Sunday, August 16, 2009

അവധിക്കാലം

അങ്ങിനെ ഒരവധിക്കാലം കൂടി കഴിഞ്ഞു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപത്തൊമ്പത് ദിവസങ്ങളിലധികം നാട്ടില്‍ നില്‍ക്കാനായത് പല ചിന്തകള്‍ക്കും മാറ്റം വരുത്തി. ഓരോ തവണ ദുബായിലേക്ക് തിരികെ പോരുമ്പോഴും ഉണ്ടാവാറുള്ള വിങ്ങല്‍ ഉണ്ടാവാതിരുന്നതും അതുകൊണ്ട് തന്നെ; ചില അനുഭവങ്ങള്‍ , പാളിച്ചകളും!.

ഡ്രൈവിങ്ങ്:

ദുബായില്‍ വരുന്നതിന് മുമ്പ് തന്നെ നാട്ടില്‍ സ്ഥിരമായി ഡ്രൈവ് ചെയ്തിരുന്നതിനാല്‍ നാട്ടിലെ ശൈലി നല്ല വശമാണ്. ഇവിടെ വണ്ടി ഓടിച്ച് പരിചയിച്ചാല്‍ നാട്ടില്‍ ഓടിക്കാന്‍ സാധാരണ പലരും കഷ്ടപ്പെടാറുണ്ട് പ്രത്യേകിച്ചും നാട്ടില്‍ ആദ്യകാലത്ത് ഡ്രൈവിങ്ങ് ചെയ്യാത്തവര്‍ അതിനുള്ള പ്രധാന കാരണം സ്റ്റിയറിങ്ങിലുള്ള സ്ഥലമാറ്റം മാത്രമല്ല രണ്ടിടത്തുമുള്ള ആളുകളുടെ ഡ്രൈവിങ്ങ് രീതിതന്നെയാണ്.

ദുബായില്‍ ട്രാക്കിലൂടെ ആളുകള്‍ കാറോടിക്കുമ്പോള്‍ നാട്ടില്‍ കാര്‍ ആളുകള്‍ ട്രാക്കിലൂടെ ഓടിക്കുന്നു. ഈ വ്യത്യാസം ഡ്രൈവിങ്ങ് ഒരു 'ജോലി'യാക്കുന്നു. ദിവസേന നൂറ്റമ്പത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് ഡ്രൈവ് ചെയ്ത് ജോലിക്ക് പോകുന്ന എനിക്ക് നാട്ടില്‍ അമ്പത് കിലോമീറ്റര്‍ ഡ്രൈവ് ചെയ്താല്‍ നാല് മണിക്കൂര്‍ വിശ്രമം വേണ്ടിവരുന്നു, മാനസിക സംഘര്‍ഷം വേറേയും.

ഇളനീര്‍:

വീണ തേങ്ങകള്‍ പെറുക്കുന്നതിനിടെ അടുത്ത തെങ്ങില്‍ കയറാന്‍ തയ്യാറെടുക്കുന്ന കുഞ്ഞനെ ഇടങ്കണ്ണിലൂടെ ഞാന്‍ നോക്കും, സ്വല്‍‌പ്പം തേങ്ങയുള്ള ഇളനീരാണ് എന്റെ നോട്ടത്തിന്റെ ലക്ഷ്യമെന്നറിയുന്നതിനാല്‍ നെറ്റിയില്‍ കൈകൊണ്ട് സൂര്യനെ മറച്ച് മുകളിലേക്ക് നോക്കി കുഞ്ഞന്‍ ഒന്നിരുത്തിമൂളും ' നോക്കട്ടെ കുട്ട്യേ ണ്ടെങ്കി ഇടാം '.

ഇട്ടാലും മുഴുവന്‍ പെറുക്കി കൂട്ടിയാലെ കുഞ്ഞന് ഇളനീര്‍ വെട്ടിത്തരാന്‍ അനുവാദമുള്ളുവെങ്കിലും, തേങ്ങാകൂട്ടത്തില്‍ നിന്നും കുറച്ചകലെക്ക് മാറ്റിവെച്ച ഇളനീര്‍ തേങ്ങകളെ നോക്കുമ്പോള്‍ പെറുക്കലിനാക്കം കൂടും. എല്ലാം പെറുക്കികൂട്ടിയതിന് ശേഷം വെട്ടിയ ഇളനീരില്‍ നിന്നും ഒരു തുള്ളി നിലത്തുകളയാതെ കുടിക്കുന്നത് വല്ലാത്ത അനുഭവമായിരുന്നു വിയര്‍പ്പിന്റെ കൂലിയായതിനാലാവാം.

സ്വന്തമാക്കിയ തറവാട്ട് പറമ്പിന്റെ നടുവില്‍ നിന്ന് 'ഇളനീരുണ്ടാവുമോ?' എന്ന ചോദ്യം മുഴുമിക്കുന്നതിന് മുമ്പെ തെങ്ങിന്റെ പകുതിയിലെത്തിയ മോഹനന്‍ താഴെ ഇട്ടത് നാല്‍ണ്ണം. വെട്ടിമിനുക്കിയതിന് ശേഷം കുടിക്കാനായി കയ്യില്‍ തന്നിട്ടും കുടിക്കുമ്പോള്‍ വശങ്ങളിലൂടെ താഴേക്കും വീഴുന്നുണ്ടായിരുന്നു. ഇളനീരിന് മധുരം കുറഞ്ഞിട്ടാണോ അതോ തോന്നാത്തതിനാലാണോ എന്തെന്നറിയില്ല പഴയ അനുഭവമേ ഉണ്ടായിരുന്നില്ല.

മീന്‍ പിടുത്തം:

ഇഷ്ടങ്ങളില്‍ ഒന്നാണ് മീന്‍ പിടുത്തമെങ്കിലും കയ്യില്‍ കിട്ടിയ മീനിനെ തിന്നാന്‍ പണ്ടും ഇഷ്ടമല്ല.മീനിനുള്ള ഇരയായി മണ്ണിരയെയോ മണ്ണട്ട എന്ന ചെറു പ്രണിയെ കോര്‍ക്കാനും പണ്ട് വലിയ വിഷമമുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ ഇര കോര്‍ക്കാനായി മറ്റുള്ളവരുടെ സഹായം തേടുന്നതുകണ്ടപ്പോള്‍ ഉമ്മക്ക് തമാശ, ' പറ്റാത്ത പണിക്ക് പോണോ? ' ഒപ്പം പരിഹാസവും.ഇതെല്ലാം ഒഴിവക്കാനായാണിത്തവണ ദുബായില്‍ നിന്നും പ്ലാസ്റ്റിക് ഇരകള്‍ കോര്‍ത്ത ചൂണ്ടക്കൊളുത്തും കൊണ്ടുപോയത്.

ബുദ്ധി അധികമായതിനാലാണോ എന്തോ ഒറ്റ മീനുകളും എന്റെ ചൂണ്ടയെ കണ്ട ഭാവം നടിച്ചില്ല. ഒരു ചെറു പരല്‍ മീന്‍ പോലും കിട്ടാതെ തറവാട്ടുകുളത്തില്‍ നിന്നും ഞാന്‍ പിന്‍‍‌വാങ്ങി. ചിറക്കലിലെ പുഴയിലും ഇതുതന്നെ സംഭവിച്ചു. കഴിഞ്ഞ തവണ സാധിക്കാതിരുന്ന ബോട്ട് സവാരിയില്‍ അവസാനം മീനുകള്‍ സഹകരിച്ചു , പുതിയ ഇരയെയും കണ്ടെത്തി ചേറിയ തോതില്‍ വെള്ളം ചേര്‍ത്ത മൈത.ബോട്ട് യാത്ര നല്ല അനുഭവമായിരുന്നു എന്നാല്‍ ആലപ്പുഴയിലെ കൊതുകള്‍ക്ക് എന്നെ ഒഴിവാക്കാന്‍ മനസ്സുവന്നില്ല അതുകൊണ്ട് തന്നെ ഉറക്കം തഥൈവ.

നവരസങ്ങള്‍:

താമസം തൃശ്ശൂരാണെങ്കിലും ഇടവിട്ട് നാട്ടില്‍ പോകാറുണ്ടായിരുന്നു. റോടിന്റെ വശത്തൂടെ തല കുമ്പിട്ട്, കൂന്ന് നടക്കുന്ന ആളെ പിന്നില്‍ നിന്നേ മനസ്സിലായി, കുഞ്ഞന്‍. കറ് നിറുത്തി നീട്ടി വിളിച്ചു. എന്തൊക്കെയുണ്ടെന്ന എന്റെ ചോദ്യത്തെ ഗൗനിക്കാതെ അടുത്തിരുന്ന രണ്ട് ദിവസം മുമ്പെ നാട്ടിലെത്തിയ ഇക്കയുടെ മകനോടായി കുഞ്ഞന്റെ കുശലം.

' എന്താ കുഞ്ഞാ എന്നെ മനസ്സിലായില്ലെ?' എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി ' കണ്ടിട്ടുണ്ട് ശെരിക്കും മനസ്സിലായില്ലാട്ടോ' എന്ന മറുപടികേട്ടപ്പോള്‍ ഇക്കയുടെ മകന്‍ മുന്നോട്ടാഞ്ഞു.' കുഞ്ഞാ ഇതിളേപ്പയാണ് '.കേള്‍ക്കേണ്ട താമസം കുഞ്ഞന്‍റ്റെ മുഖത്ത് നവരസങ്ങള്‍ വിരിഞ്ഞു, ഇരുപത്തഞ്ച് വര്‍ഷങ്ങളായിരിക്കാം കുഞ്ഞന്റെ മുഖത്തൂടെ കടന്നുപോയത്.

ആഘോഷിക്കുന്നവര്‍:

മാധ്യമ വര്‍ഗ്ഗത്തിന്റെ ആഘോഷം ഞെട്ടിച്ചില്ലെങ്കിലും അവഞ്ജ തോന്നിപ്പിച്ചു. മുരളി, രാജന്‍ പി. ദേവ്, ലോഹിത ദാസ്, H1N1 അങ്ങിനെ ആഘോഷങ്ങളുടെ ഒരു സുവര്‍ണ്ണകാലമായിരുന്നു.പറയാതെ വയ്യ ഇതില്‍ പങ്കെടുക്കാനാവാതെ പോയത് മറ്റാരുമല്ല നടി കാവ്യമാധവന്‍ തന്നെയായിരുന്നു പിന്നെ മറ്റ് ചിലരും!.

നഷ്ടം:

ഓരോ തവണ നാട്ടില്‍ പോകുമ്പോളും ചില കസേരകള്‍ ഒഴിഞ്ഞുകിടക്കറുണ്ട്. ഒഴിഞ്ഞ കസേരകള്‍ കാണുന്ന സമയത്തുണ്ടാകുന്ന വേദന താത്കാലികമായിരിക്കുകയും ചെയ്യും. എന്നാല്‍ മനസ്സില്‍ പ്രതിഷ്ടിച്ച കസേരകള്‍ ഒഴിഞ്ഞുകാണുന്നത് തീരാ വേദനയാണ്. ഉമ്മയെ കണ്ട് കഴിഞ്ഞാല്‍ പിന്നീടുള്ളത് തൊട്ട് പിന്നിലുള്ള കുട്ടന്‍ നായരെയാണ്. പൂമുഖത്ത് കസേരയിലിരുന്ന് കാലുകള്‍ മുന്നിലേക്ക് നീട്ടിവെച്ചിരിക്കുന്ന അദ്ദേഹം ഇനിയില്ല.

സിനിമ:

മിക്കതും കണ്ടു, നല്ല സിനിമകള്‍ ഒരു സ്വപ്നം തന്നെയാണെന്ന് ബോധ്യമായി.

ചെറായി:

മനസ്സില്‍ നിന്ന് ചിലരെ പറിച്ചെറിയാനും, പുറത്തായിരുന്ന ചിലരെ മനസ്സിലേക്ക് കുടിയിരുത്താനും സഹായമായ ഒരനുഭവം. അനര്‍ഹരായ ചിലര്‍ക്ക് കുറച്ചുകാലം കൊടുത്ത ബഹുമാനം ഇനി കൊടുക്കേണ്ടെന്നത് സന്തോഷമല്ല ഉണ്ടാക്കുന്നത് ദുഖമാണ്.ഇത്രയും കാലം കൊടുത്തത് വെറുതെയായല്ലോ എന്ന ചിന്തയല്ല മറിച്ച് ' എന്തിനേയും ചെമ്പെന്ന് കരുതണം' എന്ന ഉമ്മയുടെ പ്രമാണം വീണ്ടും തെറ്റുന്നല്ലോ എന്നതുതന്നെ!.

Labels:

26 Comments:

Blogger തറവാടി said...

ദുബായില്‍ ട്രാക്കിലൂടെ ആളുകള്‍ കാറോടിക്കുമ്പോള്‍ നാട്ടില്‍ കാര്‍ ആളുകള്‍ ട്രാക്കിലൂടെ ഓടിക്കുന്നു.

August 16, 2009 at 5:12 PM  
Blogger Faizal Kondotty said...

വിവരണം നന്നായി .

.പക്ഷെ ചെറായി പരാമര്‍ശം വേണ്ടിയിരുന്നോ ? പുതിയ വിവാദങ്ങള്‍്ക്കാണോ ? :)

August 16, 2009 at 5:47 PM  
Blogger ചാണക്യന്‍ said...

അവധിക്കാല അനുഭവ വിവരണം നന്നായി....

August 16, 2009 at 5:51 PM  
Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

"സിനിമ:

മിക്കതും കണ്ടു, നല്ല സിനിമകള്‍ ഒരു സ്വപ്നം തന്നെയാണെന്ന് ബോധ്യമായി."

August 16, 2009 at 5:57 PM  
Blogger Siraj Ksd said...

നല്ല നല്ല അനുഭവങ്ങൽ
നാട്ടിൽ പോകാൻ തോന്നുന്നു........

August 16, 2009 at 6:51 PM  
Blogger ramanika said...

ഒരവധിക്കാലം കൂടി കഴിഞ്ഞു
തിരികെ കൊണ്ടുപോകാന്‍ കാര്യമായ ഒന്നും കിട്ടിയില്ല അല്ലെ?

August 16, 2009 at 7:17 PM  
Blogger കണ്ണനുണ്ണി said...

കാലത്തിനെ പിന്നോട്ട് നീക്കാന്‍ വെമ്പുന്ന മനസ്സ് വാക്കുകളില്‍ കാണാം.
പന്ത്രണ്ടു വര്‍ഷത്തെ ദുബായ് ജീവിതം... കുടുംബത്തിന്റെയും അടുത്ത തലമുറയുടെയും നാളെകള്‍ സുരക്ഷിതമാക്കിയപ്പോള്‍... മാഷിന് ഇന്നലെകള്‍ കുറെ ഒക്കെ നഷ്ടമായി അല്ലെ :(

August 16, 2009 at 8:05 PM  
Blogger കരീം മാഷ്‌ said...

നന്നായി
നാടും വിദേശവും തരതമ്യം നന്നായി.
ചെറായിയില്‍ തറവാടിയും വല്യമ്മായിയും പങ്കെടുക്കുന്നു എന്നു കേട്ടപ്പോള്‍ ഒരു കുറിപ്പു പ്രതീക്ഷിച്ചിരുന്നു.

August 16, 2009 at 8:10 PM  
Blogger yousufpa said...

:)

August 16, 2009 at 9:10 PM  
Blogger smitha adharsh said...

മനസ്സിലാക്കാന്‍ കഴിയുന്നു..ഈ അവധിക്കാലത്തെ..മിക്കതും,ഞാനും അനുഭവിച്ചറിഞ്ഞത്..
നല്ല ഓര്‍മ്മകള്‍.

August 16, 2009 at 9:59 PM  
Blogger Sabu Kottotty said...

ചെറായി പരാമര്‍ശം ഒഴിവാക്കാമായിരുന്നു...
എല്ലാം തെറ്റിദ്ധാരണയുടെ പുറത്തല്ലേ...

August 16, 2009 at 11:20 PM  
Blogger മാണിക്യം said...

തറവാടി,
മനോഹരമായ അവതരണം .
പണ്ട് നിഷ്പ്പ്രയസം ചെയ്ത പലകാര്യങ്ങളും
ഇന്ന് അസാധ്യമാവുന്നു എന്ന്
ഇളനീരൊഴുക്കിലൂടെ വളരെ ഹൃദ്യമായി പറഞ്ഞു...

ഒരവധികാലത്തിനുള്ള
ഒരുക്കത്തിലാണു ഞാന്‍
മൂന്നരകൊല്ലമായി തെങ്ങില്‍ തലപ്പുകള്‍ക്കു
മുകളിലൂടെ ഒന്നു പറന്നിറങ്ങിയിട്ട്...

ചെറിയ ചെറിയ സ്വപ്നങ്ങള്‍ അവ
ഫലിക്കുമ്പോഴും പൊലിയുമ്പോഴും
മനസ്സില്‍ വടുക്കളാവുന്നു.. ..
ആ മുറിപ്പാടില്‍ നോക്കി
ഇനിയുമൊരവധിക്കാലം
വരെ തള്ളി നീക്കുമ്പോഴും
താലോലിക്കാന്‍ കുറെ പഴയോര്‍‌മ്മകള്‍....

അഭിനന്ദനം ....
ഇന്ന് ചിങ്ങം ഒന്ന്
പുതുവര്‍ഷാശം‌സകളോടെ
മാണിക്യം‌

August 17, 2009 at 4:51 AM  
Blogger ഹരീഷ് തൊടുപുഴ said...

അപ്പോൾ തിരിച്ചു പോയി അല്ലേ..

August 17, 2009 at 5:51 AM  
Blogger പാവപ്പെട്ടവൻ said...

എന്തിനു അവധികാലങ്ങള്‍ ഇങ്ങനെ നീണ്ടു പോകുന്നു വര്‍ഷത്തില്‍ ഒരു യാത്ര

August 17, 2009 at 7:49 AM  
Blogger ബീരാന്‍ കുട്ടി said...

ഭായി,

നല്ല ചിന്തകള്‍, ഒപ്പം നൊമ്പരവും. ദിവസങ്ങള്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും വഴിമാറുമ്പോള്‍, കൊഴിഞ്ഞ്‌പോകുന്നത് വെറും സ്വപ്നം മാത്രമല്ലെന്ന തിരിച്ചറിവ്, വെറുതെയെങ്കിലും ആശിച്ച്‌പോവുന്നു, ചെമ്മണ്‍ പാതയിലൂടെയുള്ള ഒരു തിരിച്ച്‌ നടത്തം.

ഭായീടെ ഈ എഴുത്ത്, ഇത്തിരി സമയത്തെകെങ്കിലും എന്നെ നാട്ടിലെത്തിച്ചൂ ട്ടോ.

August 17, 2009 at 12:13 PM  
Blogger സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തറവാടി....

അപ്പോൾ തിരിച്ച് പോയി അല്ലേ?

നിങ്ങളെയൊക്കെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം..ഇനി ഒരു പക്ഷേ എല്ലാം ഇതു പോലെ ഒത്തുവന്നില്ല എന്നും വരം.എങ്കിലും ആ പുഞ്ചിരിക്കുന്ന മുഖം എന്റെ മനസ്സിൽ എന്നും ഉണ്ടാവും, എല്ലാ അഭിപ്രായ/ആശയ വ്യത്യാസങ്ങൾ‌ക്കിടയിലും...

