തറവാടി

 

Tuesday, June 24, 2008

കഷ്ടപ്പാടുകള്‍

കഴിഞ്ഞ വെക്കേഷന്‍ സമയത്ത് ടൗണിലൂടെ നടന്നുപോകുമ്പോളാണ് ഒപ്പം പഠിച്ച ജോണിയെ കണ്ടത്.പഠിക്കുന്നകാലത്ത്‌ പറയത്തക്ക ബന്ധമൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷവും കണ്ടമാത്രെ അവനെന്നെ മനസ്സിലായി. സര്‍ക്കാരുദ്യോഗസ്ഥനാണ് കല്യാണം കഴിഞ്ഞിരിക്കുന്നു ഒരു കുട്ടിയും.



കുശലാന്വേഷണത്തില്‍ സാധാരണക്കാര്‍ക്കുള്ള അതേ കാഴ്ചപ്പാടാണ് അവനും ഗള്‍ഫുകാരനോടുള്ളതെന്ന് മനസ്സിലായി.ജോലിക്കിടയിലെ ടെന്‍ഷനെപ്പറ്റിയും ഉത്തരവാദിത്വങ്ങളെപ്പറ്റിയും വിവരിച്ച അവന്‍‌റ്റെ വാക്കുകള്‍ എനിക്ക് സര്‍ക്കാര്‍ ജോലിക്കാരോടുള്ള ധാരണ മാറ്റുന്നതരത്തിലുള്ളതായിരുന്നു. ഗള്‍ഫില്‍ ജോലി വളരെ ഈസിയായതിനാല്‍ അവിടേക്ക് വരാന്‍ വരാന്‍ സാധ്യതയുണ്ടെന്ന് അറിയീച്ചപ്പോള്‍ എത്തിയാല്‍ നിര്‍ബന്ധമായും വിളിക്കണമെന്ന് പറഞ്ഞ് ടെലിഫോണ്‍ നമ്പറും കൊടുത്താണ് ഞങ്ങള്‍ പിരിഞ്ഞത്.

നാല് മാസം മുമ്പാണ് അപ്രതീക്ഷിതമായി ജോണ്‍ ഫോണില്‍ വിളിച്ചത് , അവന്‍ ഗള്‍ഫിലെത്തിയിരിക്കുന്നു , അതും ദുബായില്‍ , രണ്ട്‌ മാസത്തോളമായി എല്ലാം ഒന്ന് സെറ്റായിട്ട്‌ വിളിക്കാമെന്ന് കരുതിയാണത്രെ ഇത്രയും കാലം വിളിക്കാതിരുന്നത്‌.ഇവിടത്തെ ശമ്പളനിലവാരത്തെപ്പറ്റിയും മറ്റും അറിയാതിരുന്നാല്‍ കമ്പനിക്കാര്‍ വളരെ കുറവ് ശമ്പളത്തിന് നമ്മളെക്കൊണ്ട് സമ്മതിപ്പിക്കും എന്ന് പറഞ്ഞ എന്നെ അദിശയിപ്പിക്കുന്നതായിരുന്നു അവന്‍റ്റെ വാക്കുകള്‍.

നാട്ടില്‍ വെച്ച് തന്നെ എല്ലാം ഉറപ്പിച്ചിരുന്നു , മാത്രമല്ല എല്ലാ വിവരങ്ങളും അവന്‍ സ്വായത്വമാക്കിയുമിരുന്നു.വളരെ നല്ല ശമ്പളമാനെന്നും മൊക്കെ അവന്‍ അഭിമാനത്തോടെ പറഞ്ഞു.എയര്‍ പോര്‍ട്ടില്‍ നിന്നും പിക്ക്‌ ചെയ്ത്‌ കമ്പനി ഫ്ളാറ്റിലേക്കാണവന്‍ ആദ്യയാത്ര ചെയ്തത്‌ പിന്നീട്‌ വ്യാഴവും വെള്ളിയും സിറ്റിയില്‍ കറങ്ങാന്‍ പോകും പിറ്റേ ആഴ്ച കുടുമ്പം വരികയും ചെയ്യും വളരെ സന്തോഷത്തോടെ അവന്‍‌റ്റെ എല്ലാ പതിവുകളും വിവരിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ജോലികിട്ടാന്‍ വിസിറ്റ്‌ വിസയില്‍ വന്ന് കഷ്ടപ്പെടുന്നവരേയും , നാട്ടില്‍ സര്‍ക്കാരില്‍ ജോലി ചെയ്തവരെ എടുക്കില്ലെന്നും എടുക്കുകയാണെങ്കില്‍ തന്നെ അവരുടെ പ്രവൃത്തി പരിചയം കണക്കിലെടുക്കില്ലെന്നുമൊക്കെ ശഠ്യം പിടിച്ചിരുന്ന ചില കമ്പനികളുടെ കാര്യങ്ങളുമൊക്കെയാണവനുമായുള്ള സംഭാഷണത്തിനു ശേഷം എനിക്കോര്‍മ്മ വന്നത്.

മിനിഞ്ഞാന്ന് ഉച്ചയൊടെ ജോണ്‍ വിളിച്ചു , നാട്ടില്‍ പോകുന്ന വിവരം പറയാന്‍. യാത്രാ ആശംസകള്‍ നേര്‍ന്നതിനു ശേഷം തിരുച്ചുവരവിനെപ്പറ്റി ചോദിച്ചപ്പോളാണ് ഞാന്‍ അമ്പരന്നത് , അവനിനി തിരിച്ചുവരുന്നില്ല. ശമ്പളമോ നാട്ടിലെ ഓര്‍മ്മകളൊ ഒന്നുമല്ല പ്രശ്നം ജോലിയുടെ പ്രഷര്‍ ആണ്.

ശരിയായിരിക്കാം എന്നൂഹിച്ച് കൂടുതല്‍ കാര്യം അന്വേഷിച്ചപ്പോളാണ് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിയത്,ജോലി എട്ട്‌ മണിമുതല്‍ ആറ്‍ മണിവരെ ,ഒരു മണിക്കൂര്‍ ഉച്ചക്കൊഴിവ് , ആഴ്ചയില്‍ അഞ്ചുദിവസം ജോലി , രണ്ട് ദിവസം ഒഴിവ്. മോശമല്ലാത്ത ശമ്പളം മാത്രമല്ല പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ശമ്പളം കൂട്ടാന്‍ തയ്യാറായ കമ്പനി പക്ഷെ അവന്‍‌റ്റെ തീരുമാനത്തിന് മാറ്റമില്ല.

ഇതൊക്കെ അറിയുമായിരുന്നില്ലേ എന്ന എന്‍‌റ്റെ ചോദ്യത്തിന് അവന്‍‌റ്റെ ഉത്തരം വളരെ രസകരമായി തോന്നി , അവിടത്തെ ജോലിയുടെ ഭാരിച്ച ഉത്തരവാദിത്വം മാത്രം ഏറ്റെടുത്താല്‍ മതി , ഇവിടെ അതില്ല ഇവിടെ പ്രഷര്‍ ഭയങ്കരമാണ് ഉത്തരവാദിത്വം പോര.എന്താണവന്‍ പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലായതിനാല്‍ കൂടുതലൊന്നും പറയാതെ നാട്ടില്‍ വെച്ച് കാണാമെന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.

മുന്നിലെ മേശയുടെ വശത്ത്‌ അടക്കിവെച്ച ഫയലുകളും അതിനു പിന്നില്‍ എന്തോ വായിച്ചിരിക്കുന്ന ജോണിയെ തുരുമ്പിച്ച ജനലഴികളിലൂടെ കാണുന്ന കഴ്ചയുമായിരുന്നു എന്‍‌റ്റെ മനസ്സില്‍.

Labels: