തറവാടി

 

Sunday, October 5, 2008

നീലി.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും ഇടവഴി കണ്ടപ്പോള്‍ നീലിത്തള്ളയുടെ മുഖമായിരുന്നു മനസ്സില്‍.
ശരീരത്തിന്‍‌റ്റെ മുന്‍‌ഭാഗം പല നിറത്തിലുള്ള മണിമാലകള്‍ക്കൊണ്ട് മറച്ചിട്ടുള്ള അവര്‍ വടി കുത്തി നടക്കുമ്പോള്‍ വശങ്ങളിലേക്കാടുന്നത് കാണാം. ഇരുട്ടുള്ള വഴി മഴ വെള്ളമൊലിച്ച് ഒരു വശത്തിന് കൂടുതല്‍ ഇടിവ് വന്നിട്ടുള്ളതൊഴിച്ച് മാറ്റമൊന്നുമില്ലാത്തതെന്നെ അതിശയിപ്പിച്ചു. ഇരുവശത്തുമുള്ള നീളം കൂടിയ മുളകള്‍ ഇങ്ങനെ ഒരു ഇടവഴിയില്ലെന്നറിയീക്കാന്‍ തത്രപ്പാട്‌ കാണിക്കുന്നതുപോലെ തോന്നി.പണ്ടും പകല്‍ സമയങ്ങളില്‍ ഇരുട്ടുള്ള വഴി നേരെ ചെന്ന് കയറുന്നത് നീലിയുടെ മക്കളായ ചെമ്പന്‍റ്റേയും വേലായിയും വീടുകളിലേക്കാണ്.

" പാമ്പുകളുള്ള സ്ഥലാണല്ലോ കുട്ട്യേ , എവിടേക്കാ ഈ വഴിക്ക്? "

പാടത്തുനിന്നും പുല്ല് പറിച്ച് വരുന്ന കുഞ്ഞമ്മദ്ക്ക് പശുവിന്‍‌റ്റെ കയറില്‍ പിടിച്ച് നിന്നു.

" അവിടേക്കീ വഴി ആരും പോകാറില്ലാല്ലോ , മ്മടെ ചേക്കൂന്‍റ്റെ പറമ്പിലൂടേണ് അങ്ങോട്ട്‌ക്കുള്ള വഴി"

സ്കൂള്‍വിട്ട്‌ വരുമ്പോള്‍ ചേക്കുക്കയുടെ പറമ്പ്‌ വഴി നീലിയുടെ മുറ്റത്തൂടെ നടന്നാല്‍ പെട്ടെന്ന് വീട്ടിലെത്താം. കുന്നിന്‍ മുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ള മൊഴികെ മറ്റൊന്നും ഈ എളുപ്പ വഴിയിലൂടെയുള്ള ഞങ്ങളുടെ സഞ്ചാരത്തെ തടഞ്ഞിരുന്നില്ല.പല പ്രാവശ്യം പൊന്തിയ വേലിക്ക് നീലി കാവലായിരുന്നത്‌ വീടിന് പിന്നിലുള്ള കശുമാവില്‍ നിന്നുള്ള അണ്ടി നഷ്ടപ്പെടുന്നതുകൊണ്ട് മാത്രമായിരുന്നില്ല , മുറ്റത്തൂടെയുള്ള ഈ വഴിനടക്കല്‍ അവസാനിപ്പിക്കാനുമായിരുന്നു .

" ഇടെടാ അണ്ടി താഴെ ? "

വലിയവരുടെ പിന്നിലായി ഓടിയ അഞ്ചുവയസ്സുകാരന്‍റ്റെ പുറത്ത് നീലിയുടെ വടി പല തവണ വീണു.ജീവിതത്തില്‍ ആദ്യമായി എടുത്ത മുണ്ട് അഴിഞ്ഞുപോകാതിരിക്കാന്‍ അരയില്‍ ചുരുളുകളായി തിരുകിയത് അവര്‍ ഓരോന്നായി അഴിച്ചു. അവസാനത്തെ ചുരുളുമഴിഞ്ഞപ്പോള്‍ കണ്ണ് ചുവന്ന നീലി അടികൊണ്ട് പുറത്തുവീണ അടയാളത്തില്‍ മെല്ലെ തടവി.

ചെമ്പന്‍ മുകളിലോട്ട് നോക്കി .

" അടുത്ത വരവിന് മ്മളൊക്കെ ണ്ടാവോ ആവോ "

" അതല്ല വഴി കുട്ട്യേ അവിടൊക്ക് മ്മിണി പാമ്പോളാ "

ചേക്കുക്കാടെ പറമ്പിലേക്ക്‌ ചെമ്പന്‍ കൈ ചുണ്ടി.

"എന്തെ ആ ഭാഗം വൃത്തിയാക്കാതെ അങ്ങിനെ ഇട്ടിരിക്കുന്നത്‌ ? വേലികെട്ടി ഇടവഴി അടച്ചുകൂടെ? "

" ഈ അച്ഛന് പ്രാന്താ ഇക്കാ അമ്മൂമ്മ പണ്ടെങ്ങോ എന്തോ പറഞ്ഞൂന്ന് പറഞ്ഞ്‌ വേലി കെട്ടാതിരിക്കണോ? "

" വേണം കുട്ട്യേ വേണം, ന്‍റ്റെ കാലം കഴിഞ്ഞാ ങ്ങള് വേല്യോ മതിലോ ന്താന്ന് വെച്ചാ കെട്ടിക്കോ പ്പോ പറ്റൂല്ല "

ഇടവഴിയിലൂടെ താഴത്തേക്കിറങ്ങുമ്പോള്‍ നീലിയുടെ മുറുക്കു ചുവപ്പിച്ച ചുണ്ടും വശങ്ങളിലേക്കാടുന്ന മണി മാലകളും മുള വടിയും ചുകന്ന കണ്ണുകളുമായിരുന്നു മനസ്സില്‍.

Labels: