തറവാടി

 

Friday, January 29, 2010

ഉപ്പാടെ ഒരു കാര്യം!

എട്ടാം ക്ലാസ്സില്‍ ആനക്കര ഹൈസ്കൂളില്‍ ചേര്‍ക്കാന്‍ ഉപ്പയാണ് വന്നത്. സ്കൂളിലെ പരിപാടികളെല്ലാം കഴിഞ്ഞ് ഞങ്ങള്‍ സ്കൂളിനടുത്തുള്ള മുഹമ്മദ്ക്കയുടെ ചായപ്പീടികയിലേക്ക് നടന്നു. താമസിക്കുന്ന വീടിന്റെ ഒരു ഭാഗത്താണ് മുഹമ്മദ്ക്ക ചായക്കടനട നടത്തുന്നത്.

ഉപ്പാനെ കണ്ടതും തോര്‍ത്തുമുണ്ടില്‍ കൈ തുടച്ച് അടുത്ത് വന്ന് ഞങ്ങളോടിരിക്കാന്‍ പറഞ്ഞു.

' കുറെ നാളായല്ലോ കുഞ്ഞുണ്ണിക്ക കണ്ടിട്ട് , ദാരാ ചെറിയോനാ? '
' ഉം സ്കൂളില്‍ ചേര്‍ക്കാന്‍ വന്നതാ '

എനിക്ക് പുട്ടും കടലയും , ഉപ്പ ചായയും കുടിച്ചവിടെനിന്നും ഇറങ്ങുമ്പോള്‍ ഉപ്പ അയാള്‍ക്കടുത്തേക്ക് ഒന്നുകൂടെ ചാഞ്ഞു.

' അതൈ മൊമ്മദെ ന്ത് വേണങ്കിലും കൊടുക്കണെ പൈസയില്ലെങ്കിലും എന്നോട് പറഞ്ഞാ മതി '

'അതിപ്പോ ങ്ങള് പറഞ്ഞിട്ട് വേണോ! ഓന് മ്മടെ കുട്ട്യല്ലെ , ങ്ങട്ട് പോരെട്ടാ '

ആനക്കര കുന്നിന്‍ മുകളിലൂടെ വീട്ടിലേക്ക് നടക്കുമ്പോ ഉപ്പ ഒന്നുറപിച്ചുപറഞ്ഞു ,

' പീടികേന്ന് എന്തേങ്കിലും വാങ്ങിത്തിന്നൂന്നറിഞ്ഞാല്‍ ... ഹാ...പൊറം പൊളിക്കും... പ്പോതന്നെ പറഞ്ഞേക്കാം! '

Labels:

Saturday, January 23, 2010

അധ്യാപനം

പ്രീഡിഗ്രി റിസള്‍ട്ട് കാത്തിരിക്കുന്ന സമയം. വളാഞ്ചേരിയില്‍ നിന്നും കുറച്ചുള്ളിലായ കരേക്കാടെന്ന ഉള്‍പ്രദേശത്താണ് സുഹൃ‌ത്ത്‌ക്കള്‍ നടത്തുന്ന ട്യൂഷന്‍ സെന്റര്‍.

ചായപ്പീടികയുടെ മുകളിലുള്ള മൂന്ന് മുറികളിലായാണ് എട്ട്, ഒമ്പത് ,പത്ത് ക്ലാസ്സുകള്‍ നടത്തുന്നത്. ഒരിക്കല്‍ സുഹൃത്ത്‌ക്കള്‍ക്കൊപ്പം അവിടെ പോയ ഞാന്‍ അവരുടെ ക്ലാസ്സുകള്‍ കഴിയാനായി സ്റ്റാഫ് റൂമില്‍ കാത്തിരിക്കുമ്പോളാണ് ആദ്യമായി അധ്യാപകനാവാനുള്ള ആഗ്രമുദിച്ചത്. ഇഷ്ടപ്പെട്ട വിഷയമായ കണക്ക് പത്താം ക്ലാസ്സില്‍ പഠിപ്പിക്കാമെന്ന ആഗ്രഹത്തിന് സുഹൃത്ത്‌ക്കള്‍ സമ്മതം തരികയും ചെയ്തു.

തുടര്‍ന്ന് അടുത്ത ദിവസം കണക്കധ്യാപകനായി ചെന്ന എന്നെ സുഹൃത്തും പ്രിന്‍സിപ്പലുമായ വീരാന്‍ കുട്ടി കുട്ടികള്‍ക്ക് പരിചയപ്പെടുത്തി, പുതിയ കണക്ക് മാഷ്! ഉത്തമ അധ്യാപനം കാഴ്ചവെക്കാനായി പരിചയപ്പെടുന്ന പതിവ് രീതിമാറ്റി ഞാന്‍ കുട്ടികള്‍ക്ക് നേരെ തിരിഞ്ഞു: ' ഇതില്‍ കണക്ക് കൂട്ടാനറിയുന്നവര്‍ അവര്‍ കൈ പൊക്കുക! '

പേര് പറയാന്‍ തയ്യാറായിരുന്ന കുട്ടികള്‍ പരസ്പരം നോക്കി ,പിന്നെ കൂട്ട ചിരിയായി, മുന്നിലിരുന്നവന്‍ കുലുങ്ങിചിരിച്ചുകൊണ്ടിരുന്നു: ' മാഷേ ഇത് പത്താം ക്ലാസാണ്!' ഇതെല്ലാം പ്രതീക്ഷിച്ചിരുന്ന ഞാന്‍ ഗൗരവം വിടാതെ ചോദ്യം ആവര്‍ത്തിച്ചു, തുടര്‍ന്ന് ചിലരൊക്കെ സ്വല്പ്പം പരിഹാസ്യത്തോടെയും മറ്റ് ചിലര്‍ ചിരിച്ചും ഓരോരുത്തരായി കൈ ഉയര്‍ത്തി.

' നല്ലത്, ഇനി പറയൂ ആര്‍ക്കൊക്കെ ഗുണിക്കാനറിയാം? '

ആദ്യത്തെ ചോദ്യത്തിന്റെ സമയത്തുള്ള അത്രക്കും ചിരി ഇത്തവണയുണ്ടായില്ല, മെല്ലെ ഓരോരുത്തരായി കൈ ഉയര്‍ത്താന്‍ തുടങ്ങി. എല്ലാവരും കൈ പൊക്കി കഴിഞ്ഞപ്പോള്‍ എന്റെ മൂന്നാമത്തെ ചോദ്യമുയര്‍ന്നു, ' പറയൂ ആര്‍ക്കൊക്കെ ഹരിക്കാനറിയാം? '

ക്ലാസ്സില്‍ പിന്‍ ഡ്രോപ്പ് സൈലന്‍സ്! മൂന്നോ നാലോ പേര്‍ യാതൊരു സംശയവും കൂടാതെ കൈ ഉയര്‍ത്തി. ബക്കിയുള്ളവരില്‍ ചിലര്‍ പകുതി ഉയര്‍ത്തി വേണോ വേണ്ടയോ എന്നരീതിയില്‍ പരസ്പരം നോക്കി.

' ആരും നാണിക്കേണ്ട, അറിയാത്തവര്‍ക്ക് പറഞ്ഞുതരാനാണ് മാഷ്, അറിയുന്നവര്‍ മാത്രം കൈ പൊക്കിയാല്‍ മതി! '

കാര്യം ഏകദേശം മനസ്സിലാക്കിയ ഞാന്‍ കൂടുതല്‍ സമയം കൊടുക്കാതെ ബോര്‍ഡിലേക്ക് തിരിഞ്ഞു, 'അദ്യം ഹരണം തുടങ്ങാം' എന്നും പറഞ്ഞ് ഹരിക്കാനായി ഒരു കണക്കുമെഴുതി എല്ലാവരോടും ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇന്റര്‍ വെല്‍ സമയം കഴിഞ്ഞ് ക്ലാസ്സ് തുടങ്ങുന്നതിന് മുമ്പെ വീരാന്‍ കുട്ടി കാര്യം വ്യക്തമാക്കി, പുതിയ കണക്ക് മാഷ് ശെരിയാവില്ലന്ന് കുട്ടികള്‍ പറഞ്ഞത്രെ! സിലബസ്സിലുള്ളതല്ല പഠിപ്പിക്കുന്നത് അയാള്‍ വേണ്ട! എന്റെ ആദ്യത്തേയും അവസാനത്തേയും അധ്യാപനം!

Labels: