തറവാടി

 

Saturday, April 25, 2009

‘ഓര്‍മ‘ ഒരോര്‍മ്മ

അതിനു ശേഷം ഉണ്ടായ സംഭവ വികാസങ്ങള്‍ ഒരു നിക്കാഹിലൂടെ ഔദ്യോഗീകരിക്കപ്പെട്ടിട്ട്‌ ഇന്നേക്ക്‌ പതിനാലു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിവാഹശേഷം അവള്‍ അവിടെതന്നെ പഠിക്കുകയും ,ഞാന്‍ തൃശ്ശൂരില്‍ ജോലിയും ചെയ്തിരുന്നതിനാല്‍ , കോളേജിനടുത്തുതന്നെയായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്‌.


മിക്കവാറും ദിവസങ്ങളില്‍ അവളുടെ വീട്ടില്‍നിന്നും വരുന്ന ചപ്പാത്തിയും കോഴിക്കറിയും മറ്റു പലഹാരങ്ങളും വീട്ടിലെ അടുപ്പിന്‌ വിശ്രമം കൊടുത്തിരുന്നെങ്കിലും , ഉപ്പ കൊണ്ടുവരാറുള്ള , അരി , പച്ചക്കറി ഇത്യാദിസാധനങ്ങള്‍ ഇടക്കൊക്കെ അടുപ്പിനേയും തിരക്കുള്ളതാക്കി.

കോളേജിലെകുട്ടികളും , അടുത്തുള്ള സാറന്‍മാരുടെകുട്ടികളും പലപ്പോഴും വീട്ടില്‍ വരാറുള്ളതിനാല്‍ അവിടെ ഒരു ഹോസ്റ്റല്‍ അന്തരീക്ഷമായിരുന്നു.

അക്കാലത്തെക്കുറിച്ച് പല ഓര്‍മ്മകളുണ്ടെങ്കിലും ,‍ ആദ്യം മനസ്സില്‍ വരിക ശനിയാഴ്ചകളിലെ തൃശ്ശൂര്‍‍ - ആനക്കര സ്കൂട്ടര്‍ യാത്രയാണ്‌.

രാവിലെ വീട്ടില്‍നിന്നും പുറപ്പെടുന്ന ഞങ്ങള്‍ ഹൈവേയിലൂടെ അതിവേഗതയില്‍ ഓടുന്ന ബസ്സുകളെ പേടിച്ച്‌ ഉള്‍വഴികളാണ്‌ എപ്പോഴും തിരഞ്ഞെടുത്തിരുന്നത്‌.

ഉള്‍വഴിയില്‍ നിന്നും കുന്നംകുളം കഴിഞ്ഞാണ്‌ ഹൈവേയില്‍ കയറുക , അവിടെത്തന്നെയായിരുന്നു ഹോട്ടല്‍ 'ഓര്‍മ' യുള്ളത്‌.

‘ഓര്‍മ’ യിലെ അപ്പം - മുട്ടക്കറി കോമ്പിനേഷന്‍റ്റെ രുചിയോടൊപ്പം അവിടെയുള്ളവരുടെ നല്ല പെരുമാറ്റവും എപ്പോഴും അവിടെ കയറാന്‍ പ്രേരിപ്പിച്ചിരുന്നു.

സ്കൂട്ടര്‍ നിര്‍ത്തുമ്പോഴേക്കും , വെളുത്ത്‌ , മെലിഞ്ഞ , അമ്പതു വയസ്സു തോന്നിക്കുന്ന , ജോലിക്കാരന്‍ ചിരിച്ചുകൊണ്ട്‌ വരവേല്‍ക്കും.

ഫര്‍സാന ജനിച്ചതിനു ശേഷവും 'ഓര്‍മ' യിലെ ഈ പതിവ്‌ ഞങ്ങള്‍ തെറ്റിച്ചിരുന്നില്ല.
കുട്ടികളെ ഇരുത്തുന്ന ബാഗില്‍ മോളെ ഇരുത്തി ,മഴയുള്ള സമയത്ത്‌ റയിന്‍കോട്ടുമിട്ട്‌ സ്കൂട്ടറില്‍ പോയിരുന്നത്‌ റോഡിനിരുവശവുമുള്ള പലര്‍ക്കും ആദ്യമൊക്കെ ഒരു പുതുമയായിരുന്നു.

പ്രാതല്‍ കഴിഞ്ഞ്‌ വീണ്ടും പെരുമ്പിലാവ്‌ , ചാലിശ്ശേരി , പടിഞ്ഞാറങ്ങാടിവഴി തുടരുന്ന യാത്ര വീട്ടില്‍ അവസാനിക്കുമ്പോഴേക്കും ഒമ്പതുമണി കഴിഞ്ഞിരിക്കും.

എല്ലാദിവസവും രാവിലെ തോട്ടത്തില്‍ പോകാറുള്ള , ഉപ്പ ശനിയാഴ്ചകളില്‍ ഞങ്ങളെക്കാത്ത്‌ മുറ്റത്തുതന്നെ നില്‍ക്കുന്നുണ്ടകും.

പഠനം കഴിഞ്ഞ്‌ അവള്‍ വളാഞ്ചേരി എം.ഇ.എസ്‌ എഞ്ചിനീയറിങ്ങ്‌ കോളേജിലും ഞാന്‍ കോഴിക്കോട്‌ സ്റ്റീല്‍ പ്ളാന്‍റ്റിലും ജോലിയില്‍ പ്രവേശിച്ചതോടെ ഈ സ്കൂട്ടര്‍ യാത്ര വളരെ ചുരുങ്ങി.

പത്തു വര്‍ഷം മുമ്പ്‌ ദുബായിലേക്കു ചേക്കേറിയതോടെ 'ഓര്‍മ' ഒരോര്‍മ്മ മാത്രമായി.

ഹൈവേയില്‍ പിന്നീട്‌ കുറെ പുതിയ ഹോട്ടലുകള്‍ വന്നെങ്കിലും , ഇന്നും ആ വഴിയിലൂടെ പോകുമ്പോള്‍ 'ഓര്‍മ'യില്‍ കയറുന്നതു മുടക്കാറില്ലെങ്കിലും , ആ ചേട്ടനില്ലാത്തതിനാലാണോ , കാല വ്യത്യാസമാണോ എന്നറിയില്ല ,

പണ്ടത്തെ ആ സ്കൂട്ടര്‍ യാത്രക്കിടയിലെ 'ഓര്‍മ' യിലെ പ്രാതലിന്റ്റെ രുചി തോന്നാറില്ല.

ഇന്ന്‌ ഞങ്ങളുടെ പതിനാലാം വിവാഹ വാര്‍ഷികം.

വിവാഹജീവിതത്തില്‍ ഏറ്റവും ദുഃഖം തരുന്ന ഒന്നാണ്‌ വിരഹം ,
ദൈവാനുഗ്രഹത്താല്‍ ഈ പതിനാലുകൊല്ലത്തില്‍ നാലുമാസ
മാത്രമെ പിരിഞ്ഞിരിക്കെണ്ടി വന്നിട്ടുള്ളൂ.

ആ ഭാഗ്യം ഇനിയുള്ള ജീവിതത്തിലും തരണേ എന്നാണു പ്രാര്‍ത്ഥന.

മരിച്ചുകഴിഞ്ഞ്‌ , ഒരാഗ്രഹം പറയാന്‍ ദൈവം അനുവാദം തന്നാല്‍
ചോദിക്കേണ്ടത് ഇപ്പോഴേ എന്‍റ്റെ മനസ്സിലുണ്ട്‌.

Tuesday, April 14, 2009

പ്രവാസം

തനിക്കും തന്നോര്‍ക്കുമായ് വന്നു ഞാന്‍
മറന്നു തന്നെ മുഴുവനായെന്നാല്‍-
സ്മരിച്ചു തന്നോരെയെന്നും
കഴിഞ്ഞു കാലങ്ങള്‍ അറിയാതെ
പൊഴിഞ്ഞു തന്‍റെ എല്ലാം

വന്നു ആ ദിനം തന്നെ
വേണ്ടാത്ത പ്രവാസത്തിന്
അറിഞ്ഞു പിന്നെ തന്നെ വേണ്ടാ തന്നോര്‍ക്കെന്ന്‌
അതിനാലിനി ഇനി ഒരു പോക്കുമാത്രം

Labels:

Friday, April 3, 2009

വ്യതിയാനം

ചേക്കുക്കയുടെ വാടക സൈക്കിളിന് പഴക്കം കൂടിയതും ജനാര്‍ദ്ദനന്‍ മാഷുടെ തിളങ്ങുന്ന റിമ്മുള്ള സൈക്കിളുമാണ്‌ ഒരു സൈക്കിള്‍ വാങ്ങാനുള്ള ആഗ്രഹമുണ്ടാക്കിയത്. രാവിലെ സ്കൂളില്‍ പോകുന്ന മാഷുടെ സൈക്കിളിന്‍‌റ്റെ റിമ്മിന് നല്ല തിളക്കമായിരുന്നു. കഴുകിത്തുടച്ചതിനു ശേഷം വെളിച്ചെണ്ണ തുണിയില്‍ പുരട്ടിത്തുടച്ചാണിങ്ങനെ തിളക്കം വെപ്പിക്കുന്നത്രെ.


' മിണ്ടാതിരുന്നോ സൈക്കിളല്ല കാറാ വാങ്ങുന്നത് ' എന്താവശ്യത്തിനും ഉപ്പയുടെ പതിവിലുള്ള മറുപടി.

ഉറക്കം മെല്ലെ എന്നെ വിട്ടുപോയി . വളരെ വൈകി കണ്ണടയുന്ന ദിവസങ്ങളില്‍ ഹീറോയിലും , അറ്റ്ലസ്സിലും , എ വണ്ണിലും മാറി മാറി ഞാന്‍ സ്കൂളില്‍ പോയ്ക്കൊണ്ടിരുന്നു.മീന ടാക്കീസില്‍ നിന്നും രാത്രിയില്‍ സിനിമ കണ്ടു വരുന്ന വഴി കുറ്റിപ്പുറം പാലത്തില്‍ വെച്ച് ഒരു ലോറിയുമായി കൂട്ടിമുട്ടുന്നതില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. അതിനു ശേഷംപുഴകടന്നാണ് സിനിമക്കു പോയിരുന്നത്, മണലിലൂടെ ഉരുട്ടല്‍ ശ്രമകരമെങ്കിലും മറ്റു വണ്ടികളില്ലാത്തതിനാല്‍ എനിക്കാവഴിതന്നെയായിരുന്നു ഇഷ്ടം.ഒരിക്കല്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ ആനക്കര ഇറക്കത്തില്‍ ബ്രേക്ക് കമ്പി പൊട്ടിയീട്ട് അവറു ഹാജിയുടെ കടയുടെ ചുമരില്‍ സൈക്കിള്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. റേഷന്‍ കട നടത്തുന്ന പാലപ്പുറത്തുകാരന്‍ നാണു ഓടിവന്നപ്പോഴേക്കും , ഒന്നും പറ്റിയില്ലെന്നും പറഞ്ഞ് ഞാന്‍ എഴുന്നേറ്റു നിന്നു.

"വേണങ്കി തിന്നാമതി , ഓനോട് വേഷംകെട്ട് വേണ്ടെന്ന് പറഞ്ഞോ"

ഉമ്മയുടെ ദയനീയതയൊന്നും ഉപ്പയുടെ തീരുമാനത്തെ മാറ്റിയില്ല. തോട്ടം നനക്കലില്‍ എന്‍‌റ്റെ ശ്രദ്ധകുറഞ്ഞത് ഉപ്പയെ ദേഷ്യം കൂട്ടി.ദിവസങ്ങള്‍ കടന്നുപോയി. എല്ലാ രാത്രികളിലും സൈക്കിളുകളില്‍ പലസ്ഥലങ്ങളില്‍ ഞാന്‍ ചുറ്റിത്തിരിയാന്‍ തുടങ്ങി.തേങ്ങയും അടക്കയും പെറുക്കുന്നതിനിടയിലുള്ള പതിവ് ഇളനീര്‍ വെട്ടി കുഞ്ഞന്‍ വിളിച്ചെങ്കിലും , ഞാന്‍ അതൊന്നും വാങ്ങാതെ എന്‍‌റ്റെ എതിര്‍പ്പ് പ്രകടിപ്പിച്ചു.

"മാപ്ലേ , ഒന്ന് വാങ്ങിക്കാമായിരുന്നു..."
"ഉം..., രണ്ടീസം കഴിയട്ടെ"

ഗുരുവായൂര്‍ മേലഴിയം റൂട്ടിലോടുന്ന രമണിക്ക് തീരെ സ്പീഡ് പോരായിരുന്നു. വെറുതെയല്ല അവള്‍ രണ്ട് ട്രിപ്പ് മാത്രം ഓടുന്നത്. അല്‍‌പ്പം കൂടി സ്പീഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ട്രിപ്പ് കൂടെ ഓടിക്കൂടെ എന്നായിരുന്നു എന്‍‌റ്റെ ചിന്ത.കുന്നംകുളത്ത് കടകള്‍ക്കുള്ളില്‍ നിരത്തിവെച്ച വ്യത്യസ്ഥ കമ്പനികളുടെ സൈക്കിളുകളില്‍ ഞാന്‍ ഓടിനടന്നു തൊട്ടുനോക്കിക്കൊണ്ടിരുന്നു. ഏതെടുക്കണമെന്നെനിക്കു തീരുമാനിക്കാനായില്ല. ഉപ്പ കൈപിടിച്ച് പുറത്തുകടന്നപ്പോളാണ്‌ പകുതി ഭാഗങ്ങള്‍ ചാക്കുകൊണ്ട് കെട്ടിയ സൈക്കിള്‍ പുറത്ത് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് , കടും പച്ച നിറത്തിലുള്ള മിന്നുന്ന റിമ്മുള്ള അറ്റ്ലസ്.

ഉരുട്ടിക്കൊണ്ട് ബസ് സ്റ്റാന്‍‌റ്റിലേക്ക് നടക്കുമ്പോള്‍ എന്നോട് ചിരിച്ചെതിരേറ്റവരോട് , അഭിമാനത്തോടെയും ഭാവഭേദമൊന്നുമില്ലാതെ നോക്കിയവരോട് ബെല്ലടിച്ചും ഞാന്‍ പ്രതികരിച്ചു.ഒരു കയ്യില്‍‌ സൈക്കിള്‍ പിടിച്ച് മറുകൈകൊണ്ട് ബസ്സിന്റ്റെ പിന്നിലെ കോണിയിലും പിടിച്ച് ,ഓരോ കോണിപ്പടവുകളും ചാടി കയറിയ യൂണിയന്‍‌‌കാരന്‍‌ താഴെ വീഴരുതേയെന്നു ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

കൂറ്റനാട്ടേക്കും തൃത്താലയിലേക്കും ഉള്ള കച്ചവടക്കാര്‍ക്ക് എന്തുകൊണ്ട് മറ്റുള്ള ബസ്സുകളില്‍ പോയ്ക്കൂടെന്ന എന്‍‌റ്റെ ചോദ്യത്തെ ധിക്കരിച്ച യൂണിയന്‍‌കാരോട് എനിക്ക് ദേഷ്യം തോന്നിയെങ്കിലും പെട്ടെന്ന് സാധനങ്ങള്‍ കയറ്റാന്‍ കെഞ്ചി.വാച്ചില്ലാത്ത എന്‍‌റ്റെ കയ്യില്‍ ഓരോ നിമിഷവും നോക്കിക്കൊണ്ട് പുറപ്പെടേണ്ട സമയം അതിക്രമിച്ചത് ഡ്രൈവറെ ഞാന്‍ അറിയീച്ചെങ്കിലും കണ്ടക്റ്ററുടെ ഡബിള്‍ ബെല്ലിനു വേണ്ടി അയാള്‍ കാത്തുനിന്നു.

ഡ്രൈവറുടെ ജോലിയൊടുള്ള ആത്മാര്‍ത്ഥതയില്ലായ്മ ബസ്സ് മുതലാളിയോട് അറിയിക്കും എന്ന ഘട്ടമെത്തിയപ്പോള്‍ ബസ്സെടുക്കാന്‍ അയാള്‍ തയ്യാറായി. വേഗത്തിലോടിക്കാന്‍ ഞാന്‍ കൊടുത്ത നിര്‍ദ്ദേശം ഡ്രൈവര്‍ പെട്ടെന്നനുസരിച്ചത് എന്നെ സന്തോഷിപ്പിച്ചെങ്കിലും പെരുമ്പിലാവ് ഇറക്കത്തില്‍ എതിരെ വന്ന ചെങ്കല്‍ ലോറിക്ക് വഴികൊടുത്തപ്പോള്‍ ബസ്സുലഞ്ഞതെന്നെ ആശങ്കാഭരിതനാക്കി. മുകളില്‍ കയറി സൈക്കിളിനൊന്നും പറ്റിയില്ലെന്ന് തിട്ടപ്പെടുത്തിയതിനു ശേഷം റോഡിലൂടെ പോയിരുന്ന പഴയസൈക്കിളുകളെ സഹതാപത്തോടെ നോക്കിക്കൊണ്ടിരുന്നു.

കൂറ്റനാട് കുമ്പിടിയിലേക്കുള്ള റോഡില്‍ പള്ളിക്ക് മുമ്പില്‍ ബസ്സ് നിര്‍ത്തിയിട്ട് ചായകുടിക്കാന്‍ പോയ ഡ്രൈവറുടെയും കണ്ടക്റ്ററുടേയും നിരുത്തരവാദിത്വം എന്നെ ചൊടിപ്പിച്ചെങ്കിലും ,സീറ്റില്‍ ഇരുന്ന് തന്നെ സൈക്കിള്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞത് വീണ്ടും കെട്ടാന്‍ പറ്റിയതിനാല്‍ അവര്‍ നിര്‍ത്തിയതെത്ര നന്നായെന്നും സമാധാനിച്ചു.

ബസ്സിന് മുകളിരിക്കുന്ന സൈക്കിള്‍ വെയിലു കൊള്ളാതിരിക്കാതിരിക്കാന്‍ ഓടിക്കുണ്ടിരിക്കുന്ന ബസ്സിന്‍‌റ്റെ മുകളില്‍ കയറിനിന്ന് എന്‍‌റ്റെ തണല്‍ കൊടുത്തെങ്കിലും ബസ്സിന്‍‌റ്റെ അമിത വേഗത പേടിപ്പിച്ചു , അവസാനം തൃത്താലയില്‍ നിര്‍ത്തിയപ്പോള്‍ , പലചരക്കുകടയിലേക്കുള്ള മൂന്ന് അരിച്ചാക്കുകളില്‍ ഒന്ന് കീറി കീറി അതിലെ അരിയെല്ലാം കളഞ്ഞ് ആ ചാക്കുകൊണ്ട് മുകളില്‍ വിരിച്ചപ്പൊള്‍ മാത്രമാണെനിക്കു സമാധാനമായത്. മുകളില്‍ വിരിച്ച ചാക്ക് പറന്നുപോകാതിരിക്കാന്‍ അലുമിനിയപ്പാത്രങ്ങള്‍ വെച്ച ചാക്ക് കയറ്റി വെച്ച് വീണ്ടും കെട്ടി.

കൂടല്ലൂരിലെ കര്‍ഷിക സഹകരണ ആപീസിന്റെ മുന്നിലെത്തിയപ്പോള്‍ , ബസ്സിനു മുന്നില്‍ ചാടിയ പശുവിനെ ഇടിക്കാതിരിക്കാന്‍ ബസ്സ് വെട്ടിച്ച ഡ്രവറുടെ തന്തക്ക് ഞാന്‍ വിളിച്ചത് അയാള്‍ കേള്‍ക്കാത്തതു നന്നായെന്നു പിന്നീടെനിക്കു തോന്നി. പശുവിന്‍‌റ്റെ കഴുത്തില്‍ കെട്ടിയ കയറിന്‍‌റ്റെ അറ്റം പിടിക്കാന്‍ ഇടക്കിടക്ക് തഴുകയും പിടികിട്ടാതെ വീണ്ടും പിന്നാലെ ഓടുകയും ചെയ്യുന്ന ചെക്കന്‍ അവസാനം പാടത്ത് വീണതും കണ്ടെങ്കിലും എനിക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല. അലുമിനിയപ്പാത്രങ്ങള്‍ അടങ്ങിയ ചാക്ക് സൈക്കിളില്‍ കോറലുണ്ടാക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. ആക്രോശത്തോടെ ബസ്സ് നിര്‍ത്തിപ്പിച്ച ഞാന്‍ , അലുമിനിയപ്പാത്രങ്ങള്‍ നിറച്ച ചാക്ക് സൈക്കിളിന്‍ മുകളില്‍ നിന്നും വലിച്ചുനീക്കി.

കുഞ്ഞന്‍ ഞങ്ങളെ കാത്ത് ബസ്സ്റ്റാന്‍‌റ്റില്‍ കാത്തുനിന്നിരുന്നു. അരിച്ചാക്കും മറ്റു സാധനങ്ങളും ഇറക്കിയതിന് ശേഷം മാത്രം സൈക്കിള്‍ ഇറക്കിയ ആള്‍ക്ക് കുറച്ച് പൈസ കൊടുത്താല്‍ മതിയെന്ന് ഞാന്‍ ഉപ്പയൊട് പറഞ്ഞു.
തുണി വെളിച്ചെണ്ണക്കുപ്പിയില്‍ മുക്കിയെടുത്തതുമ്മയെ പ്രകോപിപ്പിച്ചെങ്കിലും , ഒന്നും പറഞ്ഞില്ല. റിമ്മിലും , ഓരോ കമ്പിയിലും ശ്രദ്ധയോടെ ഞാന്‍ വെളിച്ചെണ്ണ പുരട്ടി.രാത്രിയില്‍ സൈക്കിള്‍ കൊണ്ടുപോകാന്‍ പലപ്രാവശ്യം വന്ന കള്ളനെ ജനലില്‍ കൂടി ഞാന്‍ ശബ്ദമുണ്ടാക്കി ഓടിപ്പിച്ചു.

' ഉമ്മാ റേഷങ്കടേല് ഇന്നു തന്നെ പോകാം'
'ഈ മാസത്തെ പഞ്ചാരയല്ലെ നാലീസം മുമ്പെ വാങ്ങിയത് '

വട്ടംകുളം റോടില്‍ വെച്ചാണ് അതു സംഭവിച്ചത് ചവിട്ടിയിട്ടും സൈക്കിള് നീങ്ങുന്നില്ല. ഉള്‍ക്കിടിലത്തോടെ ഞാനതുമനസ്സിലാക്കി , പിന്നിലെ ടയറ് പഞ്ചറായിരിക്കുന്നു. എത്രദൂരം പഞ്ചറായ ടയറുകൊണ്ട് ചവിട്ടി എന്നതായിരുന്നു ഏറ്റവും വിഷമിപ്പിച്ചകാര്യം.കാറ്റില്ലാത്ത സൈക്കിള് ചവിട്ടിയാല് റിമ്മ് കോടും . സൈക്കിള്‍ കടവരെ ഉരുട്ടിനടക്കുമ്പോള്‍ പിന്നിലെ റിം കോടരുതെന്ന് കരുതി പലപ്പോഴും ഞാന്‍ സൈക്കിള്‍ പൊക്കിപ്പിടിച്ചായിരുന്നു ഉരുട്ടിയത്.

ദിവസവും സൈക്കിള്‍ കട്ടുകൊണ്ടു പോകാന്‍ കള്ളന്‍ വന്നുവെന്ന് സ്വപ്നം കണ്ടിരുന്നതിനാല്‍ അടുക്കളയിലേക്ക് മാറ്റാനുള്ള സമ്മതം തന്നെങ്കിലും , എല്ലാവരും ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ നേരമേ വെക്കാവൂ എന്ന ഉമ്മയുടെ ഉടമ്പടി തെറ്റിച്ചത് പലപ്പോഴും യുദ്ധത്തില്‍ കലാശിച്ചിരുന്നു. വെളിച്ചണ്ണക്കുപ്പി പെട്ടെന്ന് കാലിയാവുന്നതിന്‍‌റ്റെ കാരണം മനസ്സിലായതോടെ , മണ്ണെണ്ണ യായാലും കുഴപ്പമില്ല എന്നാല്‍ പെയിന്റിന്റെ ഭാഗത്ത് ശ്രദ്ധിച്ചാല്‍ മതി എന്ന വിവരം വളരെ ആശ്വാസകരമായി. മഴക്കാലത്ത് അടുക്കളയില്‍ കയറിയ മണ്ണിന്‍‌റ്റെ അളവ് പശുതൊഴുത്തില്‍ ഒരു ചെറിയ ഭാഗം സൈക്കിളിനുമാത്രമായി ഉണ്ടാക്കാന്‍ കുഞ്ഞന്‍ നിര്‍ബന്ധിതനായി.

****************************************

ദുബായ് ദേര നൈഫില്‍ റോഡിന് രണ്ടു വശത്തുമുള്ള കടകളുടെ അകത്തും പുറത്തും വെച്ചിരിക്കുന്നവ വിവിധതരം സൈക്കിളുകള്‍ നോക്കി ഞാന്‍ മെല്ലെ ഡ്രൈവ് ചെയ്തു. ബാറ്ററിക്ക് ഓടുന്ന ബൈക്കായിരുന്നു മനസ്സില്‍ .മാസങ്ങള്‍ക്ക് മുമ്പ് ഇവിടെനിന്നുമാണ് രണ്ട് പേര്‍ക്കിരിക്കാവുന്ന ബാറ്ററിക്കോടുന്ന കാര്‍‌ വാങ്ങിയത്. പാദത്തിനടുത്തുള്ള ചെറിയ സ്വിച്ചില്‍ കാലുകൊണ്ട്മര്‍ത്തിയാല്‍ ഓടുന്ന കാര്‍ ഫോര്‍ വീല്‍ കാറുകളുടെ രൂപത്തിലാണ് നിര്‍മ്മിച്ചിരുന്നത്.

എന്നും വൈകീട്ട് ഫൂട്ട് പാത്തിലൂടെ കാറോടിച്ചു പോകുന്ന ആജുവിനെ ഓഫീസില്‍ നിന്നും വരുന്ന ഞാന്‍ വിഷ് ചെയ്യാറുണ്ടായിരുന്നു.ഒരിക്കല്‍ മണല്‍ കൂനയിലൂടെ ഓടിച്ചപ്പോള്‍ മണല്‍ ഉള്ളില്‍ കയറിയതില്‍ പിന്നെ കാറ് പ്രവര്‍ത്തിക്കാതായി.

ബാറ്ററികൊണ്ടു പ്രവര്‍ത്തിക്കുന്ന ബൈക്കെനിക്കെവിടെയും കാണാന്‍ കഴിഞ്ഞില്ല. അവസാന ശ്രമമായാണ്പുതിയതായി തുടങ്ങിയ ബര്‍ഷയിലെ ലുലുവില്‍ പോയത്. അവനൊരു സര്‍പ്രൈസാവട്ടെ എന്നുകരുതി ബൈക്ക് കാറില്‍ തന്നെ വെച്ചു ഞാന്‍ വീട്ടിലേക്ക് നടന്നു, ആജുവിന് ബൈക്ക് വളരെ ഇഷ്ടമായി.മൂന്നാം ദിവസം ദിവസം ബൈക്കുരുട്ടിവന്ന ആജു സ്വയം എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

'ഉപ്പച്ചി , അവര്‍ മൂന്ന് പേരും ഒരുമിച്ചാണിരുന്നത് , ഞാന്‍ പറഞ്ഞതാ..'

ഗീയര്‍ ബോക്സ് തുറന്ന എനിക്ക് മനസ്സിലായി , മൂന്ന് പേര്‍ ഒരുമിച്ചിരുന്ന് മണലിലൂടെ ഓടിച്ചത് , പല്‍ചക്രങ്ങള്‍ മൂന്നെണ്ണം തകര്‍ന്നിരിക്കുന്നു. അങ്ങനെ ഒമ്പത് വയസ്സിനുള്ളില്‍ അഞ്ചാറ് സൈക്കിളുകള്‍ക്കും ഒരു കാറിനും പിറകെ ബൈക്കും കുറച്ച് നാളത്തെ ബാല്‍ക്കണി വാസത്തിലേക്കും അതിനു ശേഷം മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് കളക്റ്ററിലേക്കും.

Labels:

കടപ്പാടുകള്‍

ടീച്ചര്‍ ട്രൈനിങ്ങ് സ്കൂളിന് എതിര്‍ വശത്തുള്ള ഇടവഴിയിലൂടെ പോയാല്‍ വലതു വശത്തായി മൂന്നാമതാണ് അച്ചുതന്‍ നായരുടെ ചായപ്പീടിക.അച്ഛനായി തുടങ്ങിയ കട അച്ചുതന്‍ നായരുടെ നിയന്ത്രണത്തിലായതോടെയാണ് പല തരത്തിലുള്ള പരിഷ്കാരങ്ങളും ഉണ്ടായത്. അതിലൊന്നായിരുന്നു മേശക്കെതിര്‍വശത്ത് സ്ഥാപിച്ച ആശാരി ശങ്കരനുണ്ടാക്കിയ ചില്ലലമാര.കല്യാണം കഴിഞ്ഞ് ഭാര്യ ശാരദാമ്മ കടയിലെ സഹായിയായതോടെ പുട്ടും പപ്പടവും മാത്രമായിരുന്ന അലമാരയില്‍ ഇഡ്ഡലിയും ദോശയുമൊക്കെ സ്ഥാനം പിടിക്കാന്‍ തുടങ്ങി.


അതിരാവിലെ പീടികയില്‍ എത്തുന്ന അവറാനാണ് കൈനീട്ടക്കാരന്‍, പിന്നാലെ കുട്ടന്‍ നായരും അശാരി ശങ്കുണ്ണിയും.നാട്ടു വര്‍ത്തമാനത്തില്‍ തുടങ്ങി കൃഷിയിലൂടെ അങ്ങാടിയിലെത്തുമ്പോഴേക്കും പത്രം വരികയായി. വേഗത്തില്‍ വായിക്കാമെന്നതിനാല്‍ കുട്ടന്‍ നായരാണ് വായന തുടങ്ങുക. അവറാനും ശങ്കരനും വാര്‍ത്ത കേട്ട് കൊണ്ടിരിക്കും ഇടക്ക് ചില അഭിപ്രായ പ്രകടനം നടത്തുകയും ചെയ്യും. വായന കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയ ചര്‍ച്ചയാണ്. ചായ അടിക്കുന്നതിനിടെ അചുതന്‍ നായരും ചര്‍ച്ചയില്‍ സജീവമാകാറുണ്ട്.

' അല്ല നായരെ നാളെല്ലെ മ്മടെ മാദവന്‍ നായര് വരുന്നത്‌ ? ങ്ങള് പോണില്ലെ പാലക്കാട്ടേക്ക്? '
' നാളെല്ല ഡോ അവറാനെ മറ്റന്നാളാ '

വളരെ ചെറുപ്പത്തില്‍ നാടുവിട്ടതിനു ശേഷം കുറേ കാലം മാധവന്‍ നായരെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.ഒരിക്കല്‍ പരിഷ്ക്കാരിയായ ഭാര്യയും മകനുമൊത്താണാദ്യമായി നാട്ടില്‍ വന്നത്‌. തുടര്‍ന്ന് രണ്ടു കൊല്ലത്തിലൊരിക്കല്‍ കുടുമ്പസഹിതം നാട്ടില്‍ വന്ന് രണ്ടാഴ്ചയോളം ചിലവഴിച്ചാണ് തിരിച്ചുപോകാറുള്ളത്‌.ഓരോ തവണ നാട്ടില്‍ വരുമ്പോളും മാധവന്‍ നായര്‍ക്ക്‌ നാടിനോടുള്ള ഇഷ്ടം കൂടിവന്നു . ചായകുടിക്കുമ്പോള്‍ വടക്കേ ഇന്‍‌ഡ്യയിലെ വിശേഷങ്ങളും പട്ടാള കഥകളും വലിയ താത്പര്യത്തോടെ കേട്ടിരിക്കുന്ന അവറാനേയും ശങ്കരനേയുമൊക്കെ തെല്ല് ദുഖത്തോടെ മാധവന്‍ നായര്‍ നോക്കും.

' എഡോ അവറാനെ നീയൊക്കെ വല്യ ഭാഗ്യവാനാഡാ , നിങ്ങള്‍ക്ക്‌ നാട്ടില്‍ എന്തെല്ലാമുണ്ട്‌ '
' ദാപ്പോ നന്നായേ നിങ്ങളെന്താ മാധവേട്ടാ ഈ പറയണെ ഞങ്ങള്‍ക്കിങ്ങളോടെ വല്യ ബഹുമാനാ '
ശങ്കരന്‍റ്റെ മറുപടിക്ക്‌ അവറാനും യോജിക്കും.

' വിടെ എന്ത്‌ കുന്തണ്ടുന്നാണിങ്ങളീ പറേന്നെ ? '
' അതൊന്നും അനക്കു മനസ്സിലാവില്ല ശങ്കരാ ' മാധന്‍ നായര്‍ അവരെ നോക്കി നെടുവീര്‍പ്പിടും.
ഓരോ തവണ നാട്ടില്‍ വന്ന് തിരിച്ചുപോകുമ്പോഴുള്ള മാധവന്‍ നായരുടെ നെടുവീര്‍പ്പുകള്‍ ഭാര്യക്കോ മക്കള്‍ക്കോ ഇഷ്ടമായിരുന്നില്ല.

' നിക്കിഷ്ടല്ല , വല്ല ഓണത്തിനോ ചങ്കരാന്തിക്കോ രണ്ടീസം വന്നു നി‍ക്കാം അല്ലാതെ ഈ പട്ടിക്കാട്ടില്‍ സ്ഥിരാക്കാനൊന്നും എന്നെ കിട്ടില്ല '

ആണ്‍ മക്കള്‍ രണ്ടുപേരും പട്ടാളത്തില്‍ തന്നെ ജോലിനോക്കിയത്‌ മാധവന്‍ നായരുടെ റിട്ടയര്‍മെന്‍റ്റിനു ശേഷമുള്ള തിരിച്ചു വരവിനെ ബാധിക്കുന്ന ഒരവസ്ഥ വന്നെങ്കിലും ; പെട്ടെന്നുണ്ടായ അച്ഛന്‍റ്റെ മരണവും ഒറ്റക്കായ അമ്മയുടെ ആവശതയും തീരുമാനം മാറ്റി.നാട്ടില്‍ സ്ഥിരതമസമാക്കാനെത്തിയ മാധവന്‍ നായരെ എല്ലാവരും സന്തോഷത്തോടെയാണ് എതിരേറ്റത്.ലഡാക്കിലെ ചായപ്പീടികയില്‍ മൂന്നും നാലും പത്രങ്ങള്‍ വായിക്കാന്‍ കിട്ടുമെന്നറിഞ്ഞതിനു ശേഷമാണ് അച്ചുതന്‍ നായര്‍ മാതൃഭൂമിക്കൊപ്പം മലയാള മനോരമയും ദേശാഭിമാനിയും വരുത്താന്‍ തുടങ്ങിയത്.മാധവന്‍ നായരുടെ സാമീപ്യം ചര്‍ച്ചാവിഷയം കേരള രാഷ്ടീയം വിട്ട് ഇറാന്‍ - ഇറാഖ് യുദ്ധവും , മറ്റ് അന്താരാഷ്ട്രീയ പ്രശ്നങ്ങൊളുമൊക്കെയായി രൂപാന്തരപ്പെട്ടു. എന്നാല്‍ ഇടക്ക് കഥകളില്‍ വെള്ളം കലരാന്‍‌ തുടങ്ങിയതും മാധവന്‍ നായരുടെ പീടിക സന്ദര്‍ശനം ഭാര്യ മുടക്കിയതും ചര്‍‍ച്ചകള്‍ വീണ്ടും പഴയ പടിയാക്കി.
ദിവസേനെയുള്ള അങ്ങാടിയാത്രക്കിടയിലാണ് ജോസഫിനേയും ഹംസയേയും മാധവന്‍ നായര്‍ പരിചയപ്പെടുന്നത്‌. ഹംസക്ക് ഹിന്ദി ഭാഷയോടുള്ള താത്പര്യമാണ് അവരെ കൂടുതല്‍ അടുപ്പിച്ചത്‌. കോഴിക്കോട്ടുകാരനാണ് ഹംസ , ജോസഫ്‌ ആലപ്പുഴക്കാരനും , രണ്ട്‌ വര്‍ഷമെടുക്കുന്ന ട്രെയിനിങ്ങ്‌ തുടങ്ങിയിട്ട്‌ ആറു മാസമായിരിക്കുന്നു. അങ്ങാടിക്ക് പുറകില്‍ താമസിക്കുന്ന പണിക്കരുടെ പടിപ്പുരയിലാണ് രണ്ടുപേരും താമസിക്കുന്നത്.പതിവായുള്ള കൂടിക്കാഴ്ച കഴിഞ്ഞു പിരയുമ്പോളാണ് വീട് പുതുക്കിപ്പണിയുന്നതിനാല്‍ തങ്ങളോട് വേറെ വീട് നോക്കാന്‍ പണിക്കരാവശ്യപ്പെട്ടകാര്യം ഹംസ മാധവന്‍‌നായരോട് സൂചിപ്പിച്ചത് , ഒപ്പം മറ്റൊരു വീട് ശരിയാക്കിത്തരാനും അവര്‍ മാധവന്‍ നായരോടപേക്ഷിച്ചു.അവറാനാണ് അച്ചുതന്‍ നായരുടെ പീടികക്ക് മുകളിലുള്ള മുറിയെപ്പറ്റി പറഞ്ഞത്.

' അവിടൊക്കെ പഴയ കുറെ സാദനങ്ങളാണല്ലോ മാധവേട്ടാ അതൊക്കെ മാറ്റി വൃത്തിയാക്കേണ്ടിവരും '

തുടക്കത്തില്‍ രണ്ടുപേരും വാടകക്കാര്യത്തില്‍ കൃത്ത്യത കാട്ടിയെങ്കിലും ഹംസ പലപ്പോഴും തെറ്റിച്ചു.ഒഴിവു കാലത്തുപോലും ജോസഫ് നാട്ടില്‍ പോയപ്പോഴും ഹംസ അച്ചുതന്‍ നായരുടെ വീട്ടില്‍ തന്നെ നിന്നു.വീട്ടിലെ പ്രാബ്ദങ്ങള്‍ കാരണം ഹംസയുടെ ട്രൈനിങ്ങിന്‍‌റ്റെ ചിലവ് പലപ്പോഴും അച്ചുതന്‍ നായര്‍ കൊടുക്കേണ്ടി വന്നത് ശാരദാമ്മയെ ചൊടിപ്പിച്ചെങ്കിലും അച്ചുതന്‍ നായര്‍ അതെല്ലാം തല്ലിക്കെടുത്തുകയായിരുന്നു.

' ഇല്ലാഞ്ഞിട്ടല്ലെ ശാരദേ , അവന്‍ തരും മ്മക്കറിയില്ലെ കാര്യങ്ങള്‍ '

ട്രൈനിങ്ങ് കഴിയുന്നതിനുമുമ്പ് തന്നെ ജോസഫ് മുറിയൊഴിഞ്ഞുകൊടുത്തിരുന്നു. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് യാത്രപോലും പറയാതെ ഒരു ദിവസം ഹംസ അപ്രത്യക്ഷനായത് അച്ചുതന്‍ നായര്‍ക്കേറ്റ ഒരടിയയിരുന്നു.പിന്നീടൊരിക്കലും ആ മുറി അവര്‍ വാടകക്ക് കൊടുത്തില്ല.വര്‍ഷങ്ങള്‍ അച്ചുതന്‍ നായര്‍ക്കും കടക്കും നാടിനുമെല്ലാം മാറ്റങ്ങള്‍ വരുത്തി. സെന്‍‌റ്ററിനെതിര്‍ വശം മൂന്ന് ചെറിയ ഹോട്ടലുകള്‍ തുറന്നു. അങ്ങാടിയില്‍ എ.സി യുള്ള ഒരു റെസ്റ്റോറന്‍‌റ്റും ഐസ്ക്റീം പാര്‍ളറുമൊക്കെ വന്നു. ബിരിയാണിയും മട്ടണ്‍ കറിയും പൊറാട്ടയുമെല്ലാം അച്ചുതന്‍ നായരുടെ പുട്ടും പപ്പടത്തിനേയും ഒരു പരിധിവരെ മാറ്റി നിര്‍ത്തിയെങ്കിലും അവറാനും , മാധവന്‍ നായരും കുട്ടന്‍ നായരും ശങ്കരനുമെല്ലാം അവരുടെ പഴയരീതിതന്നെ തുടര്‍ന്നു.എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദം കേട്ടാണ് അവറാന്‍ ഓടിച്ചെന്നു നോക്കിയത്‌ അച്ചുതന്‍ നായര്‍ താഴെ വീണുകിടക്കുന്നു , ആവി പറക്കുന്ന വെള്ളം ചായ പാത്രത്തില്‍ നിന്നും ഒഴുകുന്നുണ്ട്.

' നായരേ ഒന്നോടിവന്നേ '

അകലെ ആശാരിയുമായി കടയിലേക്കു വരുന്ന മാധവന്‍ നായരെ അവറാന്‍ തന്‍‌റ്റെ തോര്‍ത്തുകൊണ്ട്‌ മാടി വിളിച്ചു.ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അച്ചുതന്‍ നായരുടെ മൂക്കിലൂടെ രക്തം വന്നു തുടങ്ങി.ശാരദാമ്മയുടെ അടക്കിപ്പിടിച്ച കരച്ചില്‍ കണ്ട്‌ ശബ്ദം പുറത്തേക്കെത്തിയില്ലെങ്കിലും കൈ കൊണ്ട്‌ തനിക്കൊന്നുമില്ലാന്നു ആംഗ്യം കാണിച്ചുകൊണ്ടിരുന്നു.രണ്ടഴ്ച ആശുപത്രിയില്‍ കിടന്നിട്ടും നയരുടെ അരോഗ്യസ്ഥിതിക്ക് മാറ്റമൊന്നും വരാത്തതിനാല്‍ ഓപ്പറേഷന്‍ കൂടിയേ തീരൂ എന്ന് ഡോക്റ്റര്‍ മാര്‍ വിധിയെഴുതി.ആശുപത്രിവാസം അച്ചുതന്‍ നായരുടെ സാമ്പത്തികവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു. ആറുമാസത്തിനകം ഓപറേഷന്‍ നടത്തേണ്ടുന്നതിനാല്‍ മാധവേട്ടന്‍ തന്നെയാണ് മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചത്.

' അച്ചുതാ കൂടുതലൊന്നും ഇപ്പോ ആലോചിക്കേണ്ട കാര്യം നടക്കട്ടെ ബാക്കിയൊക്കെ പിന്നെ നോക്കാം '
അച്ചുതന്‍ നായര്‍ കട്ടിലില്‍ വിശ്രമിക്കുന്നു , ബാക്കിയുള്ളവര്‍ പതിവ് പോലെ സംസാരിച്ചിരിക്കുന്നു.

' ഇവിടെ ആരുമില്ലെ? '
' സ്ഥലം വാങ്ങിക്കാന്‍ വന്നതല്ലെ , നടന്നു കണ്ടോളൂ '

കുട്ടന്‍ നായര്‍ പുറത്തേക്കിറങ്ങിച്ചെന്നു.വന്ന ആള്‍ പറമ്പ് മൊത്തത്തില്‍ നടന്നു കണ്ടതിനു ശേഷം തിരിച്ചു വരുമ്പോഴേക്കും അച്ചുതന്‍ നായരും ശങ്കരന്‍ നായരും അവറാനുമൊക്കെ മുറ്റത്ത് നില്‍‌പ്പുണ്ടയിരുന്നു.

' ആകെ പതിനെട്ട് സെന്‍‌റ്റാണ് '

വില നിശ്ചയിച്ചതെല്ലാം മധവന്‍ നായരായിരുന്നു , നിശ്ചയിച്ച തുകയും കൊടുത്ത് ആധാരവും വങ്ങി പോകുമ്പോള്‍ , ആശുപത്രിയില്‍ നിന്നും വന്ന ഉടന്‍ റജിസ്റ്റ്റെഷന്‍ നടത്തണമെന്നായിരുന്നു വ്യവെസ്ഥ.ഒരു മാസത്തെ ആശുപത്രി വാസം കഴിഞ്ഞ് അച്ചുതന്‍ നയര്‍ തിരിച്ചു വന്ന സന്തോഷത്തിലായിരുന്നു എല്ലാവരും. റജിസ്റ്റേഷന്‍ കഴിഞ്ഞ് ശാരദാമ്മയുടെ വീട്ടിലേക്ക് പോകാനായിരുന്നു തീരുമാനം.

' ഒരു ചായ വേണല്ലോ '

തീരെ പരിചിതമല്ലാത്ത അറുപതു വയസ്സ് പ്രായം തോന്നിക്കുന്ന ആള്‍ മുറ്റത്തു നില്‍‌ക്കുന്നു.
' കച്ചവടം നിര്‍ത്തിയിരിക്കുന്നല്ലോ , കുറച്ചുപ്പുറത്ത് ഹോട്ടലുണ്ട് അങ്ങോട്ടു പൊയ്ക്കൊള്ളു'
തിരിഞ്ഞു നടക്കുന്നതിന് പകരം അയാള്‍ പീടികയിലേക്കു കയറി , അച്ചുതന്‍ നായരെ സൂക്ഷിച്ചു നോക്കി.
' അച്ചുതന്‍ നായരല്ലെ? '
' അതേല്ലോ , ആരാ '
' ഇതിവിടെ ഇരിക്കട്ടെ , ഞാനിപ്പോ വരാം '
എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നതിനുമുമ്പെ അയാള്‍ ഇറങ്ങി നടന്നു തുടങ്ങിയിരുന്നു. മധവന്‍ നയരുടെ നിര്‍‌ദ്ദേശപ്രകാരം അച്ചുതന്‍ നായര്‍ പോതിയഴിച്ചു.ആധാരത്തിനു മുകളിലായി വെച്ച വെള്ളക്കടലാസില്‍ ഇങ്ങനെ എഴുതിയിരുന്നു,

' എന്നോട് പൊറുക്കണം ,ആധാരം സൂക്ഷിക്കുക ഹംസ '
ഒരുമിച്ചെല്ലാവരും റോടിലേക്കോടി ച്ചെന്നപ്പോഴേക്കും വെളുത്ത ഒരു കാറ് ദൂരെ മറഞ്ഞിരുന്നു.