Tuesday, February 26, 2008

യുദ്ധം

ദുബായ്‌ സിറ്റിക്ക്‌ പുറത്തൂടെയുള്ള ഒരു യാത്ര.ടി. ജങ്ക്ഷനില്‍ എത്തിയ എന്‍‌റ്റെ മുന്നിലുള്ള കാര്‍ എതിര്‍ വശത്തുനിന്നും വന്ന കാറിന് പോകാനായി നിര്‍ത്തിയിട്ടു.മുമ്പിലുള്ള കാറും , എതിര്‍ വശത്തുവന്നുനിന്ന കാറും ആരെടുക്കും ആദ്യം എന്ന തീരുമാനം ഉറപ്പിക്കുന്നതിനുമുമ്പെ രണ്ടും ഒരുമിച്ചെടുക്കയും മോശമല്ലാത്ത ഇടിയില്‍ കലാശിക്കുകയും ചെയ്തു.രണ്ടു കാറില്‍ നിന്നും ഓടിച്ചിരുന്നവര്‍ പുറത്തിറങ്ങി , രണ്ടാളും അറബി വേഷധാരികള്‍.

ആദ്യത്തെയാള്‍ : ' അസ്സലാമു അലൈക്കും , എന്തെങ്കിലും പറ്റിയോ ?
രണ്ടാമത്തെയാള്‍ : ' വ അലൈകുമുസ്സലാം വ റഹ്മത്തുല്ലാ ,അല്‍ ഹംദുലില്ല , ഒന്നും പറ്റിയില്ല ?'
ആദ്യത്തെ ആള്‍ : ' അല്‍ ഹംദുലില്ലാ , നിനക്ക്‌ സുഖം തന്നെയല്ലെ ? '
രണ്ടാമത്തെയാള്‍ : ' അല്‍ ഹംദുലില്ലാ , എല്ലാം ഐശ്വര്യം തന്നെ , നിന്‍‌റ്റെ കുട്ടികള്‍ക്ക്‌ സുഖമല്ലെ ? '

പിന്നേയും എന്തൊക്കെയോ കുശലാന്വേഷണത്തിനു ശേഷം രണ്ടുപേരും അവരവരുടെ കാറുകള്‍ക്ക് പറ്റിയ പരിക്കുകള്‍ നോക്കി തിരിച്ചു വന്നു.

അദ്യത്തെയാള്‍ : ' നിനക്ക് തലയില്‍ തലച്ചോറില്ലെ ഞാന്‍ കാര്‍ എടുത്തത് നീ കണ്ടില്ലെ? '
രണ്ടാമത്തെയാള്‍ : ' നിന്‍‌റ്റെ തലയിലാണില്ലത്തത് , നീ കണ്ടില്ലെ ഞാന്‍ എടുത്തത് ,തെറ്റ് നിന്‍‌റ്റെയാണ് '

അപ്പോഴേക്കും പോലീസ് വാഹനം വന്നു,

' അസ്സലാമു അലൈക്കും '

രണ്ടുപേരും ഒരുമിച്ച് പോലീസുകാരനെ നോക്കി , ' വ അലൈകുമുസ്സലാം വ റഹ്മത്തുല്ല '
പോലീസുകാരന്‍ രണ്ടുപേര്‍ക്കും ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നു ,പിന്നീട് കാറുകളുടെ കിടപ്പും കേടുപാടുകളും നോക്കി തിട്ടപ്പെടുത്തി തെറ്റു ആരുടെ പക്ഷത്താണെന്ന് നിഗമനത്തിലെത്തുന്നു.
തെറ്റു ചെയ്തവന് ചുവന്ന പേപ്പറും മറ്റേയാള്‍ക്ക് പച്ചയും കൊടുക്കുന്നു , രണ്ടുപേര്‍ക്കും കൈ കൊടുത്ത ശേഷം പോലീസുകാരന്‍ തിരിച്ചു പോകുന്നു.

പോലീസുകാരന്‍ പോയതിനു ശേഷം രണ്ടുപേരും ഷേക് ഹാന്‍‌ഡ് ചെയ്യുന്നു ചിരിക്കുന്നു അവരവരുടെ കാറുകളില്‍ കയറുന്നു. കൈകൊണ്ട്‌ വീശിപിരിയുമ്പൊള്‍ ആദ്യത്തെ ആള്‍ വിളിച്ചു പറയുന്നു ,

'അസ്സലാമു അലൈക്കും ' കേട്ട ഉടന്‍ മറ്റേയാള്‍ പറയുന്നു :
'വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ല '
*********************
അസ്സലാമു അലൈക്കും : നിനക്ക് സമാധാനമുണ്ടാവട്ടെ.
വ അലൈകുമുസ്സലാം വ റഹ്മത്തുല്ല : നിനക്ക് സമാധാനവും ഐശ്വര്യവുമുണ്ടാവട്ടെ.
അല്‍ ഹംദുലില്ലാ : ദൈവത്തിനു സ്തുതി

*********************

Labels:

18 Comments:

Anonymous Anonymous said...

കൊള്ളാം... മിനിയാന്ന് കാലത്തു ഞാന്‍ ഓഫീസിലെക് വരുമ്പോ ഒരു സിറ്റി ടാക്സി ക്കാരന്‍ ഇടതുവശത്തൂടെ കേറി വന്നു വലതോട്ടൊരു വെട്ടിക്കല്‍... എന്റെ വണ്ടീടെ ബോനെറ്റ് പോയി അതിന്റെ ബമ്പെരില്‍ ഇടിച്ചു ... പുള്ളി ഇറങ്ങി വന്നു കന്നടയില്‍ വഴക്കു തുടങ്ങി.. ഞാന്‍ ആവുന്ന ഭാഷയിലോക്കെ പറഞ്ഞു നോക്കി അയാളാ തെറ്റു ചെയ്തത് എന്ന് .. അപ്പൊ കാണാം വഴിയേ പോകുന്ന സിറ്റി ടക്സിക്കരൊക്കെ അവിടെ നിര്ത്തി പുള്ളീടെ ഭാഗം കൂടുന്നു .. ഒടുക്കം എന്തിന് പറയുന്നു എന്റെ 500 രൂപ അത് വഴിയേ പോയി :( .... വഴക്കുണ്ടാകിയത് മിച്ചം ...

February 26, 2008 at 4:39 PM  
Anonymous Anonymous said...

ഹഹ തറവാടീ

എനിക്ക് ഭയങ്കര രസം തോന്നിയിട്ടുള്ള ഒരു സീനാണിത്.. ഞാന്‍ ന്‍പലപ്പോഴും കണ്ടിട്ടുണ്ട്.

നിങ്ങള്‍ വിവരിച്ച അതേ സംഭവം, കാറുകള്‍ തമ്മില്‍ ചെറിയ ഇടി.. രണ്ട് അറബികളും പുറത്തു വരുര്‍ന്നു.. കൈ കൊടുക്കുന്നു.. ഞാന്‍ കണ്ട കേസില്‍ അവരു തമ്മില്‍ ഉമ്മ വക്കുകയും ചെയ്തു..

അതിനു ശേഷമല്ലേശരിക്കും യുദ്ധം.. കയ്യാങ്കളിയോളമായ്യി..

ശേഷം അവരു കൈ കൊടുത്തു പിരിഞ്ഞു..

ചിരിച്ച് ഒരു പരുവമായി അന്നു!

ഇമ്മാതിരി ചെറിയ വല്ല ആക്സിഡന്റ് തൃസ്സൂരില്‍ അരിയങ്ങാടിയില്‍ വച്ചാണു ഉണ്ടാവുന്നതെന്നൊന്നു സങ്കല്പിച്ചു നോക്ക്യേ..


കാറിന്റെ ഡോര്‍ തുറന്നു വല്ലോം പറ്റിയോ എന്നു ത്റ്റിരക്കുന്നതിനു മുന്‍പ്, “കണ്ണുകണ്ടൂട്രാ ^%^*&^ മോനേ എന്നും പറഞ്ഞായിരിക്കും ഇറങ്ങുക.

സംഭവം രസിച്ചു!

February 26, 2008 at 4:50 PM  
Anonymous Anonymous said...

ഇഡിവാള്‍ ഗഡിയുടെ കമന്റിനു താഴെ എന്റെയൊരു കുഞ്ഞു കൈയ്യൊപ്പ്...!

ചീത്ത പറയുന്നതിനുമുമ്പ് കുറച്ചു മര്യാദകളൊക്കെ അറബികള്‍ കാണിക്കാറുണ്ട്. നാട്ടിലായിരുന്നെങ്കില്‍ പത്തു കൊല്ലം മുമ്പ് പോലീസ്റ്റേഷനില്‍ ചെല്ലുന്ന അനുഭവമായിരിക്കും ഫലം..

February 26, 2008 at 5:11 PM  
Anonymous Anonymous said...

നന്മ കാണാനും,അനുഭവിക്കാനും ഒരു ഭാഗ്യം വേണം. പ്രകാശം പരത്താന്‍ എല്ലാവര്‍ക്കും കഴിയട്ടെ.

ഭാവുകങ്ങള്‍.

February 26, 2008 at 5:31 PM  
Anonymous Anonymous said...

ഞാനു പലപ്പോഴും ദൃക്‌സാക്ഷിയായ സംഭവം.
അത്ഭുതം തോന്നിയിട്ടുണ്ട്.
പക്ഷെ ഇതു അറബിയും അറബിയും തമ്മിലാവുമ്പോള്‍ മാത്രം.

February 26, 2008 at 5:59 PM  
Anonymous Anonymous said...

എനിക്കു തോന്നുന്നു നമ്മുടെ രാജ്യത്തു മാത്രമേ ആളുകള്‍ ആക്സിഡന്റ് സ്പോട്ടില്‍ വഴക്കു കൂടാറുള്ളു എന്ന്.

February 26, 2008 at 8:28 PM  
Anonymous Anonymous said...

ഇതാ പറയുന്നത് തല്ലുകൂടുമ്പോഴും ഒരു മാന്യത വേണമെന്ന്.

ഇടിവാളാണ്ണോ, ഒള്ളതു തന്നെ

February 26, 2008 at 10:03 PM  
Anonymous Anonymous said...

കഴിഞ്ഞ രണ്ടുമൂന്നു തവണയായി എന്റെ വണ്ടി എവിടെ തട്ടിയാലും പോലീസുകാര്‍ക്ക് കൈ കൊടുത്ത് പിരിയാറാണു പതിവ്. ഇവിടത്തെ പോലീസുകാര്‍ക്ക് നല്ല മര്യാദയുണ്ട്.

February 26, 2008 at 10:19 PM  
Anonymous Anonymous said...

കരീം മാഷ്‌ പറഞ്ഞിതിനോട് യോജിക്കുന്നു.
അറബികള്‍ക്കിടയില്‍ മാത്രമെ ഇതു കണ്ടതായ് ഓര്‍മയുള്ളൂ. ഇതുവരെ
കണ്ടതില്‍ ഏറ്റവും മോശം ദോഹയിലെയും കുവൈറ്റിലെയും സ്വദേശികളുടെ സ്നേഹ പ്രകടനമാണ്. തുപ്പുവാനും തലയില്‍ ധരിക്കുന്ന കറുത്ത വളയങ്ങള്‍ കൊണ്ട്‌ അടിക്കാനും ഇവര്‍ക്ക്‌ മടിയില്ല. മറ്റുള്ളവര്‍ക്ക്‌ നല്ലത് വരണമെന്നാഗ്രഹിക്കുന്ന മനസ്സുണ്ടാകട്ടെ എല്ലാവര്‍ക്കും.

February 27, 2008 at 12:16 AM  
Anonymous Anonymous said...

തറവാടി, ഇത് സംഭവം സത്യം.....ദുബായിലും ഷാര്‍ജയിലും വരെ സംഭവം ഓക്കെ. എന്ത് റെസ്പെക്റ്റാ പോലീസുകാര്‍ തരുന്നത്? അനുഭവിച്ചേ തീരൂ (അയ്യോ പോലീസുകാരന്റെ റെസ്പെക്റ്റ് അനുഭവിച്ച ഒരു പോസ്റ്റ് ചെയ്ത അന്നു തന്നെ ഇതും കണ്ടു). സത്യമായും ഇന്ത്യയ്യിലും നല്ല പോലീസ് ഉണ്ട്.

പക്ഷെ ഒരിക്കല്‍ ഫുജൈറയില്‍ എനിക്ക് ഒരു പറ്റു പറ്റിയപ്പോള്‍ അവന്മാര്‍ നാട്ടിലെ പോലെ പെരുമാറാന്‍ ശ്രമിച്ചു (ലോക്കല്‍ വിവരമില്ലാത്തവര്‍ ആരോ‌)......ഞാന്‍ പോലീസിനെ വിളിച്ചപ്പോള്‍, അവര്‍ പോലീസ് വരുന്നതിനു മുന്‍പെ ഇടിച്ചവര്‍ സ്ഥലം വിട്ടു.

പോലീസ് എനിക്ക് പച്ച തന്നു, എങ്കിലും അവര്‍ കടന്നു പോയത് അക്രമമായി.

February 27, 2008 at 12:30 AM  
Anonymous Anonymous said...

അപ്പൊ എല്ല അറബികളുര് എകദേശം ഒരേ റ്റയ്പ് ആണല്ലേ

February 27, 2008 at 1:39 AM  
Anonymous Anonymous said...

നാട്ടിലാണെങ്കില്‍ ഇടിക്കണമെന്ന് നിര്‍ബന്ധമില്ല. വണ്ടി ഒന്നു ചെറുതായ്‌ സ്ലോ ആക്കിയാല്‍ എങ്ങോട്ടാട പോകുന്നെന്ന് ചോദിച്ചു തെറിവിളിക്കാന്‍ തുടങ്ങും! എന്നിട്ടൊറ്റവിടീലാ (അനുഭവസ്ഥന്‍!)

February 27, 2008 at 2:45 AM  
Anonymous Anonymous said...

ഹോ. എത്ര മാന്യരായ വഴക്കാളികള്‍...!
:)

February 27, 2008 at 7:23 AM  
Anonymous Anonymous said...

അതു ശരിയാ തറവാടിക്കാ...
ഇത്ര മന്യമായി പെരുമാറുന്ന പോലീസ് അറബിദുനിയാവിലേയുള്ളൂ...
ഒന്നു ചുമവന്ന് തുമ്മിയാല്‍ തുമ്മുന്നവന്‍ 'അല്‍ഹംദുലില്ലാഹ്'
അതു കേട്ടവന്‍ 'ഇര്‍ഹംക്കല്ലാഹ്'
അപ്പോള്‍ തുമ്മിയവന്‍ വേറെയെന്തോ പറയണം.
കേട്ടവന്‍ തിരിച്ചും എന്തോ..
അങ്ങനെ നീണ്ടുപോകുന്ന വിശേഷങ്ങള്‍....അറബിമര്യാദയിലേയുള്ളൂ...

വാഹനം കേറുവാന്‍ നേരത്തും വലിയൊരു പ്രാര്‍ത്ഥനയുണ്ട്..
ഇക്കാലത്ത് അതും പ്രാര്‍ത്ഥിച്ച് നിന്നാല്‍ വണ്ടി അതിന്റെ പാട്ടിനുപോകും... :)

February 27, 2008 at 1:21 PM  
Anonymous Anonymous said...

കേട്ടിട്ടുണ്ട് ഇതിനെക്കുറിച്ച്.

February 27, 2008 at 1:36 PM  
Anonymous Anonymous said...

"പക്ഷെ ഇതു അറബിയും അറബിയും തമ്മിലാവുമ്പോള്‍ മാത്രം". ആണോ എങ്കില്‍ പിന്നെ കാര്യമില്ല.
അതിവിടെ ആഫ്രിക്കനും ആഫ്രിക്കനും അങ്ങനെതന്നെ. "ഹൊഉസിറ്റ് മൈ ബ്രാ? (ബ്രദര്‍)" എന്നുള്ള അഭിസംബോധനയിലാണ് തുടക്കം.
സായിപ്പന്‍സാണ് ഏറ്റവും മോശം..ഇന്നാളില്‍ സ്റ്റോപ്പ് സ്ട്റീറ്റില്‍ നിര്‍ത്താതെ കയറി വന്ന ഒരു കിളവി മദാമ്മയെ ഞാനൊന്നു ഹോണടിച്ചു ഞെട്ടിച്ചു. തിരിച്ചവര് തെറിയെന്തോ പറഞ്ഞു കൊണ്ട് എന്റെ നേരെ നടുവിരല്‍ ആംഗ്യം!!! ദേഷ്യം വന്നു വണ്ടി ചവുട്ടി നിര്‍ത്തി ഞാന്‍ ചാടിയിറങ്ങിയെങ്കിലും അവര്‍ അപ്പോഴേക്കും വിട്ടു പോയി.
തിരിച്ച് വണ്ടിയില്‍ കയറിയപ്പോള്‍ ശ്രീമതി ചോദിച്ചു:
"അല്ല, അതിപ്പോ ചേട്ടന്‍ എന്തിനാ വണ്ടീന്ന് ചാടിയെറങ്ങീത്?"
അപ്ലാ ഞാനും അത് ചിന്തിച്ചത്..എന്തിനാണാവോ ഞാന്‍ വണ്ടീന്ന് ചാടിയിറങ്ങീത്!

നൈജീരിയയില്‍ അഞ്ച് എന്ന് കൈ കൊണ്ട് കാണിച്ചാല്‍ ഭയങ്കര വൃത്തികേടാത്രെ. നിനക്ക് അഞ്ചപ്പന്‍ എന്നാണു പോലും. ഇന്നാളില്‍ ഒരു മലയാളി അങ്കിള്‍‍ ഡ്രൈവ് ചെയ്യുമ്പോള്‍ വേറൊരു കാറിലെ ഒരു മറുതായെ എന്തോ പ്രശ്നത്തിന് അഞ്ച് എന്ന് കാണിച്ചത്രേ. അതോടെ അവന്‍ അങ്കിളിന്റെ പിന്നാലെ കൂടി. നൂറേ നൂറ്റിപ്പത്ത് നൂറേ നൂറ്റിപ്പത്ത് എന്ന മട്ടില്‍ പോയിട്ടും, ഇടവഴിയൊക്കെ കയറി മറിഞ്ഞിട്ടും, നഗരത്തില്‍ കൂടി കുറേ കറങ്ങിയിട്ടും അവന്‍ വിടാതെ പിന്നില്‍ തന്നെ. അവന്‍ എന്നെ കുത്തിക്കൊന്നു, അല്ലെങ്കില്‍ അടിച്ചു സൂപ്പാക്കി എന്നുറപ്പിച്ച് ‍അങ്കിള്‍ അവസാനം വണ്ടി നിര്‍ത്തി പുറത്തിറങ്ങി അവശനായി ഒരു പോരാട്ടത്തിന് കെല്പില്ലാതെ ചാരി നിന്നു. അപ്പൊള്‍ ആ മറുതാ കാറു നിര്‍ത്തി ചാടിയിറങ്ങി, ഭയങ്കര സ്പീഡില്‍ അടുത്ത് വന്നിട്ട്,
"നിനക്കാടാ അഞ്ചപ്പന്‍" എന്നു പറഞ്ഞിട്ട് കാറില്‍ കയറി തിരിച്ചു പോയി!

ഉണ്ടായതാ.

February 27, 2008 at 3:39 PM  
Anonymous Anonymous said...

ഹഹഹ.അരവിന്ദാ..
ആ അഞ്ചപ്പന്‍ സംഭവം ചിരിപ്പിച്ചു!!!!!!!!!!!!!!

February 27, 2008 at 5:33 PM  
Anonymous Anonymous said...

ഹഹഹഹ...അരവിന്ദന്റെ കമന്റു വായിച്ചു ചിരിച്ചു മടുത്തു. ഹോ ഭയങ്കരം തന്നെ ഹ്യൂമര്‍സെന്‍സ്.

March 9, 2008 at 6:46 AM  

Post a Comment

Subscribe to Post Comments [Atom]

<< Home