തറവാടി

 

Thursday, October 25, 2007

ജിന്ന്.

വൈകുന്നേരമുള്ള ദര്‍സ്സിന് പള്ളിയില്‍ വരുമ്പോള്‍ സലിം അവന്‍‌റ്റെ ഉപ്പ പോക്കര്‍ ഹാജിയുടെ കടയില്‍ നിന്നും മിഠായി കൊണ്ടുവരാറുണ്ടായിരുന്നു. വെത്യസ്ഥ തരത്തിലുള്ള മിഠായി കൊണ്ടുവരുന്ന അവന്‍ ശിങ്കിടിയായ ഹംസക്കൊഴികെ മറ്റാര്‍ക്കും കൊടുക്കാത്തതിനാല്‍ പലര്‍ക്കും അവനോട് താത്പര്യവുമുണ്ടായിരുന്നില്ല.
പള്ളിയിലെ മുഖ്യ പുരോഹിതനായ കുഞ്ഞമ്മു മുസലിയാര്‍ക്കും മദ്രസ്സയില്‍ ഓത്ത് പഠിപ്പിക്കുന്ന ഖാദര്‍ മുസലിയാര്‍ക്കുമുള്ള ഭക്ഷണം വീടുകളില്‍ നിന്നും മുക്ക്രി സൈദാലിക്കയാണ്‌ കൊണ്ടുവരുന്നത്. കഞ്ഞി / ചോറും കറിയും എന്നതില്‍ നിന്നും വ്യത്യസ്ഥമായി , പോത്തിറച്ചിയോ , നെയ്ച്ചോറൊ കൊണ്ടുവന്നാല്‍ , ഓത്തുനടക്കുന്ന ക്ലാസ്സിന്‍‌റ്റെ വാതിലിനരികെ നിന്ന് ക്ലാസ്സിനുള്ളിലേക്ക് നോക്കും,

“ ഇന്ന് ങ്ങളങ്ങട്ട് നോക്കീക്കോളീ”

ഓത്തിന് ശേഷമുള്ള കൂട്ട പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാതെ കറിയിലെ ഇറച്ചിക്കഷ്ണമെല്ലാം ഊറ്റി , സ്വന്തം പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം , ഇറച്ചിയില്ലാത്ത കറിയും , കുറച്ച് നെയ്ച്ചോറും മറ്റൊരു പാത്രത്തിലാക്കി , നമസ്കാരം കഴിഞ്ഞിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് വരും,

“ കൊറച്ച് കയിച്ചിട്ട് പൊയ്കോടാ”

പേര്‍ഷ്യയില്‍ നിന്നും ലീവിന് വന്ന സലീമിന്‍‌റ്റെ ഇക്ക കൊണ്ടുവന്ന പുതിയ കുപ്പായത്തില്‍ അത്തര്‍ പൂശി ദര്‍സിന് വന്ന സലീം ഞെക്കിയാ ഓടുന്ന വണ്ടിയെക്കുറിച്ചും , സ്വയം ചെണ്ട കൊട്ടുന്ന കുരങ്ങനെക്കുറിച്ചും വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. ക്ലാസ്സില്‍ വെച്ച് ഇക്ക തന്നുവിട്ടതാണെന്ന് പറഞ്ഞ് പ്ലാസ്റ്റിക് കവര്‍ ഉസ്താദിന് നേരെ നീട്ടുമ്പോള്‍ ഉസ്താദിന്‍‌റ്റേയും അവന്‍‌റ്റേയും മുഖങ്ങള്‍ ഒരുപോലെ തിളങ്ങി.

പലകുറി ഓത്ത് തെറ്റിച്ച സലീമിനോട് സൗമ്യമായി പെരുമാറുകയും വളരെ കുറച്ചുമാത്രം തെറ്റി ഓതിയ എന്നെയും ജമാലിനേയും ഉസ്താദ് ശിക്ഷിച്ചതുമാണ് അന്നുവരെ ഉണ്ടായതില്‍ കൂടുതല്‍ ദേഷ്യം ഞങ്ങള്‍ക്കുണ്ടാവാന്‍ കരണം. അന്ന് ദര്‍സ് കഴിഞ്ഞ് വീട്ടില്‍ പോകുമ്പോള്‍ ചിലതൊക്കെ ഉറപ്പിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്.

പിറ്റേന്ന് വളരെ നേരത്തെ പള്ളിയിലെത്തിയ ഞങ്ങള്‍ , നാട്ടില്‍ അവധിക്കു പോയ വല്യ ഉസ്താദിന്‍‌റ്റെ വെളുത്ത വലിയ കുപ്പായം കൈക്കലാക്കി ഗേറ്റിനരികെ ,പള്ളിക്കുള്ളിലായി ഒളിച്ചിരുന്നു.സലീമും , ഹംസയും പള്ളിയില്‍ കാലു കുത്തിയ ഉടനെ ജമാല്‍ വലിയകുപ്പായമിട്ട് , രണ്ട് കയ്യും പൊന്തിച്ചും താഴ്ത്തിയും അലറാന്‍ തുടങ്ങി.ആദ്യം തരിച്ച് നിന്ന രണ്ടുപേരും , “ ന്റ്റ മ്മാ....ജിന്ന് ...ജിന്ന്...” എന്ന് ഓളിയിട്ട് പിന്തിരിഞ്ഞോടുമ്പോള്‍ കല്ലില്‍ തട്ടിവീണ ഹംസയുടെ മുകളില്‍ സെലീമും വീണു.

നിലവിലിയും , വീഴ്ചയുടെ ശബ്ദവും കേട്ട് ഉസ്താദും മുക്രിയും , ഓടിവരുന്നത് കണ്ട ജമാല്‍ കുപ്പായമഴിച്ച് പള്ളിപ്പറമ്പിലേക്ക് വലിച്ചെറിഞ്ഞെങ്കിലും കാര്യം ഏകദേശം ഉസ്താദിനു പിടികിട്ടിയിയിരുന്നു.
ഉസതാദിനെ കണ്ടപ്പോള്‍ സമാധനത്തോടെ സലീം എണീറ്റെങ്കിലും അവിടെത്തന്നെ ബോധമറ്റു കിടന്ന ഹംസയെ താങ്ങിയെടുത്ത് ഹൌളിന്റെ അടുത്ത് കിടത്തി മുഖത്ത് വെള്ളം തെളിച്ചു.മെല്ലെ കണ്ണ് തുറന്ന ഹംസ വെള്ളക്കുപ്പായമിട്ട ഉസ്താദിനെ കണ്ടപ്പോള്‍ വീണ്ടും ബഹളം വെച്ചു:
' ജിന്ന് ..ജിന്ന്.'
' ജിന്ന് അന്‍‌റ്റെ ബാപ്പ'
ഉസ്താദ് വീണ്ടും അവന്‍‌റ്റെ മുഖത്ത് വെള്ളം തെളിച്ചുകൊണ്ടിരുന്നു.കാര്യം പിടിവിട്ടു എന്ന് മനസ്സിലാക്കിയ ഞാ‍ന്‍ , ഭയങ്കര വയറ് വേദന എന്നും പറഞ്ഞ് വയറ്റില്‍ കയ്യമര്‍ത്തിപ്പിടിച്ചു.
' നാളെ ദര്‍സിന് വാടാ ...അന്‍‌റ്റെ വയറ്‌ വേദന ഞാന്‍ മാറ്റിത്തരാം '

ഞാന്‍ പിറ്റേന്ന് ദര്‍സിന് പോയില്ല.ഉസ്താദ് തുട അടിച്ച് പൊട്ടിച്ചതും , എനിക്ക് വെച്ചിട്ടുണ്ടെന്ന് പറഞ്ഞതും എല്ലാം ജമാല്‍ സ്കൂളില്‍ വെച്ച് പറഞ്ഞു. കോഴിക്കോട്‌ കോളേജില്‍ പഠിക്കുന്ന ഉറ്റ സുഹൃത്തും വഴികാട്ടിയുമൊക്കെയായ മണിയേട്ടന്‍ നാട്ടില്‍ അവധിക്കു വന്ന അന്ന്‌ രാത്രി ഞങ്ങള്‍ സെക്കന്‍‌ഷോക്ക് പോയി.

സിനിമയുടെ ഇട വേളക്ക് കടല വാങ്ങാന്‍ പോയ ഞാന്‍ , പെട്ടെന്ന് വളരെ അറിയുന്ന ഒരാള്‍ പുറത്ത് നില്‍ക്കുന്നത് കണ്ട് അടുത്ത് ചെന്ന് നോക്കി. ആളെ മനസ്സിലായ ഞാന്‍ വാണം വിട്ട പോലെ ടാക്കീസിനകത്തേക്കോടി‍.

ഇടവേള കഴിഞ്ഞപ്പോള്‍ സ്ക്രീനിലേക്ക് നോക്കുന്നതിന് പകരം , നാല് വരി മുന്നില്‍ , തലയില്‍ വെള്ളത്തൊപ്പിയില്ലാതെ , പുതിയ സില്‍ക്കിന്‍‌റ്റെ കുപ്പായമിട്ട് , അത്തറിന്‍‌റ്റെ മണം പരത്തി , കടലകോറിച്ച് സിനിമകണ്ടിരുന്ന ഉസ്താദിനെ നോക്കിയിരുന്നു.നിര്‍ബന്ധത്തിന് വഴങ്ങി , സിനിമ മുഴുമിക്കാതെ വീട്ടിലേക്ക് നടക്കുമ്പോള്‍ എല്ലാ സംഭവങ്ങളും മണിയേട്ടന് മനസ്സിലായി , രക്ഷപ്പെടാന്‍ ഒരു വഴിയും പറഞ്ഞ് തന്നാണ് പിറ്റേന്ന് കോഴിക്കോടിന് തിരിച്ചുപോയത്.

ദര്‍സിന് നേരത്തെ എത്തിയ എന്നെ കണ്ടപ്പോള്‍ വിരല്‍ ചുരുട്ടി തലക്ക് മുട്ടാന്‍ ഉസ്താദിനെ നോക്കി ഞാന്‍ ചിരിച്ചു.
' അസ്സലാമു അലൈകും....ഉസ്താദെ ..സിനിമ എങ്ങനെണ്ടായിരുന്നു..? '
ഇടിവെട്ട് കൊണ്ടത് പോലെ ഉസ്താദ് നിന്നു.
' എന്ത് സിനിമ..ഏത് ..സിനിമ ?.'
എല്ലാമെനിക്കറിയാമെന്ന് മനസ്സിലായ ഉസ്താദ് എന്‍‌റ്റെ തോളില്‍ കയ്യിട്ട് പള്ളിക്കുള്ളിലേക്ക് നടക്കുമ്പോള്‍ ദയനീയ മായി എന്‍‌റ്റെ മുഖത്തേക്ക് നോക്കി.

' സുവറെ...ആരൊടും പറയല്ലെട്ടാ ഇനി അന്നെ ഞാന്‍ തല്ലൂല്ല...'
പുറത്ത് പറയില്ലെന്ന് ആണയിടുപ്പിച്ച എന്നെ കുറെ പ്രാവശ്യം ഓത്ത് തെറ്റിച്ചെങ്കിലും ഉസ്താദ് തല്ലിയില്ല,ഇടക്ക് ഹംസയോട് ,
' അന്‍‌റ്റെ വാപ്പ ജിന്നാണോ ' എന്ന് ഞാന്‍ ചോദിച്ചത് കേട്ടപ്പോഴോ
' ഉസ്താതെ ഇവന്‍‌റ്റെ വാപ്പാക്ക് വിളിച്ചു '
എന്ന് ഹംസ പരാതി പറഞ്ഞപ്പോഴൊന്നും ഉസ്താദ് ശിക്ഷിച്ചില്ല ;
' അത് സാരല്ല ..ഞ്ഞ് ഓന്‍ വിളിക്കൂല..'
അപ്പോഴും ഞാന്‍ ഉസ്താദിന്‍‌റ്റെ കണ്ണ് പറയുന്നുണ്ടായിരുന്നു:
' സുവറെ ..ആരോടും..പറയരുത്..ട്ടോ '

Thursday, October 4, 2007

കുറ്റവാളികള്‍

ഗേറ്റിന് മുന്നില്‍ നിന്ന് വാര്യര്‍ വീട്ടിലേക്ക് സൂക്ഷിച്ചുനോക്കി. ഉമ്മയുമായി നാട്ട് വിശേഷങ്ങള്‍ പറഞ്ഞിരുന്ന ഞാന്‍ വാര്യരെ വീട്ടിലേക്ക് കയറിവരാന്‍ ക്ഷണിച്ചു.ചെളിപുരണ്ട കീറിയ മുണ്ടും അതിനേക്കാള്‍ അഴുക്കു പുരണ്ട കീറിയ ഷര്‍‌ട്ടുമാണ്‌ വേഷം‌.താടി അധികമില്ലെങ്കിലും നീണ്ട മുടി ജഢ കുത്തിയിരിക്കുന്നു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കണ്ടതിനേക്കാളും ക്ഷീണവും പ്രായവും തോന്നിക്കുന്നുണ്ട്‌. പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന കാര്‍ ശ്രദ്ധയോടെ വീക്ഷിച്ചതിന് ശേഷം ഉമ്മയെ നോക്കി.

' പുതിയകാറാണല്ലോ വാങ്ങിയതാണോ ? '
മറുപടിക്ക് കാതോര്‍ക്കാതെത്തന്നെ വാര്യരുടെ പതിവ് ചോദ്യം‌ ,
' ഒരു പത്തു രൂപ വേണം '
അകത്തുപോയ ഞാന്‍ തിരിച്ചുവരുന്നത് വരെ കാറില്‍ തന്നെ ശ്രദ്ധിച്ചുകൊണ്ട് നിന്ന വാര്യരെ ഉമ്മ ഉണര്‍ത്തി. ' എന്തെ അവിടെന്നു പോന്നെ? '
പോര്‍ച്ചിന്‍റ്റെ കാലില്‍ പിടിച്ച് ചെറുതായൊന്നു കുലുക്കിനോക്കിയതിനു ശേഷം വാര്യരുടെ മറുപടി ‌
' ഏയ്‌ അതു ശരിയായില്ല '
രൂപ പോക്കറ്റിലിട്ട് പതിവ് പോലെ യാതൊരു ഭാവഭേദവുമില്ലാതെ വാര്യര്‍ നടന്നു നീങ്ങി.
*********
മദ്രസ്സയില്‍‌ പോകുമ്പോള്‍ ചന്ദ്രന്‍‌റ്റെ ചായപ്പീടികക്കരികിലാണ് മിക്കവാറും ഞാന്‍ വാര്യരെ കാണുക.

രണ്ടു ചെവികളിലും തെച്ചി പൂ ചൂടി , ഒരു കയ്യില്‍ പായസവും‌ മറുകൈ കൊണ്ട് എണ്ണമയമുള്ളമുടിയിലൂടെ കയ്യോടിച്ച് ഒരു വശത്തേക്ക് അല്‍‌പ്പം ചെരിഞ്ഞായിരുന്നു അയാള്‍ നടന്നിരുന്നത്.

അച്ഛന്‍ മരിച്ചതിനു ശേഷം കുറെ നാള്‍ പുറത്തേക്കൊന്നും വരാറില്ലായിരുന്ന പിന്നീട് കേട്ടത് അയാള്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടായതും ആശുപത്രിയിലായതുമൊക്കെയാണ്‌. പിന്നീടെപ്പോഴോ റോഡില്‍ കണ്ടുതുടങ്ങി തല താഴ്ത്തി വേഗത്തില്‍ നടന്നുപോകുമ്പോള്‍ നാട്ടുകാരെ ആരെങ്കിലും കണ്ടല്‍ വാര്യര്‍ നില്‍‌ക്കും.

