Saturday, February 28, 2009

കാളിദാസന്‍.

തടി വളരെ കുറഞ്ഞ കാളിദാസന് വിരലുകള്‍ക്ക് സാധാരണയേക്കാള്‍ നീളം കൂടുതലായിരുന്നതിനാല്‍ ഗോട്ടികളിക്കാന്‍ എല്ലാവര്‍ക്കും അവനെ പേടിയായിരുന്നു.നിലത്ത് വെച്ച ഗോട്ടിയുടെ അടുത്തേക്ക് അവന്‍‌റ്റെ ഗോട്ടിയെറിഞ്ഞ് ഒരു കയ്യിലെ തള്ളവിരലും നടുവിരലും നീട്ടി തൊട്ട് രണ്ട് ഗോട്ടിയും അവന്‍ സ്വന്തമാക്കും.

ഇതിനു പുറമെ ചുമരുകളിലെ കല്ലിന്‍ പൊത്തുകളില്‍ തിരുകിവെക്കുന്ന ഗോട്ടികള്‍ ഉന്നം വെച്ച് എറിഞ്ഞ് തെറിപ്പിച്ച് സ്വന്തമാക്കാനും അവന്‍ മിടുക്കനായിരുന്നു.ഗോട്ടിക്കളികളിലെ ഈ സാമര്‍ത്ഥ്യം അവനെ എണ്ണമറ്റ ഗോട്ടികളുടെ ഉടമയാക്കി.
എപ്പോഴോ നാടുവിട്ടതിനാല്‍ പിന്നീട് അപൂര്‍‌വ്വമായേ ഞാന്‍ അവനെ കണ്ടിരുന്നുള്ളൂ. പ്രവാസ ജീവിതം തുടങ്ങിയതില്‍ പിന്നെ ഞാന്‍ കണ്ടിട്ടേ ഇല്ലെന്നാണോര്‍മ്മ.കഴിഞ്ഞ തവണ ഒഴിവ് കാലത്ത് വൈകീട്ട് ഏഴുമണിയോടെ റോടിലൂടെ പോകുമ്പോള്‍ കാളിദാസന്‍ എതിരെ!.ഇരുട്ടായിരുന്നെങ്കില്‍കൂടി ശരീരപ്രകൃതി നന്നായറിയുന്നതിനാല്‍ എനിക്ക് തെറ്റിയില്ല.
' എന്തുണ്ട് ദാസാ വിശേഷങ്ങള്‍? '

ഒന്നും മിണ്ടാതെ നിന്നപ്പോള്‍ ഞാനടുത്തേക്ക് വീണ്ടും നീങ്ങിനിന്നു , ആടിയാടി അവന്‍ എന്നെത്തന്നെ നോക്കിനിന്നു.പിന്നാലെവന്ന ആരോ എന്നെ പിന്‍‌തിരിപ്പിച്ചു , നിങ്ങള്‍ നടന്നോ കുട്ട്യേ പ്പോ ഓനോടൊന്നും പറയാന്‍ പറ്റിയ നേരല്ല!.

ലഹരിയിലായിരുന്നവനോട് 'പിന്നെ കാണാന്നും' പറഞ്ഞ് ഞാന്‍ നടന്നു. ഇന്നലെ നാട്ടുകാരന്‍ മൊമ്മദ് വിളിച്ചു
' അറിഞ്ഞോ നമ്മടെ കാള്യാസന്‍  പോയി '. പടക്ക നിര്‍‌മ്മാണ ശാലയില്‍ അവന്‍‌റ്റെ ജീവനും.....അവന് ആദരാഞ്ജലികള്‍

12 Comments:

Anonymous Anonymous said...

ഒരു പാട്‌ നൊമ്പരപ്പെടുത്തിയ ഒരു നല്ല പോസ്റ്റ്‌.....പാവം കാളിദാസൻ....

February 28, 2009 at 9:37 AM  
Blogger kichu / കിച്ചു said...

അയ്യോ :( :(

February 28, 2009 at 10:02 AM  
Blogger അനില്‍ശ്രീ... said...

ഇടക്കിടെയുണ്ടാകുന്ന ഈ അപകടങ്ങള്‍ എന്തുകൊണ്ട് ആവര്‍ത്തിക്കുന്നു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എത്ര ജീവനുകള്‍ ആണ് പടക്കനിര്‍മ്മാണശാലകളില്‍ പൊലിയുന്നത്? എല്ലാ ജോലിയിലും അതിന്റേതായ റിസ്ക് ഉണ്ട് എന്ന് പറയുമെങ്കിലും, ഒന്നു ചിന്തിക്കാന്‍ പോലും സമയം കിട്ടാതെ മരണത്തെ ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് ഇത്തരം സ്ഫോടനങ്ങളില്‍ മരിക്കുന്നവര്‍.

ആദരാഞ്ജലികള്‍

February 28, 2009 at 10:14 AM  
Blogger Ranjith chemmad / ചെമ്മാടൻ said...

ആദരാഞ്ജലികള്‍........

February 28, 2009 at 11:22 AM  
Blogger സുല്‍ |Sul said...

ആദരാഞ്ജലികള്‍.

ഒരുകാര്യം, തറവാടിയുടെ എഴുത്തിനു നല്ല ഒതുക്കം ഇപ്പോള്‍.

-സുല്‍

February 28, 2009 at 11:55 AM  
Blogger അനില്‍@ബ്ലോഗ് // anil said...

ഹയ്യൊ കഷ്ടം .
എത്രയായാലും ജനം പഠിക്കില്ല.

ആലൂര്‍ പൊട്ടിത്തെറി മറന്നുകാണില്ലല്ലോ അല്ലെ?

February 28, 2009 at 7:31 PM  
Blogger Patchikutty said...

touching... eventhough very short note.

March 6, 2009 at 9:54 PM  
Blogger സെറീന said...

അന്ന് അവനോടു പറയാന്‍ പറ്റാതെ
പോയ വാക്കെന്താവും?
നൊന്തു..

March 16, 2009 at 6:56 AM  
Blogger വീകെ said...

തന്റെ കൂടെയുള്ളവർക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും നന്നായി കൊടുക്കണമെന്ന ചിന്തക്കപ്പുറം, അതിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവാനാണെങ്കിലും മറ്റൊരു വഴിയില്ലെങ്കിൽ.....

ഇരുപതും മുപ്പതും അതിൽ കൂടുതലും നിലകളുള്ള കെട്ടിടങ്ങളുടെ പുറത്തെ ഗ്ലാസുകൾ തുടക്കാനായി തൂക്കിയിട്ട ഊഞ്ഞാലിൽ നിന്നു ജോലി ചെയ്യുന്ന കാഴ്ച ഒരു ചങ്കിടിപ്പോടെയല്ലാതെ നോക്കി നിൽക്കാനാവില്ല. എന്തിന് എന്ന് ചിന്തിച്ചേക്കാം...എന്താണ് ഉത്തരം...?

March 21, 2009 at 3:58 PM  
Blogger ശ്രീഇടമൺ said...

ആദരാഞ്ജലികള്‍.....

March 24, 2009 at 11:48 AM  
Blogger ശ്രീ said...

ആദരാഞ്ജലികള്‍

March 25, 2009 at 5:15 AM  
Blogger സതി മേനോന്‍ said...

നല്ല കഥ

എത്രയോ കാളിദാസന്‍ മാര്‍ അങ്ങനെ

September 24, 2009 at 1:55 PM  

Post a Comment

Subscribe to Post Comments [Atom]

<< Home