തറവാടി

 

Monday, March 30, 2009

തല്ലാന്‍ തോന്നി - നടന്നില്ല

അബൂദാബിയിലെ ഒരു ട്ട്രാഫിക് സിഗ്നല്‍ ആണ്‌ സ്ഥലം.
ചുവപ്പ് സിഗ്നല്‍ലൈറ്റ് കത്തിക്കിടക്കുന്നു.
എന്‍റ്റെ ഇടത്തെ ട്ട്രാക്കില്‍ ഒരു ട്ടൊയോട്ട കാര്‍ , ഡ്രൈവര്‍ ഒരു ബുര്‍ഖയിട്ട സ്ത്രീ ,
ഇന്‍ഡ്യന്‍ , ഒന്നുക്കൂടെ തെളിയിച്ചുപറഞ്ഞാല്‍ മലയാളി.

കാറിന്‍റ്റെ എയര്‍കണ്ടിഷന്‍ ഓണായിരിക്കുന്നതിനാലാണെന്നു തോന്നുന്നു ,
എല്ലാ വിന്‍ഡോസും പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്.

പിന്‍സീറ്റില്‍ മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ഇരിക്കുന്നു.

അവളുടെ അച്ഛനെന്ന് തോന്നുന്ന കാട്ടാളന്‍,
മുന്നിലെ സീറ്റിലുരുന്ന് സിഗരറ്റ് ആഞ്ഞു വലിക്കുന്നു.

പതിനഞ്ച് വര്‍ഷത്തിനിടയില്‍ ഒരാളേയും തല്ലാന്‍ തോന്നിയിട്ടില്ല ,
ഒരു പക്ഷെ കുറച്ചു സമയം കൂടി ആ ചുവന്ന ലൈറ്റ് കത്തിക്കിടന്നിരുന്നെങ്കില്‍;
ഞാന്‍ അബൂദാബി ജയിലില്‍ ആയേനെ!

Labels:

സര്‍ക്കസ്

വേനല്‍ കാലമായാല്‍ ഞങ്ങളുടെ നാട്ടില്‍ വിരുന്നുവരുന്നവരാണു സര്‍ക്കസ്സുകാര്‍.ഏഴോ എട്ടോ പേരുള്ള ഇവര്‍ മിക്കവാറും ചന്ദ്രന്‍റെ ചായപ്പീടികക്ക്‌ പിന്നിലുള്ള പുറമ്പോക്ക്‌ എന്ന്‌ കരുതിയിരുന്ന സ്ഥലത്താണ്‌ സ്റ്റേജ്‌ കെട്ടിയിരുന്നതും , താമസിച്ചിരുന്നതും.മിക്കവാറും , രണ്ടോ മൂന്നോ മാസം കാണും ഇവരുടെ കലാപരിപാടികള്‍.


എട്ട് മണിക്ക്‌ തുടങ്ങാറുള്ള പരിപാടിക്ക്‌ , ഏഴു മണിക്ക്‌ തന്നെ സര്‍ക്കസ്കൂടാരത്തിനടുത്തെത്തുകയും , അണിഞ്ഞൊരുങ്ങന്നവരെ ആരാധനയോടെ നോക്കിനില്‍ക്കുകയും , പരിപാടി തുടങ്ങുമ്പോള്‍ മുന്നില്‍ തന്നെ ഇരുന്നുകാണുകയും ചെയ്യുക എന്നത്‌ കുട്ടികളുടെ ഒരു ഹരമായിരുനു.

" ഇന്ന്‌ നമ്മുടെ കുട്ടന്‍ ഒരു പുതിയ ഐറ്റം അവധരിപ്പിപ്പിക്കും ആയതിനാല്‍ എല്ലാവരോടും നേരത്തെ ത്തന്നെ എത്തിച്ചേരാന്‍ വിനീതമായി അഭ്യാര്‍ഥിക്കുന്നു"

"ഇന്നുമുതല്‍ വരുന്ന ഒരാഴ്ചക്കാലം , കുട്ടന്‍ സൈക്കിളില്‍ നിന്നും ഇറങ്ങില്ല"

അന്ന് സര്‍ക്കസ്‌ കഴിഞ്ഞ്‌ എല്ലാവരും വീട്ടിലേക്ക്‌ പോകുമ്പോള്‍ കുട്ടന്‍ സൈക്കിളിന്‍റെ മുകളില്‍ ഇരുന്നുകൊണ്ട്‌ , ചോറു തിന്നുന്നത്‌ പലരും മൂക്കത്ത്‌ വിരല്‍ വെച്ച്‌ അത്ഭുതത്തോടെ നോക്കിനിന്നു. ക്കുട്ടനെങ്ങനെ അപ്പിയിടും എന്നതായിരുന്നു എന്‍‌റ്റെ ചിന്ത.

പിറ്റേന്ന്‌  മദ്രസ്സയില്‍ പോകുമ്പോള്‍,ചന്ദ്രന്‍റെ പീടികയില്‍ സൈക്കിളിന്‍റെ മുകളിലിരുന്ന്‌ വശത്ത് തൂക്കിയിട്ട പഴക്കുലയില്‍ നിന്നും പഴം വലിച്ചൂരി തിന്നുന്ന കുട്ടന്‍ ഞങ്ങളെ കണ്ടപ്പോള്‍ വല്ലാതായി. അന്നും ഞങ്ങലെല്ലാവരും രാത്രിയില്‍ സര്‍ക്കസ്സിന് പോയി. ചില സംശയങ്ങള്‍ തോന്നിയ ഞാന്‍ പിറ്റേന്ന്‌ മദ്രസ്സയില്‍ പോകുമ്പോള്‍ , ചന്ദ്രന്‍റെ പീടികയുടെ പിന്നിലേക്ക്‌ നടന്നു.

" ജ്ജെ ങ്ങെട്ടാ ? "പിന്നാലെ വന്ന സുബൈദാടെ നീട്ടിയുള്ള ചോദ്യം.
" പാത്താന്‍... "
" മനോരിക്കാതെ പാത്ത്യാ ഞാന്‍ ഉസ്താദിനോട്‌ പറയും "
( പാത്തുക = മൂത്രമൊഴിക്കുക ; മനോരിക്കുക = വെള്ളം കൊണ്ട് കഴുകുക)

ഭീഷണിയൊന്നും വകവെക്കാതെ ഞാന്‍ സര്‍ക്കസ് കൂടാരത്തിനടുത്തെത്തി, കണ്ട കാഴ്ച രസകരമായിരുന്നുസൈക്കിള്‍ സൈഡില്‍ ചാരിവെച്ച്‌ , അടുത്തുള്ള ബെഞ്ചില്‍ കിടന്ന് കുട്ന് കൂര്‍ക്കം വലിച്ചുറങ്ങുന്നു. പത്തുമണിക്ക് മദ്രസ്സ വിട്ട്‌ ഞാന്‍ തിരിച്ചു വരുമ്പോള്‍ ഞാന്‍ വീണ്ടും സര്‍ക്കസ് കൂടാരത്തിനടുത്തേക്ക് നടന്നു, കുട്ടന്‍ സൈക്കിളിനുമുകളില്‍ ഇരിക്കുന്നു,കുട്ടന്‍‌റ്റെ സഹ സര്‍ക്കസ്സു‌ കാരന്‍ പഞ്ചായത്ത്‌ കിണറ്റില്‍ നിന്നും വെള്ളം കോരി കുട്ടനെ കുളിപ്പിക്കുന്നു.

റാഗിങ്ങ്

പോറ്റിസാറിന്റെ സര്‍ക്യൂട്‌ തിയറി ക്ളാസ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ , തലക്കിത്തിരി കനം കൂടിയിട്ടുണ്ടായിരുന്നു. പുക ഊതിയതുകൊണ്ട് മാത്രം കനം കുറയില്ലെന്നറിയുന്നതിനാല്‍ ഞാന്‍ നേരെ കാന്‍‌റ്റീനിലിലേക്ക് നടന്നു.

പുതിയ ബാച്ച് വന്ന സമയമായതിനാല്‍ പുറത്ത് ചിലയിടത്തൊക്കെ “ റാഗിങ്ങ് ” നടക്കുന്നത് കാണാം.കോളെജില്‍ വെച്ച് നടക്കുന്നതൊക്കെ കുറച്ച് കളിയാക്കലിലും മറ്റും ഒതുങ്ങിയിരുന്നെങ്കിലും വൈകുന്നേരങ്ങളില്‍ ഹോസ്റ്റലുകളില്‍ അല്‍‌പ്പ സ്വല്‍‌പ്പം 'റേഞ്ച്' കൂടാറുണ്ടായിരുന്നു.

പൊതുവെ പുതിയതായി വരുന്ന ബാച്ചിന്‍‌റ്റെ തൊട്ടു സീനിയറായവരായിരുന്നു റാഗിങ് വീരന്‍‌മാര്‍.ഞാന്‍ അന്ന് അവരുടേയും സീനിയര്‍ ആയിരുന്നതിനാലും ഇത്തരം വിഷയങ്ങളില്‍ വലിയ താത്പര്യമില്ലാത്തതിനാലും പൊതുവെ മാറിനില്‍‍‌ക്കാറാണ് പതിവ്.

കാന്റീനില്‍ തീരെ തിരക്കുണ്ടായിരുന്നില്ല.പതിറ്റാണ്ടുകളായി കാന്റീന്‍ നടത്തുന്ന ജോസേട്ടന്റെ സ്ഥിര സ്വാഗത ചിരിക്ക്‌ ഒരു മറു ചിരിയും കൊടുത്ത് ചായയും പഴംപൊരിയും ഓര്‍‌ഡര്‍ ചെയ്ത് കാത്തിരുന്ന ഞാന്‍ ഒരു സിഗരറ്റിന്‌ തീകൊടുത്തു.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ രണ്ട്‌ പെണ്‍‌കുട്ടികള്‍ കാന്‍‌റ്റീന്‍ലേക്ക് പ്രവേശിച്ചു. കറുത്ത തട്ടം കൊണ്ട്‌ ദേഹമാകെ ആകെ പുതച്ച്‌ , വട്ടകണ്ണട ധരിച്ച ഒരു താത്തയും , ഒരു താത്തയല്ലാത്തവളും. താത്തക്ക്‌ ഒരു കൂസലും മുഖത്തുണ്ടായിരുന്നില്ലെങ്കിലും , കൂട്ടുകാരിയുടെ കണ്ണുകള്‍ മാന്‍പേട കടുവകളെ തിരയുന്നതുപോലെ പരതുന്നുണ്ടായിരുന്നു അവരുടെ ഭാവത്തില്‍‌ നിന്നും പുതിയ ബാച്ചിലുള്ളവരെന്ന് മനസ്സിലായി.

താത്തയുടേ വട്ടക്കണ്ണടയുടെ ഫ്രൈമിന് മുകളിലൂടെയുള്ള നോട്ടം എനിക്കത്ര രസിച്ചില്ല , ഒന്ന് പിടിച്ചുകളയാം എന്നും കരുതി പെട്ടെന്ന് ചായ കുടിച്ച് പുറത്ത് കടന്ന ഞാന്‍ കാന്‍‌റ്റീന് വശത്തുള്ള പടിയില്‍ കാത്ത് നിന്നു.

' മക്കളൊന്നിവിടെ വന്നെ '

കാന്‍‌റ്റീനില്‍ നിന്നും പുറത്തേക്കിറങ്ങിയ ഉടന്‍ പടിയില്‍ ഇരുന്നിരുന്ന ഞാന്‍ അവരെ മാടി വിളിച്ചു. അനുസരണയോടെ അവര്‍ മുന്നില്‍ നിന്നു.

' മക്കളേത്‌ ക്ളാസിലാ '

' ഫസ്റ്റ്‌ സെമെസ്റ്റെര്‍ ഇലക്ട്രിക്കല്‍ '

താത്തയോട് അവിടെത്തന്നെ നില്‍‌ക്കാനും മറ്റേകുട്ടിയോട് പോകാനും ആവശ്യപ്പെട്ടപ്പോളും അവിടെനിന്നും പോകാതെ ഒന്ന് തമ്പിട്ട് നിന്നെങ്കിലും എന്‍‌റ്റെ മുഖത്ത് വന്ന മാറ്റംകണ്ടപ്പോള്‍ തിരുഞ്ഞുപോലും നോക്കാതെ അവള്‍ ഓടിപ്പോയി.

പൊതുവിഞാനത്തില്‍ തുടങ്ങി , ശാസ്ത്രത്തിലൂടെയും , കണക്കിലൂടെയും കടന്ന്‌ പോയപ്പോള്‍ , ഒരു കൂസലുമില്ലാതെ മിക്ക ചോദ്യങ്ങള്‍‌ക്കും താത്തയോട് സ്വല്‍‌പ്പം ബഹുമാനം തോന്നിയതിനാല്‍ പിന്നെ കൂടുതല്‍ വടിയാക്കാന്‍ തോന്നിയില്ല.

അപ്പോഴേക്കും പ്രിയ സുഹൃത്തിന്‍‌റ്റെ സ്കൂട്ടര്‍ ഹോണ്‍ മുഴക്കാന്‍ തുടങ്ങി, സ്കൂട്ടറില്‍ കയറി ഞാന്‍ പോകുമ്പോള്‍ വല്യമ്മായി വിണ്ടും വീണ്ടും എന്നെ നോക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

Labels:

കല്യാണം‌ ഒരോര്‍മ്മ

ഉറക്കെയുള്ള പാട്ടുകേട്ടപ്പോഴാണ്‌ ,ഹംസയുടെ ഇക്ക കുഞ്ഞുട്ടിയുടെ കല്യാണം നാളെയാണല്ലോ എന്ന കാര്യം ഓര്‍ത്തത്‌.അയല്‍വാസിയായ കുട്ടുക്കയുടെ മൂത്ത മകനാണ്‌ കുഞ്ഞുട്ടി.കോട്ടയത്ത്‌ ജോലി ചെയ്യുന്ന അയാള്‍ മാസത്തിലൊരിക്കല്‍ ലീവിന്‌ വരുമ്പോള്‍ പൊരിയുണ്ടയുടെയും നുറുക്കിന്‍റ്റേയും പൊതികള്‍ എനിക്കും കൊണ്ടുവന്നു തരുമായിരുന്നു.

ഞങ്ങളുടെ പറമ്പിന്‍റ്റെ അതിരിലുള്ള തെങ്ങില്‍ "കോളാംബി മൈക്ക്" കെട്ടിയിരിക്കുന്നതിനാല്‍ വലിയ ശബ്ദത്തോടെയാണ്‍ പാട്ട്‌ കേള്‍ക്കുന്നത്‌. മൈക്കിലേക്കു പോകുന്ന കറുത്ത നിറത്തിലുള്ള വയര്‍ തൂങ്ങിയാടുന്നതു ദൂരെനിന്നും കണാന്‍ പറ്റുന്നുണ്ട്‌, മൈക്കിനുള്ളില്‍‌ വെള്ള നിറത്തിലെഴുതിയിരിക്കുന്നത്‌ 'റഷീദ്‌ മൈക്‌ ആന്‍ഡ്‌ സൌണ്ട്‌' ആണെന്നത്‌ , പാട്ട്‌ വെക്കുന്ന ആളുടെ മുന്നിലുണ്ടായിരുന്ന പെട്ടികളില്‍ എഴുതിയതു കണ്ട്‌ മനസ്സിലാക്കി.

പന്തലിനുള്ളില്‍ തുണികൊണ്ടലങ്കാരപ്പണി ചെയ്യുന്ന മണിയേട്ടനെ സൂചികള്‍ എടുത്ത്‌ കൊടുത്ത്‌ സഹായിക്കുമ്പോളാണ്‌ ദൂരെ നിന്നും കുട്ടികളുടെ ബഹളം ,ബിരിയാണിക്കു വേണ്ടികുട്ടുക്കയുടെ അളിയന്‍ കൊണ്ടുവരുന്ന മൂരികുട്ടന്‍റ്റെ പിന്നില്‍ വരുന്ന കുട്ടികളാണ്‌ ബഹളം വെക്കുന്നത്‌. പറമ്പിലോടിക്കളിക്കുന്ന കുട്ടികള്‍ ഇടക്ക്‌ കെട്ടിയിട്ട മൂരിക്കുട്ടിയെ ഓലകഷ്ണങ്ങള്‍ കൊണ്ടും ചെറിയ വടികള്‍ കൊണ്ടും ശുണ്ഡി പിടിപ്പിക്കുന്നതു കണ്ട്‌ കുട്ടുക്കയുടെ ശകാരത്താലോടിയ പലരും വിളിച്ചു പറഞ്ഞു ,

"ഇന്ന്‌ രാത്രിയാടാ അന്‍റ്റെ അവസാനം"

പന്തലിനുള്ളിലെ തുണികള്‍ കൊണ്ടുള്ള അലങ്കാരപ്പണികള്‍‌ ഏകദേശം കഴിഞ്ഞു , അപ്പോഴാണ്‌ ബാലന്‍ ഈന്തപ്പനയുടെ ഓലകളുമായി വന്നത്‌ , പന്തലിന്‍റ്റെ മുന്നിലുള്ള തൂണുകളെ അലങ്കരിക്കാന്‍‌ പോയ മണിയേട്ടനൊപ്പം അപ്പുവും കൂടി.ഓലയുടെ ഓരോ ഇതളുകളും ശ്രദ്ധയോടെ പുറത്തേക്കു തള്ളിവെപ്പിക്കുന്നതിനിടെ പൊട്ടിപ്പോകുന്ന ഇലത്തുമ്പുകള്‍ കണ്ട്‌ മണിയേട്ടന്‍ അപ്പുവിനെ ശകാരിക്കുന്നുണ്ട്‌. ഇടക്കെപ്പോഴോ , അവറാനിക്കയാണ്‌ പുറത്തുനിന്നും കൈകൊണ്ട്‌ സൂര്യനെമറച്ചു നോക്കി പറഞ്ഞത്‌ ,

"കുട്ട്യേ , മഴണ്ടാകാന്‍ വഴീണ്ട്ട്ടാ , ഓലോടൊരു ടാര്‍പ്പായ കൊണ്ട്രാന്‍ പറ"

ഓലപ്പന്തലിനു മുകളില്‍ താമസിയാതെ റ്റാര്‍ പായ വിരിഞ്ഞു , എല്ലാ ഭാഗത്തുനിന്നും വരിഞ്ഞു കെട്ടിയെങ്കിലും മിക്ക സ്ഥലത്തും ഈ കയറുകള്‍ വഴിമുടക്കിയായി നില്‍ക്കുന്നതു കണ്ട്‌ , 'ആവശ്യമെങ്കില്‍ പോരെ' എന്നും പറഞ്ഞു ചിലതെല്ലാം അഴിച്ചിട്ടു. പറമ്പില്‍ നിന്നും കളി കഴിഞ്ഞെത്തിയ കുട്ടികള്‍ പലരും റഷീദ്‌ ആന്‍ഡ്‌ സൌണ്ട്‌ ഓപ്പറേറ്ററുടെ ചുറ്റിലുമിരുന്നു.വയസ്സില്‍ കുറച്ചു മൂത്ത അബൂട്ടി , ചിലപ്പോഴൊക്കെ ഓപെറേറ്ററോട്‌ സംസാരിക്കുന്നതു കണ്ട്‌ , പലരും അസൂയയോടെ അബൂട്ടിയെ നോക്കുന്നുണ്ടായിരുന്നു.ഇടക്ക്‌ ആം‌ബ്ലിഫയറിന്‍‌റ്റെ റെഗുലേറ്ററില്‍ തിരിക്കുന്ന ഓപ്പറേറ്ററെ സുബൈദയും , കുട്ടുക്കയുടെ ബന്ധത്തില്‍ നിന്നും വന്ന പെണ്‍കുട്ടികളും വളരെ ബഹുമാനത്തോടെയും ആരാധനയൊടേയും ജനലിലൂടെ എത്തിനോക്കുന്നത്‌ കാണാമായിരുന്നു.

കല്യാണക്കുറിക്കുള്ള ആളുകള്‍ വന്നു തുടങ്ങിയിരിക്കുന്നു ,മേശയും കസേരയും ഇട്ട്‌ കൊച്ചുണ്ണിനായര്‍ പന്തലിണ്റ്റെ മുന്നില്‍ ഒരു വശത്തായിതന്നെ ഇരിപ്പുറപ്പിച്ചു.മുന്നിലെ മേശപ്പുറത്തിരിക്കുന്ന രണ്ടു പാത്രങ്ങളിലായി സിസ്സേര്‍സിന്‍‌റ്റെ പാകറ്റും ,വെറ്റില , ചുണ്ണാമ്പ്‌ , പൊകല ഇത്ത്യാദി സാധനങ്ങളും വെച്ചിട്ടുണ്ട്‌. ഇടക്ക്‌ ഓടിവരുന്ന കുട്ടുക്ക എല്ലാവരോടും ആവശ്യങ്ങള്‍ തിരക്കുന്നതിനിടെ ഒരു കട്ടിയുള്ള നോട്ടു പുസ്തകം കൊച്ചുവേട്ടന്‌ കൊടുക്കുന്നതു കാണ്ടു.

ഏഴു മണിയോടെ ആളുകള്‍ വന്നു തുടങ്ങി , പതിവു പോലെ അദ്യം എത്തിയത്‌ കുട്ടന്‍ നായരും മാധവേട്ടനും തന്നെ. പന്തലിനു ചുറ്റും ഒന്ന്‌ നടന്നതിനു ശേഷം , ഉള്ളിലേക്കു വന്ന്‌ , തൂണുകള്‍ ഇളക്കി ഉറപ്പുണ്ടോ എന്നും നോക്കുന്നുണ്ടായിരുന്നു. "ന്താ നായരെ അവിടെത്തന്നെ നിക്കുണ്‌ , ങ്ങട്ട്‌ വെരീന്ന്‌ " കുട്ടന്‍ നായരുടെ കയ്യില്‍ വലിച്ചു കൊണ്ടു ഉള്ളിലേക്കു നടന്നു.

"അല്ല കൊച്ചുണ്ണ്യേ , നീയ്യിപ്പോ ഇതൊരു പതിവാക്ക്യ? , അവറാന്‍റ്റേട്ത്തും നീയ്യല്ലെ ഇരുന്നത്‌"
"കുട്ടേട്ടാ , ഇതിനും വേണം ഒരു ഭാഗ്യം "

കൂട്ടച്ചിരിയുടെ ഇടയില്‍ കയ്യിലെ നോട്ടുകള്‍ കുട്ടന്‍ നായരും , മാധവട്ടനും കൊച്ചുണ്ണിക്ക്‌ കൊടുക്കുമ്പോള്‍ , കുട്ടുക്ക അടുത്ത ഭാഗത്തേക്ക്‌ നീങ്ങി , ചന്ദ്രന്‍റ്റെ പുട്ടും പപ്പടവും ചായയും വെച്ചിരിക്കുന്നിടത്തേക്ക്‌. നാട്ടിലെ മിക്ക അളുകളും കൂട്ടത്തോടെ ഇരുന്നു സംസാരിക്കുന്നതിനിടയില്‍ കുട്ടിക്കയും പലപ്പോഴും കൂടുന്നുണ്ട്‌. പത്തുമണിയൊടെ കുറിയവസാനിച്ചു, പാട്ടെല്ലാം നിര്‍ത്തി ഓരോരുത്തരായി പിരിഞ്ഞുപോയി. കൊച്ചുവേട്ടന്‍ മേശ പൂട്ടി താക്കോലും എഴുതിയ പുസ്തകവും കുട്ടിക്കയെ എല്‍പ്പിച്ചു രാവിലെ വരാമെന്നും പറഞ്ഞു പുറത്തേക്കു നടന്നു.

പലഭാഗത്തുനിന്നും കല്യാണത്തിനാളുകള്‍ വന്നു തുടങ്ങിയിരിക്കുന്നു , മദ്രസ്സയില്‍ നിന്നും ഉസ്താദും മറ്റും വന്നിട്ടുണ്ട്‌. ബിരിയാണിയുടെ മണം അടിക്കുന്നുണ്ടെവിടേയും , കുട്ടുക്ക അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്നുണ്ട്‌. പന്തലില്‍ ചായയും പലഹാരവും കഴിക്കുന്നവരെ മണിയേട്ടനും അപ്പുവും , ഹംസയും ഒക്കെ ഓടിനടന്നു വിളംബുകയും ഇടക്കു തമാശയും പറഞ്ഞു ചിരിക്കുന്നതു കാണാം.

പെട്ടെന്നുണ്ടായ നിശബ്ദത , ഖുര്‍ ആന്‍ പാരായണം ഇല്ലാതാക്കി ,തലയില്‍ ചെറിയ തുണിയിട്ട്‌ , വെളുത്ത ഷര്‍ട്ടും , തുണിയും എടുത്ത്‌ കുഞ്ഞുട്ടിക്ക , കസേരയില്‍ തല താഴ്ത്തി ഇരിക്കുന്നുണ്ട്‌.ഉസ്താദിന്‍റ്റെ്‌ പ്രാര്‍ത്ഥനയില്‍ എല്ലാവരും പങ്കുകൊണ്ടു. പ്രാര്‍ത്ഥനകഴിഞ്ഞതും , ചിലര്‍ കുഞ്ഞുട്ടിക്കയുടെ കയ്യില്‍ ഒട്ടിച്ച കവറുകള്‍ കൊടുക്കുന്നതു കാണാം. അപ്പുവും മണിയേട്ടനും , ഹംസയും അബ്ദുവുമൊക്കെ ഓടിനടന്നു ബിരിയാണി വിളമ്പുമ്പോള്‍ , കരാറിനെക്കുറിച്ച്‌ പലപ്പൊഴും അവര്‍ തമ്മില്‍ തമ്മില്‍ അവരുടെ ഭാഷയില്‍ സംസാരിക്കുന്നതു കാണാം.

കുട്ടികളെല്ലാം പോകാന്‍ തയ്യാറായെങ്കിലും‌ ,കുട്ടുക്കയുടെ അളിയന്‍ എല്ലാവരേയും തടഞ്ഞു. പിന്നീടെ ഓരോരുത്തരെ കൈകൊണ്ട്‌ തട്ടി പറഞ്ഞയക്കുന്നതു കണ്ടു., ഇനി എല്ലാരും മാറിനില്‍ക്കൂ , സ്ഥലമുണ്റ്റെങ്കില്‍ പോകാം , കുട്ടുക്കയുടെ അളിയന്‍റ്റെ നിര്‍ദ്ദേശം ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട്‌. വീടിന്‌ കുറച്ചകലെയായി പാര്‍ക്ക്‌ ചെയ്ത ബസ്സിലിരിക്കുമ്പോള്‍,മണവാളനൊപ്പം പോരാന്‍ പറ്റാത്ത കുട്ടികള്‍ പുറത്തു വൈഷമ്യത്തോടെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.

വൈകീട്ട്‌ കുഞ്ഞുട്ടിക്കയും പുതുപെണ്ണും പെണ്ണിന്‍റ്റെ വീട്ടിലേക്ക്‌ പോയതിനു പിന്നാലെ കല്യാണത്തിനു വന്ന മിക്കവരും പോയിരുന്നു , കാലിയായ പന്തല്‍ ഞങ്ങള്‍ ഇളക്കിമാറ്റുമ്പോള്‍ , കുട്ടുക്കയും അവരുടെ ഭാര്യയും കുറിമേശപ്പെട്ടി തുറന്ന്‌ നോട്ടുകളെണ്ണുന്നതു കാണാമായിരുന്നു, ഇടക്കെപ്പോഴോ അവരുടെ ഭാര്യ പറയുന്നതു കേട്ടു,

"ങ്ങളാ ബുക്ക്‌ സരിക്കും വല്ലേടത്തും വെക്കണെ അതു പോയാല്‍ എല്ലാം തെറ്റും"

Labels:

ദാ‍....

വീട്ടിലേക്കുള്ള എല്ലാ യാത്രയിലും ഞാനായിരുന്നു ഉമ്മക്ക് കൂട്ടായിരുന്നത്.ഭാരത പുഴ കുറുകെ കടന്നുള്ള യാത്രയില്‍ പുഴയില്‍ പച്ചക്കറി കൃഷിയുള്ള കുഞ്ഞനും അവറാനുമൊക്കെ ഇളവനും വെള്ളരിയുമൊക്കെ നീട്ടും. അവയും കടിച്ചുള്ള യാത്ര കുറ്റിപ്പുറം ബസ് സ്റ്റാന്‍‌റ്റിലാണവസാനിക്കുക.അവിടെനിന്നും നിന്നും വളാഞ്ചേരിയിലേക്കും തുടര്‍ന്ന് 'മൂച്ചി' വരെ മറ്റൊരു ബസ്സും അതാണ് യാത്രാ രീതി.മൂച്ചിയില്‍ നിന്നും ദൂരെയുള്ള പടിപ്പുര കാണാമെങ്കിലും അരമണിക്കൂര്‍ പാടത്തൂടെ നടക്കന്നാലേ വീട്ടിലെത്തൂ.
പാടങ്ങള്‍ക്ക് നടുവിലൂടെ നടന്ന് തുടങ്ങി കുറച്ച് ദൂരമെത്തുമ്പോള്‍ ഞാന്‍ നില്‍‌ക്കും ,

“ ന്താ മ്മാ എത്താത്തെ?”
“ നീയ്യ് ദാ.. ന്ന് പറഞ്ഞോ , അപ്പോളേക്കും എത്തും” ഉമ്മയുടെ ചിരികലര്‍ന്ന മറുപടി.
“ദാ..” എന്നും പറഞ്ഞ് കുറച്ചുനടന്ന് ഞാന്‍ നില്‍‌ക്കും.
“ ഉമ്മാ .. ഞാന്‍ ദാ.. ന്ന് പറഞ്ഞിട്ടും എത്തീല്ലല്ലോ”
“ നീയ്യ് ദാ.. ന്ന് പറഞ്ഞ് നടന്നോ , അപ്പോളേക്കും എത്തും” ഉമ്മ വീണ്ടും ചിരിക്കും.

ഈ “ദാ.. “ പരിപാടി പടിപ്പുര കയറും വരെ തുടരും.
“ മ്മ എന്തിനാ ന്നെ പറ്റിച്ചത്?..”
“ അന്നോട് ഞാന്‍ പറഞ്ഞത് ഇവിടെ എത്തുന്നത് വരെ ദാ..... ന്ന് നീട്ടി പ്പറയാനാണ് , നീയ്യ് ഇടക്ക് നിര്‍ത്തിയിട്ടല്ലെ മുമ്പെ എത്താത്തത് ”

കുട മടക്കി പടിപ്പുര കയറുമ്പോള്‍ ,പിന്‍‌തിരിഞ്ഞ് നിന്ന് ഞാന്‍ മൂച്ചിക്കലേക്ക് നോക്കും.ഉമ്മാടെ ഈ പറ്റിക്കല്‍ പരിപാടി വലിയകുന്ന് വഴി , റോഡ് വെട്ടുന്നത് വരെ തുടര്‍ന്നു.

Labels: