോഗിച്ച കട്ടിലില്‍ കിടക്കാന്‍ മനസ്സനുവദിച്ചില്ല.
' വേണ്ട ബാവേ ,' ഞാന്‍ ഇവിടെ കിടന്നോളാം '

ഒഴിഞ്ഞ നടുഭാഗമായിരുന്നു എന്‍‌റ്റെ മനസ്സിലെന്ന് ബാവക്ക മനസ്സിലായി.

' അവിടെയൊക്കെ ആളുകളുണ്ടല്ലോ ആ കട്ടില്‍ മാത്രമെ ഒഴിവുള്ളൂ , മാത്രല്ല അവിടെ കെടക്കാന്‍ അവസാനമേ പറ്റൂ ഭക്ഷണം കഴിക്കുന്ന സ്ഥലവുമാണത് '
*******************************
ദുബായില്‍ വന്നിട്ട് രണ്ടുമാസം കഴിഞ്ഞിരിക്കുന്നു.

' നീയ്യ് ബേജാറാവുകയൊന്നും വേണ്ടട്ടാ നമുക്കൊരു വിസിറ്റ്‌ കൂടി എടുക്കാം'

വളരെ അപ്രതീക്ഷിതമായി ലഭിച്ച ഇന്‍‌റ്റര്‍‌വ്യൂകോള്‍ ജോലി കിട്ടിയ സന്തോഷമാണുണ്ടാക്കിയത്. ഇന്‍‌റ്റര്‍‌വ്യൂവിന് വിളിച്ച സമയത്തിന് അര മണിക്കൂര്‍ മുമ്പെ ഞാന്‍ കെട്ടിടത്തിനരികെ എത്തി.നാല് നില നിലയുള്ള കെട്ടിടത്തില്‍ ഏറ്റവും മുകളിലുള്ള ഓഫിസ്സിലായിരുന്നു ചെല്ലാന്‍ പറഞ്ഞിരുന്നത്. അടഞ്ഞികിടന്നിരുന്ന ഓഫീസില്‍ വാതില്‍ മെല്ലെ തുറന്ന് കയറി റിസപ്ഷനില്‍ ആരും ഇല്ലായിരുന്നതിനാല്‍ ഉള്ളിലുള്ള മറ്റു മുറികളിലേക്ക് കണ്ണോടിച്ചു.ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ ഉള്ളിലേക്ക് വരാന്‍ കൈകൊണ്ടാഗ്യം കാണിച്ചു.മലയാളത്തില്‍ ഫോണില്‍ സംസരിച്ചിരുന്ന അയാളുടടുത്തേക്ക് പോയി.

' yes '
' ഒരു ഇന്‍‌റ്റര്‍വ്യൂവിനു വിളിച്ചിരുന്നു അതിനു വന്നതാണ് '
' sit '

റിസപ്ഷനിനുള്ള കസേരകളിലേക്ക് അയാള്‍ കൈ ചൂണ്ടി.പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ അറബി വേഷവിധാനത്തിലൊരാള്‍ ഉള്ളിലേക്കു വന്നു. നാല്‍പതു വയസ്സോളം വരുന്ന അയാള്‍ എന്നോട് സലാം പറഞ്ഞ് അകത്തുള്ള മുറിയിലേക്കു പോയി. കുറച്ചുകഴിഞ്ഞ് ആദ്യം കണ്ട മലയാളി എന്നോട് അറബിയുടെ മുറയിലേക്ക് ചെല്ലാന്‍ പറഞ്ഞു.നാടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമെല്ലാം അറിഞ്ഞതിനു ശേഷം ചെയ്യേണ്ട പണിയെക്കുറിച്ചും മറ്റും വിവരിച്ചു. പിന്നീട് എത്ര ശമ്പളമാണ് പ്രതീക്ഷിക്കുന്നതെന്ന് ചോദിച്ചു.
' 3500 Dirham '
ഗള്‍ഫ് എക്സ്പീരിയെന്‍സില്ലാത്തതിനാല്‍ അത്ര തരാന്‍ അയാള്‍ തയ്യാറായില്ല. തുടക്കത്തില്‍ 3000 Dirham രണ്ട് മാസം കഴിഞ്ഞ് മുഴുവന്‍ തരാമെന്നും പറഞ്ഞപ്പോള്‍ ഉള്ളാലെ എനിക്ക് സന്തോഷമായി.പിറ്റേന്ന് ജോലിയില്‍ പ്രവേശിച്ചോളാമെന്നും പറഞ്ഞെന്നോട് പോയ്ക്കൊള്ളാന്‍ പറഞ്ഞു.

***************************
പിറ്റേന്ന് ഓഫീസ് സമയത്തിന് സ്വല്‍‌പ്പം മുമ്പെത്തിയ എന്നെ തലേന്ന് കണ്ട മലയാളി കാത്തുനില്‍‌ക്കുകയായിരുന്നു. എന്നെ അയാളുടെ സീറ്റിനരികിലേക്ക് വിളിച്ച് കുശലം ചോദിക്കാന്‍ തുടങ്ങി.

തോമസ് നാല് വര്‍ഷമായി ഈ കമ്പനിയില്‍ ജോലി തുടങ്ങിയീട്ട് , വളരെ നല്ല കമ്പനിയാണെന്നും അറബി നല്ലവനാണെന്നുമൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് വളരെ സന്തോഷമായി.കോട്ടയം കാരനായ അയാള്‍ തുടക്കത്തില്‍ സെക്രട്ടറിയായിരുന്നു പിന്നെ ജോലികയറ്റം കിട്ടി അകൌണ്ടന്‍റ്റായെങ്കിലും അയാള്‍ വളരെ എഫിഷ്യന്‍‌റ്റ ആയതിനാലും സെക്രട്ടറിയുടെ പണിയും അയാള്‍ ചെയ്യുന്നതിനാലാണ് സെക്രട്ടറിയുടെ കസേര ഇപ്പോഴും ഒഴിഞ്ഞുതന്നെ കിടക്കുന്നതെന്ന് പറഞ്ഞു.പിന്നീടുള്ള തോമസിന്‍‌റ്റെ സംസാരം എനിക്ക് സത്യത്തില്‍ ഉള്‍ക്കൊള്ളാനാവുന്നതായിരുന്നില്ല.

ഞാന്‍ ദുബായില്‍ വന്നത് മണ്ടത്തരമായെന്നും , നാടായിരുന്നു നല്ലതെന്നും മാത്രമല്ല പഠിപ്പിലൊന്നും വലിയകാര്യമില്ല എല്ലാം ഒരു ഭാഗ്യമാണെന്നുമൊക്കെ അയാള്‍ പറഞ്ഞപ്പോള്‍ ഒന്നിനും മറുപടി പറയാത്തതിനാലാണെന്ന് തോന്നുന്നു അയാള്‍ കൂടുതല്‍ അത്തരം സംസാരത്തിലേക്ക് പോയില്ല.

താമസിക്കുന്ന സ്ഥലത്ത്‌ വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞുകൊണ്ടുതന്നെ ഒരു ചായ കൂട്ടിക്കൊണ്ട് എന്‍‌റ്റെ മേശക്കു മുകളില്‍ വെച്ചു.ചായ കുടിക്കുന്നതിനിടെ എന്‍‌റ്റെ ശമ്പള വിവരങ്ങളടക്കം സര്‍‌വതും അയാള്‍ അറിഞ്ഞുകഴിഞ്ഞിരുന്നു.

' ഇന്നിനി ഇവിടെ ഇരിക്കെണ്ട മുറിയില്‍ പൊയ്ക്കോ നാളെ രാവിലെ ജോലിക്ക്‌ വന്നാല്‍ മതി ഞാന്‍ പറഞ്ഞുകൊള്ളം'

അത്രക്കിഷ്ടമായില്ലെങ്കിലും അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ മുറിയില്‍ പോയി. പിറ്റേന്ന് വെള്ളിയവധിയും കഴിഞ്ഞ് ഞാന്‍ ഓഫീസിലെത്തിയപ്പോള്‍ തോമസ് പുറത്ത് തന്നെ നില്‍‌പ്പുണ്ടായിരുന്നു.

' I want talk to you '

തോമസിന്‍‌റ്റെ ശബ്ദത്തിന്‍‌റ്റെ ഗൗരവം എനിക്കത്രക്ക് രസിച്ചില്ലെങ്കിലും അയാളോടൊപ്പം അയാളുടെ സീറ്റിനരികിലേക്ക് പോയി.

' താന്‍ പറഞ്ഞ അത്രയൊന്നുമില്ലാ തന്‍‌റ്റെ ശമ്പളം തനിക്കു തെറ്റിയതാണ് 1500 Dirhams ആണ് തന്‍‌റ്റെ ശമ്പളം'
തോമസിന്‍‌റ്റെ പെട്ടെന്നുള്ള വാക്കുകള്‍ എന്നെ ആശ്ചര്യപ്പെടുത്തി.
' തെറ്റിയതോ തോമസേട്ടന്‍ എന്താണീപ്പറയുന്നത്‌ അറബി എന്നോടെല്ലാം പറഞ്ഞുറപ്പിച്ചതാണല്ലോ'
' നാട്ടില്‍ കിട്ടുന്നതിന്‍റ്റെ ഇരട്ടിയാവാം ഇതിപ്പോ എട്ടിരട്ടി എന്നു പറഞ്ഞാല്‍ അതെങ്ങിനെ ശരിയാവും '

എനിക്ക് നാട്ടില്‍ കിട്ടിയ ശമ്പളവും ഇവിടെ തരാമെന്നേറ്റ സമ്പളവും തമ്മില്‍ ബന്ധപ്പെടുത്തുകയായിരുന്നു തോമസ്.ഒന്നും മനസ്സിലാകാത്തതു പോലെ മുഖത്തേക്കു നോക്കിയിരുന്ന എന്നെ പരിഹാസത്തോടെ തോമസ് നോക്കി.

' ഞാനൊക്കെ ഇവിടെ വന്നിട്ട്‌ നാലുകൊല്ലമായി എന്നിട്ടും എനിക്കത്ര കിട്ടുന്നില്ല എന്നിട്ടല്ലേ ഇന്നലെ വന്ന തനിക്ക് '
' അതിനെന്‍‌റ്റെ ജോലിയല്ലല്ലോ തോമസേട്ടാ താങ്കളുടെ '

എന്‍‌റ്റെ നീരസത്തിലുള്ള സംസാരം അയാളെ ചൊടിപ്പിച്ചു ,
' താനെന്താ സമരം ചെയ്യാന്‍ വന്നതാണോ? താനില്ലെങ്കില്‍ ആളുകള്‍ വേറെയുണ്ട്‌ പറ്റില്ലെങ്കില്‍ പൊയ്ക്കോ , ദാ തന്‍റ്റെ പാസ്പോര്‍ട്ട്‌ '

മറ്റൊരു വിസിറ്റ്‌ വിസ ബാവക്കുള്ള അധിക ചിലവ്‌ , ചൂടത്തുള്ള ജോലി തെരച്ചില്‍ ഇതൊക്കെ ഒരു മിന്നല്‍ പിണര്‍പോലെ മനസ്സിലേക്കു വന്നു.
' അപ്പോ രണ്ടുമാസം കഴിഞ്ഞു കൂട്ടാമെന്നു പറഞ്ഞതോ '
'രണ്ടുമാസമല്ല ഒരു കൊല്ലം കഴിഞ്ഞാല്‍ 2000 Dirham ആക്കിയേക്കും താന്‍ നന്നായി പണി ചെയ്താല്‍ , അയാള്‍ വരാറായി എന്താ തന്‍‌റ്റെ തീരുമാനം ? '

ഒന്നും മിണ്ടാതെനിന്ന ഞാന്‍ തോമസിന്‍‌റ്റെ മുഖത്ത് വന്ന വിജയ ഭാവം നോക്കിയിരുന്നു.
' ഇനി അറബിയോട് പണ്ടതു പറഞ്ഞു ഇതു പറഞ്ഞു എന്നൊക്കെ പറയാനുള്ള ഉദേശമുണ്ടെങ്കില്‍ അതു വേണ്ടെന്നിപ്പോഴെ പറഞ്ഞേക്കാം '
ആഫീസിലേക്ക് കയറിയ അറബിയുടെ പിന്നാലെ തോമസ്‌ അറബിയുടെ മുറിയിലേക്കു പോയി. അവര്‍ തമ്മിലുള്ള അടക്കിപ്പിടിച്ച സംസാരത്തിനിടയില്‍ അറബിയുടെ സംസാരം വ്യക്തമായി കേള്‍ക്കാമായിരുന്നു.

' OK good ..good '

പുറത്തേക്കു വന്ന തോമസിന്‍റ്റെ മുഖം ചിരിയില്‍ നിന്നും ഗൌരവത്തിലേക്കു മാറുന്നത് ഞാന്‍ നിരാശയോടെയും നീരസത്തോടെയും നോക്കിയിരുന്നു.ആറുമാസത്തിനു ശേഷം മറ്റൊരു കമ്പനിയിലേക്കും പിന്നീട് പലകമ്പനികളിലേക്കും ഞാന്‍ പ്രവേശിച്ചപ്പോഴെല്ലാം അവിടെയെല്ലാമുണ്ടായിരുന്നു.

തോമസുമാര്‍ , ഗണേഷനായിട്ടും , അഷറഫ് ആയിട്ടുമൊക്കെയായിരുന്നെന്ന് മാത്രം.