തറവാടി

 

Tuesday, March 6, 2007

കാലചക്രം

" മാപ്ലേ ..നാളെനോക്കിയാലോ?"


മൂന്ന് മാസം കൂടുമ്പോള്‍ തെങ്ങ് കയറ്റക്കാരന്‍ കുഞ്ഞന്‍ സൈദാലിക്കയുടെ പടിപ്പുരക്കരികെ നിന്ന് കുഞ്ഞന്‍ മടാകത്തികൊണ്ട് പുറം ചൊറിയും.തെങ്ങില്‍ നിന്നും കവുങ്ങുവഴി അടുത്ത തെങ്ങിലേക്കുള്ള പറക്കലില്‍ , ഒരിക്കല്‍ കുഞ്ഞന്‍റ്റെ കണക്കുതെറ്റിയതില്‍ പിന്നെ മകനായി കുഞ്ഞന്‍‌റ്റെ സ്ഥാനത്ത്.

തേങ്ങ വഴികളിലും മറ്റും വീഴാന്‍ തുടങ്ങുമ്പോള്‍ സൈദാലിക്ക കുഞ്ഞനെ തേടിയിറങ്ങും.

' ഒക്കെ വീഴാന്‍ തുടങ്ങിയല്ലോ കുഞ്ഞാ , വില കിട്ടില്ലാ..ന്നാലും..മകനോടൊന്ന് വരാന്‍ പറയൂ '
' മാപ്ലെ ..ഞാന്‍ മിഞ്ഞാന്നുകൂടി പറഞ്ഞതാണല്ലോ ...വന്നില്ലേ...?'
' എന്താ ഇത്....നിങ്ങള്‍ക്ക് മാത്രമല്ലല്ലോ പറമ്പുള്ളത്‌ .ഒരിക്കല്‍ പറഞ്ഞാല്‍ പോരെ? ...'
' അല്ല കുട്ട്യേ..ഒക്കെ വീഴാന്‍ തുടങ്ങി..അതൊണ്ടാ .. ഞാന്‍ വീണ്ടും അച്ഛനെക്കണ്ട് വരാന്‍ പറഞ്ഞത് '
' അടുത്ത നാലഞ്ച്ചു ദിവസത്തിനു നോക്കണ്ട.....അതു കഴിഞ്ഞാല്‍ വരാന്‍ നോക്കം ..പിന്നെ അച്ഛനോടു പറഞ്ഞിട്ടൊന്നും ഒരുകാര്യവുമില്ല..വരുമ്പോള്‍ ..വരും '

മകന്‍‌റ്റെ കയര്‍ത്തുള്ള സംസാരം കണ്ട് കുഞ്ഞന്‍‌റ്റെ കണ്ണ് നിറഞ്ഞു.

' അല്ല കുഞ്ഞാ..ഈ വിലയില്ലാത്ത തേങ്ങയൊക്കെ എന്തിനാല്ലെ? '

ഒന്നിരുത്തിമൂളിയ കുഞ്ഞനോട് വിളറിച്ചിരിച്ച് സൈദാലിക്ക നടന്നു.