തറവാടി

 

Monday, June 25, 2007

വിരുന്നുകാര്‍

ബന്ധുക്കള്‍ വീട്ടില്‍ വരുന്നതിഷ്ടമാണെങ്കിലും ,അകന്ന ബന്ധുക്കളേയും , മാന്യന്‍മാരായ അടുത്തബന്ധുക്കളേയും അപേക്ഷിച്ച്‌ ,അലവലാതികളായ അടുത്തബന്ധുക്കളുടെ സന്ദര്‍ശനമായിരുന്നു എനിക്ക് കൂടുതലിഷ്ടം.


അകന്ന ബന്ധുക്കള്‍ കൊണ്ടു വരുന്ന പലഹാരങ്ങള്‍ക്ക്‌ ഗുണനിലവാരം കൂടുമെങ്കിലും , അവര്‍ കൊണ്ടുവന്നത് അവര്‍ക്ക് തന്നെ ചായക്കൊപ്പം കൊടുക്കാറില്ല.പൊതി അഴിക്കുകപോലും ചെയ്യാതെ നേരെ പത്തായത്തിലേക്കാണ് പോകുക പിന്നീട് അടുത്ത വിരുന്നുകാര്‍ വരുമ്പോള്‍‌ മാത്രമേ പുറത്തെടുക്കൂ.

ഇനി മാന്യന്‍മാരായ അടുത്തബന്ധുക്കളാണ് വരുന്നതെങ്കില്‍‌‍;
അവര്‍ കൊണ്ടുവന്ന പലഹാരം അവര്‍ക്കുള്ള ചായക്കൊപ്പം വെക്കുമെങ്കിലും , പേരിനു മാത്രമേ ഇത്തരക്കാര്‍ കഴിക്കൂ ഫലമോ ഒന്നോ രണ്ടൊ കഷ്ണമോ / എണ്ണമോ മാത്രം എനിക്ക് കിട്ടും.ബാക്കി പത്തായത്തിലേക്ക് പോകും.

എന്നാല്‍;
അലവലാതികളായ അടുത്ത ബന്ധുക്കള്‍ വന്നാല്‍ , മുന്നില്‍ കൊണ്ടുവെക്കുന്ന പലഹാരത്തിന്‍റെ മുക്കാല്‍ ഭാഗവും ഒരു കൂസലുമില്ലാതെ അവര്‍ അകത്താക്കും.ബാക്കിവരുന്ന കാല്‍ ഭാഗം ഒരിക്കലും ഉമ്മ പത്തായത്തിലേക്ക്‌ വെക്കാറില്ല , പകരം അത്‌ ഞങ്ങള്‍ക്ക്‌ തരും , ഇതുകൊണ്ടാണ്‌ ഇവരുടെ സന്ദര്‍ശനം എനിക്കേറ്റവും ഇഷ്ടവും.

ഇത്തയുടെ കല്യാണത്തിന്‌ കുറച്ച്‌ ദിവസങ്ങളെ ബാക്കിയുള്ളൂ.
രണ്ട്‌ ദിവസമായി നൗഷാദും അമ്മായിയുമൊക്കെ വീട്ടില്‍ ഉള്ളതിനാല്‍ ഞാനും നല്ല സന്തോഷത്തിലായിരുന്നു. വരാന്‍ പോകുന്ന അളിയന്‍‌റ്റെ അനിയന്‍ കാണാന്‍ വരുന്നതിനാല്‍ ഉമ്മയും , അമ്മായിയുമൊക്കെ അടുക്കളയില്‍ പലഹാരങ്ങളുണ്ടാക്കുന്ന തിരക്കിലും.പത്തുമണിയോടെ മൂന്നാമന്‍ അവറാനിക്കയോടൊപ്പം അവര്‍ വന്നു.

വിരുന്നുകാര്‍ വന്ന് കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഉമ്മ പലഹാരങ്ങള്‍ മേശമേല്‍ നിരത്തി.പലഹാരങ്ങളുടെ കൂട്ടത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പുഴുങ്ങിയ കോഴിമുട്ട കണ്ട്‌ ഞാന്‍ കോരിത്തരിച്ചു.
മേശപ്പുറത്തിരിക്കുന്ന പലഹാരപ്പാത്രങ്ങളുടെ ഇടയില്‍ വെളുത്തപാത്രത്തിലിരിക്കുന്നപുഴുങ്ങിയ ആറ് മുട്ടകള്‍ കണ്ട് , ഞാനും നൗഷാദും ആദ്യം തന്നെ കരാര്‍ ഉറപ്പിച്ചു ,

രണ്ടെണ്ണം വന്നവരെടുക്കും , ബാക്കി നാല്‌ ; മൂന്നെണ്ണം എനിക്കും , ഒന്ന് നൗഷാദിനും.
ഇത്തിരി കടുത്ത കരാറല്ലെടാ ഇതെന്ന്‌ അവന്‍‌റ്റെ മുഖത്തുനിന്നും മനസ്സിലാക്കിയ ഞാന്‍ , മറ്റ്‌ വിഭവങ്ങളില്‍ കുറവ്‌ ‌ നിരത്താമെന്ന്‌ കൈ ആങ്ങ്യത്തില്‍ ധരിപ്പിച്ച് തൃപ്തനാക്കി.

ഓരോ നിമിഷങ്ങള്‍ കടന്ന്‌ പോകുമ്പോഴും , ഒന്നും കഴിക്കാതെ ചായ മാത്രം കുടിച്ചുകൊണ്ടിരുന്ന അളിയന്‍‌റ്റെ അനിയനോടും , അവറാന്‍ കാക്കയോടും എനിക്കും നൗഷാദിനും വളരെ ബഹുമാനം തോന്നി.
മേശപ്പുറത്തിരിക്കുന്ന മുട്ടപാത്രത്തിന്‌ ഒരനക്കവും തട്ടാതിരുന്നപ്പോള്‍ , വാതിലിന്‌ മറവില്‍ , ഒരറ്റത്ത്‌ നിന്നിരുന്ന നൌഷാദിനോട്‌ മറുവശത്ത്‌നിന്നും കണ്ണുകോണ്ട്‌ ഞാന്‍ കരാര്‍ പുതുക്കി:

“ അനക്കൊന്നും ഒന്നും , എനിക്കഞ്ചും”

സുഖവിവരങ്ങളന്വേഷിക്കാന്‍ , അടുക്കളയില്‍ നിന്നും വന്ന ഉമ്മ, പലഹാരപ്പാത്രങ്ങള്‍ വെച്ചിരുന്ന അതേ അവസ്ഥയിലിരിക്കുന്നത് കണ്ടു.

“ എന്തായിത് , ഇതുശരിയാവില്ല , അതൊക്കെ കഴിക്കാനാ വെച്ചിരിക്കുന്നത്‌ , കഴിക്ക്..കഴിക്ക്..”.

നിര്‍ബന്ധത്തിന്‌ വഴങ്ങി , അവരുടെ കൈകള്‍ മുട്ടപാത്രത്തില്‍ കയറിയിറങ്ങി.ഈ പ്രവൃത്തി തുടര്‍ന്നത് ഞാന്‍ സങ്കടത്തോടെ നോക്കിനില്‍ക്കുമ്പോഴും നൌഷാദിന്‍റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായില്ല.പാത്രത്തിലെ അവസാനത്തെ ഒരു കോഴിമുട്ട കണ്ട് , നൗഷാദുമായുള്ള കരാര്‍ ഞാന്‍ വീണ്ടും പുതുക്കി:

“ ടാ , അതെനിക്കാ ട്ടാ ”

ചായകുടി കഴിഞ്ഞവര്‍ക്ക് വെള്ളം കൊടുക്കാന്‍ വേണ്ടി ഉമ്മ എന്നെ അകത്തേക്ക്‌ വിളിച്ചു.
രണ്ടുകയ്യിലും വെള്ളപ്പാത്രവുമായി അടുക്കളയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ നൗഷാദെന്നെ ദയനീയമായി നോക്കി

“ അതും പോയെടാ ”.

മേശപ്പുറത്ത്‌ വെള്ളം വെക്കുമ്പോള്‍ , മുട്ടപാത്രത്തിലിരുന്ന അവസാനത്തെ മുട്ട അവറാനിക്കയുടെ വലതുകയ്യില്‍ കിടന്നുരുളുന്നത്‌ ദു:ഖത്തോടെ ‍ ഞാന്‍ നോക്കിനിന്നു.ഓരോ പാത്രം മേശമേല്‍നിന്നുമെടുക്കുമ്പോഴും ഒരു തരിപോലും ബാക്കിവെക്കാതെ മുഴുവന്‍ അകത്താക്കിയ അവറാനിക്കയെ ഞാന്‍ പ്രാകിക്കൊണ്ടിരുന്നു.

' പണ്ടാറക്കാലന്‍ വയറിളകി ചാവട്ടെ! '

അവസാനത്തെ പാത്രവും അടുക്കളയില്‍ കൊണ്ടുവെച്ച ഞാന്‍ , പുറം തിരിഞ്ഞുനിന്ന്‌ പപ്പടം ചുട്ടിരുന്ന ഉമ്മാടേയും ചുമരിന്‍‌റ്റേയും ഇടയിലൂടെ കയ്യെത്തിച്ച്‌ ഒരു പപ്പടം എടുത്തു.

" ഠേ!!" ,

തിളച്ച എണ്ണയില്‍ മുക്കിയ , പപ്പടകോല്‍ കുപ്പായമിടാത്ത എന്‍‌റ്റെ പുറത്ത്‌ വീണു:

" തിന്നാനുള്ളത്‌ മേശമേല്‍ തരും ഇനി ഇങ്ങനെ ചെയ്യരുത്‌ ”.

വേദനകൊണ്ട് പുളഞ്ഞ് പുറത്തുള്ള പത്തായപുരയുടെ പടിയിലിരിക്കുന്ന സമയത്താണ് , രണ്ട് ദിവസമായി അടിയായിരുന്ന ഇത്തയുടെ വരവ് :

" നന്നായി , അനക്കത് വേണം "

അടുക്കളയില്‍ അമ്മായിയുമായി സഹതപിക്കുന്ന ഉമ്മയുടെ ശബ്ദം ജനലിലൂടെ കേട്ട ഞാന്‍ കൂടുതല്‍ സഹതാപത്തിനായി അടുത്തേക്ക് ചെന്നു.

" ങ്ങട്ട്‌ വാടാ അനക്ക് വെച്ചിടുണ്ട് , ഇനിയെങ്ങാനും അങ്ങിനെ ചെയ്താല്‍‍ മറ്റെ പുറവും പൊളിക്കും ".

പ്രതിഷേധാര്‍ഥം ഒന്നും കഴിക്കാതെ കിടന്ന് മയക്കത്തിലായ ഞാന്‍ ചെറിയ ആളനക്കം കേട്ടുണര്‍ന്നു. ഉമ്മ എന്‍‌റ്റെ പൊള്ളിയ മുറിയില്‍ വെളിച്ചെണ്ണ പുരട്ടുന്നത് പാതിമയക്കത്തില്‍ ഞാന്‍ അറിഞ്ഞു.
കുനിഞ്ഞിരുന്ന് പുരട്ടുന്ന ഉമ്മയുടെ കണ്ണീര്‍ പുറത്തെ മുറിയുടെ മുകളില്‍ വീണ്‌ നീറിയപ്പോഴും ഞാന്‍ അനങ്ങാതെ തന്നെ കിടന്നു , ഞാനുണര്‍ന്നതറിഞ്ഞാല്‍ ഉമ്മ എണീറ്റ് പോകുമെന്നെനിക്കറിയാമായിരുന്നു.

Labels:

Wednesday, June 6, 2007

എന്നെ അലട്ടുന്ന ചോദ്യം

ഓര്‍മ്മയില്‍ അന്നെനിക്ക് പ്രായം‌ എട്ട് വയസ്സ് , എന്തോ കാരണവാശാല്‍ ഞാനും ഉപ്പയും‌ തെറ്റി.പൊതുവെ ഇത്തരം‌ സംഭവങ്ങളുണ്ടാകുമ്പോള്‍‌ മുറിയില്‍ കതകടച്ചിരിക്കുന്ന ഞാന്‍ റോടിലേക്കിറങ്ങി. റോടില്‍ വിതറാനിട്ടിരുന്ന കരിങ്കല്ലുകളില്‍ രണ്ടെണ്ണം രണ്ടുകയ്യിലുമായെടുത്തുപ്പുയുടെ നേരെ ചൂണ്ടി:


" വേണ്ടാ ..അടുത്ത്‌ വരണ്ടാ ..വന്നാ ഞാന്‍ കലക്കും..."

എന്തു ചെയ്യണമെന്നറിയാതെ വല്ലാതെ പകച്ച ഉപ്പ സ്ഥബ്ദനായി നിന്നു.

" മോനെ ഏറിയല്ലെട്ടാ ..ഞാന്‍ ഒന്നും പറയില്ലാ...എറിയല്ലെട്ടാ.."

തിരിഞ്ഞുനടന്നാല്‍ ഞാന്‍ എറിഞ്ഞാലോ എന്ന ഭയമുള്ളതിനാല്‍ അവിടെ തന്നെ നിന്നുകൊണ്ട് വീണ്ടും ദയനീയമായി അപേക്ഷിച്ചു.

" മോനെ എറിയല്ലെട്ടാ...."

ഞാനും ഉപ്പയും തമ്മിലുള്ള ഈ കളി കുറച്ച്‌ നേരം തുടര്‍ന്നു , ഇത്‌ കേട്ടറിഞ്ഞോ എന്തോ കുട്ടന്‍ നായര്‍ ആ വഴി വന്നു. എന്നെ രൂക്ഷമായി നോക്കി.

" ഇടെടാ കല്ല് താഴെ"

" വേണ്ടാ ..അടുത്ത്‌ വരണ്ടാ..ഞാനെറിയും.."

ഇത്തിരി കടുത്ത ശബ്ദത്തില്‍ നായര്‍ വീണ്ടും

" നിന്നോട്‌ കല്ല് താഴെ ഇടാനാ ഞാന്‍ പറഞ്ഞത്‌"

ഞാനറിയാതെ കല്ലുകള്‍ താഴെ വീണു , കല്ലുകള്‍ താഴെ എത്തുന്നതിന്‌ മുമ്പെ കുട്ടന്‍ നായര്‍ തൊട്ടടുത്ത പുളിമേല്‍ നിന്നും വടിയൊടിക്കലും അടിക്കലും കഴിഞ്ഞിരുന്നു പിന്നീട് ദേഷ്യത്തോടെ ഉപ്പയേ നോക്കി,

" നീയാ കുഞ്ഞുണ്ണ്യ ആ ചെക്കനെ വെടക്കാക്കുന്നത്‌"

പിന്നീട് ഉപ്പയുടെ നെറ്റിയില്‍ കൈകൊണ്ട് തടവി.

" നിനക്കൊന്നും പറ്റീല്ലല്ലോ അല്ലെ?"

രണ്ട്‌ പേരും തിരിഞ്ഞ്‌ നടക്കുമ്പോള്‍ , മോങ്ങി നിന്നിരുന്ന എന്നെ ഉപ്പ ഇടക്ക്‌ തിരിഞ്ഞ്‌ നോക്കികൊണ്ടിരുന്നു.ഞാന്‍ എറിഞ്ഞാലോ എന്ന് ഭയന്നിട്ടാവുമോ ഉപ്പ ഇടക്കിടക്ക് നോക്കിയത്?
ന്‍‌റ്റെ റബ്ബെ ആജു വെങ്ങാനും ഇങ്ങനെ ചെയ്താല്‍ ഏത്‌ കുട്ടന്‍ നായര്‍ വരും??

Labels: