തറവാടി

 

Saturday, May 9, 2009

ആകാശയാത്രകള്‍

അനോണി ആന്‍‌റ്റണിയുടെ പോസ്റ്റാണീ കുറിപ്പിനാധാരം.


ഫ്ലൈറ്റ് യാത്രയെപറ്റി ഒരു മലയാളിയുമായി സം‌സാരിക്കാനിടയായാല്‍ മിക്കവാറും അതവസാനിക്കുന്നത് എയര്‍ ഇന്‍‌ഡ്യയെ കുറെ കുറ്റം പറഞ്ഞും എയര്‍ ലൈന്‍ സ്റ്റാഫുകളുടെ തെറ്റായ ചെയ്തികളെപ്പറ്റിയുമായിരിക്കുമെന്നത് പറയേണ്ടതില്ലല്ലോ.

എയര്‍ ഇന്‍ഡ്യയുടെ കാര്യം അവിടെ നില്‍‌ക്കട്ടെ എയര്‍ ലൈന്‍ സ്റ്റാഫ് , പ്രത്യേകിച്ചും ഹോസ്റ്റസ്സുകളെപ്പറ്റി പറയുന്നതിനുമുമ്പ് യാത്രയിലുള്ള ആളുകളുടെ ചില സര്‍ക്കസ്സുകള്‍ നോക്കാം.

വിവിധ ഘട്ടങ്ങളിലുള്ള യാത്രയില്‍ യാത്രക്കാര്‍ കാണിക്കുന്നവ ഓരോന്നായി നോക്കാം.

ചെക്ക് ഇന്‍ കൗണ്ടര്‍:

വിവിധ ഘട്ടങ്ങളുള്ള യാത്രയില്‍ സാമാന്യം കുഴപ്പമില്ലാത്ത ഫേസാണിത്. ദുബായില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ പൊതുവെ എയര്‍ പോര്‍ട്ടില്‍ മര്യാദരാമന്‍‌മാരായിരിക്കും , അതിനുള്ള പ്രധാനകാരണം എയര്‍ പോര്‍‌‌ട്ടിലുള്ള അറബിപോലീസുതന്നെയാണ്.

ഇനി തിരിച്ചുള്ള യാത്രയില്‍ നാട്ടിലെ എയര്‍ പോര്‍ട്ടാണെങ്കില്‍ , നാട്ടിലെ പോലീസുകാര്‍ കൂടുതല്‍ വില്ലന്‍‌മാരായതിനാല്‍ വലിയ വേഷം കെട്ടൊന്നും എടുക്കാന്‍ പറ്റാതെ നാടിനെപ്പറ്റി സഹതപിച്ച് കൊണ്ട് നമ്മള്‍ യാത്ര തുടങ്ങും.

എത്രകിലോ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിനീയമാണെന്ന് വ്യക്തമായറിഞ്ഞിട്ടും , കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുവരും എന്നിട്ട് തല ചൊറിഞ്ഞ് കൗണ്ടറില്‍ നില്‍‌ക്കും , കുറച്ച് സാധനം കുറച്ചകലെ മാറ്റി വെച്ചിട്ട് , കയ്യിലൊന്നുമില്ലെന്ന് പറഞ്ഞ് ബോര്‍ഡിങ്ങ് പാസ്സും വാങ്ങി നീങ്ങുമ്പോള്‍ ' എയര്‍ ലൈനെ പറ്റിച്ചേ' എന്ന് വ്യക്തമാക്കി ക്യൂവില്‍ നില്‍‌ക്കുന്ന ഇതര യാത്രക്കാര്‍ക്ക് നേരെ ചിരിക്കും.

ഗേറ്റ്:

യാത്രക്കാരന്‍‌റ്റെ ശരിക്കുള്ള സ്വഭാവം വെളിപ്പെടുന്ന ഫേസാണിത്. കൗണ്ടര്‍ സ്റ്റാഫിനെ ഒളിച്ചുകടത്തിയ സാധനങ്ങള്‍ക്ക് പുറമെ ഡ്യൂട്ടി ഫ്രീയില്‍ നിന്നും വാങ്ങിയ കുറെ ബാഗ് സാധനങ്ങളുമായി വെയിറ്റിങ്ങ് ലോഞ്ചില്‍ അക്ഷമരായിരിക്കുന്നവര്‍ കേള്‍ക്കുന്നു;

' ആദ്യം കുട്ടികളും സ്ത്രീകളും അവരുടെ ഒപ്പമുള്ളവരും ഫ്ലൈറ്റിനുള്ളിലേക്ക് പോകുക'

എന്താണ് പറഞ്ഞതെന്ന് കേള്‍ക്കാതെ സ്കൂള്‍ വിട്ട് കുട്ടികള്‍ പലക്ലാസ്സുകളില്‍ നിന്നും സ്കൂളില്‍ നിന്നും പുറത്തേക്കോടുന്നതിനേക്കാള്‍ ‍ വേഗത്തില്‍ , ചുള്ളന്‍ മാര്‍ ഗേറ്റിനരികിലേക്കോടും. ഒരു ഫ്ലൈറ്റിലേക്കുള്ള മൊത്തം യാത്രക്കാര്‍ ഒരു ഗേറ്റിന് മുമ്പില്‍ നില്‍‌ക്കുമ്പോഴുള്ള അവസ്ഥ ആലോചിക്കുക.

കൈകുഞ്ഞുങ്ങളേയും മറ്റും കയ്യിലേന്തിയും , ചെറിയകുട്ടികളുടെ കയ്യില്‍ പിടിച്ചും സ്ത്രീകള്‍ പലഭാഗത്തുനിന്നും വഴികിട്ടാനായി എണ്ണമറ്റ ' എക്സ് ക്യൂസ് മീ ' കേള്‍ക്കാം.

ഇതെല്ലാം കേട്ട് നില്‍‌ക്കുകയല്ലാതെ ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ ഗേറ്റിനുമുന്നില്‍തന്നെ ചടഞ്ഞുകൂടി നില്‍‌ക്കും നമ്മള്‍. അവസാനം സഹികെട്ട് ചിലര്‍ ഇടയിലൂടെ നൂഴ്ന്ന് ഗേറ്റിലൂടെ അകത്തേക്ക് പോകും , കുറെ പേര്‍ തിരക്ക്കൊണ്ട് പോകാന്‍ പറ്റാത്തതിനാല്‍ ലോഞ്ച് സീറ്റിലേക്ക് തന്നെ തിരിച്ചുപോകും പിന്നീട് എല്ലാവരും കയറികഴിഞായിരിക്കും തിരിച്ചുപോയവര്‍ ഫ്ലൈറ്റിനുളീലേക്ക് കയറുക.

സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും കഴിഞ്ഞാല്‍ ചിലപ്പോള്‍ വയസ്സായുള്ളവരുടെ ഊഴം വരും , ആ സമയത്ത് ആദ്യം ഗേറ്റിലെത്തുക ഏറ്റവും ചെറുപ്പക്കാരായിരിക്കും.ഒരിക്കല്‍ ഒരു ചുള്ളന്‍ ഉറക്കെ ചോദിച്ചു:

" എന്താ ഞങ്ങളുടെതും ടികറ്റുതന്നെയല്ലേ? "

ഇനി ഇതൊന്നുമല്ലാതെ ടികറ്റ് സ്വീകന്‍സ് അനുസരിച്ചുള്ള വിളികള്‍ക്കും ഇതേ സര്‍ക്കസ്സ് കാണാം. ടികറ്റ് സ്വീക്വന്‍സായി ഫ്ലൈറ്റിനുള്ളീല്‍ കയറിയാല്‍ എന്തുമാത്രം സൗകര്യമാണ് എല്ലാവര്‍ക്കും എന്നൊരിക്കലും ചിന്തിക്കാതെ ഒരോട്ടമാണ് ,

തങ്ങള്‍ക്ക് സീറ്റ് കിട്ടിയില്ലെങ്കിലോ / കയറ്റാതെ ഫ്ലൈറ്റെങ്ങാനും പോയാലോ എന്നൊക്കെതോന്നും ചിലരുടെ ഓട്ടം കണ്ടാല്‍.

ഫ്ലൈറ്റിനുള്ളില്‍:

ഫ്ലൈറ്റില്‍ കയറിയാല്‍ കയ്യിലെ സാധനങ്ങള്‍ മുകളില്‍ വെച്ച് ഇരിക്കുകയല്ല ചെയ്യുക , വഴിയിലങ്ങ് നില്‍‌ക്കും ഒരു കയ്യില്‍ ഫോണായിരിക്കും , മറ്റേ കൈകൊണ്ട് സാധനങ്ങള്‍ മുകളിലേക്ക് വെക്കാന്‍ തത്രപ്പെടും.

ഒരു മിനി ചന്തയാണ് ഫ്ലറ്റീ സമയത്ത് കുറേ പേര്‍ സാധനങ്ങല്‍ മുകളീല്‍ വെക്കുന്നു , കുറേ പേര്‍ വഴിയില്‍ നില്‍‌ക്കുന്നു , കുറെ പേര്‍ വഴിയിലുള്ളവര്‍ മാറാനായി വഴിയില്‍ കാത്തുനില്‍‌ക്കുന്നു.

ഇനി ഇരിക്കുന്നവരുടെ ആദ്യപരിപാടി മൊബൈല്‍ എടുത്ത് ഡയല്‍ ചെയ്യുക എന്നതാണ്. അന്നുവരെ മിസ് കാള്‍ മാത്രം ചെയ്തിരുന്നവന്‍‌റ്റെ നിര്‍‌ത്താതെയുള്ള വിളി കണ്ട് അപ്പുറത്തുള്ളവരുടെ അദിശയത്തിനുള്ള ഉത്തരം ഫ്ലറ്റ് മൊത്തം കേള്‍ക്കെ കൂവുന്നതു കേള്‍ക്കാം.

ഇതിനെല്ലാം ഇടയില്‍ എയര്‍ ഹോസ്റ്റസ്സുകളോടുള്ള ചില യാത്രക്കാരുടെ പെരുമറ്റം വളരെ അസഹ്യമാണത്. എയര്‍ ഹോസ്റ്റകള്‍ ബെയര്‍‌മാരണെന്നാണ് പലയാത്രക്കാരും ധരിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നും.

സ്വല്‍‌പ്പം വൈകിയതിനാല്‍ എനിക്കൊരിക്കല്‍ കുടുംബത്തിനടുത്തിരിക്കാനായില്ല. തൊട്ടടുത്തിരുന്ന മാന്യ ദേഹം സീറ്റില്‍ ഇരുന്നതും നീട്ടിയൊരു വിളി ,

' ഹലോണ്‍ ഗീവ് ബീയര്‍ '.

സ്വല്‍‌പ്പം കാത്ത് നില്‍‌ക്കാന്‍ റിക്വസ്റ്റ് ചെയ്ത് ഹോസ്റ്റസ്സ് തിരിഞ്ഞതും, അയാള്‍ ശബ്ദമെടുത്തു,

' വാട്ട് ? നൗ ഐ ആം കസ്റ്റമര്‍'

ഒന്നൂടെ റിക്വസ്റ്റ് ചെയ്ത് അവര്‍ നടന്നപ്പോളും മൂപ്പര്‍ തുടര്‍ന്നതുകണ്ടപ്പോള്‍ എനിക്ക് സഹികെട്ടു, എന്‍‌റ്റെ നോട്ടം പിടിച്ചില്ലാത്തതിനാല്‍ മൂപ്പര്‍ എനിക്ക് നേരെ തിരിഞ്ഞു:

' ഞാനിതൊക്കെ എത്ര കണ്ടതാ , ഇവരൊക്കെ നമ്മുടെ പൈസകൊണ്ടാണ് ജീവിക്കുന്നത് '.

കൂടുതല്‍ പരിചയപെട്ടപ്പോള്‍ മനസ്സിലായി , ദുബായില്‍ വന്നാദ്യമായി നാട്ടില്‍ പോകുകയാണെന്ന്, അദ്ദേഹത്തിന്‍‌റ്റെ സുഹൃത്ത്‌ക്കളാണത്രെ ഹോസ്റ്റസ്സുകളോട് ശബ്ദത്തില്‍ ഓര്‍ഡര്‍ ചെയ്യാന്‍ പഠിപ്പിച്ചത്, അല്ലെങ്കില്‍ തുടക്കയാത്രക്കാരനാണെന്ന് ആളുകള്‍ ധരിക്കുമത്രെ!.

തുടര്‍ന്ന് കുടിയോട് കുടി അവസാനം ശര്‍ദ്ദിച്ച് കൊളമാക്കിയാണ് ഫ്ലൈറ്റിന്നും ഇറങ്ങിയത് അല്ല , സ്റ്റാഫ് വന്ന് എടുത്ത് കൊണ്ടുപോയത്.

ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ തുടക്കത്തില്‍ ഉപയോഗിക്കരുതെന്ന് തുടരെ തുടരെ അറിയീപ്പ് വന്നാലും മിക്കവരും ഓഫാക്കില്ല, കുനിഞ്ഞിരുന്ന് ,

' ഡാ പൊങ്ങുന്നു , ദാ എത്താറാവുന്നു ഇറങ്ങാന്‍ പോകുന്നു '

എന്നൊക്കെ പറയുന്നത് കേള്‍ക്കാം.

കഴിഞ്ഞ തവണ മദ്രാസ്സില്‍ നിന്നും കൊച്ചിക്കുള്ള യാത്രയില്‍ ഒരു എക്സിക്യൂട്ടീവിന്‍‌റ്റെ തുടരെയുള്ള ഫോണ്‍‌വിളി കണ്ട് ശബ്ദമുയര്‍ത്തേണ്ടിവന്നു , പുള്ളിക്കാരന്‍ ഇമ്മിണി ബല്യ എക്സിക്യൂട്ടീവാണെന്നും എപ്പോഴും ഫ്ലൈറ്റിലാണ് യാത്രയെന്നും അതിനാല്‍ പഠിപ്പിക്കേണ്ടെന്നും മൊഴിഞ്ഞു , അവസാനം ശരിക്കും ഷൗട്ടായപ്പോഴാണ് സ്റ്റാഫ് വന്ന് മോബൈല്‍ അയാളില്‍ നിന്നും വാങ്ങിയത്, കൊച്ചിയില്‍ ഇറങ്ങുന്നതുവരെ കക്ഷി എന്നെ നോക്കി ദഹിപ്പിക്കുകയായിരുന്നു ;).

ഫ്ലൈറ്റ് പൊങ്ങിയ ഉടന്‍ ചില ആളുകള്‍ക്ക് മുള്ളാന്‍ മുട്ടുന്നത് കാണാം , സര്‍‌വ്വ സൗകര്യവുമുള്ള ലോഞ്ചില്‍ അര മണിക്കൂറോളം ഇരുന്നാണ് ഫ്ലൈറ്റില്‍ കയറുന്നതെന്ന് നോക്കുക. തുടര്‍ന്ന് വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒരാവശ്യവുമില്ലാതെ നടക്കുന്നതും കാണാം

ഫ്ലൈറ്റ് ലാന്‍‌ഡ് ചെയ്ത ഉടന്‍ , പൂര്‍ണ്ണമായും നില്‍ക്കുന്നതിനുമുമ്പെ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കരുതെന്ന തുടരെയുള്ള അറിയീപ്പുകളെ കാറ്റില്‍ പറത്തി ചാടി എണീറ്റ് മുകളില്‍ നിന്നും സാധനങ്ങള്‍ വലിച്ചെടുത്ത് വഴിയില്‍ കുത്തി നില്‍‌ക്കും.

മിക്കവാറും സാധനങ്ങള്‍ വലിച്ചെടുക്കുന്ന സമയത്ത് സഹയാത്രികന്‍‌റ്റെ നെറ്റിയില്‍ തട്ടിയീട്ടായിരിക്കുമെന്നത് പറയേണ്ടല്ലോ.ഈ സമയം അടുത്ത ബഹളം തുടങ്ങുകയായി. ഡോര്‍ തുറന്ന് അതിനടുത്തുള്ളവര്‍ ഓരോരുത്തരായി ഇറങ്ങുകയാണെങ്കില്‍ എല്ലാവര്‍ക്കും എന്തുസൗകര്യമാണെന്നൊരിക്കലും നോക്കില്ല.

' ഇറങ്ങിയെടാ , എത്തിയെടാ'

തുടങ്ങിയ വിളികളുടെ ഒരു ബഹളമാണൊപ്പം ആര്‍പുവിളികളും ചിരിയും. ടെര്‍മിനലിലേക്ക് ബസ്സ് യാത്രയുണ്ടെങ്കില്‍ ആ ഫേസാണ് അധികം കുഴപ്പമില്ലാത്ത അടുത്ത ഫെസ് , ഈ സമയത്ത് ഫോണ്‍ വിളിമാത്രമേ ഉണ്ടാകാറുള്ളു അതായിരിക്കും കാരണം.

ബസ്സില്‍ നിന്നുമിറങ്ങിയാല്‍ ബോംബ് പൊട്ടുന്ന സ്ഥലത്തുനിന്നും രക്ഷപ്പെടാനുള്ളതുപോലുള്ള തത്രപ്പാടാണ് പിന്നെ കാണുക.

ഇതൊന്നും ഒരിക്കലോ രണ്ട് പ്രാവശ്യമോ ഉണ്ടായിട്ടുള്ളതല്ല എല്ലാതവണയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉണ്ടായിട്ടുള്ളതാണ്.

എയര്‍ ഹോസ്റ്റസ്സുമാരെ കുറ്റം പറയുന്നതിനുമ്പ് യാത്രക്കാര്‍ പാലിക്കേണ്ട നിയമങ്ങളും മര്യാദകളും എത്ര പേര്‍ പാലിക്കുന്നുണ്ടെന്ന് സ്വയം വിലയിരുത്തിയാല്‍ മനസ്സിലാവും അവര്‍ എത്രയോ ബേധമാണെന്ന്.

കഴിഞ്ഞ മാസത്തിലാണ് രണ്ടാഴ്ചക്ക് ആജു ഒറ്റക്ക് നാട്ടില്‍ പോയത് , അണ്‍ അക്കമ്പനീഡ് ചൈല്‍ഡായി പോകുമ്പോള്‍ സ്വല്‍‌പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ സര്‍‌വീസ് ഞങ്ങള്‍ കരുതിയതിലും എത്രയോ നല്ലതായിരുന്നു. ഒരു പക്ഷെ എനിക്ക് ശ്രദ്ധിക്കാന്‍ പറ്റുന്നതിലും വളരെ നന്നായിട്ടവര്‍ , ഇന്‍‌ഡ്യന്‍ എക്സ്പ്രെസ്സുകാര്‍ ചെയ്തു.

ഫ്ലൈറ്റ് യാത്രകള്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും മിനിമം മര്യാദകള്‍/ നിയമങ്ങള്‍ പാലിക്കുമ്പോള്‍ മാത്രമേ മറുഭാഗത്തുനിന്നും നല്ല പെരുമാറ്റവും പ്രതീക്ഷിക്കാനുമാവുകയുള്ളൂ, അതിന് പക്ഷെ വേണ്ടത് ആദ്യം നമ്മള്‍ നല്ല യാത്രക്കാരാവുകയാണ്.

ഫ്ലൈറ്റ് പൊങ്ങുമ്പോഴും താഴുമ്പോഴും ഇലക്ട്രോണിക്ക് സാധനങ്ങള്‍ എന്തുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും , എന്തിനാണ് ടിക്കറ്റ് നംബര്‍ ക്യൂ പാലിക്കുന്നതെന്നും , എന്തിനാണ് മറ്റുള്ള മര്യാദകള്‍ പാലിക്കുന്നതെന്നും എന്താണ് എയര്‍ ഹോസ്റ്റസ്സുകാരുടെ അവകാശങ്ങളെന്നും നമ്മുടെ അവകാശങ്ങളെന്നും എല്ലാം അറിയുന്നതിലൂടേയും , അവ പാലിക്കുന്നതിലൂടേയും നമുക്ക് നല്ല യാത്രക്കാരവാം.

നമ്മള്‍ നല്ല യാത്രക്കാരാവാതെ എയര്‍ ഹോസ്റ്റസ്സുമാരെ കുറെ കുറ്റം പറഞ്ഞിട്ട് യാതൊരുകാര്യവുമില്ല.