ഒന്ന്:
അഞ്ചുമണിയായെന്നറിയീച്ച്കൊണ്ട് ക്ലോക് മണിയടിക്കാന്‍ തുടങ്ങി. ശബ്ദം അസഹ്യമായിട്ടും സുരേഷിനത് നിര്‍ത്താന്‍ തോന്നിയില്ല, നിര്‍ത്താനായില്ലെന്ന് പറയുന്നതാവും കൂടുതല്‍ ശരി തലേന്ന് വളരെ വൈകി ഉറങ്ങിയതുതന്നെ കാരണം.
" അതൊന്നു നിര്‍ത്തൂ ചേട്ടാ , മോന്‍ കുറച്ചുകൂടി കൂടി ഉറങ്ങിക്കോട്ടെ"
അടുക്കളയില്‍ നിന്നും രമണിയുടെ പതിയെയുള്ള അപേക്ഷ.സാധാരണ രണ്ടുപേരും ഒപ്പമാണല്ലോ എണിക്കാറ് ഇന്നിവള്‍ക്കെന്തുപറ്റി എന്നും ചിന്തിച്ച് അയാള്‍ ക്ലോക്കിന്റെ അലാറം ഓഫാക്കി അടുക്കളയിലേക്ക് നടന്നു.
ഉണര്‍ന്ന മകനെ തോളിലിട്ട് വന്ന ഭാര്യ കുളിമുറിയിലേക്ക് കയറി. കുപ്പായവും പാന്‍സുമൊക്കെ ധരിച്ച് ചായകുടിയും കഴിഞ്ഞ് ജോലിക്കായിറങ്ങുമ്പോളും മകനെ സ്കൂളിലയക്കാനായുള്ള യുദ്ധത്തില്‍ തന്നെയാണ് ഭാര്യ.
രണ്ട്:
കണ്‍സ്റ്റ്രക്ഷന്‍ കമ്പനിയില്‍ എഞ്ചിനീയറായ സുരേഷ് ഗള്‍ഫില്‍ വന്നിട്ട് ആറ് വര്‍ഷമായിരിക്കുന്നു. ജോലി ചെയ്യുന്ന സൈറ്റില്‍ ഏഴുമണിക്ക് എത്തണമെങ്കില്‍ അഞ്ചരക്ക് മുമ്പെ വീട്ടില്‍ നിന്നും ഇറങ്ങണം ട്രാഫിക്കുതന്നെ കാരണം അഞ്ചെമുക്കാലായാല്‍ പിന്നെ എട്ടരക്കേ എത്താന്‍ പറ്റുകയുള്ളൂ.
ട്രാഫിക് സിഗ്നലില്‍ നില്‍ക്കുമ്പോള്‍ അയാള്‍ കാറിന്റെ പിന്‍ സീറ്റില്‍ നിന്നും ഡയറി എടുത്തുനിവര്‍ത്തി. അന്ന് ചെയ്യാനുള്ള കാര്യങ്ങള്‍ ഓരോന്നായി നോക്കി.
ഒമ്പത് പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.മുനിസിപാലിറ്റിയില്‍ പോകണം , ഡ്രോയിങ്ങില്‍ എന്തോ പ്രശ്നമുണ്ടെന്നും പറഞ്ഞിന്നലെ അവിടെനിന്നും വിളിച്ചിരുന്നു.രണ്ട് മണിക്ക് മീറ്റിങ്ങ് ,പിന്നെ..തുടര്‍ന്ന് നോക്കാനായില്ല സിഗ്നല്‍ പച്ച ലൈറ്റ് കത്തിയതറിയീച്ച് പിന്നില്‍ നിന്നിരുന്നകാറ് ശബ്ദിക്കാന്‍ തുടങ്ങി
മൂന്ന്:
കാര്‍ പാര്‍ക്ക് ചെയ്ത് പണി നടക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും അടിയിലുള്ള സ്റ്റോര്‍ റൂം ലക്ഷ്യമാക്കി നടന്നു. എന്നും രാവിലെ ജോലിക്കാര്‍ക്ക് പണി പറഞ്ഞുകൊടുത്തതിന് ശേഷമാണ് പുറത്ത് റോഡിന് വശത്തുള്ള തന്റെ ഓഫീസിലേക്കയാള്‍ പോകുക.
ഫോര്‍മാന്‍ പിള്ള ഡ്രോയിങ്ങും പിടിച്ചുനില്‍പ്പുണ്ട്, ഒപ്പമുള്ള മറ്റ് പണിക്കാരാരെയും കണ്ടില്ല.
'എന്തെ പിള്ളേട്ടാ കേമ്പില്‍ നിന്നും ബസ്സെത്തിയില്ലെ? '
' ബസ്സൊക്കെ വന്നു പക്ഷെ ആരും പണിക്കിറങ്ങില്ലാന്ന് '
ഇതൊരു സ്ഥിരം പരിപാടിയാണ്. ഒന്നുകില്‍ ശമ്പളം വൈകിയെന്നും പറഞ്ഞ് അല്ലെങ്കില്‍ മറ്റീരിയല്‍ ഇല്ലാത്തത് അതുമല്ലെങ്കില്‍ മറ്റൊന്ന് എന്തെങ്കിലും ഒരു പ്രശ്നമായാണ് പിള്ള എന്നും വരവേല്‍ക്കുക.
പലതും പിള്ളക്ക് സ്വന്തമായി ശരിയാക്കാമെങ്കിലും അയാളതിന് മുതിരില്ല. എഞ്ചിനീയറുണ്ടല്ലോ താനെതിനാ വെറുതെ തലപുകക്കുന്നത്?.
ഇരുപതുവര്‍ഷമായി കമ്പനിയില്‍ ഫോര്‍മാനാണ് പിള്ള. അതുകൊണ്ട് തന്നെ മുതലാളിയുമായി നല്ല അടുപ്പം. ഈ അടുപ്പം തനിക്ക് ബുദ്ധിമുട്ടാണെന്ന് തുറന്നുപറഞ്ഞതില്‍ പിന്നെയാണ് അയാളും പിള്ളയും തമ്മിലുള്ള ശീതസമരം ആരംഭിച്ചത്.
തന്റെ അറിവോടെയല്ലാതെ പല കാര്യങ്ങളും മുതലാളിയും പിള്ളയും ചെയ്യും അവസാനം പ്രശ്നമായാല്‍ ഉത്തരം താന്‍ പറയുകയും വേണം സഹികെട്ടപ്പോഴാണ് താനറിയാതെ, മുതലാളി നേരിട്ട് പണിയെപ്പറ്റി ഒന്നും പിള്ളയോട് പറയരുതെന്ന് രണ്ടുപേരോടും പറയേണ്ടിവന്നത്.
' ഇന്ന് പത്തായില്ലെ ശമ്പളം കിട്ടീല്ലെന്ന് '
' പിള്ളേട്ടാ ആര്‍ക്കും കിട്ടീട്ടില്ലല്ലോ ഞാന്‍ മുതലാളിയോട് പറയാമെന്നുപറയൂ നാളെ ഇന്‍സ്പെക്ഷനുള്ളതല്ലെ അതിനുമുമ്പെ പണി തീര്‍ക്ക്ണ്ടേ'
' എനിക്കുപറ്റില്ല സാറുതന്നെ അവരോട് പറ'
' പണ്ട് ഇങ്ങനെ ഒന്നുമല്ലായിരുന്നു ശമ്പളം കൃത്യം ഒന്നിനുതന്നെ കിട്ടും അന്നു പക്ഷെ ഇഞ്ചിനീരൊന്നുമില്ലായിരുന്നു പിള്ളച്ചേട്ടനായിരുന്നു എല്ലാം ഇപ്പോ...'
ആരോ കൂട്ടത്തില്‍ നിന്നും മുറുമുറുത്തു.
പണ്ട് ഒരു മുതലാളിയും നാല് പണിക്കാരും. സര്‍ക്കാര്‍ ജോലിക്കാരനായ അറബിക്ക് ശമ്പളം കിട്ടിയാല്‍ അന്നുതന്നെ പണിക്കാര്‍ക്കും കൊടുക്കും.ഇന്ന് എഴുന്നൂറോളം ആളുകള്‍. അതൊന്നും വിവരിക്കാനോ ന്യായീകരിക്കാനോ അയാള്‍ നിന്നില്ല.
' രണ്ടീസം കൂടി ക്ഷമിക്കും പിന്നെ....' ആരോ ഉള്ളില്‍ നിന്നും വീണ്ടും മൂമുറുത്തു.
നാല്::
മേശമ്മേലിരിക്കുന്ന ട്രേയില്‍ നിന്നും അന്ന് വന്ന കത്തുകളും മറ്റും വായിച്ചു, അതില്‍ തന്നെ മറുപടിക്കുള്ള പ്രധാന പോയിന്റുകളും കുറിച്ചതിന് ശേഷം ഓഫീസ് ബോയിയെ വിളിച്ചു. ബോയിയാണെങ്കിലും അത്യാവശ്യം പഠിപ്പുണ്ട് അതുകൊണ്ട് തന്നെ കത്തുകളും മറ്റും അവന്‍ തന്നെ ടൈപ്പ് ചെയ്ത് പ്രിന്റെടുത്ത് വെക്കും ഒന്നോ രണ്ടോ തവണ തിരുത്തിയാല്‍ അയക്കാനുമാകും. ഈ സൗകര്യം മനസ്സിലാക്കിയതുകൊണ്ട് തന്നെയാണ് കഴിഞ്ഞ സൈറ്റില്‍ നിന്നും ഇവിടേക്ക് വന്നപ്പോള്‍ ഇവന്‍ തന്നെ മതിയെന്ന് മുതലാളിയോട് പറഞ്ഞതും.
' സാര്‍ ആ ഡ്രോയിങ്ങ് വീണ്ടും റിജെക്ടായി '
ഡ്രാഫ്റ്റ് മാന്‍ ഒരു ഡ്രോയിങ്ങും മലര്‍ത്തിപിടിച്ച് വന്നു.
അതിലുള്ള കമന്‍സൊക്കെ താന്‍ നോക്കിഉള്‍ക്കൊള്ളിച്ചിരുന്നില്ലേ? എന്താണ് കമന്‍സ്?
' പുതിയതായി നാലെണ്ണം തന്നിരിക്കുന്നു '
' താന്‍ അതിനി വരക്കെണ്ട ഞാന്‍ കണ്‍സല്‍ട്ടന്റിനെ കണ്ടിട്ട് പറയാം എന്നിട്ട് വരച്ചാല്‍ മതി'
' ഇന്നലെ സ്ട്രക്ച്ചറല്‍ ഡീറ്റയില്‍ഡ് ഡ്രോയിങ്ങ് സബ്മിറ്റ് ചെയ്തല്ലോ അല്ലെ?'
'ഇല്ല സാര്‍ സമയം കിട്ടീല്ല മറ്റേത് കഴിഞ്ഞിട്ട് ചെയ്യാം '
' എന്താ റഫീക്കേ ഇന്നലെ ചെയ്യണമെന്ന് പറഞ്ഞിരുന്നതല്ലേ അടുത്ത ആഴ്ച കോണ്‍ക്രീറ്റാണെന്നെത്ര തവണ പറഞ്ഞതാ അതിനെ മുമ്പെ അതപ്രൂവലായിട്ടില്ലെങ്കില്‍ ആകെ പ്രശ്നമല്ലെ?'
' ഞാനെതാ ചെയ്യുക ഇന്നലെ പവര്‍ പോയി , സാറപ്പോ പുറത്തായിരുന്നു '
' ശരി ശരി ഇന്ന് അതുകഴിഞ്ഞിട്ട് പോയാല്‍ മതി '
' അയ്യോ പറ്റില്ല സാറെ നാളെ എന്റെ ഇക്ക നാട്ടില്‍ പോകുകയാണ് അവന്റെയൊപ്പം ഷോപ്പിങ്ങിന് പോകണം'
നിര്‍ബന്ധിച്ചാല്‍ ചിലപ്പോള്‍ ഇരിക്കും പക്ഷെ പണി നടക്കില്ലെന്നറിയുന്നതിനാല്‍ ഒന്നും മിണ്ടാതെ അയാള്‍ വീട്ടിലേക്ക് ഫോണില്‍ വിളിച്ചു , പിന്നീട് മറന്നാലോ.
' ഞാനിന്ന് വൈകിയേ വരൂ അത്യാവശ്യം ചില പണികളുണ്ട് '
' ഹഹ അതീപ്പോ ഒരു പുതിയകാര്യമൊന്നുമല്ലല്ലോ '
ഭാര്യയുടെ പരിഹാസം കലര്‍ന്ന ചിരി മുഴുമിപ്പിക്കുന്നതിനുമുമ്പെ ഫോണ്‍ കട്ടാക്കി.
അഞ്ച്:
' പിള്ളേട്ടാ എനിക്ക് പുറത്ത് പോകണം , എപ്പോള്‍ തിരിച്ചുവരും എന്നു പറയാന്‍ പറ്റില്ല, എന്തെങ്കിലുമുണ്ടെങ്കില്‍ മോബൈലില്‍ വിളിച്ചാല്‍ മതി'
' പിന്നെ നാളത്തെ ഇന്‍സ്പെക്ഷനുള്ള പണി കഴിഞ്ഞല്ലോ അല്ലെ?'
' ഇല്ല ഇന്ന് ഓവര്‍ ടൈം വേണ്ടിവരും'
' ഇങ്ങനെ ഓവര്‍ ടൈം കൊടുക്കല്ലെ പിള്ളേട്ടാ, കാര്യങ്ങള്‍ നിങ്ങള്‍ക്കും അറിയാവുന്നതല്ലെ ഞാന്‍ മുതലാളിയോടെന്താ പറയുക? , കഴിയുന്നതും ആളുകളെ കൂട്ടി ഓവര്‍ ടൈം കുറക്കണമെന്നണദ്ദേഹത്തിന്റെ നിര്‍ദ്ദേശം'
' ഒരു മാസത്തില്‍ പത്തോവര്‍ ടൈമെങ്കിലും കൊടുക്കാതെ അവര്‍ക്ക് വിഷമമാകും പിന്നെ പണി നടക്കില്ല ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട'
പണിക്കാരെ സുഖിപ്പിക്കുന്നത് നല്ലതുതന്നെ എന്നാല്‍ മുതലാളിയില്‍ നിന്നും തെറി കേള്‍ക്കുന്നത് ഞാനാണല്ലോ.ഓവര്‍ ടൈമിന്റെ പ്രശ്നം എല്ലാമാസവും ഉള്ളതാണ്. എല്ലാവര്‍ക്കും പത്തുമണിക്കൂര്‍ നിര്‍ബന്ധമായും കൊടുക്കണമെന്ന് പിള്ളേട്ടന്‍ പറയും , ഓവര്‍ ടൈം കൊടുക്കരുത് പകരം ആളെ തരാം എന്നറബിയും, നാല് ചീത്ത എന്തായാലും ഉറപ്പാണ്. പിള്ളയെ പിണക്കിയാല്‍ അറബിയില്‍ നിന്നും മാത്രമാവില്ല കണ്‍സല്‍ട്ടന്റടക്കം മറ്റുപലരില്‍ നിന്നും കേള്‍ക്കണം. കൂടുതലൊന്നും പറയാതെ അയാള്‍ പണിനടക്കുന്ന സ്ഥലത്തേക്ക് കയറിപ്പോയി.
ആറ്:
അയാള്‍ ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു മറ്റീരിയല്‍ സപ്ലയര്‍ കത്തിരിക്കുന്നു.
' ഹലോ എപ്പോ വന്നു?'
' നിങ്ങള്‍ ഫൊണെടുക്കില്ലാ, മറ്റീരിയല്‍ വേണമെങ്കില്‍ എത്ര തവണ വേണമെങ്കിലും വിളിക്കും'
രസിക്കാത്തമറുപടിയെങ്കിലും സുരേഷ് ചിരിച്ചതേയുള്ളു.
' ചെക്ക് കൊടുക്കാന്‍ ഞാന്‍ മുതലാളിയോട് പറഞ്ഞിരുന്നതാണല്ലോ കിട്ടിയില്ലേ?'
' ദേ നമ്മുടെ നല്ല ബന്ധം വഷളാക്കെണ്ട , ഇനിയും ഇതാണ് പരിപാടിയെങ്കില്‍ ഞാന്‍ മറ്റീരിയല്‍ കൊടുത്തുവിടില്ല പിന്നെ കരയരുത്'
' മുതലാളിയെ വിളിച്ചാല്‍ നിങ്ങളെ കാണാന്‍ പറയും നിങ്ങള്‍ തിരിച്ചും ഇതു ശരിയാവില്ല'
' ദാ ലിസ്റ്റ് ഇതും കൂടി കൊടുത്തയക്കൂ ഞാന്‍ മുതലാളിയോട് പറയാം'
അയാള്‍ കീശയില്‍ നിന്നും ഒരു ലിസ്റ്റെടുത്ത് നീട്ടി
' മിസ്റ്റര്‍ സുരേഷ് നിങ്ങളുടെ മുതലാളി ഫോണെടുക്കാറില്ല പൈസ തരാതെ ഇനി മറ്റീരിയല്‍ തരില്ല അതുപറയാനാ വന്നത്'
' ഇപ്രാവശ്യം കൂടെ ക്ഷമിക്കൂ ഞാനെതായാലും ഇത്തവണ റിലീസ് ചെയ്യിക്കാം എന്നിട്ടും കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടം പോലെ ചെയ്യൂ'
' ശരി അവസാന തവണയാണിത് മറക്കേണ്ട! '
അയാള്‍ പുറത്തിറങ്ങിയതും അരിശത്തോടെ ഡ്രാഫ്റ്റ് മാന്‍ മുറുമുറുത്തു.
' തുടക്കത്തില്‍ ' പൈസ പിന്നെ മതി മറ്റീരിയല്‍ ഞങ്ങളില്‍ നിന്നുതന്നെ വാങ്ങണേന്ന് ' പറഞ്ഞ് കേഴുന്നതൊക്കെ അയാള്‍ മറന്നു , സാറിന്ന് മുതലാളിയൊട് പറഞ്ഞ് ആ പൈസ കൊടുപ്പിച്ചൂടെ വെറുതെ അയാളുടെ തെറി കേള്‍ക്കണോ?'
' മുതലാളിയോട് പറയാനല്ലെ പറ്റൂ കൊക്കിന് പിടിക്കാന്‍ പറ്റുമോ?
ഏഴ്:
കണ്‍സള്‍ട്ടന്റിന്റെ ഓഫീസ് ബോയ് വാതില്‍ക്കല്‍ വന്നുനിന്നുള്ളിലേക്ക് തലനീട്ടി
' സാറെ ആര്‍.ഇ വിളിക്കുന്നു '
ഒരു പണി മുഴുവനാക്കാന്‍ സമ്മതിക്കില്ല മുറുമുറുത്തയാള്‍ സീറ്റില്‍ നിന്നുമെണീറ്റ് നടന്നു.
' എന്താ സുരേഷ് പത്താം ഫ്ലോറില്‍ ചെയ്തുവെച്ചിരിക്കുന്നത്? ഞാന്‍ ഇന്‍സ്പെക്ഷന് വരില്ലാട്ടോ ഇതാണവ്സ്ഥയെങ്കില്‍'
' ഞാന്‍ നോക്കട്ടെ എന്നിട്ട് പറയാം'
' അതു ശരി തനിക്കറിയില്ലേ? എന്നാപിന്നെ എല്ലാം ഫോര്‍മാനോട് ചോദിച്ചാല്‍ മതിയല്ലോ!'
ഇതൊരു പതിവാണ് രണ്ടാഴ്ചയില്‍ ഒരു ദിവസം ഒന്നു വിളിപ്പിക്കും കുറെ ചോദ്യങ്ങള്‍ ഉത്തരം ലഭിച്ചാലും ഇല്ലെങ്കിലും ഒരേ പെരുമാറ്റം , താന്‍ കന്‍സല്‍ട്ടന്റാണെന്നത് മറക്കരുതെന്ന ഓര്മ്മപ്പെടുത്തലാവും പലപ്പോഴും.
' നാളെ ഇന്‍സ്പെക്ഷന് ഞാന്‍ വരണമെങ്കില്‍ താന്‍ ഈ വേരിയേഷന്‍ മറക്കണം, അല്ലാത്ത പക്ഷം ഡ്രോയിങ്ങുകള്‍ റിജെക്ടായിക്കൊണ്ടേ ഇരിക്കും ഇന്‍സ്പെക്ഷനും'
ഉടക്കിയീട്ട് കര്യമില്ല ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തിലിവന്‍ ഉപദ്രവിക്കും എന്നാലും അവസാന ശ്രമം.
' സാറെ അറബാബിനറിയാം അതു വലിയ പ്രശ്നമാകും മറ്റീരിയല്‍ വാങ്ങിയതില്‍ കാരണം സൂചിപ്പിച്ചിട്ടുള്ളതാണ്'
കന്‍സള്‍ട്ടന്റിറ്റെ ഡ്രോയിങ്ങിലെ മിസ്റ്റേക്കാണ് വേരിയേഷനായി കൊടുത്തിട്ടുള്ളത്. വേരിയേഷന്‍ തരേണ്ടിവന്നാല്‍ കണ്‍സള്‍ട്ടന്റ് ക്ലയന്റിനോട് ഉത്തരം പറയണം അതൊഴിവാക്കാന്‍ പറ്റിയ മാര്‍ഗ്ഗം വേരിയേഷന്‍ ഇല്ലെന്ന് വരുത്തലാണ് , ഒരു തരം നിര്‍ബന്ധിത അഡ്ജസ്റ്റ് മെന്റ്.
' അതൊന്നുമെനിക്കറിയില്ല'
എട്ട്:
'പിള്ളേട്ടാ , ഞാന്‍ നാളെ സ്വല്‍പ്പം വൈകും എനിക്ക് മോന്റെ സ്കൂളില്‍ പോകണം പിന്നെ ഫാമിലി വിസ പുതുക്കാനും എന്തെങ്കിലുമുണ്ടെങ്കില്‍ വിളിക്കണേ'
'ഇന്ന് കോണ്‍ക്രീറ്റല്ലേ വൈകീട്ട് സാറ് വന്നാല്‍ മതി ആറുമണിക്ക് ഞാന്‍ പോകും മൂന്നാളേയും നിര്‍ത്തുന്നുണ്ട്'
എല്ലാം കഴിഞ്ഞ് സൈറ്റിലെത്തിയപ്പോള്‍ അഞ്ചരമണിയായി ,
' വിസ പുതുക്കാന്‍ കൊടുത്തു ഞാനിന്ന് വൈകും കോണ്‍ക്രീറ്റാണ് '
അപ്പുറത്തുനിന്നും മറുപടിക്ക് കാക്കാതെ സുരേഷ് ഫോണ്‍ വെച്ച് സൈറ്റിലേക്ക് നടന്നു.
കോണ്‍ക്രീറ്റ് തുടങ്ങാന്‍ ഇനിയും സമയമുണ്ട് കസേരയിലിരുന്ന് ചെറുതായി മയങ്ങാന്‍ തുടങ്ങുമ്പോഴാണ് സുലൈമാന്റെ ഫോണ്‍.
' അതൈ ഞാന്‍ നാളെ നാട്ടില്‍ പൊക്വാ അതുപറയാന്‍ വിളിച്ചതാ'
ഗ്രോസറിയില്‍ പണിയെടുക്കുന്ന നാട്ടുകാരനാണ് സുലൈമാന്‍ വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെ , അല്ല നിങ്ങള്‍ എന്നാ നാട്ടിലേക്ക്?
' ഏയ് സമയമയിട്ടില്ല സുലൈമാനേ പ്രോജക്ട് മുഴുവനാക്കാതെ ലീവ് കിട്ടില്ലല്ലോ'
' അല്ല നിങ്ങള്‍ക്കിപ്പോ എന്തിനാ അല്ലെങ്കില്‍ ലീവ് , കാറ് ഫാമിലി എ.സി ഞങ്ങളുടെ ഒക്കെ കാര്യം അങ്ങിനെയല്ലല്ലോ!'
വിളറിയ ചിരി ചിരിച്ച് സുരേഷ് ഫോണ്‍ വെച്ച് മയങ്ങാന്‍ തുടങ്ങി.
Labels: കഥ