തറവാടി

 

Wednesday, April 9, 2008

എന്‍‌റ്റെ ഉപ്പ



' അപ്പോ ന്നാള് തന്നതു കഴിഞ്ഞോ?'

പ്രീഡിഗ്രീ കാലഘട്ടത്തില്‍ രാവിലെ കോളേജില്‍ പോകുമ്പോള്‍ ,താമിയുടെ പീടികയില്‍ ചായകുടിച്ച്‌ പത്രം വായിച്ചിരിക്കുന്ന ഉപ്പ എന്നെക്കാണുമ്പോള്‍ ചോദിക്കുന്ന സ്ഥിരം ചോദ്യം. കുറച്ച് നേരം നിന്നതിനു ശേഷം തലചൊറിഞ്ഞ്‌ പിറുപിറുത്ത്‌കൊണ്ട്‌ നീങ്ങുമ്പോള്‍ പിന്നില്‍നിന്നുള്ള വിളി , ചുവന്ന നിറത്തിലുള്ള രണ്ട്‌ രൂപയോ പച്ച നിറത്തിലുള്ള അഞ്ച്‌ രൂപയോ നീട്ടും,

'ഇനി ഒരാഴ്ചത്തേക്ക്‌ ചോദിക്കരുത്‌'

************
തൃശ്ശൂരില്‍ ജോലിചെയ്തിരുന്ന കാലം അതിരാവിലെ ഓട്ടോ ഗേറ്റില്‍ നിര്‍ത്തിയാല്‍ സംശയിക്കേണ്ട ഉപ്പയായിരിക്കും , കയ്യിലൊരു ചാക്കും താങ്ങി പടികയറുമ്പോള്‍ പറയും;

' വണ്ടീല് സാധനണ്ട് ങ്ങട്ടെടുത്തോ '

പൊതിച്ച തേങ്ങ നിറച്ച ചാക്കും അരിയുടെ ചാക്കും അപൂര്‍‌വ്വമായി വാഴക്കുലയും.
വൈകീട്ട്‌ തിരിച്ചുപോകുമ്പോള്‍ സ്ഥിരം ഓര്‍മ്മിപ്പിക്കല്‍

'ന്തെങ്കിലും വേണേങ്കി പറയണം , ബുദ്ധിമുട്ടരുത്‌ '

************
മക്കള്‍ ആരും പൈസ കൊടുത്താല്‍ വാങ്ങിക്കില്ലായിരുന്നു
'ന്‍റ്റെടുത്തുണ്ട്‌ യ്യ്‌ വെച്ചൊ'
മിക്കപ്പോഴുമുള്ള ഉപ്പയുടെ മറുപടി.

********
അത്താഴം മക്കളും മരുമക്കളും ഒരുമിച്ചിരുന്നു കഴിക്കണമെന്ന മുസ്ലീം കുടുംബങ്ങളില്‍ അപൂര്‍‌വ്വമായി കാണുന്ന ശൈലി ഉപ്പക്ക് നിര്‍ബന്ധമായിരുന്നു. വളരെ രസകരമായിരുന്നു ഉപ്പയുടെ ശിക്ഷാരീതി , കൈമുട്ടിനുമുകളിലാണടിക്കുക. അടി എന്നുപറഞ്ഞാല്‍ കയ്യ്‌ ശരീരത്തില്‍ തൊട്ടാല്‍ ഭാഗ്യം.

**********
എഴുപതുകളില്‍ ബാംഗ്ലൂര് ഐ.ടി.ഐ യില്‍ ജൊലിചെയ്തിരുന്ന മാമ ഒരു ദിവസം രാവിലെ ഓഫീസില്‍ പോകാന്‍ വാതില്‍ തുറന്നപ്പോള്‍ കയ്യിലൊരു ചെറിയ കടലാസുമായി ചിരിച്ചു നിന്നിരുന്ന ഉപ്പയെപ്പറ്റി എപ്പോഴും പറയും. ആ കടലാസില്‍ മാമയുടെ അഡ്രസ്സായിരുന്നു. നാട്ടിന്‍ പുറത്തുകാരനായ ഉപ്പ ആ അഡ്രസ്സെഴുതിയ കടലാസുമായി തനിച്ച് ബാംഗ്ലൂര് പറ്റി.പുതിയ സ്ഥലങ്ങള്‍ തേടിയുള്ള ഇത്തരം യാത്രകള്‍ ഉപ്പാക്കൊരു ഹരം തന്നെയായിരുന്നു.

***********
ഓര്‍മ്മ വെച്ചതുമുതല്‍ ആരുമായും ഉപ്പ കയര്‍ത്തു സംസാരിക്കുന്നതു കണ്ടിട്ടില്ലെങ്കിലും , ഒരിക്കല്‍ വാണം വിട്ടപോലെ മടാളുമായി പറമ്പിലേക്കോടി വാഴത്തോട്ടം മൊത്തം വെട്ടി നിരത്തിയതിന്‍റ്റെ കാരണം ഉമ്മക്കിന്നും അറിയില്ലത്രെ.

************
ഒരു പക്ഷെ ഭാര്യയെ ' നിങ്ങള്‍ ' എന്നുവിളിക്കുന്ന ഒറ്റ ആളെയെ ഞാന്‍ കണ്ടിട്ടുള്ളൂ , എന്റുപ്പയെ.

*************
രാഷ്‌ട്രീയമായി ഒരു കോണ്‍ഗ്രസ്സുകാരനായിരുന്ന ഉപ്പയുടെ നാട്ടുകാരായ സഖാക്കന്‍മാരുമായുള്ള ചങ്ങാത്തം എനിക്കുപോലും അതിശയം ജനിപ്പിച്ചിരുന്നു. വോട്ട്‌ ചെയ്യാന്‍ പലപ്പോഴും സഖാവ്‌ കുഞ്ഞനോടൊപ്പം പോയിരുന്ന ഉപ്പ തിരിച്ചുവരുന്നതും അവര്‍ ഏര്‍പ്പെടുത്തിയ വണ്ടികളിലായിരുന്നു.

********************
' ആരെന്തു ചോദിച്ചാലും കഴിയുന്നതും ഇല്ലെന്നു പറയരുത് ' ഇതായിരുന്നു ഉപ്പ പഠിപ്പിച്ച പ്രധാന പാഠം.
*****************

ഇവിടെ(ദുബായ്) കൊണ്ടുവരാനുള്ള ഒരാഗ്രഹം ബാക്കിയാക്കി ഉപ്പ ഞങ്ങളെ വിട്ടുപോയി ഇന്ന് ഞാന്‍ എന്‍‌റ്റെ ഉപ്പയാവാന്‍ ശ്രമിക്കുന്നു, ഞാന്‍ പകുതിപോലും മനസ്സിലാക്കാത്ത എന്‍‌റ്റെ ഉപ്പയാവാന്‍.
ചേര്‍ത്ത് വായിക്കുക.

Labels: