Wednesday, April 9, 2008

എന്‍‌റ്റെ ഉപ്പ



' അപ്പോ ന്നാള് തന്നതു കഴിഞ്ഞോ?'

പ്രീഡിഗ്രീ കാലഘട്ടത്തില്‍ രാവിലെ കോളേജില്‍ പോകുമ്പോള്‍ ,താമിയുടെ പീടികയില്‍ ചായകുടിച്ച്‌ പത്രം വായിച്ചിരിക്കുന്ന ഉപ്പ എന്നെക്കാണുമ്പോള്‍ ചോദിക്കുന്ന സ്ഥിരം ചോദ്യം. കുറച്ച് നേരം നിന്നതിനു ശേഷം തലചൊറിഞ്ഞ്‌ പിറുപിറുത്ത്‌കൊണ്ട്‌ നീങ്ങുമ്പോള്‍ പിന്നില്‍നിന്നുള്ള വിളി , ചുവന്ന നിറത്തിലുള്ള രണ്ട്‌ രൂപയോ പച്ച നിറത്തിലുള്ള അഞ്ച്‌ രൂപയോ നീട്ടും,

'ഇനി ഒരാഴ്ചത്തേക്ക്‌ ചോദിക്കരുത്‌'

************
തൃശ്ശൂരില്‍ ജോലിചെയ്തിരുന്ന കാലം അതിരാവിലെ ഓട്ടോ ഗേറ്റില്‍ നിര്‍ത്തിയാല്‍ സംശയിക്കേണ്ട ഉപ്പയായിരിക്കും , കയ്യിലൊരു ചാക്കും താങ്ങി പടികയറുമ്പോള്‍ പറയും;

' വണ്ടീല് സാധനണ്ട് ങ്ങട്ടെടുത്തോ '

പൊതിച്ച തേങ്ങ നിറച്ച ചാക്കും അരിയുടെ ചാക്കും അപൂര്‍‌വ്വമായി വാഴക്കുലയും.
വൈകീട്ട്‌ തിരിച്ചുപോകുമ്പോള്‍ സ്ഥിരം ഓര്‍മ്മിപ്പിക്കല്‍

'ന്തെങ്കിലും വേണേങ്കി പറയണം , ബുദ്ധിമുട്ടരുത്‌ '

************
മക്കള്‍ ആരും പൈസ കൊടുത്താല്‍ വാങ്ങിക്കില്ലായിരുന്നു
'ന്‍റ്റെടുത്തുണ്ട്‌ യ്യ്‌ വെച്ചൊ'
മിക്കപ്പോഴുമുള്ള ഉപ്പയുടെ മറുപടി.

********
അത്താഴം മക്കളും മരുമക്കളും ഒരുമിച്ചിരുന്നു കഴിക്കണമെന്ന മുസ്ലീം കുടുംബങ്ങളില്‍ അപൂര്‍‌വ്വമായി കാണുന്ന ശൈലി ഉപ്പക്ക് നിര്‍ബന്ധമായിരുന്നു. വളരെ രസകരമായിരുന്നു ഉപ്പയുടെ ശിക്ഷാരീതി , കൈമുട്ടിനുമുകളിലാണടിക്കുക. അടി എന്നുപറഞ്ഞാല്‍ കയ്യ്‌ ശരീരത്തില്‍ തൊട്ടാല്‍ ഭാഗ്യം.

**********
എഴുപതുകളില്‍ ബാംഗ്ലൂര് ഐ.ടി.ഐ യില്‍ ജൊലിചെയ്തിരുന്ന മാമ ഒരു ദിവസം രാവിലെ ഓഫീസില്‍ പോകാന്‍ വാതില്‍ തുറന്നപ്പോള്‍ കയ്യിലൊരു ചെറിയ കടലാസുമായി ചിരിച്ചു നിന്നിരുന്ന ഉപ്പയെപ്പറ്റി എപ്പോഴും പറയും. ആ കടലാസില്‍ മാമയുടെ അഡ്രസ്സായിരുന്നു. നാട്ടിന്‍ പുറത്തുകാരനായ ഉപ്പ ആ അഡ്രസ്സെഴുതിയ കടലാസുമായി തനിച്ച് ബാംഗ്ലൂര് പറ്റി.പുതിയ സ്ഥലങ്ങള്‍ തേടിയുള്ള ഇത്തരം യാത്രകള്‍ ഉപ്പാക്കൊരു ഹരം തന്നെയായിരുന്നു.

***********
ഓര്‍മ്മ വെച്ചതുമുതല്‍ ആരുമായും ഉപ്പ കയര്‍ത്തു സംസാരിക്കുന്നതു കണ്ടിട്ടില്ലെങ്കിലും , ഒരിക്കല്‍ വാണം വിട്ടപോലെ മടാളുമായി പറമ്പിലേക്കോടി വാഴത്തോട്ടം മൊത്തം വെട്ടി നിരത്തിയതിന്‍റ്റെ കാരണം ഉമ്മക്കിന്നും അറിയില്ലത്രെ.

************
ഒരു പക്ഷെ ഭാര്യയെ ' നിങ്ങള്‍ ' എന്നുവിളിക്കുന്ന ഒറ്റ ആളെയെ ഞാന്‍ കണ്ടിട്ടുള്ളൂ , എന്റുപ്പയെ.

*************
രാഷ്‌ട്രീയമായി ഒരു കോണ്‍ഗ്രസ്സുകാരനായിരുന്ന ഉപ്പയുടെ നാട്ടുകാരായ സഖാക്കന്‍മാരുമായുള്ള ചങ്ങാത്തം എനിക്കുപോലും അതിശയം ജനിപ്പിച്ചിരുന്നു. വോട്ട്‌ ചെയ്യാന്‍ പലപ്പോഴും സഖാവ്‌ കുഞ്ഞനോടൊപ്പം പോയിരുന്ന ഉപ്പ തിരിച്ചുവരുന്നതും അവര്‍ ഏര്‍പ്പെടുത്തിയ വണ്ടികളിലായിരുന്നു.

********************
' ആരെന്തു ചോദിച്ചാലും കഴിയുന്നതും ഇല്ലെന്നു പറയരുത് ' ഇതായിരുന്നു ഉപ്പ പഠിപ്പിച്ച പ്രധാന പാഠം.
*****************

ഇവിടെ(ദുബായ്) കൊണ്ടുവരാനുള്ള ഒരാഗ്രഹം ബാക്കിയാക്കി ഉപ്പ ഞങ്ങളെ വിട്ടുപോയി ഇന്ന് ഞാന്‍ എന്‍‌റ്റെ ഉപ്പയാവാന്‍ ശ്രമിക്കുന്നു, ഞാന്‍ പകുതിപോലും മനസ്സിലാക്കാത്ത എന്‍‌റ്റെ ഉപ്പയാവാന്‍.
ചേര്‍ത്ത് വായിക്കുക.

Labels:

59 Comments:

Anonymous Anonymous said...

എന്‍‌റ്റെ ഉപ്പ ചില ഓര്‍മ്മകള്‍.

April 9, 2008 at 6:49 PM  
Anonymous Anonymous said...

സ്വന്തം അനുഭവത്തില്‍ നിന്ന് നേരിട്ട് ക‍ടലാസിലെത്തികുമ്പോഴാണ്‍ ഈ തീവ്രത ഉണ്ടാക്കാന്‍ പറ്റുന്നത്. ഒരു ചെറിയ വേദന വായിക്കുമ്പോള്‍ തോന്നുന്നു.

'അപ്പോ ന്നാള് തന്നതു കഴിഞ്ഞോ?‘ “എല്ലാ! ഞാന്‍ മിഞ്ഞാന്നല്ലെ നിന്ക്ക് തന്നത്!” ഓരോരുത്ത്ര്ക്കും ഇത്തരം ചോദ്യങ്ങള്‍ നഷ്ടപ്പെട്ട ഇല്ലായ്മയുടെ/അപൂര്‍ണ്ണതയുടെ വേദനയാണ്.

നമ്മുടെ കുട്ടികള്‍ക്ക് മന:സാക്ഷിക്കുത്തില്ലാതെ ഈ ഉപ്പയുടെ ഉപദേശം നമുക്ക് കൊടുക്കാന്‍ പറ്റില്ല.
"ഞാന്‍ എന്റെ ഉപ്പയാവാന്‍ ശ്രമിക്കുന്നു".. കഴിയട്ടെയെന്ന് ആശംസിക്കുന്നു.

April 9, 2008 at 7:49 PM  
Anonymous Anonymous said...

മാറ്റമില്ലാത്തതൊന്നേയുള്ളൂ മാറ്റം എന്നല്ലെ. എങ്കിലും താങ്കളുടെ ശ്രമം വിജയിക്കട്ടെ എന്നാശംസിക്കുന്നു.

April 9, 2008 at 8:37 PM  
Anonymous Anonymous said...

മക്കള്‍ക്കു പ്രായമായ മാതാപിതാക്കള്‍ ഒരു ബാധ്യതയായിമാറുന്ന കാലത്ത് സ്വന്തം ഉപ്പയെകുറിച്ചുള്ള തറവാടിയുടെ ഓര്‍മ്മ ഒരുപ്പാട് മക്കള്‍ക്കുള്ള പാഠമാണു

April 9, 2008 at 9:14 PM  
Anonymous Anonymous said...

മധുരനൊമ്പരമാമോര്‍മ്മകള്‍

April 9, 2008 at 9:28 PM  
Anonymous Anonymous said...

എന്റെ ഉപ്പയെ എനിക്കും മനസ്സിലായിരുന്നില്ല പലപ്പോഴും.

April 9, 2008 at 10:14 PM  
Anonymous Anonymous said...

ഉപ്പയെ ഓര്‍ക്കുകയും....
അത് ഓര്‍‌മ്മക്കുറിപ്പാക്കുകയും ചെയ്യുന്നത് താങ്കളുടെ യാത്രയെ ഒത്തിരി സഹായിക്കും...

April 9, 2008 at 11:38 PM  
Anonymous Anonymous said...

നല്ല കുറിപ്പ്

April 9, 2008 at 11:54 PM  
Anonymous Anonymous said...

നല്ല ഓര്‍മ്മക്കുറിപ്പ്. ഉപ്പയെക്കുറിച്ച് ഈ ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍‍ മറ്റാര്‍ക്കാണ് കഴിയുക?

April 10, 2008 at 12:55 AM  
Anonymous Anonymous said...

ഉപ്പയെ കുറിച്ചുള്ള കുറിപ്പുകള്‍ നന്നായി...

അവരിലേക്കുള്ള യാത്രയിലാണു നാം... അവരിലെത്തുമ്പോള്‍ നമുക്കവരെ ശരിക്കും അറിയാനാകുമായിരിക്കും...!

സുഗതരാജിന്‍റെ അച്ഛന്‍ പറഞ്ഞതും ഇവിടെ ചേര്‍ത്ത് വായിക്കാം - ‘അങ്ങനെ നീയും ഞാനായി’!

April 10, 2008 at 9:58 AM  
Anonymous Anonymous said...

അതേയ്..... അപ്പളൊരു കാര്യണ്ട്.
പേരു മാറ്റിയേതീരൂ,'തറവാടി രണ്ടാമന്‍' എന്ന് ഒന്നാമന്‍ വാപ്പ തന്നെ.

April 10, 2008 at 9:58 AM  
Anonymous Anonymous said...

“ഒരു പക്ഷെ ഭാര്യയെ ' നിങ്ങള്‍ ' എന്നുവിളിക്കുന്ന ഒറ്റ ആളെയെ ഞാന്‍ കണ്ടിട്ടുള്ളൂ , എന്റുപ്പയെ. “
ഇത് മറക്കില്ല.
നല്ല ഓര്‍മ്മക്കുറിപ്പ്.

April 10, 2008 at 10:43 AM  
Anonymous Anonymous said...

ഉപ്പയെക്കുറിച്ചുള്ള മധുരമുള്ള സ്മരണകള്‍ എന്നേയും ആ ലോകത്തേക്ക് കൂട്ടികൊണ്ട് പോയി.

ഇത്തരം ഓര്‍മ്മക്കുറിപ്പിലൂടെ ഉപ്പയെക്കുറിച്ച് ചിലത് ഞങ്ങളും അറിയാന്‍ ഇടയാക്കിയ താങ്കളുടെ ഉദ്യമത്തിന് നന്ദി.

April 10, 2008 at 11:36 AM  
Anonymous Anonymous said...

നല്ല ഓര്‍മ്മക്കുറിപ്പ്...

April 10, 2008 at 12:06 PM  
Anonymous Anonymous said...

തറവാടി .. ഞാനും ഈ വഴി വന്നിരുന്നൂ..

കുറെ കാലം കൂടി എത്തിയപ്പൊ കുറെ ഓര്‍മ്മകള്‍ ചിക്കിചികയാനുള്ള വക തന്നല്ലൊ..

April 10, 2008 at 12:07 PM  
Anonymous Anonymous said...

പിന്നില്‍ നിന്നുള്ള ആ വിളിയുണ്ടല്ലോ, അത് കേള്‍ക്കുമെന്നുള്ള പ്രതീക്ഷയിലാണല്ലോ മുഖം ഇത്തിരി കറുപ്പിച്ച് നമ്മള്‍ നടക്കാന്‍ തുടങ്ങുന്നത് തന്നെ!

അലിയു, നല്ല കുറിപ്പ്.

April 10, 2008 at 12:21 PM  
Anonymous Anonymous said...

തറവാടി,
മകന്റെ കടമകളും ബാധ്യതകളും ചെയുന്നുണ്ടോന്ന്, ഇന്ന്, നമ്മുക്ക്‌ മക്കളാവുബോഴാണ്‌ ചിന്തിക്കുന്നത്‌. അമൂല്യമായ ആ സ്നേഹത്തിനും സംരക്ഷണത്തിനും പകരം നല്‍ക്കാന്‍ നമ്മുക്ക്‌ കഴിയാറുണ്ടോ?...

April 10, 2008 at 12:30 PM  
Anonymous Anonymous said...

വൈകോളം പാടത്തു ചക്രം ചവുട്ടി മക്കളെ പോറ്റിയ ഒരു അച്ഛനുണ്ടായിരുന്നു..എനിക്കും. ഇന്നു ആ ചക്രത്തിന്റെ ഒരു കാല്‍ ചവുട്ടി താഴ്ത്താനുള്ള ശക്തിയില്ലാതെ യൌവനത്തില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എന്റെ അച്ഛനെ ഓര്‍ക്കുന്നു...ഈ കുറിപ്പു എന്റെ അച്ഛനിലേക്കു എന്നെ കൊണ്ടുപോയി..ഒരു ഇംഗ്ലീഷ്‌ ഉദ്ധരണി ഓഫ് ടോപിക്കായി എഴുതുന്നു..Bye the time a Man realizes that may be his father was right, he usually has a son who think he is wrong.

അച്ഛന്റെ മഹത്വമറിയാന്‍ അച്ഛനായി തന്നെ മാറണമെന്നു ഇന്നു ഞാനും അറിയുന്നു....ഈ പോസ്റ്റിനു നന്ദി.

April 10, 2008 at 12:59 PM  
Anonymous Anonymous said...

തറവാടിയുടെ ഓര്‍മ്മകള്‍ ഇന്നത്തെ തലമുറയ്ക്കു് ഒരു ഓര്‍മ്മക്കുറിപ്പു തന്നെ.

April 10, 2008 at 1:43 PM  
Anonymous Anonymous said...

ഏകദേശം എല്ലാ ‘ഉപ്പ’മാരും ഒരു പോലെയായിരുന്നൂ, തറവാടി (അക്കാലത്ത്).
-ഞാനും മനസ്സിലാക്കാന്‍ തുടങ്ങുന്നതേയുള്ളൂ!

April 10, 2008 at 3:34 PM  
Anonymous Anonymous said...

നല്ലൊരു കുറിപ്പു തന്നെ മാഷേ.

April 10, 2008 at 4:02 PM  
Anonymous Anonymous said...

തീരെ കുഞ്ഞായിരിക്കുമ്പോള്‍ ചിന്തിക്കുമായിരുന്നു “എന്റെ അപ്പായെക്കെന്തൊരു അറിവാ” എന്ന്. എന്തു ചോദിച്ചാലും ഉത്തരം പറയുമായിരുന്നു...

കുറേ വളര്‍ന്നപ്പോ ആ പഴഞ്ചന്‍ അറിവിനോടും, ഉപദേശ/ശകാരങ്ങളോടും ഒന്നും പൊരുത്തപ്പെടാനാ‌വുമായിരുന്നില്ല..

ഇപ്പൊ വീണ്ടും മനസിലാക്കുന്നൂ തറവാടീ ഞാനും.. എന്റെ അപ്പായുടെ വലിയ അറിവിനെപ്പറ്റി ...:)

കുഞ്ഞുന്നാളിന് ശേഷം അതു മന‍സിലാക്കാന്‍ ഇത്രയും കാലം വേണ്ടി വന്നു... കുറേക്കൂടി പ്രായമാകുമ്പൊ കൂടുതല്‍ മനസിലാവുമായിരിക്കും.. :)

ഇത്ര മനോഹരമായി, ഹൃദയത്തില്‍ തൊടുന്ന കുഞ്ഞു കുഞ്ഞ് കാര്യങ്ങളുള്ള ഒരു ഓര്‍മ്മക്കുറിപ്പ് ഈ അടുത്തകാലത്തൊന്നും വായിച്ചിട്ടില്ല... :)

April 10, 2008 at 4:12 PM  
Anonymous Anonymous said...

ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ്.

എന്നാല്‍ കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ചയറിയില്ലെന്നു പറയുന്നതും വാസ്തവം തന്നെ.

April 10, 2008 at 4:42 PM  
Anonymous Anonymous said...

നന്നയി ഉപ്പയെക്കുറിച്ചുള്ള ഓര്‍മ്മകള്‍.

April 10, 2008 at 7:45 PM  
Anonymous Anonymous said...

ഉപ്പാനെ കുറിച്ചുള്ള എഴുത്‌ വളരെ നന്നായിരിക്കുന്നു. നിശബ്ദമായി ഉരുകി തീരുന്ന വല്ലാതോരു പടപ്പാനണ്‌ ഉപ്പമാര്‍.

വരാം

April 10, 2008 at 8:54 PM  
Anonymous Anonymous said...

കൈതമുള്ളിന്റെ അഭിപ്രായത്തിന്റെ ആദ്യഭാഗം തന്നെ എനിയ്ക്കും..

“...ഭാര്യയെ ' നിങ്ങള്‍ ' എന്നുവിളിക്കുന്ന ഒറ്റ ആളെയെ..” അത് അനുഭവക്കുറവാണ്..

“ ..ആരെന്തു ചോദിച്ചാലും കഴിയുന്നതും ഇല്ലെന്നു പറയരുത് ...“ അതത്ര ശരിയായ ഒരു ചിന്തയാണെന്ന് എനിയ്ക്ക് തോന്നിയില്ല.. don't say 'yes' when you want to say 'no'.. അങ്ങനെയെന്തോ ആരാണ്ടോ പറഞ്ഞിട്ടില്ലേ..?

ഉദാ.. “നീ കിണ്ണം കട്ടുവോ..?”, “ഇങടെ ബീടര് ശര്യല്ലാന്ന് പറേണ കേട്ടൂലോ.. ശര്യാണോ..?” ഇത്തരം വേണ്ടാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയാനെങ്കിലും, ഇല്ലാന്ന് പറയേണ്ടി വരും..

പിന്നെ.. കോണ്‍ഗ്രസ്സ് പാരമ്പര്യം...
“...വാണം വിട്ടപോലെ മടാളുമായി പറമ്പിലേക്കോടി വാഴത്തോട്ടം മൊത്തം വെട്ടി നിരത്തിയതിന്‍റ്റെ ..” ഹെന്റമ്മോ.. ഇതേതാ കേസ്..?!!

April 10, 2008 at 9:20 PM  
Anonymous Anonymous said...

പൊറാടത്തെ,

ഒരു തിരുത്ത് , എന്ത് ചോദിച്ചാലും എന്നത് കൊണ്‍ട് ഉദ്ദേശിച്ചത് , എന്തെങ്കിലും സഹായം ചോദിക്കുന്ന കാര്യമാണ്‌ട്ടോ :)

April 10, 2008 at 9:26 PM  
Anonymous Anonymous said...

"ന്റെ ഉമ്മേം ഉപ്പയുമൊക്കെ പഴയ ആളുകളാണ്"

തറവാടി നല്‍കിയ മുന്നറിയിപ്പുകളില്‍ ഒന്നാമത്തേത്.

പ്രായ വ്യത്യാസമാകാം തറവാടിയെ ഉപ്പയെ മനസ്സിലാക്കുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുക.എന്നാല്‍ ഉപ്പയുമായി ഇടപഴകുന്ന അവസരങ്ങളിലൊന്നും തന്നെ എനിക്കത് അനുഭവപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, ഒരിക്കലും അനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോയ വെല്ലിപ്പയുടെ വാല്‍സല്യം കൂടി അറിഞ്ഞത് ഉപ്പയില്‍ നിന്നാണ്.

എന്റെ പഠനത്തിനും ജോലിക്കും നല്‍കിയ പിന്തുണ മാത്രമല്ല അതിശയിപ്പിച്ചിട്ടുള്ളത്,


തറവാടിയോട് അധികമൊന്നും അടുക്കാതിരുന്ന ഉപ്പ എന്റെ വേഗതയേറിയ തൃശ്ശൂര് സംസാരം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിട്ടും ഒരു പാട് നേരം സംസാരിച്ചിരിക്കുന്നതായിരുന്നു,നാട്ടിലായിരുന്നപ്പോഴും ഇവിടെ നിന്ന് ചെല്ലുമ്പോഴും.സത്യത്തില്‍ എന്റെയീ വര്‍ത്തമാനം കേട്ട് ചിരിക്കാത്തതായിട്ട് ആ വീട്ടിലും നാട്ടിലും ഉപ്പ മാത്രമേ ഉള്ളൂ.

സാധാരണ പ്രായമായവര്‍ക്കുള്ള ചിട്ടയും മറ്റും ഇല്ലായിരുന്നെന്ന് മാത്രമല്ല,പുതിയ അനുഭവങ്ങള്‍,പുതിയ സ്ഥലങ്ങള്‍ ഒക്കെ താല്‍‌പര്യവുമായിരുന്നു.(മുമ്പ് കഴിച്ച ഭക്ഷണത്തിന്റെ നിറവും രുചിയും ഇന്റര്‍പ്രെറ്റ് ചെയ്ത് തോന്നിയതൊക്കെ വാരിയിട്ട് ഞാന്‍ ഉണ്ടാക്കുന്ന കറിക്കൊക്കെ നല്ല രുചിയാണെന്ന് മറ്റ് മരുമക്കളോടൊക്കെ പറഞ്ഞതല്ലാട്ടോ ഈ നിഗമനത്തിനടിസ്ഥാനം :) )

പച്ചാനാനെ ഗര്‍ഭം ഉണ്ടായിരിക്കുമ്പോള്‍ ഫ്രൂട്ട്‌സും , മുട്ടയുമൊക്കെയായുള്ളവര‌വും , തിരിച്ച് പോകാന്‍ നേരത്ത് ചെറിയൊരു പൊതി കായ്യില്‍ വെച്ച് തന്നിട്ട് ' ഓനറിയേണ്ട‌ട്ടാ ' എന്ന് പറഞ്ഞുള്ള ചിരിയും ഒന്നും മറക്കാനാവുന്നില്ല.

April 11, 2008 at 7:00 AM  
Anonymous Anonymous said...

നല്ല ഓര്‍മ്മകള്‍

April 11, 2008 at 3:43 PM  
Anonymous Anonymous said...

വല്ല്യമ്മായീടെ കമന്റില്‍ക്കൂടിയും ഉപ്പേനെ കൂടൂതല്‍ അറിഞ്ഞു. ഇനങ്ങനെയൊരു പോസ്റ്റ്‌ അപൂര്‍വ്വമായാണ്‌ വായിക്കാന്‍ കിട്ടുന്നത്‌. നന്ദി

April 11, 2008 at 5:22 PM  
Anonymous Anonymous said...

നല്ല ഓര്‍മ്മകുറിപ്പ്
എന്തലാമോ എഴുതണമെന്നുണ്ട് എന്തോ അതധികപറ്റാവും ..
വാഴവെട്ടിയത് , കൊലവെട്ടി കൊലപാതകിയായി അല്ലെങ്കില്‍ ആരെങ്കിലും വെട്ടുമായിരുന്നേയ്ക്കാം .

April 11, 2008 at 5:27 PM  
Anonymous Anonymous said...

ഓര്‍മ്മകള്‍ ഇഷ്ടമായി.

April 11, 2008 at 6:15 PM  
Anonymous Anonymous said...

വളരെക്കുറച്ചു വരികള്‍
വളരെയധികം ഭാരം.

നല്ല കുറിപ്പ്

April 12, 2008 at 11:13 AM  
Anonymous Anonymous said...

Hay blog ishtayi.
thankx for visiting on my blog...
take care...

April 12, 2008 at 5:08 PM  
Anonymous Anonymous said...

നല്ലൊരു ഓര്‍മ്മക്കുറിപ്പ്.

April 12, 2008 at 5:42 PM  
Anonymous Anonymous said...

തറവാടീ..

ഓര്‍മ്മക്കുറിപ്പ് മനോഹരം.

ഹൃദയത്തില്‍ നന്നായൊന്നു തൊട്ടു.

April 13, 2008 at 11:20 AM  
Anonymous Anonymous said...

ഓര്‍മ്മകളെ ഹൃദ്യമായി എഴുതിയിട്ടു.
ഓര്‍മ്മക്കുറിപ്പുകള്‍ക്ക് എന്നും ഒരു സുഗന്ധം ഉണ്ടാവുമെന്ന് തോന്നുന്നു, ഇപ്പോള്‍.

April 13, 2008 at 4:39 PM  
Anonymous Anonymous said...

തിരിച്ചുകൊടുക്കാന്‍ ഇത്തരം ഓര്‍മ്മകള്‍ക്കപ്പുറം ഒരു സ്നേഹത്തിന്റെ തിരിവിളക്കില്ലതറവാടീ...
താങ്കള്‍ അതു ചെയ്തു. ആള്‍ക്കുട്ടത്തിനു മുന്നില്‍ ഉറക്കെ ആ സ്നേഹം തുറന്നു പറഞ്ഞു.
അങ്ങനെ പറയുമ്പോഴാണ് അതിനു ആത്മാര്‍ത്ഥത വരുന്നതും. ഈ പറഞ്ഞതു എന്റെ രീതി)

April 14, 2008 at 12:50 PM  
Anonymous Anonymous said...

നല്ല ഓര്‍മ്മക്കുറിപ്പ്.തറവാടിയുടെ മുന്‍പുള്ള പല കുറിപ്പുകളിലൂടെയും ഉപ്പയുടെ ഏകദേശ ചിത്രം മനസ്സില്‍ പതിഞ്ഞിരുന്നു.എംടിയുടെ പഴയ തിരക്കഥകളിലെ സ്ഥിരം കഥാപാത്രമായ നല്ലവനായ മുസ്ലിമിനേപ്പോലെ , ഇപ്പോള്‍ തറവാടിയുടെ എഴുത്തും വല്യമ്മായ്യിയുടെ അടിക്കുറിപ്പും അതു കൂടുതല്‍ മിഴിവുറ്റതാക്കി.

April 19, 2008 at 1:12 PM  
Anonymous Anonymous said...

നല്ല ഓര്‍മ്മക്കുറിപ്പ്...

April 21, 2008 at 2:56 PM  
Anonymous Anonymous said...

ഉപ്പയെകുറിച്ചുള്ള ഓര്‍മകള്‍ ഇനിയും എഴുതൂ കേട്ടോ... നന്മകള്‍ അന്യം നിന്നു പോകാതിരിക്കട്ടെ...

April 22, 2008 at 5:33 PM  
Anonymous Anonymous said...

"********* ആരെന്തു ചോദിച്ചാലും കഴിയുന്നതും ഇല്ലെന്നു പറയരുത് ' “ഒരു പക്ഷെ ഭാര്യയെ ' നിങ്ങള്‍ ' എന്നുവിളിക്കുന്ന ഒറ്റ ആളെയെ ഞാന്‍ കണ്ടിട്ടുള്ളൂ , എന്റുപ്പയെ.*********"

പഴയ തലമുറയ്ക്ക്‌ മാത്രം അവകാശപ്പെടാവുന്ന നന്‍മയും ഹൃദയവിശുദ്ധിയും ഇന്നത്തെ പുതിയ തലമുറയ്ക്ക്‌ അസൂയയോടെയും ആദരവോടെയും മാത്രമേ നോക്കിക്കാണാനാവൂ....

സ്വന്തം അനുഭവങ്ങള്‍ ആലങ്കാരികതയുടെ- വളച്ചുകെട്ടലിന്റെ- സഹായമില്ലാതെ വിവരിക്കുമ്പോള്‍ അവ ആസ്വാദ്യകരമാവുന്നതെങ്ങനെയാണെന്ന്‌ ഈ പോസ്റ്റ്‌ തെളിയിക്കുന്നു....ഉപ്പയെയും ഉമ്മയെയുമെല്ലാം പൂര്‍ണ്ണമായും തിരിച്ചറിയാന്‍ ശ്രമിക്കുക...കാലം കഴിയുന്നതിനുസരിച്ച്‌ നമുക്ക്‌ മനസ്സിലാവും.....നാം അവരെക്കുറിച്ച്‌ അറിഞ്ഞത്‌ അറിയാത്തതിനെ അപേക്ഷിച്ചുനോക്കുമ്പോള്‍ എത്ര പരിമിതമാണെന്ന്‌......
നല്ല എഴുത്ത്‌ ഭാവുകങ്ങള്‍...

April 25, 2008 at 6:06 PM  
Anonymous Anonymous said...

തെരക്കായിരുന്നു രണ്ടാഴ്ചയോളം. ആരുടെയും പുതിയ പോസ്റ്റുകളൊന്നും വായിക്കാന്‍ സമയം കിട്ടിയിരുന്നില്ല. അമൃത ഇട്ട കമന്റ് മറുമൊഴിയിലെത്തി അതുവഴി ഇവിടെയെത്തി.....

വെറും വാക്കു പറയാന്‍ വയ്യ.. നന്നായിരിക്കുന്നു എന്നു പറഞ്ഞാല്‍ അത് ശരിയാകില്ല.... എന്ത് പറയണമെന്ന് അറിയില്ല....അതുകൊണ്ട് ഒരു സ്മൈലി മാത്രം ഇട്ടു പോകുന്നു...:)

April 25, 2008 at 7:07 PM  
Anonymous Anonymous said...

“ആരെന്ത് ചോദിച്ചാലും കഴിയുന്നതും ഇല്ലെന്ന് പറയരുത്”- അതെനിയ്ക്കിഷ്ടപ്പെട്ടു.
തറവാടീ..ഇച്ചിരി കാശിന്റെ എടങ്ങേറ്ണ്ട്.ഒന്ന് സഹായിക്കോ..?

ഇങ്ങള്-എന്ന് ബഹുമാനിച്ച് വിളിക്കുന്ന ഒരാള്‍ എന്റെ നാട്ടിലും ഉണ്ട്.വീരാന്‍ കുട്ടിക്ക അദ്ദേഹം ചെറിയ കുട്ടികളോട് പോലും ഇങ്ങള് എന്നേ പറയൂ.

എന്തായാലും അന്നത്തെ ആ ദേഷ്യത്തിന് ഉപ്പയെ എറിഞ്ഞിരുന്നു എങ്കില്‍ തലയില്‍നിന്നും കല്ല് കയ്യിട്ടെടുക്കേണ്ടി വന്നേനെ..

April 26, 2008 at 8:57 PM  
Anonymous Anonymous said...

നല്ല പോസ്റ്റ്... ഹൃദ്യ്മായിട്ടുണ്ട്

April 30, 2008 at 9:53 AM  
Anonymous Anonymous said...

Ippozhanu sharikkum njhan ente uppaye ariyunnathu..ariyan thudangunnathu...ariyan shramikkunnathu...Ithiriye ulluvenkilum ningalude ormakurippukal oru nombaramayi manassil avasheshikkunnu...thanx...

April 30, 2008 at 5:42 PM  
Anonymous Anonymous said...

ശ്രേഷ്ടമായ ആ കാല്‍പ്പാടുകള്‍ പിന്തുടരാന്‍ നമുക്കു കഴിയട്ടെ..

May 5, 2008 at 7:42 AM  
Anonymous Anonymous said...

ഓര്‍മകള്‍ മരിക്കുമോ?
ഓര്‍മകള്‍ ഉണരുമോ?

May 7, 2008 at 12:05 PM  
Anonymous Anonymous said...

ഭാര്യയെ നിങ്ങളെന്നു വിളിച്ച്ല്ലേലും ‘അവര്‍‌‘ എന്നു പറയുന്നവര്‍ ഉണ്ട്.

ഉപ്പയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്.

May 9, 2008 at 5:55 PM  
Anonymous Anonymous said...

തറവാടീ... വായിക്കാന്‍ വൈകിപ്പൊയി.... ടച്ചിംഗ്‌... നല്ല ഉപ്പ... പലപ്പൊഴും നമ്മെ ഒരുപാട്‌ സ്വാധീനിക്കുന്നു എന്ന്ത്‌ സത്യം.... (എണ്റ്റെ അച്ഛനും അമ്മയെ 'നിങ്ങാള്‍' എന്നു തന്നെയാണ്‌ വിളിക്കുക :-) )

May 20, 2008 at 10:03 PM  
Anonymous Anonymous said...

നല്ല വായന.
ഇതു വായിക്കാന്‍ ഇത്ര വൈകരുതായിരുന്നു.

May 25, 2008 at 4:21 PM  
Anonymous Anonymous said...

മരിച്ചുപോയ അച്ഛന്റെയോ അമ്മയുടെയോ ഛായാചിത്രത്തിലേക്ക് നോക്കുമ്പോള്‍, അതിനുമുന്‍പ് നിങ്ങള്‍ക്കൊരിക്കലും അവരുടെ ചിത്രത്തില്‍ കാണാന്‍ കഴിയാതിരുന്ന മട്ടിലുള്ള ഒരു നേര്‍ത്ത ചിരിയോ, നോട്ടമോ ഒക്കെ അവിടെ കാണാന്‍ കഴിയും. കുറ്റപ്പെടുത്തുകയും കളിയാക്കുകയും, ക്ഷമിക്കുകയും സമാശ്വസിപ്പിക്കുകയും, ധൈര്യം നല്‍കുകയും ചെയ്യുന്ന ഒരു പുതിയ ചിരി. പുതിയ നോട്ടം.

ഉപ്പയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആര്‍ദ്രമായി സുഹൃത്തേ.

അഭിവാദ്യങ്ങളോടെ

October 12, 2008 at 3:49 PM  
Anonymous Anonymous said...

ഇത് ഇപ്പോഴാണു കാണുന്നത്.

അനുഭവങ്ങള്‍ എപ്പോഴും കൈപ്പള്ളി പറയുന്ന “മാവേലേറ്” ആയിരിക്കണമെന്നു നിര്‍ബ്ബന്ധമില്ല എന്ന തെളിവ്.

അച്ഛനുമായി അത്ര അടുപ്പത്തിലല്ലായിരുന്ന ഞാന്‍ അച്ഛന്റെ മരണത്തിനു ശേഷം അറിയുന്നു അച്ഛന്റെ സമ്പാദ്യം (വളരെ ചെറിയ തുകയാണേ) ‍ എന്റെ പേരിലാണ് ബാങ്കില്‍ ഇട്ടിരിക്കുന്നത്! എന്നെക്കൊണ്ടു ഒന്നിനും കൊള്ളുകയില്ലെന്ന തോന്നലാണോ അച്ഛനെക്കൊണ്ട് ഇതു ചെയ്യിച്ചത്?

ആ അച്ഛനാകാനൊന്നും ഞാന്‍ ശ്രമിക്കേണ്ടതില്ല.

തറവാടിയ്ക്കു തറവാടിത്തം കിട്ടിയത് ഈ ഉപ്പയില്‍ നിന്നായിരിക്കണം.

October 12, 2008 at 7:43 PM  
Anonymous Anonymous said...

ഉപ്പയുടെ പൂര്‍ണ്ണമായ ചിത്രം ചുരുക്കം വരികളിലൂടെ വരച്ചിട്ടുണ്ട്‌. വായിക്കുന്നവര്‍ക്ക്‌ ഉപ്പയെ `നേരിട്ടറിയുന്ന'പ്രതീതി ഉണ്ടാക്കുന്നുമുണ്ട്‌.

October 12, 2008 at 8:54 PM  
Anonymous Anonymous said...

ഉമ്മയെ കുറിച്ച് വായിച്ചു. ഇപ്പോൾ ഉപ്പയെ കുരിച്ചും. ഗൃഹാതുരത്വമുള്ള ഓർമ്മകൾക്ക് എന്നും ഒരു നൊമ്പരത്തിന്റെ സ്പർശനമുണ്ടാകുമല്ലേ.
ഇഷ്ടമായി ഈ പോസ്റ്റ്

October 13, 2008 at 7:39 PM  
Anonymous Anonymous said...

നല്ല കുറിപ്പ് പകഷേ അത്താഴം മക്കളും മരുമക്കളും ഒരുമിച്ചിരുന്നു കഴിക്കണമെന്ന മുസ്ലീം കുടുംബങ്ങളില്‍ അപൂര്‍‌വ്വമായി കാണുന്ന ശൈലി അത് ഏതായാലും
ശരി അല്ല ഒരുമിച്ചിരുന്നു അത്താഴം കഴിക്കണ ഒരു പാട്ട്‌ കുടുംബങ്ങളെ ഞാന്‍ കണ്ടിഉണ്ട്....

December 5, 2008 at 9:19 AM  
Anonymous Anonymous said...

നല്ല കുറിപ്പ് പകഷേ അത്താഴം മക്കളും മരുമക്കളും ഒരുമിച്ചിരുന്നു കഴിക്കണമെന്ന മുസ്ലീം കുടുംബങ്ങളില്‍ അപൂര്‍‌വ്വമായി കാണുന്ന ശൈലി അത് ഏതായാലും
ശരി അല്ല ഒരുമിച്ചിരുന്നു അത്താഴം കഴിക്കണ ഒരു പാട്ട്‌ കുടുംബങ്ങളെ ഞാന്‍ കണ്ടിഉണ്ട്....

December 5, 2008 at 9:20 AM  
Blogger പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

നല്ല വായന ....നന്ദി ... പലതും ഓര്‍മിപ്പിച്ചതിന് ...പ്രവീണ്‍ ... http://desadanakili.blogspot.com

January 8, 2009 at 3:18 PM  
Blogger yousufpa said...

തറവാടി ആദ്യായിട്ടാണ് എന്‍റെ പോസ്റ്റില്‍ കമന്‍റുന്നത്.സന്തോഷം ഉണ്ട്.
ഉപ്പയെ കുറിച്ചും അതിനോടുള്ള കല്ലെറിയല്‍ കോലാഹലവും വായിച്ചു.ഉപ്പാടെ ആ ദയനീയാവസ്ഥ എന്‍റെ കണ്ണുകളെ സജലമാക്കി.

April 8, 2009 at 2:02 PM  

Post a Comment

Subscribe to Post Comments [Atom]

<< Home