തറവാടി

 

Monday, February 19, 2007

ജയശങ്കര്‍‍

ജയശങ്കര്‍ ,അറിയുന്നുവോ ഞാന്‍ നിന്നെ

ചിലപ്പോഴെങ്കിലും ഓര്‍ക്കുന്നെന്ന്?

നായക്കാട്ടത്തിന്‍റ്റെ മലയാളം ക്ലാസ്സില്‍,
മാഷിടയ്ക്ക് പുറത്തുപോയ തക്കത്തിന്‌,
മുന്നിലിരുന്ന നീ ഉള്‍പ്പെടാത്ത
ഞങ്ങളുടെ ചര്‍ച്ച

ഉമക്കോ , ശോഭക്കോ ഡമ്പ്‌ കൂടുതല്‍?

ശബ്ദം കേട്ട്,
9B യില്‍ ജീവശാസ്ത്രം പഠിപ്പിച്ചിരുന്ന 'സ്ക്രൂജ്‌'
വന്നപ്പോള്‍
തത്‍കാലം നിര്‍ത്തിയ ചര്‍ച്ച
സക്രൂജ് പോയപ്പോള്‍ വീണ്ടും തുടങ്ങിയത്.


നായക്കാട്ടത്തോടുള്ള സ്ക്രൂജിന്‍‌റ്റെ പരാതിയില്‍

ചൂരല്‍ കഷായം തുടങ്ങിയപ്പോള്‍ ,
നീ കൈ കാണിച്ചില്ല.

“അത്രക്കായോ”

ആക്രോശത്തോടെ ,
നിന്‍റെ തുട അടിച്ചുപൊട്ടിച്ചത്‌,
പൊട്ടിയ വടി വലിച്ചെറിഞ്ഞ്‌ ,
വീണ്ടും നായക്കാട്ടം...

കരയാതെ ,
തളര്‍ന്ന നീ
ഞങ്ങള്‍ക്കൊരു
പരിചയായി,

ഇന്നു ഞാന്‍ കരയുന്നു ജയാ
എന്‍‍റ്റെ തുടയിലെ‍
വേദനയാല്‍.

Labels:

Friday, February 2, 2007

ഉമ്മയും ഉമ്മയുടെ ഒരു കഥയും.



ഇരിമ്പിളിയത്തേക്കും മറ്റുമുള്ള യാത്രകളില്‍ സന്തത സഹചാരിയായിരുന്ന എനിക്ക് ഉമ്മ കഥകള്‍ പറഞ്ഞുതരുമായിരുന്നു. മിക്കപ്പോഴും ആവര്‍ത്തിച്ചതിനാലാണോ എന്തോ എപ്പോഴും ഓര്‍മ്മ നില്‍‌ക്കുന്ന ഉമ്മയുടെ കഥകളില്‍ ഒന്നാണ് , ' എന്തിനെയും ചെമ്പെന്ന് കരുതണം '


ഒരിക്കല്‍ ഒരു രാജാവ്‌ തന്‍റെ പുത്രനെ പരീക്ഷിക്കാന്‍ തീരുമാനിച്ച് മകനൊരു വാളും കയ്യില്‍ കൊടുത്ത് തന്നോടൊപ്പം പോകുവാന്‍ കല്‍‌പ്പിച്ചു. കുറെ നടന്നവര്‍ ഒരു വാഴതോട്ടത്തിലെത്തി.

" കുമാരാ , ഈ 100 വാഴകളില്‍ ഒന്നിലെ പിണ്ടിക്ക്‌ പകരം ഞാന്‍ ചെമ്പ്‌ കമ്പി കയറ്റി വെച്ചിരിക്കുന്നു"

മകന്‍ :"അതിന്‌ ഞാനെന്തു വേണം?"

"നീ ഒറ്റ വെട്ടിന്‌ ഒരോ വാഴയും രണ്ടാക്കി പിളര്‍ക്കണം , ഒരു വെട്ടേ പാടുള്ളു , അല്ലെങ്കില്‍ നീ തോറ്റു"

പരീക്ഷണത്തില്‍ വിജയിക്കാനായി കുമാരന്‍ വാളുമായി തോട്ടത്തിലേക്കിറങ്ങി. ആദ്യത്തെ വാഴക്കുള്ളില്‍ ചെമ്പുണ്ടെന്ന് കരുതി ശക്തിയായി ആഞ്ഞുവെട്ടി. വാഴക്കുള്ളില്‍ ചെമ്പില്ലാത്തതിനാല്‍ വാഴ രണ്ടായി പിളര്‍ന്നെങ്കിലും , വെട്ടിന്‍‌റ്റെ ശക്തിയാല്‍ കുമാരനും വാഴക്കൊപ്പം താഴെ വീണു.

പുറത്ത് കാഴ്ചക്കാരായിരുന്ന രാജാവും പരിവാരങ്ങളും ഇതുകണ്ടാര്‍ത്തു ചിരിച്ചു.ക്ഷുപിതനായ കുമാരന്‍ പരീക്ഷണത്തില്‍ വിജയിക്കനായി ഓരോ വാഴയും ഒറ്റ വെട്ടിനു രണ്ടായി പിളര്‍ത്തിക്കൊണ്ടിരുന്നു ഒപ്പം കുമാരനും താഴെവീണുകൊണ്ടിരുന്നു. തൊണ്ണൂറ്റൊമ്പത് വാഴയിലും ഇതു തുടര്‍ന്ന കുമാരന്‍ നൂറാമത്തെ വാഴയുടേ അടുത്തെത്തി.

രാജാവ് തന്നെ കളിയാക്കാനാണീ പരീക്ഷണം നടത്തുന്നതെന്നും വാഴയില്‍ ചെമ്പൊന്നും ഉണ്ടാകില്ലെന്നും കരുതി ശക്തമായി വെട്ടാന്‍ ഓങ്ങിയ വാള്‍ പിന്‍‌വലിച്ച് കുമാരന്‍ ഒരു വാഴമുറിയാന്‍ പാകത്തില്‍ വെട്ടി. കഷ്ടമെന്ന് പറയട്ടെ വാഴയില്‍ ചെമ്പുണ്ടായിരുന്നതിനാല്‍ വാഴ മുറിഞ്ഞില്ലെന്ന് മാത്രമല്ല കുമാരന്‍‌റ്റെ കൈ നന്നായി വേദനിക്കുകയും ചെയ്തു , വാഴ മുറിയാത്തതിനാല്‍ കുമാരന്‍ പരീക്ഷണത്തില്‍ തോല്‍‌ക്കുകയും ചെയ്തു.

ഇതും പറഞ്ഞുമ്മ ചിരിക്കും.

" ആ മകന്‌ അതില്‍ ചെമ്പുണ്ടായിരുന്നെന്ന്‌ കരുതിയിരുന്നെങ്കില്‍ വിജയിക്കാമായിരുന്നില്ലെ ,അതിനാല്‍ എന്തിനെയും ചെമ്പെന്ന് കരുതണം"