തറവാടി

 

Friday, April 3, 2009

വ്യതിയാനം

ചേക്കുക്കയുടെ വാടക സൈക്കിളിന് പഴക്കം കൂടിയതും ജനാര്‍ദ്ദനന്‍ മാഷുടെ തിളങ്ങുന്ന റിമ്മുള്ള സൈക്കിളുമാണ്‌ ഒരു സൈക്കിള്‍ വാങ്ങാനുള്ള ആഗ്രഹമുണ്ടാക്കിയത്. രാവിലെ സ്കൂളില്‍ പോകുന്ന മാഷുടെ സൈക്കിളിന്‍‌റ്റെ റിമ്മിന് നല്ല തിളക്കമായിരുന്നു. കഴുകിത്തുടച്ചതിനു ശേഷം വെളിച്ചെണ്ണ തുണിയില്‍ പുരട്ടിത്തുടച്ചാണിങ്ങനെ തിളക്കം വെപ്പിക്കുന്നത്രെ.


' മിണ്ടാതിരുന്നോ സൈക്കിളല്ല കാറാ വാങ്ങുന്നത് ' എന്താവശ്യത്തിനും ഉപ്പയുടെ പതിവിലുള്ള മറുപടി.

ഉറക്കം മെല്ലെ എന്നെ വിട്ടുപോയി . വളരെ വൈകി കണ്ണടയുന്ന ദിവസങ്ങളില്‍ ഹീറോയിലും , അറ്റ്ലസ്സിലും , എ വണ്ണിലും മാറി മാറി ഞാന്‍ സ്കൂളില്‍ പോയ്ക്കൊണ്ടിരുന്നു.മീന ടാക്കീസില്‍ നിന്നും രാത്രിയില്‍ സിനിമ കണ്ടു വരുന്ന വഴി കുറ്റിപ്പുറം പാലത്തില്‍ വെച്ച് ഒരു ലോറിയുമായി കൂട്ടിമുട്ടുന്നതില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. അതിനു ശേഷംപുഴകടന്നാണ് സിനിമക്കു പോയിരുന്നത്, മണലിലൂടെ ഉരുട്ടല്‍ ശ്രമകരമെങ്കിലും മറ്റു വണ്ടികളില്ലാത്തതിനാല്‍ എനിക്കാവഴിതന്നെയായിരുന്നു ഇഷ്ടം.ഒരിക്കല്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ ആനക്കര ഇറക്കത്തില്‍ ബ്രേക്ക് കമ്പി പൊട്ടിയീട്ട് അവറു ഹാജിയുടെ കടയുടെ ചുമരില്‍ സൈക്കിള്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. റേഷന്‍ കട നടത്തുന്ന പാലപ്പുറത്തുകാരന്‍ നാണു ഓടിവന്നപ്പോഴേക്കും , ഒന്നും പറ്റിയില്ലെന്നും പറഞ്ഞ് ഞാന്‍ എഴുന്നേറ്റു നിന്നു.

"വേണങ്കി തിന്നാമതി , ഓനോട് വേഷംകെട്ട് വേണ്ടെന്ന് പറഞ്ഞോ"

ഉമ്മയുടെ ദയനീയതയൊന്നും ഉപ്പയുടെ തീരുമാനത്തെ മാറ്റിയില്ല. തോട്ടം നനക്കലില്‍ എന്‍‌റ്റെ ശ്രദ്ധകുറഞ്ഞത് ഉപ്പയെ ദേഷ്യം കൂട്ടി.ദിവസങ്ങള്‍ കടന്നുപോയി. എല്ലാ രാത്രികളിലും സൈക്കിളുകളില്‍ പലസ്ഥലങ്ങളില്‍ ഞാന്‍ ചുറ്റിത്തിരിയാന്‍ തുടങ്ങി.തേങ്ങയും അടക്കയും പെറുക്കുന്നതിനിടയിലുള്ള പതിവ് ഇളനീര്‍ വെട്ടി കുഞ്ഞന്‍ വിളിച്ചെങ്കിലും , ഞാന്‍ അതൊന്നും വാങ്ങാതെ എന്‍‌റ്റെ എതിര്‍പ്പ് പ്രകടിപ്പിച്ചു.

"മാപ്ലേ , ഒന്ന് വാങ്ങിക്കാമായിരുന്നു..."
"ഉം..., രണ്ടീസം കഴിയട്ടെ"

ഗുരുവായൂര്‍ മേലഴിയം റൂട്ടിലോടുന്ന രമണിക്ക് തീരെ സ്പീഡ് പോരായിരുന്നു. വെറുതെയല്ല അവള്‍ രണ്ട് ട്രിപ്പ് മാത്രം ഓടുന്നത്. അല്‍‌പ്പം കൂടി സ്പീഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ട്രിപ്പ് കൂടെ ഓടിക്കൂടെ എന്നായിരുന്നു എന്‍‌റ്റെ ചിന്ത.കുന്നംകുളത്ത് കടകള്‍ക്കുള്ളില്‍ നിരത്തിവെച്ച വ്യത്യസ്ഥ കമ്പനികളുടെ സൈക്കിളുകളില്‍ ഞാന്‍ ഓടിനടന്നു തൊട്ടുനോക്കിക്കൊണ്ടിരുന്നു. ഏതെടുക്കണമെന്നെനിക്കു തീരുമാനിക്കാനായില്ല. ഉപ്പ കൈപിടിച്ച് പുറത്തുകടന്നപ്പോളാണ്‌ പകുതി ഭാഗങ്ങള്‍ ചാക്കുകൊണ്ട് കെട്ടിയ സൈക്കിള്‍ പുറത്ത് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് , കടും പച്ച നിറത്തിലുള്ള മിന്നുന്ന റിമ്മുള്ള അറ്റ്ലസ്.

ഉരുട്ടിക്കൊണ്ട് ബസ് സ്റ്റാന്‍‌റ്റിലേക്ക് നടക്കുമ്പോള്‍ എന്നോട് ചിരിച്ചെതിരേറ്റവരോട് , അഭിമാനത്തോടെയും ഭാവഭേദമൊന്നുമില്ലാതെ നോക്കിയവരോട് ബെല്ലടിച്ചും ഞാന്‍ പ്രതികരിച്ചു.ഒരു കയ്യില്‍‌ സൈക്കിള്‍ പിടിച്ച് മറുകൈകൊണ്ട് ബസ്സിന്റ്റെ പിന്നിലെ കോണിയിലും പിടിച്ച് ,ഓരോ കോണിപ്പടവുകളും ചാടി കയറിയ യൂണിയന്‍‌‌കാരന്‍‌ താഴെ വീഴരുതേയെന്നു ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

കൂറ്റനാട്ടേക്കും തൃത്താലയിലേക്കും ഉള്ള കച്ചവടക്കാര്‍ക്ക് എന്തുകൊണ്ട് മറ്റുള്ള ബസ്സുകളില്‍ പോയ്ക്കൂടെന്ന എന്‍‌റ്റെ ചോദ്യത്തെ ധിക്കരിച്ച യൂണിയന്‍‌കാരോട് എനിക്ക് ദേഷ്യം തോന്നിയെങ്കിലും പെട്ടെന്ന് സാധനങ്ങള്‍ കയറ്റാന്‍ കെഞ്ചി.വാച്ചില്ലാത്ത എന്‍‌റ്റെ കയ്യില്‍ ഓരോ നിമിഷവും നോക്കിക്കൊണ്ട് പുറപ്പെടേണ്ട സമയം അതിക്രമിച്ചത് ഡ്രൈവറെ ഞാന്‍ അറിയീച്ചെങ്കിലും കണ്ടക്റ്ററുടെ ഡബിള്‍ ബെല്ലിനു വേണ്ടി അയാള്‍ കാത്തുനിന്നു.

ഡ്രൈവറുടെ ജോലിയൊടുള്ള ആത്മാര്‍ത്ഥതയില്ലായ്മ ബസ്സ് മുതലാളിയോട് അറിയിക്കും എന്ന ഘട്ടമെത്തിയപ്പോള്‍ ബസ്സെടുക്കാന്‍ അയാള്‍ തയ്യാറായി. വേഗത്തിലോടിക്കാന്‍ ഞാന്‍ കൊടുത്ത നിര്‍ദ്ദേശം ഡ്രൈവര്‍ പെട്ടെന്നനുസരിച്ചത് എന്നെ സന്തോഷിപ്പിച്ചെങ്കിലും പെരുമ്പിലാവ് ഇറക്കത്തില്‍ എതിരെ വന്ന ചെങ്കല്‍ ലോറിക്ക് വഴികൊടുത്തപ്പോള്‍ ബസ്സുലഞ്ഞതെന്നെ ആശങ്കാഭരിതനാക്കി. മുകളില്‍ കയറി സൈക്കിളിനൊന്നും പറ്റിയില്ലെന്ന് തിട്ടപ്പെടുത്തിയതിനു ശേഷം റോഡിലൂടെ പോയിരുന്ന പഴയസൈക്കിളുകളെ സഹതാപത്തോടെ നോക്കിക്കൊണ്ടിരുന്നു.

കൂറ്റനാട് കുമ്പിടിയിലേക്കുള്ള റോഡില്‍ പള്ളിക്ക് മുമ്പില്‍ ബസ്സ് നിര്‍ത്തിയിട്ട് ചായകുടിക്കാന്‍ പോയ ഡ്രൈവറുടെയും കണ്ടക്റ്ററുടേയും നിരുത്തരവാദിത്വം എന്നെ ചൊടിപ്പിച്ചെങ്കിലും ,സീറ്റില്‍ ഇരുന്ന് തന്നെ സൈക്കിള്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞത് വീണ്ടും കെട്ടാന്‍ പറ്റിയതിനാല്‍ അവര്‍ നിര്‍ത്തിയതെത്ര നന്നായെന്നും സമാധാനിച്ചു.

ബസ്സിന് മുകളിരിക്കുന്ന സൈക്കിള്‍ വെയിലു കൊള്ളാതിരിക്കാതിരിക്കാന്‍ ഓടിക്കുണ്ടിരിക്കുന്ന ബസ്സിന്‍‌റ്റെ മുകളില്‍ കയറിനിന്ന് എന്‍‌റ്റെ തണല്‍ കൊടുത്തെങ്കിലും ബസ്സിന്‍‌റ്റെ അമിത വേഗത പേടിപ്പിച്ചു , അവസാനം തൃത്താലയില്‍ നിര്‍ത്തിയപ്പോള്‍ , പലചരക്കുകടയിലേക്കുള്ള മൂന്ന് അരിച്ചാക്കുകളില്‍ ഒന്ന് കീറി കീറി അതിലെ അരിയെല്ലാം കളഞ്ഞ് ആ ചാക്കുകൊണ്ട് മുകളില്‍ വിരിച്ചപ്പൊള്‍ മാത്രമാണെനിക്കു സമാധാനമായത്. മുകളില്‍ വിരിച്ച ചാക്ക് പറന്നുപോകാതിരിക്കാന്‍ അലുമിനിയപ്പാത്രങ്ങള്‍ വെച്ച ചാക്ക് കയറ്റി വെച്ച് വീണ്ടും കെട്ടി.

കൂടല്ലൂരിലെ കര്‍ഷിക സഹകരണ ആപീസിന്റെ മുന്നിലെത്തിയപ്പോള്‍ , ബസ്സിനു മുന്നില്‍ ചാടിയ പശുവിനെ ഇടിക്കാതിരിക്കാന്‍ ബസ്സ് വെട്ടിച്ച ഡ്രവറുടെ തന്തക്ക് ഞാന്‍ വിളിച്ചത് അയാള്‍ കേള്‍ക്കാത്തതു നന്നായെന്നു പിന്നീടെനിക്കു തോന്നി. പശുവിന്‍‌റ്റെ കഴുത്തില്‍ കെട്ടിയ കയറിന്‍‌റ്റെ അറ്റം പിടിക്കാന്‍ ഇടക്കിടക്ക് തഴുകയും പിടികിട്ടാതെ വീണ്ടും പിന്നാലെ ഓടുകയും ചെയ്യുന്ന ചെക്കന്‍ അവസാനം പാടത്ത് വീണതും കണ്ടെങ്കിലും എനിക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല. അലുമിനിയപ്പാത്രങ്ങള്‍ അടങ്ങിയ ചാക്ക് സൈക്കിളില്‍ കോറലുണ്ടാക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. ആക്രോശത്തോടെ ബസ്സ് നിര്‍ത്തിപ്പിച്ച ഞാന്‍ , അലുമിനിയപ്പാത്രങ്ങള്‍ നിറച്ച ചാക്ക് സൈക്കിളിന്‍ മുകളില്‍ നിന്നും വലിച്ചുനീക്കി.

കുഞ്ഞന്‍ ഞങ്ങളെ കാത്ത് ബസ്സ്റ്റാന്‍‌റ്റില്‍ കാത്തുനിന്നിരുന്നു. അരിച്ചാക്കും മറ്റു സാധനങ്ങളും ഇറക്കിയതിന് ശേഷം മാത്രം സൈക്കിള്‍ ഇറക്കിയ ആള്‍ക്ക് കുറച്ച് പൈസ കൊടുത്താല്‍ മതിയെന്ന് ഞാന്‍ ഉപ്പയൊട് പറഞ്ഞു.
തുണി വെളിച്ചെണ്ണക്കുപ്പിയില്‍ മുക്കിയെടുത്തതുമ്മയെ പ്രകോപിപ്പിച്ചെങ്കിലും , ഒന്നും പറഞ്ഞില്ല. റിമ്മിലും , ഓരോ കമ്പിയിലും ശ്രദ്ധയോടെ ഞാന്‍ വെളിച്ചെണ്ണ പുരട്ടി.രാത്രിയില്‍ സൈക്കിള്‍ കൊണ്ടുപോകാന്‍ പലപ്രാവശ്യം വന്ന കള്ളനെ ജനലില്‍ കൂടി ഞാന്‍ ശബ്ദമുണ്ടാക്കി ഓടിപ്പിച്ചു.

' ഉമ്മാ റേഷങ്കടേല് ഇന്നു തന്നെ പോകാം'
'ഈ മാസത്തെ പഞ്ചാരയല്ലെ നാലീസം മുമ്പെ വാങ്ങിയത് '

വട്ടംകുളം റോടില്‍ വെച്ചാണ് അതു സംഭവിച്ചത് ചവിട്ടിയിട്ടും സൈക്കിള് നീങ്ങുന്നില്ല. ഉള്‍ക്കിടിലത്തോടെ ഞാനതുമനസ്സിലാക്കി , പിന്നിലെ ടയറ് പഞ്ചറായിരിക്കുന്നു. എത്രദൂരം പഞ്ചറായ ടയറുകൊണ്ട് ചവിട്ടി എന്നതായിരുന്നു ഏറ്റവും വിഷമിപ്പിച്ചകാര്യം.കാറ്റില്ലാത്ത സൈക്കിള് ചവിട്ടിയാല് റിമ്മ് കോടും . സൈക്കിള്‍ കടവരെ ഉരുട്ടിനടക്കുമ്പോള്‍ പിന്നിലെ റിം കോടരുതെന്ന് കരുതി പലപ്പോഴും ഞാന്‍ സൈക്കിള്‍ പൊക്കിപ്പിടിച്ചായിരുന്നു ഉരുട്ടിയത്.

ദിവസവും സൈക്കിള്‍ കട്ടുകൊണ്ടു പോകാന്‍ കള്ളന്‍ വന്നുവെന്ന് സ്വപ്നം കണ്ടിരുന്നതിനാല്‍ അടുക്കളയിലേക്ക് മാറ്റാനുള്ള സമ്മതം തന്നെങ്കിലും , എല്ലാവരും ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ നേരമേ വെക്കാവൂ എന്ന ഉമ്മയുടെ ഉടമ്പടി തെറ്റിച്ചത് പലപ്പോഴും യുദ്ധത്തില്‍ കലാശിച്ചിരുന്നു. വെളിച്ചണ്ണക്കുപ്പി പെട്ടെന്ന് കാലിയാവുന്നതിന്‍‌റ്റെ കാരണം മനസ്സിലായതോടെ , മണ്ണെണ്ണ യായാലും കുഴപ്പമില്ല എന്നാല്‍ പെയിന്റിന്റെ ഭാഗത്ത് ശ്രദ്ധിച്ചാല്‍ മതി എന്ന വിവരം വളരെ ആശ്വാസകരമായി. മഴക്കാലത്ത് അടുക്കളയില്‍ കയറിയ മണ്ണിന്‍‌റ്റെ അളവ് പശുതൊഴുത്തില്‍ ഒരു ചെറിയ ഭാഗം സൈക്കിളിനുമാത്രമായി ഉണ്ടാക്കാന്‍ കുഞ്ഞന്‍ നിര്‍ബന്ധിതനായി.

****************************************

ദുബായ് ദേര നൈഫില്‍ റോഡിന് രണ്ടു വശത്തുമുള്ള കടകളുടെ അകത്തും പുറത്തും വെച്ചിരിക്കുന്നവ വിവിധതരം സൈക്കിളുകള്‍ നോക്കി ഞാന്‍ മെല്ലെ ഡ്രൈവ് ചെയ്തു. ബാറ്ററിക്ക് ഓടുന്ന ബൈക്കായിരുന്നു മനസ്സില്‍ .മാസങ്ങള്‍ക്ക് മുമ്പ് ഇവിടെനിന്നുമാണ് രണ്ട് പേര്‍ക്കിരിക്കാവുന്ന ബാറ്ററിക്കോടുന്ന കാര്‍‌ വാങ്ങിയത്. പാദത്തിനടുത്തുള്ള ചെറിയ സ്വിച്ചില്‍ കാലുകൊണ്ട്മര്‍ത്തിയാല്‍ ഓടുന്ന കാര്‍ ഫോര്‍ വീല്‍ കാറുകളുടെ രൂപത്തിലാണ് നിര്‍മ്മിച്ചിരുന്നത്.

എന്നും വൈകീട്ട് ഫൂട്ട് പാത്തിലൂടെ കാറോടിച്ചു പോകുന്ന ആജുവിനെ ഓഫീസില്‍ നിന്നും വരുന്ന ഞാന്‍ വിഷ് ചെയ്യാറുണ്ടായിരുന്നു.ഒരിക്കല്‍ മണല്‍ കൂനയിലൂടെ ഓടിച്ചപ്പോള്‍ മണല്‍ ഉള്ളില്‍ കയറിയതില്‍ പിന്നെ കാറ് പ്രവര്‍ത്തിക്കാതായി.

ബാറ്ററികൊണ്ടു പ്രവര്‍ത്തിക്കുന്ന ബൈക്കെനിക്കെവിടെയും കാണാന്‍ കഴിഞ്ഞില്ല. അവസാന ശ്രമമായാണ്പുതിയതായി തുടങ്ങിയ ബര്‍ഷയിലെ ലുലുവില്‍ പോയത്. അവനൊരു സര്‍പ്രൈസാവട്ടെ എന്നുകരുതി ബൈക്ക് കാറില്‍ തന്നെ വെച്ചു ഞാന്‍ വീട്ടിലേക്ക് നടന്നു, ആജുവിന് ബൈക്ക് വളരെ ഇഷ്ടമായി.മൂന്നാം ദിവസം ദിവസം ബൈക്കുരുട്ടിവന്ന ആജു സ്വയം എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

'ഉപ്പച്ചി , അവര്‍ മൂന്ന് പേരും ഒരുമിച്ചാണിരുന്നത് , ഞാന്‍ പറഞ്ഞതാ..'

ഗീയര്‍ ബോക്സ് തുറന്ന എനിക്ക് മനസ്സിലായി , മൂന്ന് പേര്‍ ഒരുമിച്ചിരുന്ന് മണലിലൂടെ ഓടിച്ചത് , പല്‍ചക്രങ്ങള്‍ മൂന്നെണ്ണം തകര്‍ന്നിരിക്കുന്നു. അങ്ങനെ ഒമ്പത് വയസ്സിനുള്ളില്‍ അഞ്ചാറ് സൈക്കിളുകള്‍ക്കും ഒരു കാറിനും പിറകെ ബൈക്കും കുറച്ച് നാളത്തെ ബാല്‍ക്കണി വാസത്തിലേക്കും അതിനു ശേഷം മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് കളക്റ്ററിലേക്കും.

Labels:

Monday, March 30, 2009

തല്ലാന്‍ തോന്നി - നടന്നില്ല

അബൂദാബിയിലെ ഒരു ട്ട്രാഫിക് സിഗ്നല്‍ ആണ്‌ സ്ഥലം.
ചുവപ്പ് സിഗ്നല്‍ലൈറ്റ് കത്തിക്കിടക്കുന്നു.
എന്‍റ്റെ ഇടത്തെ ട്ട്രാക്കില്‍ ഒരു ട്ടൊയോട്ട കാര്‍ , ഡ്രൈവര്‍ ഒരു ബുര്‍ഖയിട്ട സ്ത്രീ ,
ഇന്‍ഡ്യന്‍ , ഒന്നുക്കൂടെ തെളിയിച്ചുപറഞ്ഞാല്‍ മലയാളി.

കാറിന്‍റ്റെ എയര്‍കണ്ടിഷന്‍ ഓണായിരിക്കുന്നതിനാലാണെന്നു തോന്നുന്നു ,
എല്ലാ വിന്‍ഡോസും പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്.

പിന്‍സീറ്റില്‍ മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ഇരിക്കുന്നു.

അവളുടെ അച്ഛനെന്ന് തോന്നുന്ന കാട്ടാളന്‍,
മുന്നിലെ സീറ്റിലുരുന്ന് സിഗരറ്റ് ആഞ്ഞു വലിക്കുന്നു.

പതിനഞ്ച് വര്‍ഷത്തിനിടയില്‍ ഒരാളേയും തല്ലാന്‍ തോന്നിയിട്ടില്ല ,
ഒരു പക്ഷെ കുറച്ചു സമയം കൂടി ആ ചുവന്ന ലൈറ്റ് കത്തിക്കിടന്നിരുന്നെങ്കില്‍;
ഞാന്‍ അബൂദാബി ജയിലില്‍ ആയേനെ!

Labels:

റാഗിങ്ങ്

പോറ്റിസാറിന്റെ സര്‍ക്യൂട്‌ തിയറി ക്ളാസ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ , തലക്കിത്തിരി കനം കൂടിയിട്ടുണ്ടായിരുന്നു. പുക ഊതിയതുകൊണ്ട് മാത്രം കനം കുറയില്ലെന്നറിയുന്നതിനാല്‍ ഞാന്‍ നേരെ കാന്‍‌റ്റീനിലിലേക്ക് നടന്നു.

പുതിയ ബാച്ച് വന്ന സമയമായതിനാല്‍ പുറത്ത് ചിലയിടത്തൊക്കെ “ റാഗിങ്ങ് ” നടക്കുന്നത് കാണാം.കോളെജില്‍ വെച്ച് നടക്കുന്നതൊക്കെ കുറച്ച് കളിയാക്കലിലും മറ്റും ഒതുങ്ങിയിരുന്നെങ്കിലും വൈകുന്നേരങ്ങളില്‍ ഹോസ്റ്റലുകളില്‍ അല്‍‌പ്പ സ്വല്‍‌പ്പം 'റേഞ്ച്' കൂടാറുണ്ടായിരുന്നു.

പൊതുവെ പുതിയതായി വരുന്ന ബാച്ചിന്‍‌റ്റെ തൊട്ടു സീനിയറായവരായിരുന്നു റാഗിങ് വീരന്‍‌മാര്‍.ഞാന്‍ അന്ന് അവരുടേയും സീനിയര്‍ ആയിരുന്നതിനാലും ഇത്തരം വിഷയങ്ങളില്‍ വലിയ താത്പര്യമില്ലാത്തതിനാലും പൊതുവെ മാറിനില്‍‍‌ക്കാറാണ് പതിവ്.

കാന്റീനില്‍ തീരെ തിരക്കുണ്ടായിരുന്നില്ല.പതിറ്റാണ്ടുകളായി കാന്റീന്‍ നടത്തുന്ന ജോസേട്ടന്റെ സ്ഥിര സ്വാഗത ചിരിക്ക്‌ ഒരു മറു ചിരിയും കൊടുത്ത് ചായയും പഴംപൊരിയും ഓര്‍‌ഡര്‍ ചെയ്ത് കാത്തിരുന്ന ഞാന്‍ ഒരു സിഗരറ്റിന്‌ തീകൊടുത്തു.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ രണ്ട്‌ പെണ്‍‌കുട്ടികള്‍ കാന്‍‌റ്റീന്‍ലേക്ക് പ്രവേശിച്ചു. കറുത്ത തട്ടം കൊണ്ട്‌ ദേഹമാകെ ആകെ പുതച്ച്‌ , വട്ടകണ്ണട ധരിച്ച ഒരു താത്തയും , ഒരു താത്തയല്ലാത്തവളും. താത്തക്ക്‌ ഒരു കൂസലും മുഖത്തുണ്ടായിരുന്നില്ലെങ്കിലും , കൂട്ടുകാരിയുടെ കണ്ണുകള്‍ മാന്‍പേട കടുവകളെ തിരയുന്നതുപോലെ പരതുന്നുണ്ടായിരുന്നു അവരുടെ ഭാവത്തില്‍‌ നിന്നും പുതിയ ബാച്ചിലുള്ളവരെന്ന് മനസ്സിലായി.

താത്തയുടേ വട്ടക്കണ്ണടയുടെ ഫ്രൈമിന് മുകളിലൂടെയുള്ള നോട്ടം എനിക്കത്ര രസിച്ചില്ല , ഒന്ന് പിടിച്ചുകളയാം എന്നും കരുതി പെട്ടെന്ന് ചായ കുടിച്ച് പുറത്ത് കടന്ന ഞാന്‍ കാന്‍‌റ്റീന് വശത്തുള്ള പടിയില്‍ കാത്ത് നിന്നു.

' മക്കളൊന്നിവിടെ വന്നെ '

കാന്‍‌റ്റീനില്‍ നിന്നും പുറത്തേക്കിറങ്ങിയ ഉടന്‍ പടിയില്‍ ഇരുന്നിരുന്ന ഞാന്‍ അവരെ മാടി വിളിച്ചു. അനുസരണയോടെ അവര്‍ മുന്നില്‍ നിന്നു.

' മക്കളേത്‌ ക്ളാസിലാ '

' ഫസ്റ്റ്‌ സെമെസ്റ്റെര്‍ ഇലക്ട്രിക്കല്‍ '

താത്തയോട് അവിടെത്തന്നെ നില്‍‌ക്കാനും മറ്റേകുട്ടിയോട് പോകാനും ആവശ്യപ്പെട്ടപ്പോളും അവിടെനിന്നും പോകാതെ ഒന്ന് തമ്പിട്ട് നിന്നെങ്കിലും എന്‍‌റ്റെ മുഖത്ത് വന്ന മാറ്റംകണ്ടപ്പോള്‍ തിരുഞ്ഞുപോലും നോക്കാതെ അവള്‍ ഓടിപ്പോയി.

പൊതുവിഞാനത്തില്‍ തുടങ്ങി , ശാസ്ത്രത്തിലൂടെയും , കണക്കിലൂടെയും കടന്ന്‌ പോയപ്പോള്‍ , ഒരു കൂസലുമില്ലാതെ മിക്ക ചോദ്യങ്ങള്‍‌ക്കും താത്തയോട് സ്വല്‍‌പ്പം ബഹുമാനം തോന്നിയതിനാല്‍ പിന്നെ കൂടുതല്‍ വടിയാക്കാന്‍ തോന്നിയില്ല.

അപ്പോഴേക്കും പ്രിയ സുഹൃത്തിന്‍‌റ്റെ സ്കൂട്ടര്‍ ഹോണ്‍ മുഴക്കാന്‍ തുടങ്ങി, സ്കൂട്ടറില്‍ കയറി ഞാന്‍ പോകുമ്പോള്‍ വല്യമ്മായി വിണ്ടും വീണ്ടും എന്നെ നോക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

Labels:

കല്യാണം‌ ഒരോര്‍മ്മ

ഉറക്കെയുള്ള പാട്ടുകേട്ടപ്പോഴാണ്‌ ,ഹംസയുടെ ഇക്ക കുഞ്ഞുട്ടിയുടെ കല്യാണം നാളെയാണല്ലോ എന്ന കാര്യം ഓര്‍ത്തത്‌.അയല്‍വാസിയായ കുട്ടുക്കയുടെ മൂത്ത മകനാണ്‌ കുഞ്ഞുട്ടി.കോട്ടയത്ത്‌ ജോലി ചെയ്യുന്ന അയാള്‍ മാസത്തിലൊരിക്കല്‍ ലീവിന്‌ വരുമ്പോള്‍ പൊരിയുണ്ടയുടെയും നുറുക്കിന്‍റ്റേയും പൊതികള്‍ എനിക്കും കൊണ്ടുവന്നു തരുമായിരുന്നു.

ഞങ്ങളുടെ പറമ്പിന്‍റ്റെ അതിരിലുള്ള തെങ്ങില്‍ "കോളാംബി മൈക്ക്" കെട്ടിയിരിക്കുന്നതിനാല്‍ വലിയ ശബ്ദത്തോടെയാണ്‍ പാട്ട്‌ കേള്‍ക്കുന്നത്‌. മൈക്കിലേക്കു പോകുന്ന കറുത്ത നിറത്തിലുള്ള വയര്‍ തൂങ്ങിയാടുന്നതു ദൂരെനിന്നും കണാന്‍ പറ്റുന്നുണ്ട്‌, മൈക്കിനുള്ളില്‍‌ വെള്ള നിറത്തിലെഴുതിയിരിക്കുന്നത്‌ 'റഷീദ്‌ മൈക്‌ ആന്‍ഡ്‌ സൌണ്ട്‌' ആണെന്നത്‌ , പാട്ട്‌ വെക്കുന്ന ആളുടെ മുന്നിലുണ്ടായിരുന്ന പെട്ടികളില്‍ എഴുതിയതു കണ്ട്‌ മനസ്സിലാക്കി.

പന്തലിനുള്ളില്‍ തുണികൊണ്ടലങ്കാരപ്പണി ചെയ്യുന്ന മണിയേട്ടനെ സൂചികള്‍ എടുത്ത്‌ കൊടുത്ത്‌ സഹായിക്കുമ്പോളാണ്‌ ദൂരെ നിന്നും കുട്ടികളുടെ ബഹളം ,ബിരിയാണിക്കു വേണ്ടികുട്ടുക്കയുടെ അളിയന്‍ കൊണ്ടുവരുന്ന മൂരികുട്ടന്‍റ്റെ പിന്നില്‍ വരുന്ന കുട്ടികളാണ്‌ ബഹളം വെക്കുന്നത്‌. പറമ്പിലോടിക്കളിക്കുന്ന കുട്ടികള്‍ ഇടക്ക്‌ കെട്ടിയിട്ട മൂരിക്കുട്ടിയെ ഓലകഷ്ണങ്ങള്‍ കൊണ്ടും ചെറിയ വടികള്‍ കൊണ്ടും ശുണ്ഡി പിടിപ്പിക്കുന്നതു കണ്ട്‌ കുട്ടുക്കയുടെ ശകാരത്താലോടിയ പലരും വിളിച്ചു പറഞ്ഞു ,

"ഇന്ന്‌ രാത്രിയാടാ അന്‍റ്റെ അവസാനം"

പന്തലിനുള്ളിലെ തുണികള്‍ കൊണ്ടുള്ള അലങ്കാരപ്പണികള്‍‌ ഏകദേശം കഴിഞ്ഞു , അപ്പോഴാണ്‌ ബാലന്‍ ഈന്തപ്പനയുടെ ഓലകളുമായി വന്നത്‌ , പന്തലിന്‍റ്റെ മുന്നിലുള്ള തൂണുകളെ അലങ്കരിക്കാന്‍‌ പോയ മണിയേട്ടനൊപ്പം അപ്പുവും കൂടി.ഓലയുടെ ഓരോ ഇതളുകളും ശ്രദ്ധയോടെ പുറത്തേക്കു തള്ളിവെപ്പിക്കുന്നതിനിടെ പൊട്ടിപ്പോകുന്ന ഇലത്തുമ്പുകള്‍ കണ്ട്‌ മണിയേട്ടന്‍ അപ്പുവിനെ ശകാരിക്കുന്നുണ്ട്‌. ഇടക്കെപ്പോഴോ , അവറാനിക്കയാണ്‌ പുറത്തുനിന്നും കൈകൊണ്ട്‌ സൂര്യനെമറച്ചു നോക്കി പറഞ്ഞത്‌ ,

"കുട്ട്യേ , മഴണ്ടാകാന്‍ വഴീണ്ട്ട്ടാ , ഓലോടൊരു ടാര്‍പ്പായ കൊണ്ട്രാന്‍ പറ"

ഓലപ്പന്തലിനു മുകളില്‍ താമസിയാതെ റ്റാര്‍ പായ വിരിഞ്ഞു , എല്ലാ ഭാഗത്തുനിന്നും വരിഞ്ഞു കെട്ടിയെങ്കിലും മിക്ക സ്ഥലത്തും ഈ കയറുകള്‍ വഴിമുടക്കിയായി നില്‍ക്കുന്നതു കണ്ട്‌ , 'ആവശ്യമെങ്കില്‍ പോരെ' എന്നും പറഞ്ഞു ചിലതെല്ലാം അഴിച്ചിട്ടു. പറമ്പില്‍ നിന്നും കളി കഴിഞ്ഞെത്തിയ കുട്ടികള്‍ പലരും റഷീദ്‌ ആന്‍ഡ്‌ സൌണ്ട്‌ ഓപ്പറേറ്ററുടെ ചുറ്റിലുമിരുന്നു.വയസ്സില്‍ കുറച്ചു മൂത്ത അബൂട്ടി , ചിലപ്പോഴൊക്കെ ഓപെറേറ്ററോട്‌ സംസാരിക്കുന്നതു കണ്ട്‌ , പലരും അസൂയയോടെ അബൂട്ടിയെ നോക്കുന്നുണ്ടായിരുന്നു.ഇടക്ക്‌ ആം‌ബ്ലിഫയറിന്‍‌റ്റെ റെഗുലേറ്ററില്‍ തിരിക്കുന്ന ഓപ്പറേറ്ററെ സുബൈദയും , കുട്ടുക്കയുടെ ബന്ധത്തില്‍ നിന്നും വന്ന പെണ്‍കുട്ടികളും വളരെ ബഹുമാനത്തോടെയും ആരാധനയൊടേയും ജനലിലൂടെ എത്തിനോക്കുന്നത്‌ കാണാമായിരുന്നു.

കല്യാണക്കുറിക്കുള്ള ആളുകള്‍ വന്നു തുടങ്ങിയിരിക്കുന്നു ,മേശയും കസേരയും ഇട്ട്‌ കൊച്ചുണ്ണിനായര്‍ പന്തലിണ്റ്റെ മുന്നില്‍ ഒരു വശത്തായിതന്നെ ഇരിപ്പുറപ്പിച്ചു.മുന്നിലെ മേശപ്പുറത്തിരിക്കുന്ന രണ്ടു പാത്രങ്ങളിലായി സിസ്സേര്‍സിന്‍‌റ്റെ പാകറ്റും ,വെറ്റില , ചുണ്ണാമ്പ്‌ , പൊകല ഇത്ത്യാദി സാധനങ്ങളും വെച്ചിട്ടുണ്ട്‌. ഇടക്ക്‌ ഓടിവരുന്ന കുട്ടുക്ക എല്ലാവരോടും ആവശ്യങ്ങള്‍ തിരക്കുന്നതിനിടെ ഒരു കട്ടിയുള്ള നോട്ടു പുസ്തകം കൊച്ചുവേട്ടന്‌ കൊടുക്കുന്നതു കാണ്ടു.

ഏഴു മണിയോടെ ആളുകള്‍ വന്നു തുടങ്ങി , പതിവു പോലെ അദ്യം എത്തിയത്‌ കുട്ടന്‍ നായരും മാധവേട്ടനും തന്നെ. പന്തലിനു ചുറ്റും ഒന്ന്‌ നടന്നതിനു ശേഷം , ഉള്ളിലേക്കു വന്ന്‌ , തൂണുകള്‍ ഇളക്കി ഉറപ്പുണ്ടോ എന്നും നോക്കുന്നുണ്ടായിരുന്നു. "ന്താ നായരെ അവിടെത്തന്നെ നിക്കുണ്‌ , ങ്ങട്ട്‌ വെരീന്ന്‌ " കുട്ടന്‍ നായരുടെ കയ്യില്‍ വലിച്ചു കൊണ്ടു ഉള്ളിലേക്കു നടന്നു.

"അല്ല കൊച്ചുണ്ണ്യേ , നീയ്യിപ്പോ ഇതൊരു പതിവാക്ക്യ? , അവറാന്‍റ്റേട്ത്തും നീയ്യല്ലെ ഇരുന്നത്‌"
"കുട്ടേട്ടാ , ഇതിനും വേണം ഒരു ഭാഗ്യം "

കൂട്ടച്ചിരിയുടെ ഇടയില്‍ കയ്യിലെ നോട്ടുകള്‍ കുട്ടന്‍ നായരും , മാധവട്ടനും കൊച്ചുണ്ണിക്ക്‌ കൊടുക്കുമ്പോള്‍ , കുട്ടുക്ക അടുത്ത ഭാഗത്തേക്ക്‌ നീങ്ങി , ചന്ദ്രന്‍റ്റെ പുട്ടും പപ്പടവും ചായയും വെച്ചിരിക്കുന്നിടത്തേക്ക്‌. നാട്ടിലെ മിക്ക അളുകളും കൂട്ടത്തോടെ ഇരുന്നു സംസാരിക്കുന്നതിനിടയില്‍ കുട്ടിക്കയും പലപ്പോഴും കൂടുന്നുണ്ട്‌. പത്തുമണിയൊടെ കുറിയവസാനിച്ചു, പാട്ടെല്ലാം നിര്‍ത്തി ഓരോരുത്തരായി പിരിഞ്ഞുപോയി. കൊച്ചുവേട്ടന്‍ മേശ പൂട്ടി താക്കോലും എഴുതിയ പുസ്തകവും കുട്ടിക്കയെ എല്‍പ്പിച്ചു രാവിലെ വരാമെന്നും പറഞ്ഞു പുറത്തേക്കു നടന്നു.

പലഭാഗത്തുനിന്നും കല്യാണത്തിനാളുകള്‍ വന്നു തുടങ്ങിയിരിക്കുന്നു , മദ്രസ്സയില്‍ നിന്നും ഉസ്താദും മറ്റും വന്നിട്ടുണ്ട്‌. ബിരിയാണിയുടെ മണം അടിക്കുന്നുണ്ടെവിടേയും , കുട്ടുക്ക അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്നുണ്ട്‌. പന്തലില്‍ ചായയും പലഹാരവും കഴിക്കുന്നവരെ മണിയേട്ടനും അപ്പുവും , ഹംസയും ഒക്കെ ഓടിനടന്നു വിളംബുകയും ഇടക്കു തമാശയും പറഞ്ഞു ചിരിക്കുന്നതു കാണാം.

പെട്ടെന്നുണ്ടായ നിശബ്ദത , ഖുര്‍ ആന്‍ പാരായണം ഇല്ലാതാക്കി ,തലയില്‍ ചെറിയ തുണിയിട്ട്‌ , വെളുത്ത ഷര്‍ട്ടും , തുണിയും എടുത്ത്‌ കുഞ്ഞുട്ടിക്ക , കസേരയില്‍ തല താഴ്ത്തി ഇരിക്കുന്നുണ്ട്‌.ഉസ്താദിന്‍റ്റെ്‌ പ്രാര്‍ത്ഥനയില്‍ എല്ലാവരും പങ്കുകൊണ്ടു. പ്രാര്‍ത്ഥനകഴിഞ്ഞതും , ചിലര്‍ കുഞ്ഞുട്ടിക്കയുടെ കയ്യില്‍ ഒട്ടിച്ച കവറുകള്‍ കൊടുക്കുന്നതു കാണാം. അപ്പുവും മണിയേട്ടനും , ഹംസയും അബ്ദുവുമൊക്കെ ഓടിനടന്നു ബിരിയാണി വിളമ്പുമ്പോള്‍ , കരാറിനെക്കുറിച്ച്‌ പലപ്പൊഴും അവര്‍ തമ്മില്‍ തമ്മില്‍ അവരുടെ ഭാഷയില്‍ സംസാരിക്കുന്നതു കാണാം.

കുട്ടികളെല്ലാം പോകാന്‍ തയ്യാറായെങ്കിലും‌ ,കുട്ടുക്കയുടെ അളിയന്‍ എല്ലാവരേയും തടഞ്ഞു. പിന്നീടെ ഓരോരുത്തരെ കൈകൊണ്ട്‌ തട്ടി പറഞ്ഞയക്കുന്നതു കണ്ടു., ഇനി എല്ലാരും മാറിനില്‍ക്കൂ , സ്ഥലമുണ്റ്റെങ്കില്‍ പോകാം , കുട്ടുക്കയുടെ അളിയന്‍റ്റെ നിര്‍ദ്ദേശം ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട്‌. വീടിന്‌ കുറച്ചകലെയായി പാര്‍ക്ക്‌ ചെയ്ത ബസ്സിലിരിക്കുമ്പോള്‍,മണവാളനൊപ്പം പോരാന്‍ പറ്റാത്ത കുട്ടികള്‍ പുറത്തു വൈഷമ്യത്തോടെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.

വൈകീട്ട്‌ കുഞ്ഞുട്ടിക്കയും പുതുപെണ്ണും പെണ്ണിന്‍റ്റെ വീട്ടിലേക്ക്‌ പോയതിനു പിന്നാലെ കല്യാണത്തിനു വന്ന മിക്കവരും പോയിരുന്നു , കാലിയായ പന്തല്‍ ഞങ്ങള്‍ ഇളക്കിമാറ്റുമ്പോള്‍ , കുട്ടുക്കയും അവരുടെ ഭാര്യയും കുറിമേശപ്പെട്ടി തുറന്ന്‌ നോട്ടുകളെണ്ണുന്നതു കാണാമായിരുന്നു, ഇടക്കെപ്പോഴോ അവരുടെ ഭാര്യ പറയുന്നതു കേട്ടു,

"ങ്ങളാ ബുക്ക്‌ സരിക്കും വല്ലേടത്തും വെക്കണെ അതു പോയാല്‍ എല്ലാം തെറ്റും"

Labels:

ദാ‍....

വീട്ടിലേക്കുള്ള എല്ലാ യാത്രയിലും ഞാനായിരുന്നു ഉമ്മക്ക് കൂട്ടായിരുന്നത്.ഭാരത പുഴ കുറുകെ കടന്നുള്ള യാത്രയില്‍ പുഴയില്‍ പച്ചക്കറി കൃഷിയുള്ള കുഞ്ഞനും അവറാനുമൊക്കെ ഇളവനും വെള്ളരിയുമൊക്കെ നീട്ടും. അവയും കടിച്ചുള്ള യാത്ര കുറ്റിപ്പുറം ബസ് സ്റ്റാന്‍‌റ്റിലാണവസാനിക്കുക.അവിടെനിന്നും നിന്നും വളാഞ്ചേരിയിലേക്കും തുടര്‍ന്ന് 'മൂച്ചി' വരെ മറ്റൊരു ബസ്സും അതാണ് യാത്രാ രീതി.മൂച്ചിയില്‍ നിന്നും ദൂരെയുള്ള പടിപ്പുര കാണാമെങ്കിലും അരമണിക്കൂര്‍ പാടത്തൂടെ നടക്കന്നാലേ വീട്ടിലെത്തൂ.
പാടങ്ങള്‍ക്ക് നടുവിലൂടെ നടന്ന് തുടങ്ങി കുറച്ച് ദൂരമെത്തുമ്പോള്‍ ഞാന്‍ നില്‍‌ക്കും ,

“ ന്താ മ്മാ എത്താത്തെ?”
“ നീയ്യ് ദാ.. ന്ന് പറഞ്ഞോ , അപ്പോളേക്കും എത്തും” ഉമ്മയുടെ ചിരികലര്‍ന്ന മറുപടി.
“ദാ..” എന്നും പറഞ്ഞ് കുറച്ചുനടന്ന് ഞാന്‍ നില്‍‌ക്കും.
“ ഉമ്മാ .. ഞാന്‍ ദാ.. ന്ന് പറഞ്ഞിട്ടും എത്തീല്ലല്ലോ”
“ നീയ്യ് ദാ.. ന്ന് പറഞ്ഞ് നടന്നോ , അപ്പോളേക്കും എത്തും” ഉമ്മ വീണ്ടും ചിരിക്കും.

ഈ “ദാ.. “ പരിപാടി പടിപ്പുര കയറും വരെ തുടരും.
“ മ്മ എന്തിനാ ന്നെ പറ്റിച്ചത്?..”
“ അന്നോട് ഞാന്‍ പറഞ്ഞത് ഇവിടെ എത്തുന്നത് വരെ ദാ..... ന്ന് നീട്ടി പ്പറയാനാണ് , നീയ്യ് ഇടക്ക് നിര്‍ത്തിയിട്ടല്ലെ മുമ്പെ എത്താത്തത് ”

കുട മടക്കി പടിപ്പുര കയറുമ്പോള്‍ ,പിന്‍‌തിരിഞ്ഞ് നിന്ന് ഞാന്‍ മൂച്ചിക്കലേക്ക് നോക്കും.ഉമ്മാടെ ഈ പറ്റിക്കല്‍ പരിപാടി വലിയകുന്ന് വഴി , റോഡ് വെട്ടുന്നത് വരെ തുടര്‍ന്നു.

Labels:

Sunday, October 5, 2008

നീലി.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും ഇടവഴി കണ്ടപ്പോള്‍ നീലിത്തള്ളയുടെ മുഖമായിരുന്നു മനസ്സില്‍.
ശരീരത്തിന്‍‌റ്റെ മുന്‍‌ഭാഗം പല നിറത്തിലുള്ള മണിമാലകള്‍ക്കൊണ്ട് മറച്ചിട്ടുള്ള അവര്‍ വടി കുത്തി നടക്കുമ്പോള്‍ വശങ്ങളിലേക്കാടുന്നത് കാണാം. ഇരുട്ടുള്ള വഴി മഴ വെള്ളമൊലിച്ച് ഒരു വശത്തിന് കൂടുതല്‍ ഇടിവ് വന്നിട്ടുള്ളതൊഴിച്ച് മാറ്റമൊന്നുമില്ലാത്തതെന്നെ അതിശയിപ്പിച്ചു. ഇരുവശത്തുമുള്ള നീളം കൂടിയ മുളകള്‍ ഇങ്ങനെ ഒരു ഇടവഴിയില്ലെന്നറിയീക്കാന്‍ തത്രപ്പാട്‌ കാണിക്കുന്നതുപോലെ തോന്നി.പണ്ടും പകല്‍ സമയങ്ങളില്‍ ഇരുട്ടുള്ള വഴി നേരെ ചെന്ന് കയറുന്നത് നീലിയുടെ മക്കളായ ചെമ്പന്‍റ്റേയും വേലായിയും വീടുകളിലേക്കാണ്.

" പാമ്പുകളുള്ള സ്ഥലാണല്ലോ കുട്ട്യേ , എവിടേക്കാ ഈ വഴിക്ക്? "

പാടത്തുനിന്നും പുല്ല് പറിച്ച് വരുന്ന കുഞ്ഞമ്മദ്ക്ക് പശുവിന്‍‌റ്റെ കയറില്‍ പിടിച്ച് നിന്നു.

" അവിടേക്കീ വഴി ആരും പോകാറില്ലാല്ലോ , മ്മടെ ചേക്കൂന്‍റ്റെ പറമ്പിലൂടേണ് അങ്ങോട്ട്‌ക്കുള്ള വഴി"

സ്കൂള്‍വിട്ട്‌ വരുമ്പോള്‍ ചേക്കുക്കയുടെ പറമ്പ്‌ വഴി നീലിയുടെ മുറ്റത്തൂടെ നടന്നാല്‍ പെട്ടെന്ന് വീട്ടിലെത്താം. കുന്നിന്‍ മുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ള മൊഴികെ മറ്റൊന്നും ഈ എളുപ്പ വഴിയിലൂടെയുള്ള ഞങ്ങളുടെ സഞ്ചാരത്തെ തടഞ്ഞിരുന്നില്ല.പല പ്രാവശ്യം പൊന്തിയ വേലിക്ക് നീലി കാവലായിരുന്നത്‌ വീടിന് പിന്നിലുള്ള കശുമാവില്‍ നിന്നുള്ള അണ്ടി നഷ്ടപ്പെടുന്നതുകൊണ്ട് മാത്രമായിരുന്നില്ല , മുറ്റത്തൂടെയുള്ള ഈ വഴിനടക്കല്‍ അവസാനിപ്പിക്കാനുമായിരുന്നു .

" ഇടെടാ അണ്ടി താഴെ ? "

വലിയവരുടെ പിന്നിലായി ഓടിയ അഞ്ചുവയസ്സുകാരന്‍റ്റെ പുറത്ത് നീലിയുടെ വടി പല തവണ വീണു.ജീവിതത്തില്‍ ആദ്യമായി എടുത്ത മുണ്ട് അഴിഞ്ഞുപോകാതിരിക്കാന്‍ അരയില്‍ ചുരുളുകളായി തിരുകിയത് അവര്‍ ഓരോന്നായി അഴിച്ചു. അവസാനത്തെ ചുരുളുമഴിഞ്ഞപ്പോള്‍ കണ്ണ് ചുവന്ന നീലി അടികൊണ്ട് പുറത്തുവീണ അടയാളത്തില്‍ മെല്ലെ തടവി.

ചെമ്പന്‍ മുകളിലോട്ട് നോക്കി .

" അടുത്ത വരവിന് മ്മളൊക്കെ ണ്ടാവോ ആവോ "

" അതല്ല വഴി കുട്ട്യേ അവിടൊക്ക് മ്മിണി പാമ്പോളാ "

ചേക്കുക്കാടെ പറമ്പിലേക്ക്‌ ചെമ്പന്‍ കൈ ചുണ്ടി.

"എന്തെ ആ ഭാഗം വൃത്തിയാക്കാതെ അങ്ങിനെ ഇട്ടിരിക്കുന്നത്‌ ? വേലികെട്ടി ഇടവഴി അടച്ചുകൂടെ? "

" ഈ അച്ഛന് പ്രാന്താ ഇക്കാ അമ്മൂമ്മ പണ്ടെങ്ങോ എന്തോ പറഞ്ഞൂന്ന് പറഞ്ഞ്‌ വേലി കെട്ടാതിരിക്കണോ? "

" വേണം കുട്ട്യേ വേണം, ന്‍റ്റെ കാലം കഴിഞ്ഞാ ങ്ങള് വേല്യോ മതിലോ ന്താന്ന് വെച്ചാ കെട്ടിക്കോ പ്പോ പറ്റൂല്ല "

ഇടവഴിയിലൂടെ താഴത്തേക്കിറങ്ങുമ്പോള്‍ നീലിയുടെ മുറുക്കു ചുവപ്പിച്ച ചുണ്ടും വശങ്ങളിലേക്കാടുന്ന മണി മാലകളും മുള വടിയും ചുകന്ന കണ്ണുകളുമായിരുന്നു മനസ്സില്‍.

Labels:

Wednesday, November 14, 2007

പുള്ളുവത്തി .

വീടിന് മുന്നിലൂടെ മദ്രസ്സയില്‍‌ പോകുമ്പോള്‍ യശോദാമ്മ അടുത്ത് വന്നെന്‍‌റ്റെ തലയില്‍ തടവും.


' ന്‍റ്റെ പുട്ടല്ലേത്‌ '

ഞങ്ങളുടെ വീട്ടില്‍ നിന്നും പഞ്ചായത്ത് റോടിലേക്കു പോകുമ്പോള്‍ ആറാമത്തെ വീടാണ്‌ പാണന്‍ ശങ്കരന്‍‌റ്റേത്. പ്രായം അമ്പതോടടുത്ത ഭാര്യ യശോദാമ്മ , വിളവെടുപ്പ് കാലത്ത് രാവിലെ അടുത്തുള്ള സ്ഥലങ്ങളിലൊക്കെ നടന്ന് പാട്ട് പാടിയതിനു ശേഷം തിരിച്ചു വരുന്നത് ഞങ്ങളുടെ പറമ്പിലൂടെയാണ്‌.

ഒരിക്കലെപ്പോഴോ ഈ വരവില്‍ വീട്ടില്‍ കയറിയപ്പോള്‍ , പുട്ടുകഴിക്കുന്നതു കണ്ട എന്നെ അന്നുമുതലാണ് അയമ്മ ഈ പേര് വിളിക്കാന്‍ തുടങ്ങിയത്.മൂത്ത മകളുമൊത്ത് വൈകുന്നേരങ്ങളില്‍ പാടിത്തളര്‍ന്ന് വരുമ്പോള്‍ ഉമ്മയോട് നാട്ടുവര്‍ത്തമാനങ്ങളൊക്കെ പറഞ്ഞിരിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. എവിടെ വെച്ചുകണ്ടാലും അയമ്മ ഈ പേര് വിളിക്കുന്നതെനിക്ക് തീരെ ഇഷ്ടമായിരുന്നില്ല.

' എന്‍‌റ്റെ പേരതല്ലാ '

'ആയിക്കോട്ടെ , ന്നാലും ഞാന്‍ പുട്ടെന്നേ വിളിക്കൂ'

അകലങ്ങളില്‍ പാട്ട് പാടി നാലോ അഞ്ചോ ദിവസം കഴിഞ്ഞ് തിരിച്ചുവന്നാല്‍ പടിപ്പുരയില്‍ അവര്‍ എന്നെ കാത്തുനില്‍ക്കുമായിരുന്നു. എനിക്കിഷ്ടമില്ലാത്ത അവരുടെ ഈ പേര്‍ വിളിയില്‍ നിന്നും രക്ഷപ്പെടാന്‍ ഉമ്മ എനിക്കൊരു മാര്‍ഗ്ഗം പറഞ്ഞുതന്നു.

' അതിനെന്താ ..പകരം ജ്ജ് ഓലെ പാട്ടുകാരിയമ്മേന്ന് വിളിച്ചോ '

അവരെ ഒഴിവാക്കാനായി ചന്ദ്രന്‍‌റ്റെ പറമ്പിലൂടെ വഴിമാറിനടന്ന എന്നെ ഒരിക്കല്‍ നായ ഓടിച്ചതിനുശേഷം വീണ്ടും പഴയ വഴിതന്നെ ഞാന്‍ തുടര്‍ന്നു, അവരുടെ ' പുട്ട് ' വിളിയും'.

************************************

സ്കൂളില്‍ നിന്നും വന്നപ്പോള്‍ , പൂമുഖത്ത് ഉപ്പയുമായി സംസാരിച്ചിരിക്കുന്ന ഒസ്സാന്‍ പോക്കര്‍ എന്നെ അടുത്തേക്ക് മാടിവിളിച്ചു. അടുത്ത് ചെന്ന ഉടന്‍ പോക്കര്‍ ഉടുത്തിരുന്ന എന്‍‌റ്റെ മുണ്ടഴിച്ചു, പിന്നീട് ഉപ്പാനെ നോക്കി.

' അല്ല അതൈ ഈ ചെക്കന്‍....ഇത് മൂത്തല്ലോ , ഇനി വൈകിച്ചൂടാ ട്ടാ. '

' അപ്പോ.. ഈ ..വ്യായായ്ച '

അന്നുമുതല്‍ വീട്ടിലുള്ള എല്ലാവര്‍ക്കും എന്നോട് വല്ലാത്ത സ്നേഹം കാണിച്ചുതുടങ്ങി , ഇഷ്ടപ്പെട്ട പലഹാരങ്ങള്‍ , എന്തു ചോദിച്ചാലും കിട്ടുന്ന അവസ്ഥ , സ്കൂളില്‍ പോകാതിരിക്കാനുള്ള സന്തോഷത്തോടെയുള്ള അനുവാദം , സര്‍‌വ്വ ഐശ്വര്യങ്ങളോടും കൂടി ദിവസങ്ങള്‍ കഴിഞ്ഞു.ചൊവ്വയോടു കൂടി വീട്ടില്‍ ബന്ധുക്കള്‍ വന്നു തുടങ്ങി , കാണുന്നവരോക്കെ വല്ലാത്ത വാത്സല്യത്തോടെ എന്‍റ്റെ തല തടവി വന്നവരില്‍ പലരും പൈസ തരാന്‍ തുടങ്ങിയതോടെ ഞാന്‍ ആര്‍ത്തുല്ലസിക്കാന്‍ തുടങ്ങി.വ്യാഴാഴ്ചയായപ്പോള്‍ ചെറിയൊരു കല്യാണത്തിന്‍‌റ്റെ ആളുകളായി . പത്തുമണിയോടെ
മദ്രസ്സയിലെ ഉസ്താദും പോക്കരും വീട്ടിലെത്തിയപ്പോള്‍ പുതിയ കുപ്പായവും മുണ്ടുമൊക്കെ അണിഞ്ഞ്‌ പറമ്പില്‍ കളിച്ചു കൊണ്ടിരുന്ന എന്നെ മാമ വീട്ടിലേക്ക്‌ വിളിച്ചു.

ഒരു തോര്‍ത്തുമുണ്ട ഉടുപ്പിച്ച്‌ എന്നെ ഉസ്താദിന്‍റ്റെ മടിയില്‍ ഇരുത്തി. രണ്ടു കൈകളും , കാലുകളും ഓരോരുത്തര്‍ പിടിച്ചു. ശക്തമായി ഞാന്‍ കുതറും തോറും അവര്‍ പിടി മുറുക്കിക്കൊണ്ടിരുന്നു. ഏതോ ഒരു നിമിഷത്തില്‍ അതി കഠിനമായ വേദനയുണ്ടായപ്പോള്‍ ഞാന്‍ ഉറക്കെ കരഞ്ഞു.

' കഴിഞ്ഞു....കഴിഞ്ഞു.. '

കണ്ണില്‍ ഇരുട്ടികയറയതു മാത്രം ഓര്‍മ്മയുണ്ട്.മെല്ലെ കണ്ണു തുറന്നപ്പോള്‍ കുന്നിന്റെ ആകൃതിയില്‍ ഒരു വെളുത്ത തുണി മുകളില്‍നിന്നും തൂക്കിയിട്ടിരിക്കുന്നു. പുറത്ത്‌ നല്ല ബഹളം കേള്‍ക്കുന്നുണ്ട്‌ , കുട്ടികള്‍ പറമ്പില്‍ കളിക്കുന്നത്‌ ജനലിലൂടെ എനിക്കൊരു മായ പോലെ കാണാമായിരുന്നു. പകുതി മയക്കത്തോടെ മെല്ലെ വാതിലിനരികിലേക്ക്‌ നോക്കിയപ്പോള്‍ വാതിലിനരികെ ആരോ നില്‍ക്കുന്നു,

' ന്‍റ്റെ പൈസ എവിടെ? '

വാതിലിനരികില്‍ നിന്നവര്‍ എന്‍‌റ്റെ അടുത്ത് വന്നു , മെല്ലെ തലയില്‍ തലോടി ,

' ന്‍റ്റെ പുട്ടെ , പൈസ തലക്കാണിടെ ചോട്ടിലുണ്ട് ട്ടോ.. '

തലയിണയുടെ അടിയിലുള്ള നോട്ടുകളെ ഞാന്‍ തൊട്ട്‌ തീര്‍ച്ചപ്പെടുത്തുമ്പോള്‍ കട്ടിലിനരികെ ഇരുന്നവര്‍ കയ്യിലുണ്ടായിരുന്ന പൊതിയഴിച്ചു.ഒരു കൈ കൊണ്ട്‌ കണ്ണു തുടക്കുന്ന യശോദാമ്മയേയും മറുകൈകൊണ്ട്‌ എനിക്കു നേരെ നീട്ടുന്ന നെയ്യപ്പവും ഞാന്‍ വ്യക്തമായി കണ്ടു.

Labels:

Monday, June 25, 2007

വിരുന്നുകാര്‍

ബന്ധുക്കള്‍ വീട്ടില്‍ വരുന്നതിഷ്ടമാണെങ്കിലും ,അകന്ന ബന്ധുക്കളേയും , മാന്യന്‍മാരായ അടുത്തബന്ധുക്കളേയും അപേക്ഷിച്ച്‌ ,അലവലാതികളായ അടുത്തബന്ധുക്കളുടെ സന്ദര്‍ശനമായിരുന്നു എനിക്ക് കൂടുതലിഷ്ടം.


അകന്ന ബന്ധുക്കള്‍ കൊണ്ടു വരുന്ന പലഹാരങ്ങള്‍ക്ക്‌ ഗുണനിലവാരം കൂടുമെങ്കിലും , അവര്‍ കൊണ്ടുവന്നത് അവര്‍ക്ക് തന്നെ ചായക്കൊപ്പം കൊടുക്കാറില്ല.പൊതി അഴിക്കുകപോലും ചെയ്യാതെ നേരെ പത്തായത്തിലേക്കാണ് പോകുക പിന്നീട് അടുത്ത വിരുന്നുകാര്‍ വരുമ്പോള്‍‌ മാത്രമേ പുറത്തെടുക്കൂ.

ഇനി മാന്യന്‍മാരായ അടുത്തബന്ധുക്കളാണ് വരുന്നതെങ്കില്‍‌‍;
അവര്‍ കൊണ്ടുവന്ന പലഹാരം അവര്‍ക്കുള്ള ചായക്കൊപ്പം വെക്കുമെങ്കിലും , പേരിനു മാത്രമേ ഇത്തരക്കാര്‍ കഴിക്കൂ ഫലമോ ഒന്നോ രണ്ടൊ കഷ്ണമോ / എണ്ണമോ മാത്രം എനിക്ക് കിട്ടും.ബാക്കി പത്തായത്തിലേക്ക് പോകും.

എന്നാല്‍;
അലവലാതികളായ അടുത്ത ബന്ധുക്കള്‍ വന്നാല്‍ , മുന്നില്‍ കൊണ്ടുവെക്കുന്ന പലഹാരത്തിന്‍റെ മുക്കാല്‍ ഭാഗവും ഒരു കൂസലുമില്ലാതെ അവര്‍ അകത്താക്കും.ബാക്കിവരുന്ന കാല്‍ ഭാഗം ഒരിക്കലും ഉമ്മ പത്തായത്തിലേക്ക്‌ വെക്കാറില്ല , പകരം അത്‌ ഞങ്ങള്‍ക്ക്‌ തരും , ഇതുകൊണ്ടാണ്‌ ഇവരുടെ സന്ദര്‍ശനം എനിക്കേറ്റവും ഇഷ്ടവും.

ഇത്തയുടെ കല്യാണത്തിന്‌ കുറച്ച്‌ ദിവസങ്ങളെ ബാക്കിയുള്ളൂ.
രണ്ട്‌ ദിവസമായി നൗഷാദും അമ്മായിയുമൊക്കെ വീട്ടില്‍ ഉള്ളതിനാല്‍ ഞാനും നല്ല സന്തോഷത്തിലായിരുന്നു. വരാന്‍ പോകുന്ന അളിയന്‍‌റ്റെ അനിയന്‍ കാണാന്‍ വരുന്നതിനാല്‍ ഉമ്മയും , അമ്മായിയുമൊക്കെ അടുക്കളയില്‍ പലഹാരങ്ങളുണ്ടാക്കുന്ന തിരക്കിലും.പത്തുമണിയോടെ മൂന്നാമന്‍ അവറാനിക്കയോടൊപ്പം അവര്‍ വന്നു.

വിരുന്നുകാര്‍ വന്ന് കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഉമ്മ പലഹാരങ്ങള്‍ മേശമേല്‍ നിരത്തി.പലഹാരങ്ങളുടെ കൂട്ടത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പുഴുങ്ങിയ കോഴിമുട്ട കണ്ട്‌ ഞാന്‍ കോരിത്തരിച്ചു.
മേശപ്പുറത്തിരിക്കുന്ന പലഹാരപ്പാത്രങ്ങളുടെ ഇടയില്‍ വെളുത്തപാത്രത്തിലിരിക്കുന്നപുഴുങ്ങിയ ആറ് മുട്ടകള്‍ കണ്ട് , ഞാനും നൗഷാദും ആദ്യം തന്നെ കരാര്‍ ഉറപ്പിച്ചു ,

രണ്ടെണ്ണം വന്നവരെടുക്കും , ബാക്കി നാല്‌ ; മൂന്നെണ്ണം എനിക്കും , ഒന്ന് നൗഷാദിനും.
ഇത്തിരി കടുത്ത കരാറല്ലെടാ ഇതെന്ന്‌ അവന്‍‌റ്റെ മുഖത്തുനിന്നും മനസ്സിലാക്കിയ ഞാന്‍ , മറ്റ്‌ വിഭവങ്ങളില്‍ കുറവ്‌ ‌ നിരത്താമെന്ന്‌ കൈ ആങ്ങ്യത്തില്‍ ധരിപ്പിച്ച് തൃപ്തനാക്കി.

ഓരോ നിമിഷങ്ങള്‍ കടന്ന്‌ പോകുമ്പോഴും , ഒന്നും കഴിക്കാതെ ചായ മാത്രം കുടിച്ചുകൊണ്ടിരുന്ന അളിയന്‍‌റ്റെ അനിയനോടും , അവറാന്‍ കാക്കയോടും എനിക്കും നൗഷാദിനും വളരെ ബഹുമാനം തോന്നി.
മേശപ്പുറത്തിരിക്കുന്ന മുട്ടപാത്രത്തിന്‌ ഒരനക്കവും തട്ടാതിരുന്നപ്പോള്‍ , വാതിലിന്‌ മറവില്‍ , ഒരറ്റത്ത്‌ നിന്നിരുന്ന നൌഷാദിനോട്‌ മറുവശത്ത്‌നിന്നും കണ്ണുകോണ്ട്‌ ഞാന്‍ കരാര്‍ പുതുക്കി:

“ അനക്കൊന്നും ഒന്നും , എനിക്കഞ്ചും”

സുഖവിവരങ്ങളന്വേഷിക്കാന്‍ , അടുക്കളയില്‍ നിന്നും വന്ന ഉമ്മ, പലഹാരപ്പാത്രങ്ങള്‍ വെച്ചിരുന്ന അതേ അവസ്ഥയിലിരിക്കുന്നത് കണ്ടു.

“ എന്തായിത് , ഇതുശരിയാവില്ല , അതൊക്കെ കഴിക്കാനാ വെച്ചിരിക്കുന്നത്‌ , കഴിക്ക്..കഴിക്ക്..”.

നിര്‍ബന്ധത്തിന്‌ വഴങ്ങി , അവരുടെ കൈകള്‍ മുട്ടപാത്രത്തില്‍ കയറിയിറങ്ങി.ഈ പ്രവൃത്തി തുടര്‍ന്നത് ഞാന്‍ സങ്കടത്തോടെ നോക്കിനില്‍ക്കുമ്പോഴും നൌഷാദിന്‍റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായില്ല.പാത്രത്തിലെ അവസാനത്തെ ഒരു കോഴിമുട്ട കണ്ട് , നൗഷാദുമായുള്ള കരാര്‍ ഞാന്‍ വീണ്ടും പുതുക്കി:

“ ടാ , അതെനിക്കാ ട്ടാ ”

ചായകുടി കഴിഞ്ഞവര്‍ക്ക് വെള്ളം കൊടുക്കാന്‍ വേണ്ടി ഉമ്മ എന്നെ അകത്തേക്ക്‌ വിളിച്ചു.
രണ്ടുകയ്യിലും വെള്ളപ്പാത്രവുമായി അടുക്കളയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ നൗഷാദെന്നെ ദയനീയമായി നോക്കി

“ അതും പോയെടാ ”.

മേശപ്പുറത്ത്‌ വെള്ളം വെക്കുമ്പോള്‍ , മുട്ടപാത്രത്തിലിരുന്ന അവസാനത്തെ മുട്ട അവറാനിക്കയുടെ വലതുകയ്യില്‍ കിടന്നുരുളുന്നത്‌ ദു:ഖത്തോടെ ‍ ഞാന്‍ നോക്കിനിന്നു.ഓരോ പാത്രം മേശമേല്‍നിന്നുമെടുക്കുമ്പോഴും ഒരു തരിപോലും ബാക്കിവെക്കാതെ മുഴുവന്‍ അകത്താക്കിയ അവറാനിക്കയെ ഞാന്‍ പ്രാകിക്കൊണ്ടിരുന്നു.

' പണ്ടാറക്കാലന്‍ വയറിളകി ചാവട്ടെ! '

അവസാനത്തെ പാത്രവും അടുക്കളയില്‍ കൊണ്ടുവെച്ച ഞാന്‍ , പുറം തിരിഞ്ഞുനിന്ന്‌ പപ്പടം ചുട്ടിരുന്ന ഉമ്മാടേയും ചുമരിന്‍‌റ്റേയും ഇടയിലൂടെ കയ്യെത്തിച്ച്‌ ഒരു പപ്പടം എടുത്തു.

" ഠേ!!" ,

തിളച്ച എണ്ണയില്‍ മുക്കിയ , പപ്പടകോല്‍ കുപ്പായമിടാത്ത എന്‍‌റ്റെ പുറത്ത്‌ വീണു:

" തിന്നാനുള്ളത്‌ മേശമേല്‍ തരും ഇനി ഇങ്ങനെ ചെയ്യരുത്‌ ”.

വേദനകൊണ്ട് പുളഞ്ഞ് പുറത്തുള്ള പത്തായപുരയുടെ പടിയിലിരിക്കുന്ന സമയത്താണ് , രണ്ട് ദിവസമായി അടിയായിരുന്ന ഇത്തയുടെ വരവ് :

" നന്നായി , അനക്കത് വേണം "

അടുക്കളയില്‍ അമ്മായിയുമായി സഹതപിക്കുന്ന ഉമ്മയുടെ ശബ്ദം ജനലിലൂടെ കേട്ട ഞാന്‍ കൂടുതല്‍ സഹതാപത്തിനായി അടുത്തേക്ക് ചെന്നു.

" ങ്ങട്ട്‌ വാടാ അനക്ക് വെച്ചിടുണ്ട് , ഇനിയെങ്ങാനും അങ്ങിനെ ചെയ്താല്‍‍ മറ്റെ പുറവും പൊളിക്കും ".

പ്രതിഷേധാര്‍ഥം ഒന്നും കഴിക്കാതെ കിടന്ന് മയക്കത്തിലായ ഞാന്‍ ചെറിയ ആളനക്കം കേട്ടുണര്‍ന്നു. ഉമ്മ എന്‍‌റ്റെ പൊള്ളിയ മുറിയില്‍ വെളിച്ചെണ്ണ പുരട്ടുന്നത് പാതിമയക്കത്തില്‍ ഞാന്‍ അറിഞ്ഞു.
കുനിഞ്ഞിരുന്ന് പുരട്ടുന്ന ഉമ്മയുടെ കണ്ണീര്‍ പുറത്തെ മുറിയുടെ മുകളില്‍ വീണ്‌ നീറിയപ്പോഴും ഞാന്‍ അനങ്ങാതെ തന്നെ കിടന്നു , ഞാനുണര്‍ന്നതറിഞ്ഞാല്‍ ഉമ്മ എണീറ്റ് പോകുമെന്നെനിക്കറിയാമായിരുന്നു.

Labels:

Wednesday, June 6, 2007

എന്നെ അലട്ടുന്ന ചോദ്യം

ഓര്‍മ്മയില്‍ അന്നെനിക്ക് പ്രായം‌ എട്ട് വയസ്സ് , എന്തോ കാരണവാശാല്‍ ഞാനും ഉപ്പയും‌ തെറ്റി.പൊതുവെ ഇത്തരം‌ സംഭവങ്ങളുണ്ടാകുമ്പോള്‍‌ മുറിയില്‍ കതകടച്ചിരിക്കുന്ന ഞാന്‍ റോടിലേക്കിറങ്ങി. റോടില്‍ വിതറാനിട്ടിരുന്ന കരിങ്കല്ലുകളില്‍ രണ്ടെണ്ണം രണ്ടുകയ്യിലുമായെടുത്തുപ്പുയുടെ നേരെ ചൂണ്ടി:


" വേണ്ടാ ..അടുത്ത്‌ വരണ്ടാ ..വന്നാ ഞാന്‍ കലക്കും..."

എന്തു ചെയ്യണമെന്നറിയാതെ വല്ലാതെ പകച്ച ഉപ്പ സ്ഥബ്ദനായി നിന്നു.

" മോനെ ഏറിയല്ലെട്ടാ ..ഞാന്‍ ഒന്നും പറയില്ലാ...എറിയല്ലെട്ടാ.."

തിരിഞ്ഞുനടന്നാല്‍ ഞാന്‍ എറിഞ്ഞാലോ എന്ന ഭയമുള്ളതിനാല്‍ അവിടെ തന്നെ നിന്നുകൊണ്ട് വീണ്ടും ദയനീയമായി അപേക്ഷിച്ചു.

" മോനെ എറിയല്ലെട്ടാ...."

ഞാനും ഉപ്പയും തമ്മിലുള്ള ഈ കളി കുറച്ച്‌ നേരം തുടര്‍ന്നു , ഇത്‌ കേട്ടറിഞ്ഞോ എന്തോ കുട്ടന്‍ നായര്‍ ആ വഴി വന്നു. എന്നെ രൂക്ഷമായി നോക്കി.

" ഇടെടാ കല്ല് താഴെ"

" വേണ്ടാ ..അടുത്ത്‌ വരണ്ടാ..ഞാനെറിയും.."

ഇത്തിരി കടുത്ത ശബ്ദത്തില്‍ നായര്‍ വീണ്ടും

" നിന്നോട്‌ കല്ല് താഴെ ഇടാനാ ഞാന്‍ പറഞ്ഞത്‌"

ഞാനറിയാതെ കല്ലുകള്‍ താഴെ വീണു , കല്ലുകള്‍ താഴെ എത്തുന്നതിന്‌ മുമ്പെ കുട്ടന്‍ നായര്‍ തൊട്ടടുത്ത പുളിമേല്‍ നിന്നും വടിയൊടിക്കലും അടിക്കലും കഴിഞ്ഞിരുന്നു പിന്നീട് ദേഷ്യത്തോടെ ഉപ്പയേ നോക്കി,

" നീയാ കുഞ്ഞുണ്ണ്യ ആ ചെക്കനെ വെടക്കാക്കുന്നത്‌"

പിന്നീട് ഉപ്പയുടെ നെറ്റിയില്‍ കൈകൊണ്ട് തടവി.

" നിനക്കൊന്നും പറ്റീല്ലല്ലോ അല്ലെ?"

രണ്ട്‌ പേരും തിരിഞ്ഞ്‌ നടക്കുമ്പോള്‍ , മോങ്ങി നിന്നിരുന്ന എന്നെ ഉപ്പ ഇടക്ക്‌ തിരിഞ്ഞ്‌ നോക്കികൊണ്ടിരുന്നു.ഞാന്‍ എറിഞ്ഞാലോ എന്ന് ഭയന്നിട്ടാവുമോ ഉപ്പ ഇടക്കിടക്ക് നോക്കിയത്?
ന്‍‌റ്റെ റബ്ബെ ആജു വെങ്ങാനും ഇങ്ങനെ ചെയ്താല്‍ ഏത്‌ കുട്ടന്‍ നായര്‍ വരും??

Labels:

Thursday, November 30, 2006

മറ്റൊരു റാഗിങ്ങ് ചരിതം

ആശുപത്രി ശിപ്പായി ശേഖരേട്ടന്റെ വീട്‌ എഞ്ചിനീയറിങ്ങ് കോളേജിലെ കുട്ടികള്‍ക്ക്‌ താമസിക്കാന്‍ കൊടുക്കാന്‍ തീരുമാനിച്ച അന്നുതന്നെ മൂന്നാം സെമെസ്റ്റര്‍ വിദ്യാര്‍ത്ഥി സുനിലും ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥി പോളും കൂടി വാടകക്കെടുത്തു , " ഡണ്‍ ഹില്‍ പാലസ്‌" എന്ന് പേരിട്ടു.

വിഭാര്യനായ താന്‍ വീടിന്‌ പുറത്തുള്ള മുറിയില്‍ താമസിക്കുമെന്നും എന്നാല്‍ തനിക്കോ, തിരിച്ചോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാനോ , ഉണ്ടാവാനോ പാടുള്ളതല്ല എന്നും ഒരു " അങ്ങോട്ടിങ്ങോട്ട്‌ " കരാറായിരുന്നു അദ്യമുണ്ടാകിയത്.

തുടര്‍ന്നാണ് സുനിലിന്റെ അയല്‍ നാട്ടുകാരനും , പ്രീഡിഗ്രി ക്ലാസ്‌ മേറ്റുമായ ഞാന്‍ ഇവരോടൊപ്പം ചേര്‍ന്നത്‌.എന്റെ പിന്നാലെ സുനിലിന്റെ ക്ലാസ്‌ മേറ്റായ ലതീഷും ഡണ്‍ഹില്‍ പാലസില്‍ താമസം തുടങ്ങി.

കാര്യമായ , അല്ലെങ്കില്‍ സിവിയറായ റാഗിങ്ങ്‌ കോളേജില്‍ ഇല്ലെങ്കിലും , രാത്രി സമയങ്ങളില്‍ ഇത്തരത്തിലുള്ള ഹോസ്റ്റലുകളില്‍ വല്യ മോശമല്ലാത്ത രീതിയില്‍ കുറച്ചൊക്കെ ഉണ്ടാകാറുണ്ടായിരുന്നു.

ഇതറിയുന്നത്‌ കൊണ്ട്‌ തന്നെ പുതുമുഖങ്ങളായ വിദ്യാര്‍ത്ഥികള്‍ കഴിയുന്നതും‍ വൈകുന്നേരങ്ങളില്‍ പുറത്ത്‌ പോകാറില്ല. ക്ലാസ്‌ വിട്ട്‌ നേരെ വീട്ടില്‍ , വീട്ടില്‍ നിന്ന് നേരെ ക്ലാസ്‌ ഇതായിരുന്നു പതിവ്.
സീനിയറും സുഹൃത്തുമായ സുനിലിന്‍‌റ്റെ കൂട്ടുള്ളതിനാല്‍ എന്നെ ആരും റാഗിങ്ങ് ചെയ്യില്ലെന്ന ഒരഹങ്കാരവും വെച്ച് നടന്നിരുന്ന അക്കാലത്തെ ഒരു വൈകുന്നേരമാണ് കുറച്ചുപേര്‍ വീട്ടില്‍ വന്ന് കയറിയത്. ചെസ്സ് കളിച്ചുകൊണ്ടിരുന്ന എന്‍‌റ്റേയും സുനിലിന്‍‌റ്റേയും അടുത്ത് വന്നവര്‍ വന്നു നിന്നു.

കളി മുഴുമിപ്പിക്കാതെ , മുമ്പത്തെ പരിചയത്തിന്റെ ഒരു സൗജന്യവും കാട്ടാതെ ,സുനില്‍ എന്ന ആ ക്രൂരന്‍ , അവരോടെന്തൊക്കെയോ പറഞ്ഞ്‌ , ഉടുത്തിരുന്ന ഷോര്‍ട്സ് അഴിച്ച് പാന്റിട്ട്‌ , ഒന്നും പറയാതെ അവിടെനിന്നും മുങ്ങി.

സുനില്‍ ഗേറ്റ് കടന്നതും വന്നവര്‍ എന്‍‌റ്റെ നേരെ തിരിഞ്ഞു:

" എന്തടാ തെണ്ടീ പേര്‌"

പേര്‌ കേട്ട ഉടനേ മറ്റൊരുത്തന്‍ : “ #@&$% !!@## ”
രാഷ്ട്രീയക്കാരെ റാഗ് ചെയ്യില്ല എന്ന ധാരണയാല്‍ കോണ്‍‌ഗ്രസ്സുകാരനായ ഞാന്‍ വന്നവരില്‍ വല്ല കെ.എസ്.യ്.ക്കാരുമുണ്ടോന്നാണാദ്യം നോക്കിയത്. മുമ്പ് പരിചയപ്പെട്ട ഒരുത്തനും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല ,സൂക്ഷിച്ച് നോക്കിയപ്പോള്‍ , അവരുടെ കൂട്ടത്തില്‍ രണ്ട് പേര്‍ അവര്‍ക്ക് വഴിയില്‍ നിന്നും കിട്ടിയ “ ഇര ”കളായിരുന്നു എന്നെനിക്ക് മനസ്സിലായി.

കലാപരിപാടി തുടങ്ങി ,ഇരകളിലൊരുത്തനോട്‌ , കസേരയില്ലാതെ ഇരിക്കാനും , നിലത്തൂടെ നീന്താനുമൊക്കെ പറഞ്ഞു , അടുത്തവനോട് ‌ ചായ ഉണ്ടാക്കാനും‍. വീട്ടുടമസ്ഥനായതിനാലും സുനിലിന്‍റെ സുഹൃത്തായതിനാലും തന്നെ ആരും ഒന്നുചെയ്യില്ലെന്ന് വിശ്വസിച്ച് , നടക്കുന്ന കലാപരിപാടികള്‍ കണ്ട് കളയാം എന്ന രീതിയില്‍ നിന്നിരുന്ന എന്നോട് , എന്‍റെ എല്ലാ ദ്ധാരണകളേയും കാറ്റില്‍ പറത്തികൊണ്ട് , വന്നവരിള്ള ഒരു കാട്ടാളന്‍ :

" ഇവിടെ വാടാ തെണ്ടീ #@&$% !!@##".

പിന്നീടൊരു തീപ്പെട്ടിക്കൊള്ളി എനിക്ക് നേരെ നീട്ടി :

" എടാ .. #@& $%!!@##.., ഈ വീടിന്റെ മൊത്തം ഏരിയ അളക്കണം ...#@&$!!@##... "

വന്നവര്‍ നിരന്നിരുന്ന് ശീട്ട്‌ കളി തുടങ്ങി.

രണ്ട്‌ സാമാന്യം വല്യ മുറികളും , പുറത്തെ മുറിയും , പൂ മുഖവും , അടുക്കളയും അളന്ന ഞാന്‍ ഏരിയ കണക്ക്‌ കൂട്ടിയ, എഴുതിയ പേപ്പര്‍ നീട്ടി:


അളക്കാന്‍ പറഞ്ഞവന്‍ എന്‍‌റ്റെ മുഖത്തേക്ക് നോക്കാതെ കളി തുടര്‍ന്നപ്പോള്‍ അടുത്തിരുന്നവന്‍ എനിക്കു നേരെ തിരിഞ്ഞു:

" ഫ ..തെണ്ടീ , അത്‌ തെറ്റാ , ശരിക്കളക്ക്‌"

"അതിന്‌ ഞാനെഴുതിയത് നിങ്ങള്‍ കണ്ടില്ലല്ലോ , "

" എടാ ...@##&%*+&# മോനെ “#@&$%!!@## , അളക്കെടാ..... ,#@&$%!!@## "

അടുത്ത പടി തല്ലാകുമെന്നെനിക്ക് തോന്നിയതിനാല്‍ ‍ ഞാന്‍ വീണ്ടും അളന്നുതുടങ്ങി:

ഇതിനിടക്ക്‌ , ഇരകളിലൊരുത്തന്‍ ചായയുമായി വന്നു , :“ സാര്‍ , ചായ”

ഇവരുടെ “ സാര്‍” വിളി ഞാന്‍ മുമ്പെ ശ്രദ്ധിച്ചിരുന്നു . ഒരുത്തനോട് തറയില്‍ നീന്താന്‍ പറഞ്ഞപ്പോള്‍ “ ശരി സാര്‍” എന്ന് പറഞ്ഞാണ് തുടങ്ങിയത്.

കൊണ്ടുവന്ന ചായ അവര്‍ കുടിച്ചു , അവര്‍ കുടിച്ചതിന്‍റെ ബാക്കി ഉണ്ടാക്കിയവനെകൊണ്ട്‌ കുടിപ്പിക്കുകയും ചെയ്തു.ശീട്ടുകളി തുടരുന്നു , ചായ ഉണ്ടാക്കിയവനെ കൊണ്ട്‌ പിന്നീട് തല മസ്സാജ്‌ ചെയ്യിക്കുന്നു ,നീന്തല്‍ നിര്‍ത്തി പാട്ട് പാടാന്‍ പറഞ്ഞതനുസരിച്ച് അവന്‍ പാടിത്തുടങ്ങി.ഞാനാകട്ടെ മുറിയുടെ നീളവും , വീതിയും അളക്കലും തുടര്‍ന്നുകൊണ്ടിരുന്നു.

ഈ സമയത്താണ്‌ പോള്‌ വീട്ടില്‍ കയറി വന്നത്‌. പോള്‌ ഫൈനല്‍ ഇയര്‍ ആണെങ്കിലും , കോളേജ്‌ ഹോസ്റ്റലില്‍ നില്‍ക്കാറില്ല , അയാള്‍ക്ക്‌ ഉപ്പില്ലാത്ത ഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളൂ തിനാലും മരുന്നുകള്‍ കഴിക്കാനുള്ളതിനാലും എന്നുിതുപോലുള്ള വീടുകളിലാണ് പോള്‍ താമസം.

" ആ തന്നെ കാത്ത്‌ നില്‍ക്കുകയായിരുന്നൂ , വാടാ ഇവിടെ"

വന്നവര്‍ക്ക് പോളിനെ മനസ്സിലായില്ലെനിക്ക് ബോധ്യമായി. വന്നവരുടെ വിളി കാര്യമാക്കാതെ പോള്‍ വീട്ടിനുള്ളിലേക്ക്‌ പോയി.ഇതുരസിക്കാതിരുന്നവന്‍ പോളിന് പിന്നാലെ വീട്ടിനുള്ളിലേക്ക് കയറി ഷര്‍ട്ടില്‍ പിടിച്ച്‌ വലിച്ച്‌ മറ്റുള്ളവരുടെ മുന്നില്‍ നിര്‍ത്തി.

പൊതുവെ സൗമ്യനായ പോളൊന്നും മിണ്ടാതെ നിന്നു:

" ഉം എന്തേ ?"

"നിനക്കെന്താ ചെവി കേള്‍ക്കില്ലെടാ തെണ്ടീ ? #$@^%$"

"ഇല്ല" : പോള്‍
"പൊട്ടനാ?":
“ഉം .. അതെ" :

പോളിന്‍‌റ്റെ കൂസലില്ലാതെയുള്ള മറുപടിയില്‍ പന്തികേട്‌ തോന്നി പരസ്പരം നോക്കി നില്‍ക്കുമ്പോള്‍ , പോള്‍ വീണ്ടും അകത്തേക്ക്‌ പോയത് വന്നവരെ വല്ലാതെ ചൊടിപ്പിച്ചു. എന്തോ തമ്മില്‍ സംസരിച്ച് അഥിതികള്‍ അകത്തേക്ക് കയറുമ്പോള്‍ , പോള്‍ ധൃതിയില്‍ പുറത്തേക്ക് പോയി , എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്നെന്നെ നോക്കി:

" അവനിവിടെയാണോടാ താമസിക്കുന്നത്‌":

" അതെ"

പോകാന്‍ തുടങ്ങിയ അവര്‍ പോളിന്‍‌റ്റെ ധിക്കാരം മൂലം തിരിച്ചു വരുന്നത് വരെ കാത്തിരിക്കാന്‍ തീരുമാനിച്ചതായി എനിക്ക് തോന്നി.അവര്‍ വീണ്ടും പുതിയ പുതിയ കലാപരിപാടികള്‍ ഞങ്ങളോട് കാണിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടവര്‍ കളി തുടര്‍ന്നു.അരമണിക്കൂര്‍ കഴിഞ്ഞ്‌ കാണും കോളേജിലെ " പ്രധാന ഗുണ്ടകള്‍" എന്നറിപ്പെടുന്ന നാലഞ്ച്‌ പേര്‍ , വീട്ടില്‍ കയറിവന്നു , കൂട്ടത്തില്‍ പോളും.

വന്നവര്‍ അന്നത്തെ ഏറ്റവും സീനിയേഴ്സ് ആയതിനാലും വളരെ അറിയപ്പെടുന്നവരുമായതിനാല്‍ അഥിതികള്‍ ഒന്നൊതുങ്ങി നിന്നു , അപ്പോഴാണെകദേശവിവരം എല്ലാര്‍ക്കും മനസ്സിലായത്‌.പിന്നെ അവിടെ നടന്നത്‌ ഞാന്‍ പറയണ്ടല്ലോ ,ഇതിന്‍‌റ്റെ തുടര്‍ച്ച യായി അന്നത്തെ ഫൈനല്‍ ഇയര്‍ സ്റ്റുഡെന്‍സും , മൂന്നാം സെമെസ്റ്റര്‍ കുട്ടികളും തമ്മിലുള്ള ഒരു ശക്തമായ ഒരു കൂട്ട ത്തല്ലില്‍ കലാശിച്ചു വെന്നത്‌ ചരിത്രം.

Labels:

Thursday, September 14, 2006

തലമുറ

'കൌസല്യാ...നമോസ്തുതേ....'


സുപ്രഭാതം കേട്ടുണര്‍ന്ന സേതു , അഴിഞ്ഞ് കിടന്ന മുണ്ട് ചുറ്റിയുടുത്ത് മേശപ്പുറത്ത് വെച്ചിരുന്ന ചൂടാറിയ ചായ ഒറ്റ വലിക്ക് കുടിച്ചുതീര്‍ത്ത് പുറത്തേക്കിറങ്ങി. കുളി കഴിഞ്ഞ് ഷര്‍ട്ടെടുത്തിടുന്നതിനിടെ ജനലിലൂടെ പടിപ്പുരയിലേക്ക് നീക്കി.

' ശ്രീധരേട്ടാ..പ്പോ വരാട്ടോ..'

കുഴപ്പമില്ലെന്നര്‍ത്ഥത്തില്‍ ശ്രീധരന്‍ കൈകൊണ്ട് വീശിക്കാണിച്ചു. ബസ്സ് കൂലി അച്ഛനോട് വാങ്ങി വെക്കാന്‍ തലേദിവസം ഏല്‍പ്പിച്ചിരുന്ന കാര്യം ഉണര്‍ത്തിയത് കേട്ട് പതിവ് പോലെ ലക്ഷ്മിയമ്മ കൈമലര്‍ത്തി.

' അയ്യോ ഞാന്‍ മറന്നല്ലോ സേതൂ , പോകുന്ന വഴി നീയ്യ് അച്ഛന്‍‌റ്റെയടുത്തൂന്ന് വാങ്ങിക്കോളൂ'

' കഷ്ടാണ്ട്ടോ ഇത് ... ഇനി ന്തെല്ലാം കാണണമെന്നറിയുമോ അമ്മക്ക് '

പടിപ്പുരയുടെ ചുമരില്‍ കാല്‍ വെച്ച്, ചാരി നിന്നിരുന്ന ശ്രീധരനോട് മറ്റുള്ളവരൊക്കെ എവിടെ എന്ന അര്‍ത്ഥത്തില്‍ നോക്കിയപ്പോള്‍ , സ്വതവെയുള്ള ചിരി.

' ഞാന്‍ ഇന്ന് പതിവിലും നേരത്തെ എണീറ്റു , പിന്നെയിങ്ങ് നടന്നു'

' നല്ല പണിയാ ശ്രീധരേട്ടന്‍ ചെയ്തത് , ഞങ്ങള്‍ അവിടെ കാത്ത് നിക്ക്വായിരുന്നു'

പരാതിയില്‍ എന്നും മുന്‍പന്തിയിലായ രാജു ദൂരേന്ന് നടന്ന് വരുന്നു, കൂടെ ഖാദറും , സുലൈഖയും , ശിവനും.സേതുവും , സുലൈഖയും ഒന്നാം കൊല്ലം ഒരേക്ലാസില്‍ ; ശിവനും , ഖാദറും രണ്ടാം കൊല്ലം ; അവസാന വര്‍ഷം എം.എ. ക്ക് പഠിക്കുന്ന ശ്രീധരനാണ് നേതാവ്.ഒരു കൊല്ലത്തോളമായി ഇവരുടെ ഈ പതിവ് തുടങ്ങിയിട്ട്. നാല് കിലോമീറ്റര്‍ ദൂരെയുള്ള ബസ് സ്റ്റോപ്പ് വരെ ഒരുമിച്ചാണ് യാത്ര. ഏകദേശം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയില്‍ ആകാശത്തിന് താഴെയുള്ള എന്തിനെ ക്കുറിച്ചും സംസാരിക്കും , ചര്‍ച്ചചെയ്യും , തര്‍ക്കിക്കും.എന്നെങ്കിലും രാഷ്ട്രീയം വിഷയമായാല്‍ അന്ന് ചര്‍ച്ചക്ക് ചൂട് വളരെ കൂടുതലായിരിക്കും. വിഷയം എന്ത് തന്നെയായാലും ഒന്നും സംസാരിക്കാതെ ചിരികൊണ്ട് മാത്രം , സുലൈഖയും അവരുടെ സംവാദങ്ങളില്‍ സജീവമായിത്തന്നെ പങ്കെടുക്കുമായിരുന്നു.

ചന്ദ്രേട്ടന്‍റെ ചായപ്പീടികയില്‍ പേപ്പര്‍ വായിച്ചിരിക്കുന്ന അച്ഛനെ ദൂരെ നിന്നു തന്നെ സേതു കണ്ടു , കൂടെ മമ്മദുക്കയും , അവറാനും , കുഞ്ഞനും ഒക്കെയുണ്ട്.രാവിലെ വീട്ടില്‍ വരുന്ന മലയാള മനോരമ മുഴുവന്‍ വായിച്ച് , ലക്ഷ്മിയമ്മയുടെ ചായയും കുടിച്ച് ചന്ദ്രന്‍റെ പീടികയില്‍ പോകും. പീടികയിലെ മാതൃഭൂമിയും , പീടികക്ക് മേലെയുള്ള ക്ലബ്ബിലെ ചന്ദ്രികയും , ദേശാഭിമാനിയും വായിച്ച് , കടുപ്പത്തിലുള്ള ചായയും കുടിച്ച് ഒമ്പത് മണിക്ക് നേരെ പറമ്പില്‍ പണിക്ക് പോയാല്‍ തിരിച്ച് വരവ് ഉച്ചക്ക് ഊണ് കഴിക്കാന്‍ , ഒന്ന് മയങ്ങി വീണ്ടും പറമ്പിലേക്ക് തിരിച്ച് വരവ് വൈകുന്നേരം ആറ് മണിയോടെ.ഇടക്ക് പറമ്പില്‍ പണിക്കാര്‍ കൂടുതലാണെങ്കില്‍ ഉച്ചക്കുള്ള കഞ്ഞി പറമ്പിലെത്തിക്കേണ്ടത് ലക്ഷ്മിയമ്മയുടെ ചുമതല കാലങ്ങളായുടെ നായരുടെ പതിവ്.പിന്നില്‍ ചെന്ന് നിന്ന് താന്‍ വന്നതറിയീക്കാനായി സേതു മെല്ലെ ചുണ്ടനക്കി.

'ഉം...ന്താ...'

' അച്ഛാ.. ബസ്സ് കൂലി'

'അപ്പോ ന്നാള് തന്നത് കഴിഞ്ഞോ' ,

കോളേജില്‍ പോകാന്‍ മുപ്പത്തഞ്ച് പൈസ , തിരിച്ചിങ്ങോട്ട് മുപ്പത്തഞ്ച് പൈസ.എല്ലാതിങ്കളാഴ്ചയും 2 രൂപ , പിന്നെ ബുധന്‍ ഒന്നര രൂപ , ഇതാണ് നായരുടെ കണക്ക്. ചില സമയങ്ങളില്‍ രണ്ട് ബസ്സുകളിലായി ഇടക്കിറങ്ങിയാണ് യാത്രയെങ്കില്‍ നാല്‍‌പ്പത് പൈസ യാകും. ഇതിനെ ചൊല്ലി പല തവണ കണക്കുപറച്ചില്‍ വന്നതോടെ , തരുന്നത് വാങ്ങുക എന്ന രീതിയാക്കി.സഹചാരിയായ മമ്മദ്ക്ക മുന്നോട്ടാഞ്ഞു.

' ങ്ങളാ കുട്ടിയെ മക്കാറാക്കാണ്ടെ പൈസ കൊട്ക്കീന്ന് '

' ഉം നി ..ഒരാഴച്ത്തേക്ക് ചോദിക്കരുത്'

മലമ്പുഴയിലേക്കുള്ള വിനോദയാത്രക്ക് അമ്പതുരൂപയാണ് ഫീസായി കൊടുക്കേണ്ടത്.വൈകുന്നേരം കുളികഴിഞ്ഞ് വിശ്രമിക്കുന്ന നായരുടെ ചാരുകസേരക്ക് പിന്നിലായി പിന്നിലായി ലക്ഷ്മിയമ്മ പതുങ്ങിനിന്നു.

' അതെയ്....സേതൂനെന്തോ പറയണംന്ന്.'

' അച്ഛാ...നിക്കൊരു അമ്പതുറുപ്പിക വേണം , കോളെജില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്നുണ്ട് '

' അമ്പതുറുപ്പ്യേ...ന്താ..പണം കായ്ക്കണ മരണ്ടോ വ്ടെ...മിണ്ടാണ്ടിരുന്നോ...' ,

കുളിക്കാന്‍ പോയ തക്കത്തിന് , നായരുടെ മുറിയിലുള്ള പൂട്ടിയ അലമാര രണ്ടുതവണ ശ്രമിച്ചെങ്കിലും തുറക്കാന്‍ സേതു ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റെ ദിവസത്തെ ശ്രമവും പരാജയപ്പെട്ടപ്പോള്‍ വിനോദയാത്ര നടക്കില്ലാന്ന് തന്നെ ഉറപ്പിച്ചു.താക്കോല്‍ മേശമേലിരിക്കുന്നത് കണ്ട് കൂടുതലൊന്നും ആലോചിക്കാതെ സേത് മേശ തുറന്നു. ഒരമ്പതിന്‍റെയും , മൂന്ന് പത്തിന്‍റെയും നോട്ടുകളില്‍ അമ്പതിന്‍റെ നോട്ട് പോക്കറ്റിലിട്ട് പുറത്തേക്കോടി.

ചന്ദ്രന്‍‌റ്റെ ചായപ്പീടികയിലേക്കും പരിസരത്തേക്കും കണ്ണോടിച്ചെങ്കിലും നായര്‍ അവിടെയൊന്നും ഉണ്ടായിരുന്നില്ല.പാലക്കാടും , മലമ്പുഴയിലും ക്ലാസ്സിലെ കുട്ടികളൊപ്പം നടക്കുമ്പോളും സേതുവിന്‍‌റ്റെ മനസ്സ് വീട്ടിലായിരുന്നു. പുറത്തേക്കിറങ്ങുമ്പോള്‍ പടിപ്പുരയില്‍ പതിവില്ലാതെ കിടക്കുന്ന പേപ്പര്‍ പുറത്തോ പീടികയിലോ കാണാനാവാത്ത അച്ഛന്‍ ഓര്‍ക്കും തോറും മനസ്സിനെ പിടിച്ചുനിര്‍ത്താവാനാതായി.ഹൃദയമിടിപ്പോടെ പടിപ്പുരകയറുമ്പോള്‍ നായര്‍ ചാരുകസേരയിലിരിക്കുന്നത് കാണാമായിരുന്നു.ഉള്ളിലേക്ക് കയറുമ്പോള്‍ അടുക്കളയില്‍ നിന്നും ലക്ഷ്മിയമ്മ പുറത്തേക്ക് വന്നു.

' നീ ..ന്താ.. രാവിലെ ദോശ കഴിക്കാതെ പോയത് '

‘ നേരത്തെ പോകേണ്ടീര്‍ന്നു , അച്ഛന്‍ വല്ലതും പറഞ്ഞോ അമ്മെ?’.

' ല്ലാ..ന്തേ? '

പതിവില്ലാതെ രാവിലെ താക്കോല്‍ മേശപ്പുറത്ത് കണ്ടതും , അച്ഛനെ എവിടേയും കാണാതിരുന്നതും എല്ലാം ഓര്‍ത്ത സേതുവിന് കാര്യങ്ങള്‍ ഏകദേശം പിടികിട്ടി. ഉറങ്ങാന്‍ കഴിയാതിരുന്ന അയളെ പിറ്റേന്ന് വൈകുന്നേരമായപ്പോളേക്കും കുറ്റബോധം കീഴ്പ്പെടുത്തി.ചാരുകസേരയില്‍ മയങ്ങിയിരുന്ന നായരുടെ അടുത്തേക്ക് സേതു മെല്ലെ നടന്നടുത്തു.

'ഉം.. ന്താ..'

' അച്ഛാ..അച്ഛെനെന്നോട് ക്ഷമിക്കണം...ഞാന്‍ അച്ഛെന്‍‌റ്റെ മേശവലിപ്പില്‍ നിന്നും അമ്പതുര്‍പ്പ്യ എടുത്തു..'

മുമ്പൊരിക്കലും കാണാത്ത ഒരച്ഛനെ കണ്ടു സേതു അപ്പോള്‍. സേതുവിന്‍‌റ്റെ തലയില്‍ നായര്‍ തലോടി.

' അത് സാരല്യ ഉണ്ണ്യെ.. അത് നിനക്ക് വേണ്ടി വെച്ചത് തന്നെയായിരുന്നു...'

കസേരയില്‍ നിന്നെണീറ്റ് പോകുമ്പോള്‍ , നായര്‍ കണ്ണ് തുടക്കുന്നത് സേതു കണ്ടിരുന്നു. പിന്നീട് പൈസ ചോദിക്കുമ്പോള്‍ നായര്‍ ചിരിക്കും.

' മേശയിലുണ്ട്...ആവശ്യത്തിനെടുത്തോളൂ'.

***********************************

ഓഫീസില്‍ നിന്നും വന്ന് ചായകുടിക്കാനിരുന്നപ്പോള്‍ കഴിക്കാനായി സാന്‍‌ഡ് വിച്ച് കണ്ട് സേതു അമ്പരന്നു.

'ഓ ഞാനില്ലാതെ നീ സൂപ്പര്‍ മാര്‍ക്കെറ്റില്‍ പോകാനും തുടങ്ങിയോ രേണു? '

' കുഴിയെണ്ണണൊ സേതുവേട്ടാ....അപ്പം തിന്നാപ്പോരെ? '

പിറ്റെ ദിവസം ഹെഡോഫീസില്‍ പോകേണ്ടതിനാല്‍ വൈകിയാണ് സേതു വീട്ടിലെത്തിയേങ്കിലും ചായക്കൊപ്പം പലഹാരമായി സമൂസ്സ വെച്ചത് കണ്ടപ്പോള്‍ ഒന്നും മിണ്ടിയില്ലെങ്കിലും ചില സംശയം തോന്നിയതിനാല്‍ പതിവിലും നേരത്തെ അയാള്‍ ഓഫീസില്‍ നിന്നുമെത്തി. പലഹാരമൊന്നുമില്ലാതെ ചായ മാത്രം മേശമേല്‍ കണ്ടപ്പോള്‍ അയാള്‍ ചിരിച്ചു.

' ഉം..ഞാന്‍ പ്രതീക്ഷിച്ചത് തന്നെ ഇന്നൊന്നും കഴിക്കാനില്ലല്ലേ രേണു? '

ബാല്‍ക്കണിയിലെ സോഫയില്‍ മലര്‍ന്ന് കിടന്നിരുന്ന സേതുവിന്‍റെ കയ്യില്‍ എന്തോ തട്ടിയതറിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഉണ്ണി അടുത്ത് നില്‍ക്കുന്നു.

' ഡാഡി എന്നെ തല്ലുമോ '

ഏന്തൊക്കെയോ കേള്‍ക്കാന്‍ പ്രതീക്ഷകളോടെ സേതു മകന്‍‌റ്റെ കണ്ണുകളിലേക്ക് നോക്കി.

‘ ഇല്ല തല്ലില്ല ’

' ഞാന്‍ ഫൈവ് ദിര്‍ഹംസ് ഡേ ബിഫോര്‍ യസ്റ്റര്‍ഡെയും , ഇന്നലെയും ഡാഡിയുടെ പേഴ്സില്‍ നിന്നെടുത്തു... സ്കൂളില്‍ നിന്നും സനാക്സ് വാങ്ങി..സോറി'

' ഇറ്റ്സ് ഒ.കെ സാരമില്ല ട്ടോ'

ഉണ്ണിക്കേറ്റവും ഇഷ്ടമുള്ള കെ.എഫ്.സി. ഓര്‍ഡര്‍ ചെയ്ത് രേണുവിനൊപ്പം റ്റി.വി കണ്ടിരിക്കുമ്പൊള്‍ കോളിങ്ങബെല്ലടിച്ചു.

' ഉണ്ണീ.. കെ.എഫ്.സി. വന്നിരിക്കുന്നു..ഡാഡീടെ പേഴ്സില്‍ നിന്നും മണി എടുത്ത് കൊട്ക്ക്'.

Labels:

Wednesday, August 2, 2006

കാര്‍ത്തുവിന്റെ വിധി

ഓണത്തിന്‌ കുറച്ച്‌ നാള്‍ മുമ്പാണ്‌ ഇടപ്പാള്‍ പൂരാടവാണിഭത്തില്‍ നിന്നാണ് നാട്ടിലുള്ളവര്‍ ഓണത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങുന്നത്. പതിവ് പോലെ ആ തവണയും ഞാനും മണിയേട്ടനും കൊച്ചുണ്ണിയേട്ടനും മാമദുമൊക്കെ നേരത്തെതന്നെ പുറപ്പെട്ടു. ഇടപ്പാളിലുള്ള രണ്ട് സിനിമാ ടാക്കീസില്‍ നല്ല സിനിമ എവിടെയാണോ അവിടെ നിന്നും സെക്കന്‍‌റ്റ് ഷോ കഴിഞ്ഞേ ഞങ്ങള്‍ മടങ്ങാറുള്ളു.


****
പലരേയും പോലെ , പുറത്ത് നിന്നും ഞങ്ങളുടെ നാട്ടില്‍ വന്ന കരിങ്കല്‍ കോണ്ട്രാക്ടര്‍ ആയിരുന്നു ചെങ്കന്‍.

എന്നാല്‍ മറ്റുള്ളവരെപ്പോലെയല്ലായിരുന്നു ചെങ്കന്‍. ക്വാറിയില്‍ പണിക്കാരിയായിരുന്ന ജാനുവില്‍‍ ചെങ്കന്‌ ഒരു കുട്ടി പിറക്കാറായപ്പോള്‍ അയാള്‍ ജാനുവിനെ കെട്ടിയതില്‍ പിന്നെ സ്ഥിര താമസവും ജാനുവിന്‍‌റ്റെ വീട്ടിലായി.

ചെങ്കന്‌ കുട്ടികള്‍ വരി വരിയായി 6 പേരായതിന് ശേഷം ജാനുവിന്‍‌റ്റെ കല്യാണം കഴിക്കാത്ത ചേച്ചി തങ്കമ്മയിലും കുട്ടികള്‍ ആകാന്‍ തുടങ്ങിയതോടെ , ഇടക്ക്‌ നാട്ടിലുള്ള ഭാര്യയെ കാണാന്‍ പോയിരുന്ന ചെങ്കന്‍ അതങ്ങ്‌ നിര്‍ത്തിയിട്ട്‌ , തങ്കമ്മയെയും കെട്ടി തങ്കമ്മയില്‍ എത്ര മക്കളുണ്ടായി എന്നതെനിക്കറിയില്ല.

ജാനുവിന്‍റെ അനിയത്തി കാര്‍ത്തു എന്‍‌റ്റെ ക്ളാസ്സിലായിരുന്നു പഠിച്ചിരുന്നത് ഒരിക്കല്‍ എതിരെ വന്ന കാര്‍ത്തൂനെ കണ്ടപ്പോള്‍ കൊച്ചുണ്ണിയേട്ടന്‍ നിന്നു:

' കാര്‍ത്ത്വാ , സൂക്ഷിക്കണട്ടോ '
' ന്നോട്‌ കളിച്ചാ ഞാ മടാകത്തിയെടുക്കും '
കാര്‍ത്തൂന്‍‌റ്റെ മറുപടിക്ക് താമസമില്ലായിരുന്നു.

*****
സിനിമയുടെ പേരെനിക്കോര്‍മ്മയില്ല , നായകനായ പ്രേം നസീറിന് മക്കളുണ്ടാകുന്നില്ല. പണക്കാരനായ നായകന്‍ പല ചികിത്സകളും നടത്തുണ്ടെങ്കിലും എല്ലാം പരാജയം തന്നെ. ഒരു കുഞ്ഞിക്കാലുകാണാന്‍ സര്‍‌വ്വ അമ്പലങ്ങളിലും പള്ളികളിലും നേര്‍ച നടത്തിക്കൊണ്ടിരിക്കയാണ് നായകന്‍.

അമ്പല നടയില്‍ വെച്ച് നായകന്‍‌റ്റെ ഭാര്യ ദുഖത്തോടെ പ്രാര്‍ത്ഥനാലാപനം നടത്തുമ്പോള്‍ മുന്നിലായിരിക്കുന്ന പെണ്ണുങ്ങളുടെ കണ്ണുകളില്‍ കണ്ണീര്‍ പൊടിഞ്ഞത് തിളങ്ങികാണുന്നുണ്ട് , പിന്‍‌ഡ്രോപ് സൈലന്‍സിനെ കീറിമിറിച്ചൊരു അലര്‍ച്ചയായിരുന്നു പിന്നില്‍ നിന്നുമുയര്‍ന്നത്.

' ഓ! ഇതിനാണൊ ഇത്ര വിഷമം , നമ്മുടെ ചെങ്കേട്ടന്‍‌റ്റെ സൌസറൊന്ന്‌ കൊടഞ്ഞാപ്പോരെ? '

അവിടെവിടെയായി ഇരുന്നിരുന്ന നാട്ടുകാരുടെ ചെങ്കനെ അറിയുന്നവരുടെ കൂട്ട ചിരിയായിരുന്നു പിന്നീട് ടാക്കീസില്‍ ഉയര്‍ന്ന് കേട്ടത്.

അടിക്കുറുപ്പ്‌: കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അറിഞ്ഞു ,ചെങ്കന്‍ പോയി ഞങ്ങളുടെ നാട്ടില്‍ നിന്നും കൂടെ കാര്‍ത്തുവും പിന്നെ അവരുടെ മൂന്ന്‌ കുട്ടികളും.

Labels: