തറവാടി

 

Tuesday, July 3, 2007

മഞ്ചാടിക്കുരുക്കള്‍

പഞ്ചായത്ത്‌ റോഡില്‍നിന്നും , താഴേക്കുള്ള ഇടവഴിയില്‍ നാലാമത്തെ വീടാണ്‌ തട്ടാന്‍ വേലായിയുടേത്‌.പണിയെല്ലാം വീട്ടില്‍ വെച്ചായതിനാല്‍ അപൂര്‍വ്വ മായി മാത്രം പുറത്തേക്ക് പോയിരുന്ന ആള്‍ ശ്വാസമുട്ട് മൂര്‍ച്ഛിച്ചതിന് ശേഷം തീരെ പോകാതായി.
കിണറുകുഴിക്കുമ്പോള്‍ കണ്ട നിധിപ്പാത്രത്തിനുമുകളില്‍ കാവല്‍നിന്നിരുന്ന പാമ്പിനെ അടിച്ചുകൊന്നതിനു ശേഷമാണ് തട്ടാന് അസുഖം മൂര്‍ച്ഛിച്ചതെന്നാണ് പൊതുവേയുള്ള സംസാരം.അടുക്കള ഭാഗം ഇടവഴിയുടെ അതിര്‍ വരമ്പ് വരെ ഉള്ളതിനാല്‍ ഭാര്യ തങ്കമ്മയോട് ഇടവഴിയിലൂടെ പോയവരൊക്കെ സത്യാവസ്ഥ അന്വേഷിച്ചു. ഒരിക്കല്‍ കിണറ്റില്‍ നിന്നും വെള്ളം കോരുകയായിരുന്ന തങ്കമ്മയോട് അവറാന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഉത്തരം നല്‍കിയത് പിന്നില്‍നിന്നിരുന്ന തട്ടാന്‍:

' സംഭവം ശര്യന്നെയാണവാറാനെ , അതിനിപ്പോളാര്‍ക്കാണിത്രക്ക് ചേതം? '

ഒരു ദിവസം രാത്രി മടവാള്‍ കൊണ്ട്‌ സ്വര്‍ണ്ണക്കട്ടി വെട്ടിയെടുക്കുന്നതു കണ്ണുകൊണ്ട്‌ കണ്ട മായിന്‍കുട്ടി , ചന്ദ്രന്‍റ്റെ പീടികയില്‍ വെച്ച് ഓരോ ദൃശ്യവും വ്യക്തമായി വിവരിച്ചിട്ടും വിശ്വസിക്കാത്ത ചിലരുണ്ടായിരുന്നു.

' അത്ര വല്യ സ്വര്‍ണ്ണക്കട്ടി കിട്ടിയാല്‍ ഓലെന്തിനാടാ മായീനേ ആ ചെറിയ കുടിയില്‍ നിക്കണത്‌? '
' അതെന്നെ ഞാനും പറേണത്‌ ' കൊച്ചുണ്ണി മാനുവിന്‍റ്റെ വാക്കുകളെ പിന്താങ്ങി.

റംലത്തയുടെ കേടായ കമ്മല്‍ ശരിയാക്കാന്‍ വേണ്ടിയാണ്‌ ഞാന്‍ ഉമ്മയുടെകൂടെ തട്ടാന്‍റ്റെ വീട്ടില്‍ പോയത്‌. ഉമിയും കല്‍‌കരിയുമൊക്കെയിട്ട മുന്നിലെ പാത്രത്തിലെ തീയിലേക്ക് ഇടക്കിട ഊതുകയും പിന്നീടതില്‍ നിന്നും ചവണകൊണ്ട് ഉരുകിയ സ്വര്‍ണ്ണം പുറത്തെടുത്ത് അടിക്കുകയുമൊക്കെ ചെയ്യുമ്പോഴും എന്‍‌റ്റെ ശ്രദ്ധ ചെറിയ ത്രാസുകളില്‍ മാറിമാറി ഇട്ടിരുന്ന ചുകന്ന കുരുക്കളിലായിരുന്നു.


' തട്ടാനെ , അതു മഞ്ചാടിക്കുരുവല്ലെ? '
' ഇത് കുന്നിക്കുരു ഇതു മഞ്ചാടിക്കുരു ' രണ്ട് തരത്തിലുള്ളവയും തട്ടാന്‍ മാറിമാറി കാണിച്ചു.
' ഉമ്മാ , ദാ ചന്ദ്രന്‍റ്റെ പറമ്പിലുള്ളതാ... '
' ഉവ്വോ , ന്നാ കൊണ്ടാ... പൈസ തരാം '

ഗോപിയെ പാമ്പ് കടിച്ചതില്‍ പിന്നെ ചന്ദ്രന്‍‌റ്റെ പറമ്പിലേക്കാരും പോകറില്ലെന്നും പറഞ്ഞുമ്മ എന്നെ വിലക്കിയെങ്കിലും ആറാം കാവ്‌ പൂരത്തിന്‌ മഞ്ചാടിക്കുരുകൊണ്ടുണ്ടാക്കിയ മാലകളും , വളകളും കണ്ടതെന്‍‌റ്റെ ത്വര കൂട്ടി.

രണ്ട് കീശയും നിറച്ചാണ് ഞാന്‍ തട്ടാന്‍‌റ്റെ വീട്ടില്‍ പോയത് , ഓരോന്നും സസൂക്ഷ്മം വീക്ഷിച്ച് കുത്തുള്ളതാണെന്നും പറഞ്ഞയാള്‍ എല്ലാം എനിക്ക് തിരികെ തന്നു.വീടിനുള്ളില്‍ എല്ലാം കണ്ടുനിന്നിരുന്ന മല്ലിക എന്നോട്‌ മഞ്ചാടിക്കുരു ചോദിച്ചെങ്കിലും , ചന്ദ്രന്‍റ്റെ പറമ്പില്‍നിന്നും പോയെടുത്തോളാന്‍ പറഞ്ഞു ഈര്‍ഷ്യയോടെ ഞാന്‍ ഇറങ്ങിനടന്നു.പിറ്റേന്നു മദ്രസ്സയില്‍ പോകുമ്പോള്‍ , മുറ്റത്തെന്നെ കത്തുനിന്ന തട്ടാന്‍ മാടിവിളിച്ചു.

' അതൈ കുട്ട്യേ , ആ കുരുക്കള്‍ തന്നോളൂ , നല്ലതു നോക്കിയിട്ട്‌ പൈസ തരാം '

എന്‍റ്റെ കുരു പെറുക്കലും തട്ടാന്‍റ്റെ നിരസിക്കലും പല തവണ തുടര്‍ന്നു . ഇനി തട്ടാന് കുരുക്കള്‍ കൊടുക്കില്ലാന്നു തീരുമാനിച്ച അന്നുതന്നെ ഇതെല്ലാം ഉപ്പ മനസ്സിലാക്കിയതോടെ നിന്നു. അതുവരെ കൊടുത്ത കുരുക്കള്‍ തിരിച്ചുതരാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ പല കാരണങ്ങള്‍ പറഞ്ഞെന്നെ അയാള്‍ മടക്കി അയച്ചു.

ഒരിക്കല്‍ മല്ലിക കയ്യിലെ കുരുക്കളടങ്ങിയ സഞ്ചി കുലുക്കി നടക്കുന്നത് കണ്ടതോടെ ഒരിക്കലും അവ തിരിച്ചുകിട്ടില്ലെന്നും എനിക്ക് മനസ്സിലായി.ശ്വാസം മുട്ട് പെട്ടെന്ന് കൂടിയതാണ് മരണത്തിന് കാരണമായതെന്ന് എല്ലാവരും പറയുന്നത് കേട്ടു.മരണപ്പെട്ട് ഒരുമാസം കഴിഞ്ഞതും തട്ടാന്‍‌റ്റെ തട്ടാനില്ലാത്ത കുടുമ്പം തങ്കമ്മയുടെ നാട്ടിലേക്ക് പോകാന്‍ തയ്യാറായി.

' കുട്ട്യേ ഞങ്ങളീ നാട്ടീന്ന് പോകുവാ , ഇടക്കു ഞങ്ങളുടെ നാട്ടില്‍ വരണംട്ടാ.. '
തലകുലുക്കി സമ്മതിച്ച എന്‍റ്റെ കയ്യില്‍ ‍ ഒരു ചെറിയ സഞ്ചി വെച്ചു തങ്കമ്മ.
' നിക്കെല്ലാം അറിയാരുന്നു. '

ചെറിയ ഓട്ട തുളച്ച കുറെ മഞ്ചാടിക്കുരുക്കളും , പ്ലാസ്റ്റിക് നൂലില്‍ പകുതിയോളം കോര്‍ത്ത കുറെ കുരുക്കളും ഉള്ള സഞ്ചിയുമായി അകത്തുപോയ ഞാന്‍ കുരുക്കള്‍ നിറച്ചൊരു കുപ്പി മല്ലികക്ക് നേരെ നീട്ടി.

' ഇതു മല്ലികയെടുത്തോ , നിക്ക് ഇതുമതി '

തങ്കമ്മയുടെ കയ്യില്‍ പിടിച്ച് നടന്ന മല്ലിക ഇടക്കിടക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് കുപ്പി കുലുക്കിയപ്പോള്‍ എന്‍റ്റെ കയ്യിലെ മഞ്ചാടിക്കുരുക്കള്‍ നിറച്ച സഞ്ചി ഞാനും കുലുക്കി.