' ഒരു പത്തു രൂപ വേണം '

കിട്ടിയാലും ഇല്ലെങ്കിലും അയാള്‍ക്കൊരുപോലെയാണെന്ന് തോന്നിയിട്ടുണ്ട്. കിട്ടിയാല്‍ നല്ലതോ നന്ദിയോ പറയില്ല കിട്ടിയില്ലെങ്കില്‍ ചീത്തതും.വീട് ഞങ്ങളുടെ തറവാട് പറമ്പിന്‍‌റ്റെ തൊട്ടടുത്തായിരുന്നതിനാല്‍ വെള്ളം നനക്കാന്‍ പോകുമ്പോള്‍ മിക്കവാറും കാണാറുണ്ടായിരുന്നു അയാളെ. ഭ്രാന്തന്‍ എന്ന പേരുള്ളതിനാല്‍ കുട്ടികളടക്കം മിക്കവരും അയാളോടടുപ്പം കാണിക്കാറില്ലെങ്കിലും ഉപ്പ കുറെ സമയം അയാളോടൊത്ത് സംസാരിച്ചുനില്‍‌ക്കുമായിരുന്നു.ഭ്രാന്തനായ അയാളോട് സംസാരിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോളൊക്കെ ഉപ്പ നെടുവീര്‍പ്പിടും.

' എങ്ങിനെ ജീവിക്കേണ്ട കുട്ട്യാണത്‌ , ഓരോ വിധി! '
ഉമ്മയുടെ നെടുവീര്‍പ്പാണെന്നെ ചിന്തകളില്‍‌നിന്നുമുണര്‍‌ത്തിയത്.

******
അയാളുടെ ചികില്‍സയെക്കുറിച്ചു ഞാനുമ്മയോട് തിരക്കിയപ്പോഴാണ് 'ആരു നോക്കും / ചികില്‍സിപ്പിക്കും' എന്നൊക്കെയുള്ള മറു ചോദ്യം വന്നത്.കുറച്ചു കാലം മുമ്പ് ആശുപത്രിയിലും പിന്നീട്‌ ശരണാലയത്തിലും ആക്കിയതും , കുറച്ചു നാള്‍ വൃത്തിയായി നടന്നതും ഒക്കെ ഉമ്മ പറഞ്ഞു. അസുഖം പൂര്‍ണ്ണമാകാതെ അവിടെനിന്നും പോരാത്തതിനാലാണത്രെ വീണ്ടും പഴയതു പോലെ വന്നതെന്നും കൂട്ടിച്ചേര്‍ത്തു.ദിവസങ്ങള്‍ക്കു ശേഷം ഒരിക്കല്‍ ഞാന്‍ ബസ്സില്‍ കയറുമ്പോള്‍ എനിക്കു മുമ്പില്‍ വാര്യരുണ്ടായിരുന്നു.എവിടെക്കെന്ന എന്‍റ്റെ ചോദ്യത്തിന്‌ , 'കുമ്പിടി വരെ ' എന്ന അടഞ്ഞ ശബ്ദത്തിലുള്ള ഉത്തരം മാത്രം.ബസ്സില്‍ കയറിയ ഉടന്‍ അയള്‍ മുന്നിലേക്കു പോയൊരു ഭാഗത്ത് ഒതുങ്ങി നിന്നു.പരിചയക്കാരനായ കണ്ടക്റ്റര്‍ കുശലം‌ ചോദിച്ചുകൊണ്ടു പൈസ വാങ്ങി.

' ആരാ രണ്ടുപേര്‍? '
കുറച്ചു മുന്നിലായി നില്‍ക്കുന്ന വാര്യരെ ചൂണ്ടിയ എനിക്ക് ഒരാളുടെ പൈസ തിരിച്ചുതന്നിട്ട് ചിരിച്ചു.
' ഇക്ക , ആരു പൈസ തന്നില്ലെങ്കിലും അയാള്‍ തരും '

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വാര്യര്‍ കുമ്പിടിയിലേക്ക് യാത്ര ചെയ്യുന്നതും, സീറ്റ്‌ ഒഴിവുണ്ടെങ്കിലും ഇരിക്കാത്തതും , ഒരിക്കല്‍ പോലും പൈസ തരാതെ യാത്രചെയ്യാറില്ലാത്തതുമൊക്കെ കണ്ടകറ്റര്‍ പറഞ്ഞു.കുമ്പിടിയില്‍ പോകുന്നത്‌ ചായയും ദോശയും കഴികാനാണെന്നും ചായപ്പീടികയിലും പൈസ കൊടുത്തേ കഴിക്കാറുള്ളു എന്നതും ഞാന്‍‍ മനസ്സിലാക്കി.

തിരിച്ചു പോരുന്നതിന്‍റ്റെ ഒരാഴ്ച മുമ്പ്‌ , തറവാട്ട്‌ പറമ്പിലേക്കു പോകുന്നവഴി ഞാന്‍ വീണ്ടും വാര്യരെ കണ്ടു.എന്‍‌റ്റെ കുറച്ചു മുന്നിലായിട്ടായിരുന്നു അയാള്‍ നടന്നിരുന്നത്. മനപൂര്‍വ്വം ഒന്നും മിണ്ടാതെ ഞാനും ഒപ്പം നടന്നു , എന്നോടെന്തൊക്കെയോ അയാള്‍ക്ക്‌ പറയാനുണ്ടായിരുന്നെന്നയാളുടെ പെരുമാറ്റത്തില്‍ നിന്നും മനസ്സിലായി.തൊട്ടടുത്തായി നടക്കാന്‍ തുടങ്ങിയ എന്നോടെപ്പോഴോ അയാള്‍ ചോദിച്ചു ,

' സുഖമല്ലെ? '

അസുഖം പൂര്‍ണ്ണമായി മാറാതെ ശരണാലയത്തില്‍ നിന്നും പോന്നതിന്‍‌റ്റെ കാരണമന്വേഷിച്ചു. അതുവരെ തല താഴ്ത്തിമാത്രം സംസാരിച്ചിരുന്ന ആളെന്‍‌റ്റെ മുഖത്തേക്ക് നോക്കി.

' പൂര്‍ണ്ണമായും മാറാതെ അവര്‍ വിടില്ല '
' പിന്നെ എങ്ങിനെ വീണ്ടും അസുഖം വന്നു? '
' എനിക്കു അസുഖം മാറിയിരുന്നു ,ജോലിയൊക്കെ ചെയ്ത് തുടങ്ങിയിരുന്നു '
കുറച്ചു നേരം ഒന്നും മിണ്ടാതെ നടന്ന വാര്യര്‍ ശബ്ദം വീണ്ടും കുറച്ചുകൊണ്ടു പറഞ്ഞു,
' എല്ലാവര്‍ക്കും ആ പഴയ ഭ്രാന്തനെയാണ്‌ വേണ്ടത്‌ '

പിന്നീടൊന്നും വാര്യര്‍ മിണ്ടിയില്ല , ഞാനും, റോടില്‍ നിന്നും ഇടത്തു വശത്തേക്കു തിരിയുന്ന ഇടവഴിയിലേക്കയാള്‍ നടന്നു നീങ്ങി , ഞാന്‍ വീണ്ടും റോടിലൂടെ നേരെ പോകുമ്പോള്‍ ഒന്നുകൂടി ചെരിഞ്ഞയാളെ നോക്കി, അതുവരെ മുണ്ടിന്‍റ്റെ വശം കക്ഷത്തു വലിച്ചുവെച്ചിരുന്നത്‌ താഴിയിട്ടിരിക്കുന്നു , തലയിലൂടെ കയ്യോടിച്ചയാള്‍ എന്‍റ്റെ കണ്ണില്‍ നിന്നകന്നകന്നു പോയി.