തറവാടി

 

Monday, December 14, 2009

എന്‍‌റ്റെ വണ്ടി

മൂക്കില്‍ വിരലിട്ട്‌ അസ്വസ്ഥത നീക്കുമ്പോഴാണു പിന്നില്‍ നിന്നും അലര്‍ച്ച:

' മാറെടാ വയ്യീന്ന്‌ '

ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോള്‍ സൈനുക്കയും , മുജീബും , ബാലനും സൈക്കിള്‍ ടയര്‍ ഉരുട്ടിക്കൊണ്ട്‌ വരിവരിയായി വരുന്നു. ഞാന്‍ വഴിയില്‍ നിന്നും മാറുമ്പോഴെക്കും സൈനുക്കാടെ വണ്ടി എന്നെ ഇടിച്ചു മറിഞ്ഞു. ചെവിയില്‍ പിടിച്ചപ്പോഴുള്ള എന്‍‌റ്റെ പ്രതികരണം ഉമ്മ അടുക്കളയില്‍ കേള്‍ക്കത്തക്ക ഉച്ചത്തിലായി.

' ജ്ജ്‌ ഓത്തിനു പോവാത്തപ്ളേ ഞാന്‍ കരുതീതാ ആ ചെക്കനെ കരീപ്പിക്കൂന്ന്‌ '

അതുവരെ കാഴ്ചക്കാരനായിരുന്ന ബാലന്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവാതിരിക്കാന്‍ എന്‍‌റ്റെ കഴുത്തില്‍ കയ്യിട്ട് താഴെയുള്ള പറമ്പിലേക്ക് നയിച്ചു. പോകുന്നിടയില്‍ സൈനുക്കയോട് മടാളെടുക്കാന്‍ ഓര്‍മ്മിച്ച് ഞങ്ങള്‍ പറമ്പിലേക്ക് നീങ്ങി.പറമ്പില്‍ വെച്ച് സൈനുക്കയും , ബാലനും , മുജീബും , എന്തൊക്കെയൊ വെട്ടിയും കെട്ടിയും ഒരു വണ്ടിയാക്കി എനിക്കുനേരെ നീട്ടി.

ചായകുടിക്കാനായുള്ള ഉമ്മയുടെ പലവട്ടമുള്ള അറിയീപ്പ് വണ്ടി പിടിച്ചുള്ള ഓട്ടത്തില്‍ ഞാന്‍ കേട്ടില്ല. അരിശത്തോടെ മുറ്റത്തേക്ക് വന്ന ഉമ്മ എന്നേയും വണ്ടിയേയും മാറി മാറി നോക്കിയതിനു ശേഷം വാണം വിട്ടപോലെ അകത്തേക്കോടി.പന്തികേട് തോന്നി അകത്തേക്ക് പോകുമ്പോള്‍ എതിരെ ചട്ടകവുമായോടിവരുന്ന ഉമ്മയെയാണ് കണ്ടത്.

' ന്‍‌റ്റെ റബ്ബേ അതും കേടാക്ക്യല്ലോ '

ഉമ്മ പറമ്പില്‍ പോകുമ്പോള്‍ ഇടാറുള്ള ഹവായ്‌ ചെരുപ്പ് വെട്ടി ടയറാക്കിയ വണ്ടി ,പിന്നീടെപ്പൊഴൊ റംലുത്താനെ കവുങ്ങിന്‍റെ ഓലയില്‍ ഇരുത്തി സൈനുക്ക വലിച്ചപ്പോള്‍ അതിനടിയില്‍പ്പെട്ട്‌ ചപ്ളിയാവുകയായിരുന്നു.

Labels: