Monday, March 30, 2009

കല്യാണം‌ ഒരോര്‍മ്മ

ഉറക്കെയുള്ള പാട്ടുകേട്ടപ്പോഴാണ്‌ ,ഹംസയുടെ ഇക്ക കുഞ്ഞുട്ടിയുടെ കല്യാണം നാളെയാണല്ലോ എന്ന കാര്യം ഓര്‍ത്തത്‌.അയല്‍വാസിയായ കുട്ടുക്കയുടെ മൂത്ത മകനാണ്‌ കുഞ്ഞുട്ടി.കോട്ടയത്ത്‌ ജോലി ചെയ്യുന്ന അയാള്‍ മാസത്തിലൊരിക്കല്‍ ലീവിന്‌ വരുമ്പോള്‍ പൊരിയുണ്ടയുടെയും നുറുക്കിന്‍റ്റേയും പൊതികള്‍ എനിക്കും കൊണ്ടുവന്നു തരുമായിരുന്നു.

ഞങ്ങളുടെ പറമ്പിന്‍റ്റെ അതിരിലുള്ള തെങ്ങില്‍ "കോളാംബി മൈക്ക്" കെട്ടിയിരിക്കുന്നതിനാല്‍ വലിയ ശബ്ദത്തോടെയാണ്‍ പാട്ട്‌ കേള്‍ക്കുന്നത്‌. മൈക്കിലേക്കു പോകുന്ന കറുത്ത നിറത്തിലുള്ള വയര്‍ തൂങ്ങിയാടുന്നതു ദൂരെനിന്നും കണാന്‍ പറ്റുന്നുണ്ട്‌, മൈക്കിനുള്ളില്‍‌ വെള്ള നിറത്തിലെഴുതിയിരിക്കുന്നത്‌ 'റഷീദ്‌ മൈക്‌ ആന്‍ഡ്‌ സൌണ്ട്‌' ആണെന്നത്‌ , പാട്ട്‌ വെക്കുന്ന ആളുടെ മുന്നിലുണ്ടായിരുന്ന പെട്ടികളില്‍ എഴുതിയതു കണ്ട്‌ മനസ്സിലാക്കി.

പന്തലിനുള്ളില്‍ തുണികൊണ്ടലങ്കാരപ്പണി ചെയ്യുന്ന മണിയേട്ടനെ സൂചികള്‍ എടുത്ത്‌ കൊടുത്ത്‌ സഹായിക്കുമ്പോളാണ്‌ ദൂരെ നിന്നും കുട്ടികളുടെ ബഹളം ,ബിരിയാണിക്കു വേണ്ടികുട്ടുക്കയുടെ അളിയന്‍ കൊണ്ടുവരുന്ന മൂരികുട്ടന്‍റ്റെ പിന്നില്‍ വരുന്ന കുട്ടികളാണ്‌ ബഹളം വെക്കുന്നത്‌. പറമ്പിലോടിക്കളിക്കുന്ന കുട്ടികള്‍ ഇടക്ക്‌ കെട്ടിയിട്ട മൂരിക്കുട്ടിയെ ഓലകഷ്ണങ്ങള്‍ കൊണ്ടും ചെറിയ വടികള്‍ കൊണ്ടും ശുണ്ഡി പിടിപ്പിക്കുന്നതു കണ്ട്‌ കുട്ടുക്കയുടെ ശകാരത്താലോടിയ പലരും വിളിച്ചു പറഞ്ഞു ,

"ഇന്ന്‌ രാത്രിയാടാ അന്‍റ്റെ അവസാനം"

പന്തലിനുള്ളിലെ തുണികള്‍ കൊണ്ടുള്ള അലങ്കാരപ്പണികള്‍‌ ഏകദേശം കഴിഞ്ഞു , അപ്പോഴാണ്‌ ബാലന്‍ ഈന്തപ്പനയുടെ ഓലകളുമായി വന്നത്‌ , പന്തലിന്‍റ്റെ മുന്നിലുള്ള തൂണുകളെ അലങ്കരിക്കാന്‍‌ പോയ മണിയേട്ടനൊപ്പം അപ്പുവും കൂടി.ഓലയുടെ ഓരോ ഇതളുകളും ശ്രദ്ധയോടെ പുറത്തേക്കു തള്ളിവെപ്പിക്കുന്നതിനിടെ പൊട്ടിപ്പോകുന്ന ഇലത്തുമ്പുകള്‍ കണ്ട്‌ മണിയേട്ടന്‍ അപ്പുവിനെ ശകാരിക്കുന്നുണ്ട്‌. ഇടക്കെപ്പോഴോ , അവറാനിക്കയാണ്‌ പുറത്തുനിന്നും കൈകൊണ്ട്‌ സൂര്യനെമറച്ചു നോക്കി പറഞ്ഞത്‌ ,

"കുട്ട്യേ , മഴണ്ടാകാന്‍ വഴീണ്ട്ട്ടാ , ഓലോടൊരു ടാര്‍പ്പായ കൊണ്ട്രാന്‍ പറ"

ഓലപ്പന്തലിനു മുകളില്‍ താമസിയാതെ റ്റാര്‍ പായ വിരിഞ്ഞു , എല്ലാ ഭാഗത്തുനിന്നും വരിഞ്ഞു കെട്ടിയെങ്കിലും മിക്ക സ്ഥലത്തും ഈ കയറുകള്‍ വഴിമുടക്കിയായി നില്‍ക്കുന്നതു കണ്ട്‌ , 'ആവശ്യമെങ്കില്‍ പോരെ' എന്നും പറഞ്ഞു ചിലതെല്ലാം അഴിച്ചിട്ടു. പറമ്പില്‍ നിന്നും കളി കഴിഞ്ഞെത്തിയ കുട്ടികള്‍ പലരും റഷീദ്‌ ആന്‍ഡ്‌ സൌണ്ട്‌ ഓപ്പറേറ്ററുടെ ചുറ്റിലുമിരുന്നു.വയസ്സില്‍ കുറച്ചു മൂത്ത അബൂട്ടി , ചിലപ്പോഴൊക്കെ ഓപെറേറ്ററോട്‌ സംസാരിക്കുന്നതു കണ്ട്‌ , പലരും അസൂയയോടെ അബൂട്ടിയെ നോക്കുന്നുണ്ടായിരുന്നു.ഇടക്ക്‌ ആം‌ബ്ലിഫയറിന്‍‌റ്റെ റെഗുലേറ്ററില്‍ തിരിക്കുന്ന ഓപ്പറേറ്ററെ സുബൈദയും , കുട്ടുക്കയുടെ ബന്ധത്തില്‍ നിന്നും വന്ന പെണ്‍കുട്ടികളും വളരെ ബഹുമാനത്തോടെയും ആരാധനയൊടേയും ജനലിലൂടെ എത്തിനോക്കുന്നത്‌ കാണാമായിരുന്നു.

കല്യാണക്കുറിക്കുള്ള ആളുകള്‍ വന്നു തുടങ്ങിയിരിക്കുന്നു ,മേശയും കസേരയും ഇട്ട്‌ കൊച്ചുണ്ണിനായര്‍ പന്തലിണ്റ്റെ മുന്നില്‍ ഒരു വശത്തായിതന്നെ ഇരിപ്പുറപ്പിച്ചു.മുന്നിലെ മേശപ്പുറത്തിരിക്കുന്ന രണ്ടു പാത്രങ്ങളിലായി സിസ്സേര്‍സിന്‍‌റ്റെ പാകറ്റും ,വെറ്റില , ചുണ്ണാമ്പ്‌ , പൊകല ഇത്ത്യാദി സാധനങ്ങളും വെച്ചിട്ടുണ്ട്‌. ഇടക്ക്‌ ഓടിവരുന്ന കുട്ടുക്ക എല്ലാവരോടും ആവശ്യങ്ങള്‍ തിരക്കുന്നതിനിടെ ഒരു കട്ടിയുള്ള നോട്ടു പുസ്തകം കൊച്ചുവേട്ടന്‌ കൊടുക്കുന്നതു കാണ്ടു.

ഏഴു മണിയോടെ ആളുകള്‍ വന്നു തുടങ്ങി , പതിവു പോലെ അദ്യം എത്തിയത്‌ കുട്ടന്‍ നായരും മാധവേട്ടനും തന്നെ. പന്തലിനു ചുറ്റും ഒന്ന്‌ നടന്നതിനു ശേഷം , ഉള്ളിലേക്കു വന്ന്‌ , തൂണുകള്‍ ഇളക്കി ഉറപ്പുണ്ടോ എന്നും നോക്കുന്നുണ്ടായിരുന്നു. "ന്താ നായരെ അവിടെത്തന്നെ നിക്കുണ്‌ , ങ്ങട്ട്‌ വെരീന്ന്‌ " കുട്ടന്‍ നായരുടെ കയ്യില്‍ വലിച്ചു കൊണ്ടു ഉള്ളിലേക്കു നടന്നു.

"അല്ല കൊച്ചുണ്ണ്യേ , നീയ്യിപ്പോ ഇതൊരു പതിവാക്ക്യ? , അവറാന്‍റ്റേട്ത്തും നീയ്യല്ലെ ഇരുന്നത്‌"
"കുട്ടേട്ടാ , ഇതിനും വേണം ഒരു ഭാഗ്യം "

കൂട്ടച്ചിരിയുടെ ഇടയില്‍ കയ്യിലെ നോട്ടുകള്‍ കുട്ടന്‍ നായരും , മാധവട്ടനും കൊച്ചുണ്ണിക്ക്‌ കൊടുക്കുമ്പോള്‍ , കുട്ടുക്ക അടുത്ത ഭാഗത്തേക്ക്‌ നീങ്ങി , ചന്ദ്രന്‍റ്റെ പുട്ടും പപ്പടവും ചായയും വെച്ചിരിക്കുന്നിടത്തേക്ക്‌. നാട്ടിലെ മിക്ക അളുകളും കൂട്ടത്തോടെ ഇരുന്നു സംസാരിക്കുന്നതിനിടയില്‍ കുട്ടിക്കയും പലപ്പോഴും കൂടുന്നുണ്ട്‌. പത്തുമണിയൊടെ കുറിയവസാനിച്ചു, പാട്ടെല്ലാം നിര്‍ത്തി ഓരോരുത്തരായി പിരിഞ്ഞുപോയി. കൊച്ചുവേട്ടന്‍ മേശ പൂട്ടി താക്കോലും എഴുതിയ പുസ്തകവും കുട്ടിക്കയെ എല്‍പ്പിച്ചു രാവിലെ വരാമെന്നും പറഞ്ഞു പുറത്തേക്കു നടന്നു.

പലഭാഗത്തുനിന്നും കല്യാണത്തിനാളുകള്‍ വന്നു തുടങ്ങിയിരിക്കുന്നു , മദ്രസ്സയില്‍ നിന്നും ഉസ്താദും മറ്റും വന്നിട്ടുണ്ട്‌. ബിരിയാണിയുടെ മണം അടിക്കുന്നുണ്ടെവിടേയും , കുട്ടുക്ക അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്നുണ്ട്‌. പന്തലില്‍ ചായയും പലഹാരവും കഴിക്കുന്നവരെ മണിയേട്ടനും അപ്പുവും , ഹംസയും ഒക്കെ ഓടിനടന്നു വിളംബുകയും ഇടക്കു തമാശയും പറഞ്ഞു ചിരിക്കുന്നതു കാണാം.

പെട്ടെന്നുണ്ടായ നിശബ്ദത , ഖുര്‍ ആന്‍ പാരായണം ഇല്ലാതാക്കി ,തലയില്‍ ചെറിയ തുണിയിട്ട്‌ , വെളുത്ത ഷര്‍ട്ടും , തുണിയും എടുത്ത്‌ കുഞ്ഞുട്ടിക്ക , കസേരയില്‍ തല താഴ്ത്തി ഇരിക്കുന്നുണ്ട്‌.ഉസ്താദിന്‍റ്റെ്‌ പ്രാര്‍ത്ഥനയില്‍ എല്ലാവരും പങ്കുകൊണ്ടു. പ്രാര്‍ത്ഥനകഴിഞ്ഞതും , ചിലര്‍ കുഞ്ഞുട്ടിക്കയുടെ കയ്യില്‍ ഒട്ടിച്ച കവറുകള്‍ കൊടുക്കുന്നതു കാണാം. അപ്പുവും മണിയേട്ടനും , ഹംസയും അബ്ദുവുമൊക്കെ ഓടിനടന്നു ബിരിയാണി വിളമ്പുമ്പോള്‍ , കരാറിനെക്കുറിച്ച്‌ പലപ്പൊഴും അവര്‍ തമ്മില്‍ തമ്മില്‍ അവരുടെ ഭാഷയില്‍ സംസാരിക്കുന്നതു കാണാം.

കുട്ടികളെല്ലാം പോകാന്‍ തയ്യാറായെങ്കിലും‌ ,കുട്ടുക്കയുടെ അളിയന്‍ എല്ലാവരേയും തടഞ്ഞു. പിന്നീടെ ഓരോരുത്തരെ കൈകൊണ്ട്‌ തട്ടി പറഞ്ഞയക്കുന്നതു കണ്ടു., ഇനി എല്ലാരും മാറിനില്‍ക്കൂ , സ്ഥലമുണ്റ്റെങ്കില്‍ പോകാം , കുട്ടുക്കയുടെ അളിയന്‍റ്റെ നിര്‍ദ്ദേശം ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട്‌. വീടിന്‌ കുറച്ചകലെയായി പാര്‍ക്ക്‌ ചെയ്ത ബസ്സിലിരിക്കുമ്പോള്‍,മണവാളനൊപ്പം പോരാന്‍ പറ്റാത്ത കുട്ടികള്‍ പുറത്തു വൈഷമ്യത്തോടെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.

വൈകീട്ട്‌ കുഞ്ഞുട്ടിക്കയും പുതുപെണ്ണും പെണ്ണിന്‍റ്റെ വീട്ടിലേക്ക്‌ പോയതിനു പിന്നാലെ കല്യാണത്തിനു വന്ന മിക്കവരും പോയിരുന്നു , കാലിയായ പന്തല്‍ ഞങ്ങള്‍ ഇളക്കിമാറ്റുമ്പോള്‍ , കുട്ടുക്കയും അവരുടെ ഭാര്യയും കുറിമേശപ്പെട്ടി തുറന്ന്‌ നോട്ടുകളെണ്ണുന്നതു കാണാമായിരുന്നു, ഇടക്കെപ്പോഴോ അവരുടെ ഭാര്യ പറയുന്നതു കേട്ടു,

"ങ്ങളാ ബുക്ക്‌ സരിക്കും വല്ലേടത്തും വെക്കണെ അതു പോയാല്‍ എല്ലാം തെറ്റും"

Labels:

2 Comments:

Blogger ചങ്കരന്‍ said...

കോയിക്കോട്ടെത്തിയപോലെ!! കോയിപ്പാട്സില്ലെ??

March 31, 2009 at 2:04 AM  
Blogger ശ്രീ said...

കല്യാണച്ചെക്കന്‍ തന്നെ വിരുന്നുകാര്‍ കൊണ്ടു കൊടുക്കുന്ന ‘കവറുകള്‍’ അവിടെ, അവരുടെ മുന്നില്‍ തന്നെ വച്ച് പൊട്ടിച്ച് എണ്ണി, മേശപ്പുറത്ത് അടുക്കി വയ്ക്കുന്നത് കണ്ടിട്ടുണ്ട്, ഒരിയ്ക്കല്‍...

March 31, 2009 at 5:00 AM  

Post a Comment

Subscribe to Post Comments [Atom]

<< Home