നല്ല പോസ്റ്റ്..

August 17, 2009 at 11:30 PM  
Blogger തറവാടി said...

ഫൈസല്‍,

മനസ്സില്‍ വരുന്നതല്ലെ എഴുതാനാവൂ, വായനക്കാരുടെ ആഗ്രഹം ശ്രദ്ധിക്കാറില്ല, വിവാദം ഉണ്ടാക്കാനായി ഒന്നും എഴുതാറില്ല, നന്ദി :)

ചാണക്യന്‍, വഴിപോക്കന്‍ , സിറാജ് നന്ദി :)

രമണിക ,
അങ്ങിനെയല്ല തിരികെ കുറെ സാധനങ്ങള്‍ കൊണ്ടുവന്നു , അരിപ്പോടി മുതല്‍ കോഴിക്കൊടന്‍ അലുവ വരെ :)

കണ്ണനുണ്ണീ,
ഏയ് , എല്ലാര്‍ക്കുമുള്ള നഷ്ടമേ എനിക്കും വന്നിട്ടുള്ളൂ :) , നന്ദി.


കരീം മാഷേ,
ഉവ്വ്! ഇപ്പോ തന്നെ മുകളില്‍ കണ്ടില്ലേ? ഇനി ഒരു കുറിപ്പും കൂടി ആയാല്‍! ;)

യൂസഫ്, സ്മിത ആദര്‍ശ് :) നന്ദി

കൊട്ടോട്ടിക്കാരാ,
എനിക്കൊന്നും മനസ്സിലാവുന്നില്ല! എന്ത് തെറ്റ് ധാരണ?
നേരില്‍ കാണാതെ അറിയുന്ന ആളുകളെ നേരില്‍ കാണുമ്പോള്‍ ഉള്ളില്‍ കരുതിയിരുന്നതിന് മാറ്റം വരും സ്വാഭാവികം. അതാണ് ഞാന്‍ പറഞ്ഞത് :) നന്ദി

മാണിക്യം , നന്ദി , ആസംസകള്‍ :)

ഹരീഷെ, ഉവ്വ് പോന്നു :) , നന്ദി.

പാവപ്പെട്ടവന്‍ , വര്‍ഷത്തില്‍ ഒരു മാസം അവധി അതാണ് കോണ്ട്രാക്ട് :) , നന്ദി.

ബീരാന്‍ കുട്ടി നന്ദി :)

സുനില്‍,
തീര്‍ച്ചയായും കണ്ടവരെ, സംസാരിച്ചവരെ ഒന്നും മറന്നിട്ടില്ല മറക്കില്ല.
ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ ശ്രമത്താല്‍ എതും സാധിക്കും എന്നാണെന്റെ മതം.
നേരില്‍ കാണുന്നത് ആശയങ്ങളിലെ വിസമ്മതം പ്രകടിപ്പിക്കാന്‍ ഒരിക്കലും വിലങ്ങുതടിയാവാറില്ല :)

August 18, 2009 at 10:27 AM  
Blogger Areekkodan | അരീക്കോടന്‍ said...

അവധിക്കാലം വായിച്ചു.പ്രവാസിയുടെ അവധിക്കാലത്തിന്‌ കുമിളയുടെ ആയുസേ ഉള്ളൂ എന്ന് പറയുന്നത്‌ എത്ര ശരി.പക്ഷേ വായിച്ച്‌ അവസാനം എത്തിയപ്പോള്‍ ചെറായിയെപറ്റി പറഞ്ഞത്‌ ഒരു നോവായി നില്‍ക്കുന്നു.പറിച്ചെറിയപ്പെട്ടവരില്‍ ഞാനുണ്ടോ എന്ന ഉത്‌കണ്ഠ തന്നെ കാരണം.

August 18, 2009 at 12:52 PM  
Blogger കുറുമാന്‍ said...

ഒന്നു രണ്ട് കാര്യങ്ങള്‍ ഒഴിച്ച് നിറുത്തിയാല്‍ വളരെ നല്ല ഒരു പോസ്റ്റ്. നന്ദി തറവാടി.

മൈദ നാട്ടിലെ മീനിനു പ്രിയമാണെന്ന് ഇപ്പോഴാണറിയുന്നത്. ഇനി നാട്ടില്‍ ചെന്നാല്‍ മണ്ണിരയെ തപ്പണ്ടല്ലോ.

August 18, 2009 at 1:10 PM  
Blogger വയനാടന്‍ said...

നല്ല പോസ്റ്റ്‌. ഒരുപാടോർമ്മകൾ വീണ്ടും മനസ്സിലോടിയെത്തി.
നന്ദി

August 18, 2009 at 7:17 PM  
Blogger jayanEvoor said...

നല്ല നിരീക്ഷണങ്ങള്‍ !

ലോകം ഇന്ഗ്ന്ങനെയൊക്കെ തന്നെയല്ലേ...? നമ്മളും നമ്മുടെ സാഹചര്യങ്ങളും മാറുന്നതനുസരിച്ച് അടാപ്റ്റ്‌ ചെയ്യുക അല്ലാതെ എന്ത് വഴി!?

August 23, 2009 at 5:07 PM  
Blogger പാവത്താൻ said...

ഓര്‍മ്മകളിലുദിക്കുന്ന ഇന്നലെകള്‍ക്കെന്നും ചുവപ്പും തെളിച്ചവും അല്‍പ്പം കൂടുതലുണ്ടാവും അല്ലേ?
കളിമണ്‍ കാലുകളില്‍ പൂശിയിരിക്കുന്ന കടും നിറങ്ങള്‍ കണ്ണുകളെ വഞ്ചിച്ചേക്കാം. തിരിച്ചറിയുന്നതു വരെ. ലോകം ഇങ്ങിനെയൊക്കെയാണ്...എന്നും...
നല്ല പോസ്റ്റ്.

August 23, 2009 at 9:23 PM  
Blogger സ്നേഹതീരം said...

This comment has been removed by the author.

August 26, 2009 at 4:27 PM  
Blogger സ്നേഹതീരം said...

നല്ല പോസ്റ്റ്. ഇഷ്ടമായി:)
ഇവിടെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്, എറണാകുളത്തു കൂടി ഡ്രൈവ് ചെയ്യാനറിയാവുന്നവന്, പിന്നെ ലോകത്തിന്റെ ഏത് കോണിൽ പോയാലും ഡ്രൈവിങ്ങിന്റെ കാര്യത്തിൽ പേടിക്കാനില്ലെന്ന് :)ചുമ്മാ കേട്ടുകേൾവിയാ,ട്ടോ എനിക്കു ഡ്രൈവിംഗ് അറിയില്ല :)
ഇളനീരിലെങ്ങാനും മായം? പിന്നൊരു കാര്യമുണ്ട്. ഓർമ്മകളിലെ മധുരത്തിന് എപ്പോഴും മധുരം കൂടുതലാണ് :)

നവരസത്തിൽ രൌദ്രവും പെടുമല്ലോ അല്ലേ? അതെന്തിനായിരുന്നു എന്നു കൂടി പറയാമായിരുന്നു :)
പോസ്റ്റ് വായിച്ചപ്പോ ഒത്തിരി ഇഷ്ടമായി. അതാ ഇങ്ങനൊക്കെ എഴുതിയത്.

ആശംസകൾ

August 26, 2009 at 4:30 PM  
Blogger തറവാടി said...

സ്നേഹതീരം,
കുറെ വ്യത്യസ്ഥ ഭാവങ്ങള്‍ എന്നെ ഉദ്ദേശിച്ചുള്ളൂ :)

August 26, 2009 at 5:25 PM  
Blogger Arunanand T A said...

Great one! Especially, "the empty chairs".

January 23, 2010 at 4:55 PM  

Post a Comment

Subscribe to Post Comments [Atom]

<< Home