Monday, March 30, 2009

സര്‍ക്കസ്

വേനല്‍ കാലമായാല്‍ ഞങ്ങളുടെ നാട്ടില്‍ വിരുന്നുവരുന്നവരാണു സര്‍ക്കസ്സുകാര്‍.ഏഴോ എട്ടോ പേരുള്ള ഇവര്‍ മിക്കവാറും ചന്ദ്രന്‍റെ ചായപ്പീടികക്ക്‌ പിന്നിലുള്ള പുറമ്പോക്ക്‌ എന്ന്‌ കരുതിയിരുന്ന സ്ഥലത്താണ്‌ സ്റ്റേജ്‌ കെട്ടിയിരുന്നതും , താമസിച്ചിരുന്നതും.മിക്കവാറും , രണ്ടോ മൂന്നോ മാസം കാണും ഇവരുടെ കലാപരിപാടികള്‍.


എട്ട് മണിക്ക്‌ തുടങ്ങാറുള്ള പരിപാടിക്ക്‌ , ഏഴു മണിക്ക്‌ തന്നെ സര്‍ക്കസ്കൂടാരത്തിനടുത്തെത്തുകയും , അണിഞ്ഞൊരുങ്ങന്നവരെ ആരാധനയോടെ നോക്കിനില്‍ക്കുകയും , പരിപാടി തുടങ്ങുമ്പോള്‍ മുന്നില്‍ തന്നെ ഇരുന്നുകാണുകയും ചെയ്യുക എന്നത്‌ കുട്ടികളുടെ ഒരു ഹരമായിരുനു.

" ഇന്ന്‌ നമ്മുടെ കുട്ടന്‍ ഒരു പുതിയ ഐറ്റം അവധരിപ്പിപ്പിക്കും ആയതിനാല്‍ എല്ലാവരോടും നേരത്തെ ത്തന്നെ എത്തിച്ചേരാന്‍ വിനീതമായി അഭ്യാര്‍ഥിക്കുന്നു"

"ഇന്നുമുതല്‍ വരുന്ന ഒരാഴ്ചക്കാലം , കുട്ടന്‍ സൈക്കിളില്‍ നിന്നും ഇറങ്ങില്ല"

അന്ന് സര്‍ക്കസ്‌ കഴിഞ്ഞ്‌ എല്ലാവരും വീട്ടിലേക്ക്‌ പോകുമ്പോള്‍ കുട്ടന്‍ സൈക്കിളിന്‍റെ മുകളില്‍ ഇരുന്നുകൊണ്ട്‌ , ചോറു തിന്നുന്നത്‌ പലരും മൂക്കത്ത്‌ വിരല്‍ വെച്ച്‌ അത്ഭുതത്തോടെ നോക്കിനിന്നു. ക്കുട്ടനെങ്ങനെ അപ്പിയിടും എന്നതായിരുന്നു എന്‍‌റ്റെ ചിന്ത.

പിറ്റേന്ന്‌  മദ്രസ്സയില്‍ പോകുമ്പോള്‍,ചന്ദ്രന്‍റെ പീടികയില്‍ സൈക്കിളിന്‍റെ മുകളിലിരുന്ന്‌ വശത്ത് തൂക്കിയിട്ട പഴക്കുലയില്‍ നിന്നും പഴം വലിച്ചൂരി തിന്നുന്ന കുട്ടന്‍ ഞങ്ങളെ കണ്ടപ്പോള്‍ വല്ലാതായി. അന്നും ഞങ്ങലെല്ലാവരും രാത്രിയില്‍ സര്‍ക്കസ്സിന് പോയി. ചില സംശയങ്ങള്‍ തോന്നിയ ഞാന്‍ പിറ്റേന്ന്‌ മദ്രസ്സയില്‍ പോകുമ്പോള്‍ , ചന്ദ്രന്‍റെ പീടികയുടെ പിന്നിലേക്ക്‌ നടന്നു.

" ജ്ജെ ങ്ങെട്ടാ ? "പിന്നാലെ വന്ന സുബൈദാടെ നീട്ടിയുള്ള ചോദ്യം.
" പാത്താന്‍... "
" മനോരിക്കാതെ പാത്ത്യാ ഞാന്‍ ഉസ്താദിനോട്‌ പറയും "
( പാത്തുക = മൂത്രമൊഴിക്കുക ; മനോരിക്കുക = വെള്ളം കൊണ്ട് കഴുകുക)

ഭീഷണിയൊന്നും വകവെക്കാതെ ഞാന്‍ സര്‍ക്കസ് കൂടാരത്തിനടുത്തെത്തി, കണ്ട കാഴ്ച രസകരമായിരുന്നുസൈക്കിള്‍ സൈഡില്‍ ചാരിവെച്ച്‌ , അടുത്തുള്ള ബെഞ്ചില്‍ കിടന്ന് കുട്ന് കൂര്‍ക്കം വലിച്ചുറങ്ങുന്നു. പത്തുമണിക്ക് മദ്രസ്സ വിട്ട്‌ ഞാന്‍ തിരിച്ചു വരുമ്പോള്‍ ഞാന്‍ വീണ്ടും സര്‍ക്കസ് കൂടാരത്തിനടുത്തേക്ക് നടന്നു, കുട്ടന്‍ സൈക്കിളിനുമുകളില്‍ ഇരിക്കുന്നു,കുട്ടന്‍‌റ്റെ സഹ സര്‍ക്കസ്സു‌ കാരന്‍ പഞ്ചായത്ത്‌ കിണറ്റില്‍ നിന്നും വെള്ളം കോരി കുട്ടനെ കുളിപ്പിക്കുന്നു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home