Thursday, May 15, 2008

അതിക്രമങ്ങള്‍

' മ്മടെ മൊയ്ദീന്‍കാടെ മൂത്ത മോള്‍ടെ കല്യാണം ഉറപ്പിച്ചു എന്തെങ്കിലും കാര്യായിട്ട് കൊടുക്കണം , ഉപ്പ ഉണ്ടായിരുന്നെങ്കീ...'


ഉമ്മയാണ് ഫോണില്‍.

ഗള്‍ഫിലെ ചൂടും പണിയുടെ കാഠിന്യമൊന്നും താങ്ങാനുള്ള കരുത്തില്ലാത്തതിനാല്‍ കുറച്ച് കാലം മാത്രം ഗള്‍ഫില്‍ ജോലിചെയ്ത ആളാണ് മയ്ദീന്‍‌ക്ക.ഗള്‍ഫിലേക്കുള്ള യാത്ര തീരുമാനിച്ചപ്പോള്‍ നടത്താന്‍ കൊടുത്ത ചെറിയ ചായക്കടയുണ്ടായിരുന്നത് വീണ്‍ടും തുറക്കാനൊന്നും അയാള്‍ തയ്യാറായില്ല.കുട്ടികള്‍ ആറ് പേരാണ് , നാല് പെണ്ണും രണ്ടാണും എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം മാത്രം. ആണ്‍ മക്കളില്‍ ഒരുത്തന് ജോലി ചെയ്യുമ്പോള്‍ ചെറിയ വിറയല്‍ വരുന്നതിനാല്‍ ചെറിയ ജോലികള്‍ മാത്രമേ ചെയ്യനൊക്കു , രണ്ടാമന്‍ ചെറിയ പണികള്‍ക്കൊക്കെ പോകുന്നുണ്ട്. ചുരുക്കത്തില്‍ അങ്ങിനേയും -ഇങ്ങനേയും അങ്ങ് ജീവിച്ചുപോകുന്നു.

ആദ്യത്തെ പെണ്‍‌കുട്ടിയുടെ കല്യാണക്കാര്യമാണ് ഉമ്മ ഫോണിലൂടെ പറഞ്ഞത്. പയ്യന്‍ ഓട്ടോ റിക്ഷ ഓടിക്കുന്നു. ഇരു‍പത്തഞ്ച് പവന്‍ സ്വര്‍ണ്ണവും അമ്പതിനായിരം രൂപയും ആണ് സ്ത്രീ ധനമായി പറഞ്ഞിരിക്കുന്നത്.

' അല്ല ഉമ്മ ഇത്രയധികം സ്വര്‍ണവും പണവും മൂപ്പരുടെ അടുത്ത് ഉണ്ടാകുമോ?'

' എല്ലാവരും സഹായിക്കുമെന്നാണ് ഓന്‍‌റ്റെ കണക്ക് കൂട്ടല്‍ ? '

പകുതി സ്വര്‍ണ്ണം കയ്യിലുള്ളപ്പോള്‍ ബാക്കി പകുതി മറ്റുള്ളവര്‍ സഹായിക്കും എന്നാലും കല്യാണച്ചിലവും മറ്റുമായി നല്ലൊരു തുകവേണ്ടിവരില്ലെ എന്ന എന്‍‌റ്റെ ചോദ്യത്തെ ഉമ്മ ഖണ്ടിച്ചു.

' എന്ത് കണക്ക് കൂട്ടലാണുമ്മാ ആളുകള്‍ സഹായിക്കുന്നതിനൊക്കെ ഒരു പരിധിയില്ലെ?'

കല്യാണം വളരെ ഭംഗിയായി നടന്നു. നാല്‍‌പ്പത് പവനോളം സ്വര്‍ണ്ണം പലരില്‍ നിന്നുമായി അവര്‍ക്ക് കിട്ടി മോശമില്ലാത്ത പണവും. പയ്യന്‍ ആവശ്യപ്പെട്ടത് മാത്രം കൊടുത്താല്‍ മതിയെന്നും ബാക്കി മറ്റുള്ളവര്‍ക്ക് കരുതണമെന്ന് ചിലര്‍ ഉപദെശിച്ചെങ്കിലും മൊയ്ദീന്‍ തയ്യാറായില്ല.

' ഇത് നടന്നില്ലേ അതും അങ്ങട്ട് നടക്കും , ഇവള്‍ക്ക് കിട്ടിയതിവള്‍ക്ക് '

അധികം താമസിയാതെ വീട്ടിന് ചില മാറ്റങ്ങളൊക്കെ മൊയ്ദീന്‍ വരുത്തി. കല്യാണം കഴിഞ്ഞുള്ള പുത്യാപ്ല സല്‍‌ക്കാരങ്ങളും , വീടുകാണലും ഒക്കെ വളരെ ഗംഭീരമായി ത്തന്നെ മൊയ്ദീന്‍ നടത്തി. ഉപദേശിച്ചവരെ അസൂയാലുക്കളെന്ന് അയാള്‍ വിലയിരുത്തി.കഴിഞ്ഞ ദിവസം ഉമ്മയുടെ ഫോണ്‍ :

' മ്മടെ മൊയ്ദീന്‍ക്കാടെ രണ്ടാമത്തെ മോള്‍ടെ കല്യാണം ഉറപ്പിച്ചു എന്തെങ്കിലും കാര്യായിട്ട് കൊടുക്കണം , ഉപ്പ ഉണ്ടായിരുന്നെങ്കീ...'

അമ്പത് പവന്‍‌റ്റെ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയുമാണത്രെ സ്ത്രീധനം പറഞ്ഞിരിക്കുന്നത്. പയ്യന് ഓട്ടോ ഡ്രൈവര്‍ , ഗള്‍ഫില്‍ പോകാന്‍ താത്പര്യമുണ്ട് അങ്ങിനെ പോകേണ്ടിവന്നാല്‍ ടിക്കറ്റിന്‍‌റ്റെ പണവും കൊടുക്കണമത്ര!

Labels:

15 Comments:

Anonymous Anonymous said...

ഇത് ഒരു മൈദീന്‍‌റ്റെ മാത്രം കഥയല്ല , പല മൊദീന്മാരുടെ രീതികളും കഥകളുമാണ്.

അധിക്രമങ്ങള്‍

പുതിയ പോസ്റ്റ്.

May 15, 2008 at 11:00 AM  
Anonymous Anonymous said...

അധിക്രമങ്ങളല്ല. അതിക്രമങ്ങള്‍ !!

May 15, 2008 at 11:07 AM  
Anonymous Anonymous said...

മേന്‍‌ന്നേ തിരുത്തിട്ടാ , നന്ദി :)

May 15, 2008 at 11:14 AM  
Anonymous Anonymous said...

ഇത്തരം അതിക്രമങ്ങള്‍ അനവധി നടക്കുന്നുണ്ട്‌..
പക്ഷെ ചോദിയ്ക്കുമ്പോള്‍ , കത്ത്‌ ,ഫോണ്‍ വരുമ്പോള്‍ .. പലപ്പോഴും അതില്‍ ഭാഗവാക്കാകേണ്ടിവരുന്നു പ്രവാസികള്‍.

ഇങ്ങിനെ യാചിച്ചു കിട്ടിയത്‌ യാതൊരു ഉളുപ്പുമില്ലാതെ പോക്കറ്റിലാക്കുന്ന യുവാക്കളെ (?) കുറിച്ചാണു ... അതിക്രമികള്‍ എന്ന് പറയേണ്ടത്‌ എന്ന് തോന്നുന്നു

May 15, 2008 at 11:56 AM  
Anonymous Anonymous said...

സ്തിധനത്തിനെതിരെ ശബ്ദിക്കാന്‍ ആരും ഇല്ലാത്തതാണ് നമ്മുടെ സാമൂഹത്തിന്റെ ശാപം
ഇത്രയോ പെണ്‍ക്കുട്ടിക്കളാണ് അതിന്റെ ദുരിതങ്ങള്‍
പേറുന്നത്

May 15, 2008 at 1:31 PM  
Anonymous Anonymous said...

തറവാടീ കലക്കീട്ടാ....
ആശംസകള്‍...

May 15, 2008 at 1:56 PM  
Anonymous Anonymous said...

ഇത് വെറും അതിക്രമമല്ല, അത്യതിക്രമമാണ് :)

(നമ്മളൊക്കെ തന്നെയാണ് ഇതിന്ന് വളം വച്ച് കൊടുക്കുന്നത്)

May 15, 2008 at 3:44 PM  
Anonymous Anonymous said...

അതാ ഇപ്പോ നാട്ടിലെ ക്രമം!

May 15, 2008 at 4:08 PM  
Anonymous Anonymous said...

നമുക്കൊരു പോസ്റ്റിടാം, അതിലൊരു കമന്റിടാം, സ്ത്രീധനം കൊടൂക്കാന്‍ പാടില്ലായെന്നു ഘോര ഘോരം പ്രസംഗിക്കാം. അത്രയുമെ നടക്കു. അതിനപ്പുറത്തേക്കു ഒന്നും നടക്കില്ല!!!

സ്ത്രീധനത്തെക്കുറിച്ചും അതിന്റെ ദോഷവശങ്ങളെക്കുറിച്ചും മറ്റും പോസ്റ്റിടുന്നവരും, കമന്റിടുന്നവരും ഇതെല്ലാം വാങ്ങിച്ചു പോക്കറ്റില്‍ വെച്ചിട്ടായിരിക്കും ഇതിനെതിരെ പറയുന്നത്. ഫെമിനിസ്റ്റുകള്‍ ചെയ്യുന്നതുപോലെ...അല്ലാത്തവരു കാണും വള്രെ അപൂര്‍വ്വമായിട്ടു..!!!

May 15, 2008 at 5:19 PM  
Anonymous Anonymous said...

യാരിദേ,

ഇതൊരു സ്ത്രീധനത്തെ സംബന്ധിക്കുന്ന പോസ്റ്റല്ല , എങ്ങിനെ വായിക്കണമെന്നത് പൂര്‍ണ്ണമായും വായനക്കാരന്‍‌റ്റെ സ്വാതന്ത്ര്യമാണ്. സഹായം പറ്റുന്ന ആളുകള്‍ അതുപയോഗിക്കുന്ന വഴികളെപ്പറ്റി പറഞ്ഞെന്നേയുള്ളൂ.

പിന്നെ സ്ത്രീധനന്ത്തിന്‍‌റ്റെ ദോഷവശങ്ങളെപ്പറ്റി പ്രസംഗിക്കുന്നവരാണ് പോസ്റ്റിടുന്നതിനെപ്പറ്റി , ഞാനൊന്നും പറയുന്നില്ല ഇതൊന്നു വായിക്കുക

May 15, 2008 at 5:58 PM  
Anonymous Anonymous said...

തറവാടി, ഞാന്‍ ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല അതു. സ്ത്രിധനത്തെ സംബന്ധിക്കുന്ന പോസ്റ്റല്ലായെന്നും അറിയാം. ഞാന്‍ ആ കമന്റിടുമ്പോള്‍ പ്രതിക്ഷിച്ചിരുന്നു ഇങ്ങനെയൊരു പ്രതികരണം...

തന്ന ലിങ്ക് വായിച്ചിരുന്നു പണ്ടെ.. അതു കൂടി കൊണ്ട് തന്നെയാണ് ഇങ്ങനെയൊരു കമന്റിട്ടത്. ആ പോസ്റ്റില്‍ കമന്റിട്ട ആള്‍കാരില്‍ എത്രപേറ് സ്ത്രിധനം വാങ്ങിക്കാതെയൊ, അല്ലെങ്കില്‍ സ്ത്രിധനം എനിക്കു വേണ്ടാ എന്നൊ അല്ലെങ്കില്‍ സ്ത്രിധനം തന്നെന്നെ വിവാ‍ഹം കഴിപ്പിക്കണ്ടായെന്നൊ പറഞ്ഞിട്ടുണ്ട്..?? ചുമ്മാ പറയുന്നതെന്തിനാ..എന്റെ കാര്യത്തിലൊക്കെ എന്താ നടക്കാന്‍ പോകുന്നതൊക്കെ കൃത്യമായ ധാരണയുണ്ട്..വെറുതെ ആള്‍കാരെ ഇം‌പ്രസ് ചെയ്യിക്കാനായി കമന്റിടാ‍ന്‍ പറ്റുമൊ? പ്രസംഗം വേറെ പ്രവര്‍ത്തി വേറെ...:)തറവാടിയുടെ സ്താന്റ് എന്താണെന്നു എനിക്കറിയാം..:) മിസ് അണ്ടര്‍ ഒന്നും ചെയ്തിട്ടില്ല് ആരെയും..

ഓഫാണെങ്കില്‍ ഡിലിറ്റ് ചെയ്തേക്കു....

May 15, 2008 at 6:12 PM  
Anonymous Anonymous said...

യാരിദേ,

;)

May 15, 2008 at 6:14 PM  
Anonymous Anonymous said...

അതിക്രമം എന്നല്ലാതെ മറ്റൊന്നു പറയാനില്ല.

May 17, 2008 at 1:47 PM  
Anonymous Anonymous said...

നാട്ടില്‍ നിന്നുള്ള ഓരോ ഫോണ്‍ കോളും ഒരോ നടുക്കം ശേഷിപ്പിച്ചിട്ടേ അവസാനിക്കാറുള്ളൂ...
അതിക്രമമായാലും, അത്യാഗ്രഹമായാലും...

പ്രവാസിക്ക് ഇത്തരം നടുക്കുന്ന കോളുകളില്‍ നിന്നു മോചനമില്ല!

May 21, 2008 at 10:58 AM  
Anonymous Anonymous said...

കാലാകാലങ്ങളായി മലബാറിലും തുടര്‍ന്നുപോരുന്ന വല്ലാത്തൊരു അതിക്രമം തന്നെയാണിതും. നിര്‍ധനരായ വീട്ടിലെ പാവം പെണ്‍കുട്ടികളെ കെട്ടിച്ചയക്കുന്നത് മിക്കവാറും ഇങ്ങനെ പിരിവുനടത്തിക്കൊടുക്കുന്ന പണ്ടവും പണവും കൊണ്ടാണ്. അത് നാട്ടുനടപ്പാണെന്നാണ് വിചാരം. അതിനു കെല്പില്ലാത്ത പാവങ്ങള്‍ അവരുടെ പെണ്മക്കളെ മൈസൂരിലോ ബാംഗ്ലൂരിലോ സേട്ടുമാര്‍ക്ക് (പടുകിളിവന്മാര്‍ക്കുപോലും) ഫ്രീയായി കെട്ടിച്ചുവിടുന്നതും ഇവിടെ പതിവാണ്. മൈസൂര്‍ കല്യാണം എന്നറിയപ്പെടുന്ന ഇതിന്റെ ഇരകളായി കൈകുഞ്ഞുങ്ങളുമായി തുണയില്ലാതെ കഴിയുന്ന പെണ്‍‌കുട്ടികളെ എത്രവേണമെങ്കിലും ഇവിടെ പലദിക്കിലും കാണാം. (നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായ ആര്യാടന്‍ ഷൌക്കത്ത് രചിച്ച് നിര്‍മ്മിച്ച് പുരസ്കാരങ്ങള്‍ നേടിയ സിനിമയായ പാഠം ഒന്ന് ഒരു വിലാപം ഈ വസ്തുതകളുടെ പരിഛേദമാണ്)

May 22, 2008 at 4:37 PM  

Post a Comment

Subscribe to Post Comments [Atom]

<< Home